Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനം: ശക്തമായ പ്രതിഷേധവുമായി ബിജെപി ഒഴിച്ചുള്ള കക്ഷികൾ; വ്യോമയാന മന്ത്രാലയം നൽകിയ ഉറപ്പിന്റെ ലംഘനമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി; കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള എന്ന് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളിയും; അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനം: ശക്തമായ പ്രതിഷേധവുമായി ബിജെപി ഒഴിച്ചുള്ള കക്ഷികൾ; വ്യോമയാന മന്ത്രാലയം നൽകിയ ഉറപ്പിന്റെ ലംഘനമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി; കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള എന്ന് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളിയും; അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്ന് സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ബിജെപി ഒഴിച്ചുള്ള കക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച് കത്തിന് പുറമേ, വിവിധ മന്ത്രിമാരും വിമർശനവുമായി രംഗത്തെത്തി. വിമാനത്താവളം അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്ന് സിപിഐ വ്യക്തമാക്കി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.സ്വകാര്യമേഖലയ്ക്ക് കൈമാറാൻ തീരുമാനിച്ചാൽ സംസ്ഥാനത്തിന്റെ സംഭാവനകൾ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനൽകിയത്. കൂടിക്കാഴ്ചയിൽ ഇക്കാര്യം പ്രധാനമന്ത്രി ഉറപ്പ് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്റെ തീരുമാനം പരിഗണിച്ചില്ലെങ്കിൽ കേന്ദ്രതീരുമാനത്തിനോട് സഹകരിക്കാനില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.സംസ്ഥാന സർക്കാരിന്റെ എതിർപ്പ് തള്ളി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നൽകാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അദാനി എന്റർപ്രസസിന് 50 വർഷത്തേയ്ക്കാകും വിമാനത്താവളം പാട്ടത്തിന് നൽകുക. ജയ്‌പ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യകമ്പനിക്ക് നൽകും.

അദാനിക്ക് കൈമാറാൻ അനുവദിക്കില്ല : സിപിഐ

അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തലസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: ജി ആർ അനിൽ പ്രസ്താവനയിൽ പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ വിമാനത്താവളം വിൽക്കാനുള്ള നീക്കം തുടങ്ങിയപ്പോൾ തന്നെ വിമാനത്താവളം ഏറ്റെടുക്കാനുള്ള താൽപര്യം സംസ്ഥാന സർക്കാർ അറിയിച്ചതാണ്. അതിനായി ഒരു കമ്പനിക്ക് രൂപം നൽകുകയും ചെയ്തു. സംസ്ഥാന സർക്കാരിനേക്കാൾ കേന്ദ്രം വില കൽപ്പിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കം ചെറുക്കാൻ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ജി ആർ അനിൽ പറഞ്ഞു.

കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിക്ക് ചുളുവിലയ്ക്ക് കേന്ദ്രം കൈമാറി. 365 ഏക്കർ ഭൂമിയിൽ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നൽകി അദാനി ഗ്രൂപ്പ് 50 വർഷത്തേയ്ക്ക് പാട്ടത്തിന് എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്.

ഈ വിമാനത്താവളം നമ്മുടെ പൊതുസ്വത്തായി നിലനിർത്താൻ കേരള സർക്കാർ അവസാനനിമിഷം വരെ പോരാടിയതാണ്. നമുക്കു തന്നെ നൽകുമെന്ന് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാക്കു നൽകിയതുമാണ്. ടെൻഡർ വിളിച്ചപ്പോൾ അദാനി വാഗ്ദാനം ചെയ്ത യാത്രക്കാരനൊന്നിന് 168 രൂപ. നമ്മൾ പറഞ്ഞത് 138 രൂപ. അദാനി പറഞ്ഞ തുക തന്നെ കേരളവും നൽകാമെന്ന് സമ്മതിച്ചു. ആ നിർദ്ദേശം തങ്ങൾക്കും സ്വീകാര്യമാണെന്ന് കേന്ദ്രസർക്കാരും അംഗീകരിച്ചു. അങ്ങനെയാണ് സ്വകാര്യസംരംഭകർക്ക് കൈമാറിയ ആദ്യവിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെടാതെ പോയത്.

ഇപ്പോഴിതാ, അപ്രതീക്ഷിതമായി തീരുമാനം വന്നിരിക്കുന്നു. കരാർ അദാനിക്കു തന്നെ. ആളൊന്നിന് 168 രൂപ പാട്ടം നൽകി 50 വർഷത്തേയ്ക്ക് അദാനി വിമാനത്താവളം കൈയടക്കി വെയ്ക്കും. നമ്മുടെ ഭൂമിയിൽ നാം പണിത പൊതുസ്വത്തുകൊള്ളലാഭത്തിന് ബിജെപിയുടെ തോഴന്. തുച്ഛമായ മുതൽമുടക്കിൽ എത്ര ഭീമമായ ലാഭമാണ് അദാനി സ്വന്തമാക്കാൻ പോകുന്നത്? അതിന്റെ വലിപ്പം മനസിലാകണമെങ്കിൽ കൊച്ചി എയർപോർട്ടിനെ താരതമ്യം ചെയ്താൽ മതി. 380 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. തിരുവനന്തപുരത്ത് ഈ പ്രതിസന്ധിക്കിടയിലും 170 കോടി രൂപയാണ് ലാഭം. ജനങ്ങളുടെ നികുതികൊണ്ട് കെട്ടിയുയർത്തിയ ഈ സംരംഭം ഒരു മുതൽമുടക്കുമില്ലാതെ യാത്രക്കാരൻ ഒന്നിന് 168 രൂപ നിരക്കിൽ 50 വർഷത്തെ കൊള്ളലാഭം കൈയടക്കാൻ അദാനിയെ ഏൽപ്പിച്ചിരിക്കുകയാണ്.

ആരെങ്കിലും പണിയെടുക്കുന്ന വിള കൊയ്യാൻ സ്വന്തം ശിങ്കിടികളെ ഏൽപ്പിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഇതുപോലൊരു വഞ്ചനയ്ക്ക് കൂട്ടു നിന്നതിന് കേരളത്തിലെ ബിജെപി നേതാക്കൾ മാപ്പു പറയണം. നമ്മുടെ പൊതുസ്ഥാപനങ്ങൾ ഇതുപോലെ വിറ്റു തുലയ്ക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രിയും നാക്കിറങ്ങിയ സ്ഥിതിയാണ്.

കോൺഗ്രസ് തുടങ്ങിവെച്ച വിറ്റു തുലയ്ക്കൽ കൂടുതൽ വ്യാപിപ്പിക്കുകയാണ് ബിജെപി. പൊതുസ്വത്തെല്ലാം കോർപറേറ്റുകൾക്ക്. അതുവഴി രാജ്യഭരണത്തിന്റെ കടിഞ്ഞാൺ തന്നെയാണവർ കൈപ്പിടിയിലാക്കുന്നത്. രാജ്യത്തിനുണ്ടാകുന്ന പ്രത്യാഘാതമോ? നിയമനാധികാരം കോർപറേറ്റുകൾക്കാകുന്നതോടെ സംവരണവും മറ്റും പരിഗണിക്കാത്ത അവസ്ഥ വരും. സ്ഥിരം തൊഴിൽ എന്ന സങ്കൽപമേ ഇല്ലാതാകും.

രാജ്യം തന്നെ അതിസമ്പന്നർക്ക് പതിച്ചുനൽകി കമ്മിഷൻ പറ്റുന്നതിനാണ് ഭരണാധികാരം ബിജെപി ഉപയോഗിക്കുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അവർ രാജ്യത്തോട് കണക്കു പറയേണ്ടി വരും. ഇത്തരം കച്ചവടങ്ങളിൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. ജെയ്പൂർ, മാംഗ്ലൂർ വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ രണ്ടിടത്തേയും കോൺഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. ചെറുത്തുനിൽപ്പുണ്ടായത് കേരളത്തിൽ നിന്ന് മാത്രമാണ്. ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തിലുയരണം. ഈ പകൽക്കൊള്ളയ്ക്ക് മൗനാനുവാദം നൽകിയ കോൺഗ്രസും അവരുടെ എംപിമാരും ജനങ്ങളോട് മറുപടി പറയണം. കേരളത്തിന്റെ അഭിമാനമായ വിമാനത്താവളത്തിന്റെ വിൽപനയ്‌ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷൻ തുകയോർത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്‌ക്കെതിരെയും പ്രതിഷേധമുയരണം.

പകൽ കൊള്ള: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചെന്ന വാർത്ത അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തീറെഴുതി നൽകുന്നതിന് തീരുമാനിച്ചതായി വന്നിരിക്കുന്ന വാർത്ത ശരിയാണെങ്കിൽ അത് പകൽകൊള്ളയാണെന്നതിൽ സംശയമില്ല.

1935 ൽ ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികൾക്ക് യാതൊരു മനസാക്ഷി കുത്തുമില്ലാതെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുന്നത്. 170 കോടി രൂപ വാർഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓർക്കണം. കോടികളുടെ അഴിമതി ഇടപാട് ഈ വിറ്റഴിക്കലിന് പിന്നിലുണ്ടെന്ന ആരോപണങ്ങൾ നിസ്സാരമല്ല.

തിരുവനന്തപുരം വിമാനത്താവളത്തിന് നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളിൽ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സർക്കാർ 5 ഘട്ടങ്ങളിലായി വാങ്ങി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ 635 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെ ഇപ്പോൾ 18 ഏക്കർ സ്ഥലം കൂടി വിമാനത്താവള വികസനത്തിനായി വാങ്ങി നൽകുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്. ഈ ഭൂമിയെല്ലാമടക്കം വിമാനത്താവളം സ്വകാര്യലോബികൾക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകേണ്ടതുണ്ട്. പുതിയ ടെർമിനലിനായി എയർപോർട്ട് അഥോറിറ്റി 600 കോടി രൂപ നീക്കിവെച്ചിരുന്ന സാഹചര്യത്തിലാണ് ഈ വിൽപ്പനയെന്നത് എത്ര വലിയ അട്ടിമറിയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ്. വിമാനത്താവള വികസനത്തെയാകെ തുരങ്കം വെച്ച്, ആയിരത്തിലേറെ ജീവനക്കാരുടെ ജോലി തന്നെ തുലാസിലാക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

തിരുവിതാംകൂർ രാജാവ് സ്ഥാപിച്ച തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ചരിത്രപരമായ പ്രാധാന്യത്തിന് ഒരു പരിഗണനയും കേന്ദ്രസർക്കാർ നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന നടപടി കൂടിയാണിത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസം ഘോഷയാത്ര കടന്നുപോകുന്നത് ഈ വിമാനത്താവളത്തിന്റെ റൺവേയിലൂടെയാണ്. 1949 ജൂലൈ 1 ന് തിരുവിതാംകൂറും ഇന്ത്യാ ഗവൺമെന്റുമായി ഒപ്പ് വെച്ച കരാർ പ്രകാരമാണ് ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ കടന്നുപോകുന്നത്. എന്നാൽ, വിമാനത്താവളം സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകുന്നതോടെ ആചാരപരമായ ഘോഷയാത്ര റൺവേയിലൂടെ കടന്നുപോകുന്നത് സമീപഭാവിയിൽ തടസ്സപ്പെടുന്ന നില പോലുമുണ്ടാകും. ഈ വിറ്റഴിക്കൽ തിരുവനന്തപുരം വിമാനത്താവളത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സിയാൽ മാതൃകയിൽ വിമാനത്താവളം നടത്തിപ്പ് സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന ആവശ്യം ഏകപക്ഷീയമായി തള്ളിക്കളഞ്ഞാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടി. കേന്ദ്ര മന്ത്രിസഭയിലെ അംഗമായ വി മുരളീധരനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും ഈ വിറ്റുതുലയ്ക്കൽ നടപടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപിന് നൽകുവാനുള്ള കേന്ദ്രനടപടിയിൽ ഇവിടുത്തെ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം. തലസ്ഥാന നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്.

തിരുവനന്തപുരം വിമാനത്താവളം വില്പന കേരളത്തോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും, തീരുമാനം പുനഃ പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP