Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാപ്പരാണെന്ന് പറയുമ്പോഴും ഹീര ബാബുവിന് ഇഷ്ടം ഗൂണ്ടാപ്പണി; ഫ്‌ളാറ്റ് അസോസിയേഷനിൽ സ്വന്തം ശിങ്കിടികളെ നിറച്ച് ഫ്‌ളാറ്റുടമകളെയും വാടകക്കാരെയും വിരട്ടൽ; സർവീസ് ചാർജ് കൊടുത്തില്ലെന്ന് പറഞ്ഞ് സ്വന്തം ഫ്‌ളാറ്റിലേക്കുള്ള വഴി തടയുക.. ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് സ്ത്രീകളെ ശല്യപ്പെടുത്തുക..ഭീഷണിപ്പെടുത്തുക..ഗൂണ്ടകളെ പേടിച്ചുറങ്ങാതെ നിവാസികൾ; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിൽ കോടികളുടെ വെട്ടിപ്പ് മറയ്ക്കാൻ ഹീര ബാബുവിന്റെ അഭ്യാസങ്ങൾ ഇങ്ങനെ

പാപ്പരാണെന്ന് പറയുമ്പോഴും ഹീര ബാബുവിന് ഇഷ്ടം ഗൂണ്ടാപ്പണി; ഫ്‌ളാറ്റ് അസോസിയേഷനിൽ സ്വന്തം ശിങ്കിടികളെ നിറച്ച് ഫ്‌ളാറ്റുടമകളെയും വാടകക്കാരെയും വിരട്ടൽ; സർവീസ് ചാർജ് കൊടുത്തില്ലെന്ന് പറഞ്ഞ് സ്വന്തം ഫ്‌ളാറ്റിലേക്കുള്ള വഴി തടയുക.. ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് സ്ത്രീകളെ ശല്യപ്പെടുത്തുക..ഭീഷണിപ്പെടുത്തുക..ഗൂണ്ടകളെ പേടിച്ചുറങ്ങാതെ നിവാസികൾ; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിൽ കോടികളുടെ വെട്ടിപ്പ് മറയ്ക്കാൻ ഹീര ബാബുവിന്റെ അഭ്യാസങ്ങൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ ഹീര സ്വിസ്സ് ടൗൺ ഫ്‌ളാറ്റ് ഉടമകൾ ഫ്‌ളാറ്റ് അസോസിയേഷന്റെ ഗുണ്ടാ രീതികൾ കാരണം പൊറുതിമുട്ടുന്നു. പാപ്പരായി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹീര ബാബുവിന്റെ തണലിൽ ഗുണ്ടാ രീതിയിലുള്ള ഇടപടലാണ് അസോസിയേഷൻ ഭാരവാഹികൾ ഇവിടെ നടത്തുന്നത്. അസോസിയേഷൻ നടപടികൾ ചോദ്യം ചെയ്തവരെ വിരട്ടലും കാശ് പിടിച്ചു വാങ്ങലുമൊക്കെയാണ് സമുച്ചയത്തിൽ നടക്കുന്നത് എന്നാണ് ഫ്‌ളാറ്റുടമകൾ ആരോപിക്കുന്നത്. നിരവധി പരാതികളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ബിൽഡേഴ്‌സ് ആയ ഹീര ചെയ്ത ചതി കാരണം ലക്ഷങ്ങൾ മുടക്കി സ്വന്തം ഫ്‌ളാറ്റ് വാങ്ങിയവർക്ക് ഇതേവരെ അത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഫ്‌ളാറ്റ് ഉടമകൾ അറിയാതെ ഫ്‌ളാറ്റ് സമുച്ചയം കെഎഫ്‌സിക്ക് പണയപ്പെടുത്തി ഇരുപത് കോടി രൂപയെടുത്ത ഹീര ബാബു നടത്തിയ ചതി കാരണമാണ് ഫ്‌ളാറ്റുകൾ സ്വന്തം പേരിലേക്ക് ആക്കി മാറ്റാൻ ഉടമകൾക്ക് കഴിയാത്തത്. ഇരുപത് കോടി ലോൺ എടുത്ത ഹീര ബാബു ലോൺ തുകയിൽ മൂന്നു കോടി കുടിശികയാക്കിയിട്ടുണ്ട്. അതിനാൽ കെഎഫ്‌സിയുടെ ജപ്തി നടപടികൾ നേരിടുകയാണ് ഫ്‌ളാറ്റ് ഉടമകൾ. ഹീര ബാബു നടത്തിയ ചതിയുടെ കഥ മറുനാടൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു.

സ്വന്തമായ ഫ്‌ളാറ്റുകൾ ബിൽഡറുടെ ചതിയിൽ കുടുങ്ങിയ പ്രശ്‌നം തലവേദനയായി നിൽക്കുമ്പോൾ തന്നെയാണ് ഹീരയുടെ ശിങ്കിടികൾ ചേർന്ന് രൂപീകരിച്ച ഫ്‌ളാറ്റ് അസോസിയെഷൻ ഉടമകൾക്ക് മുന്നിൽ നിത്യേനയെന്നോണം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഹീര ബാബുവിനാൽ ചതിക്കപ്പെട്ട ഉടമകളെ അസോസിയേഷനും കെഎഫ്‌സിയും ഹീരയും ചേർന്ന് വീണ്ടും വീണ്ടും ചതിക്കുന്ന കാഴ്ചകളാണ് ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റിൽ നിന്നും ദൃശ്യമാകുന്നത്. നാനാ രീതിയിലുള്ള ആക്രമണങ്ങളും സമ്മർദ്ദങ്ങളും കാരണം വലഞ്ഞിരിക്കുകയാണ് ഫ്‌ളാറ്റ് ഉടമകൾ.

നിയമ പ്രകാരമുള്ള രജിസ്‌ട്രേഷനില്ലാത്ത അസോസിയേഷനാണ് ഹീര സ്വിസ്സ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിലുള്ളത്. സ്വന്തം ശിങ്കിടികളെ കുത്തി നിറച്ചാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി ഹീര ബാബു സൃഷ്ടിച്ചത്. ഫ്‌ളാറ്റ് ഓണേഴ്‌സിനെയും വാടകക്കാരെയും ഭീഷണിപ്പെടുത്തുക എന്നുള്ളതാണ് ഇവരുടെ പതിവു പരിപാടി. സർവീസ് ചാർജ് തന്നില്ല എന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്കുള്ള വഴി തടയുക, ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് ശല്യപ്പെടുത്തുക ഇതെല്ലാം ചെയ്യുന്ന അസോസിയേഷനാണ് ഇവിടുത്തെത്. ബിൽഡർ നൽകേണ്ട പ്രവർത്തന ഫണ്ടായ അൻപത് ലക്ഷത്തോളം രൂപ ഇതുവരെ ഹീര ബാബു അസോസിയെഷന് നൽകിയിട്ടില്ല. ഈ തുക ലഭിക്കാതിരിക്കാൻ അസോസിയേഷൻ ശ്രമം നടത്തുമ്പോൾ തന്നെയാണ് ലോൺ അടവിലെ ഒറ്റത്തവണ തീർപ്പായി കെഎഫ്‌സി മുന്നോട്ടു നീട്ടിയ അറുപത് ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും ബലമായി പിരിച്ചെടുത്ത് അടയ്ക്കാനുള്ള ശ്രമവും നടക്കുന്നത്. ഹീര ബാബുവിന്റെ ശിങ്കിടികളായ അസോസിയേഷൻ ഭാരവാഹികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.

രണ്ടു രീതിയിൽ ഹീര ബാബുവിനെ സഹായിക്കാനാണ് ശ്രമം. അസോസിയേഷന് ഹീര ബാബു നൽകാനുള്ള അൻപത് ലക്ഷത്തോളം രൂപ ചോദിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക. രണ്ടാമത് ഹീര കുടിശിക വരുത്തിയ മൂന്നു കോടിയിലേറെ രൂപയുടെ ഒറ്റത്തവണ തീർക്കൽ പദ്ധതിയായി കെഎഫ്‌സി നീട്ടിയ അറുപത് ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും പിരിച്ചെടുത്ത് കെഎഫ്‌സിക്ക് നൽകുക. ഇതും രണ്ടും ചോദ്യം ചെയ്ത ഫ്‌ളാറ്റ് ഉടമകളാണ് അസോസിയേഷന്റെ ഗുണ്ടാ രീതികൾ കാരണം പൊറുതിമുട്ടുന്നത്. പെയിന്റിങ് അടിക്കണം എന്ന പേരിൽ പണപ്പിരിവു നടത്തുന്നു. അത് നൽകാത്ത ഉടമകളെ, വാടകക്കാരെ ഭീഷണി പെടുത്തുന്നു. അവരെ ഫ്‌ളാറ്റ് സമുച്ചയത്തിൽ കയറ്റാതെ തടയുന്നു. ലിഫ്റ്റ് സർവീസ് ചാർജ് എന്ന പേരിൽ ഫർണീഷ്ഡ് ഫ്‌ളാറ്റുകളിൽ നിന്ന് പോലും 1000 രൂപ പിരിക്കുന്നു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. അസോസിയേഷന് എതിരായി സംസാരിച്ചാൽ അവരെ അപ്പോൾ തന്നെ ഇല്ലാത്ത പ്രോട്ടോകോൾ സൃഷ്ടിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു. ചോദ്യം ചെയ്യാൽ തുടർന്നാൽ ഗ്രൂപ്പ് തന്നെ ക്ലോസ് ചെയ്യുന്നു. സ്ത്രീകളെ അധിക്ഷേപിച്ചതിനു അസോസിയേഷൻ നേതാവിനെതിരെ ഒരു പരാതി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലുണ്ട്. അസോസിയേഷനിൽ നിന്നും പൈസ അടച്ചതിന്റെ രശീതി വാങ്ങാൻ ആറ്റിങ്ങലിൽ നിന്നും വന്ന സ്ത്രീയെ ഒരു ദിവസം മുഴുവൻ ഇവിടെ ഇരുത്തി. പിന്നീട് പൊലീസ് വന്നാണ് അവർക്കു രസീത് വാങ്ങി നൽകിയത്. ഇതോക്കെയാണ് അസോസിയേഷൻ ഭാരവാഹികളുടെ മൃഗയാവിനോദങ്ങൾ.

നാലായിരം രൂപയോളം ഇവർ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും മാസാമാസം പിരിക്കുന്നുണ്ട്. ആ രീതിയിൽ തന്നെ പ്രതിമാസം അഞ്ചര ലക്ഷത്തിലധികം രൂപ അസോസിയേഷന് വരുമാനം വരുന്നുണ്ട്. പക്ഷെ മൂന്നു വർഷമായി ഒരു കണക്കും ഇവർ വെളിയിൽ കാണിക്കുന്നില്ല എന്നാണ് ഫ്‌ളാറ്റ് ഉടമകൾ പറയുന്നത്. യാതൊരു പഠനവും നടത്താതെ മാസാമാസം ഉള്ള ഉള്ള മെയിന്റനൻസ് കുത്തനെ കൂട്ടി. അതിനും കണക്കുകളൊന്നും കാണിക്കാറില്ല. സ്വിമ്മിങ് പൂൾ, ഹോം തീയേറ്റർ തുടങ്ങിയവ ഒന്നും പ്രവർത്തനക്ഷമം അല്ല എന്നിട്ട് പോലും ഉയർന്ന മെയ്ന്റനൻസ് ഫീ ആണ് ഈടാക്കുന്നത്. ഇത് എവിടെ പോകുന്നു എന്ന കണക്ക് ഇല്ല. അസോസിയേഷൻ ആളുകൾ യോഗം ചേരും. അവരുടെ ഭാര്യമാരോ സുഹൃത്തുക്കളോ എല്ലാത്തിനും കൈപോക്കും. ഇതോടെ യോഗം തീർന്നു.

എന്താണ് യോഗ തീരുമാനം എന്ന് പോലും ആർക്കും അറിയില്ല. എല്ലാം അസോസിയേഷൻ സ്വയം തീരുമാനിച്ച് ചെയ്യും. ഫ്‌ളാറ്റുടമകൾക്ക് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് എന്ന് പറഞ്ഞു ഹീര ഫ്‌ളാറ്റ് ഉടമകളുടെ കയ്യിൽ നിന്നും കാശ് വാങ്ങിയിട്ടുണ്ട്. ഓഫർ ചെയ്ത കാർ പാർക്കിങ് സംവിധാനം പലർക്കും നൽകിയിട്ടില്ല. ഈ പണം മുതലാക്കാൻ സർവീസ് ചാർജ് ആയ പണം നൽകുന്നത് ചില ഫ്‌ളാറ്റ് ഉടമകൾ താത്ക്കാലത്തേക്ക് നിർത്തിവെച്ചു. ഇത് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് ഉടമകൾക്ക് വക്കീൽ നോട്ടീസ് അയക്കുകയാണ് അസോസിയേഷൻ ചെയ്തത്. വെള്ളം, വൈദ്യുതി കട്ട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചിലരുടെ വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയും ചെയ്തു.

ബാബു കോർപ്പസ് ഫണ്ട് ഇനത്തിൽ 50ലക്ഷം ഇങ്ങോട്ട് തരാൻ ഉള്ളപ്പോൾ ആണ് അസോസിയേഷൻ ഉടമകൾക്ക് എതിരെ എതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഇപ്പോൾ ഹീര ബുവിന്റെ ലോൺ അടവിന് വേണ്ടി വീണ്ടും 60 ലക്ഷം പണപ്പിരിവ് . സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ബാബുവിനെതിരെ കേസ് കൊടുക്കണം എന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അസോസിയേഷൻ അതിന് തയ്യാറായിട്ടില്ല. ബാബുവിനെതിരെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയപ്പോൾ കേസ് ഏൽപ്പിച്ചത് ഹീരയുടെ അഭിഭാഷകനെ തന്നെ.-ഫ്‌ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞു.

അസോസിയേഷൻ രൂപീകരിക്കേണ്ട ഉത്തരവാദിത്തം ബിൽഡർക്കാണ്. അതായത് ഹീര ബാബുവിനാണ്. നിയമപരമായ രീതിയിൽ ഒരു അസോസിയേഷൻ ഇവിടെ ഹീര രൂപീകരിച്ചില്ല. ഫ്‌ളാറ്റ് വാങ്ങുമ്പോൾ 25000 രൂപ ഓരോ ഫ്‌ളാറ്റ് ഉടമകളുടെ കയ്യിൽ നിന്നും പിരിക്കുന്നുണ്ട്. ഇതാണ് അസോസിയേഷന്റെ വർക്കിങ് ഫണ്ട്. ഇരുനൂറോളം ഫ്‌ളാറ്റുകൾ ഉള്ള സമുച്ചയമാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്റ്റ്. ഈ രീതിയിൽ അമ്പത് ലക്ഷത്തോളം രൂപ ഹീരയുടെ കയ്യിലുണ്ട്. സ്വന്തം ശിങ്കിടികളെ അസോസിയേഷൻ ഏൽപ്പിച്ചപ്പോൾ ഈ ഫണ്ട് ഹീര ആദ്യം തന്നെ മുക്കി. പണം തിരികെ വേണം എന്ന് അസോസിയേഷൻ നിർബന്ധം പിടിച്ചുമില്ല. അഡ്‌ഹോക്ക് കമ്മറ്റി എന്ന് പറഞ്ഞാണ് അസോസിയേഷൻ ആദ്യം പ്രവർത്തിച്ചത്. ഇതാണ് അസോസിയേഷൻ ആയി മാറിയത്. പലരും ഫ്‌ളാറ്റ് ഉടമകൾ അല്ല. വഴിവിട്ടു ഹീരയെ സഹായിച്ച കെഎഫ്‌സിയുടെ തലപ്പത്ത് ഉള്ളവർക്ക് ഹീര ഫ്‌ളാറ്റുകൾ അനുവദിച്ച് നൽകിയിട്ടുണ്ട്. കെഎഫ്‌സിയിലും എസ്‌ബിഐയിലും തലപ്പത്ത് ഉള്ളവർക്ക് ഇവിടെ ഫ്‌ളാറ്റുകൾ ഉണ്ട് എന്നാണ് ഫ്‌ളാറ്റ് ഉടമകൾ തന്നെ പറയുന്നത്. ഇവരൊക്കെ തന്നെയാണ് അസോസിയേഷന് പിന്നിൽ നിന്ന് നയിക്കുന്നത്.

സ്വിസ്സ് ടൗൺ പ്രോജക്ടിൽ മൂന്നു ഫ്‌ളാറ്റ് സമുച്ചയം ഉള്ളതിൽ മൂന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയം റവന്യൂ റിക്കവറി നടപടികളിൽ നിന്നും മുക്തമാണ്. അവിടെ നിരവധി പേർക്ക് പോക്ക് വരവ് നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അസോസിയേഷൻ വില്ലേജ് ഓഫീസറെ പോലും ഭീഷണി പെടുത്തി ഒരാൾക്ക് കിട്ടിയ പോക്കുവരവ് റദ്ദ് ചെയ്തു. കെഎഫ്‌സിക്ക് വേണ്ടി ബാബുവിന് വേണ്ടി പണപ്പിരിവ് നടത്താനുള്ള നീക്കമാണിത്. മൂന്നാമത്തെ സമുച്ചയം പോക്കുവരവ് ചെയ്യാം എന്ന കാര്യം ഉടമകളിൽ നിന്നും മറച്ചു വയ്ക്കുകയാണ് അസോസിയേഷൻ ചെയ്തത്. എല്ലാത്തിനും അനുവർത്തിക്കുന്നത് ഗുണ്ടാ രീതികൾ തന്നെ- ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഹീരയുടെ സ്വത്ത് എല്ലാം ഇപ്പോൾ ലിക്വിഡേഷൻ കമ്മറ്റി യുടെ കൈവശം ആണ്. കെ ഫ് സി ഉൾപ്പെടെ ഉള്ളവർ ഈ കമ്മീഷനു മുന്നിലാണ് തങ്ങൾക്കു കിട്ടേണ്ട കടം ബോധിപ്പിക്കേണ്ടത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഹീര ബാബുവിന് പ്രത്യേക പദ്ധതിയാണ് കെഎഫ്‌സി നീട്ടുന്നത്. 60 ലക്ഷം രൂപ തുകയാകും. തുക ചിലപ്പോൾ മുപ്പത് ലക്ഷത്തിലും താഴും. ഇതു മുന്നിൽ കണ്ടാണ് 60 ലക്ഷം എന്ന ഓഫർ കെഎഫ്‌സി നീട്ടുന്നത്-ഉടമകൾ പറയുന്നു.

ഫ്ളാറ്റ് ഉടമകൾ അറിയാതെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ഹീര ബിൽഡേഴ്സ് 20 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോൺ എടുത്തതാണ് ഫ്ളാറ്റ് ഉടമകൾക്ക് വിനയായത്. ലോൺ എടുത്തെങ്കിലും 2014 മുതൽ ഹീര അടവ് മുടക്കിയതോടെ റവന്യൂ റിക്കവറി നടപടികൾ വന്നു. ലോൺ തുകയിൽ തിരിച്ചടയ്ക്കേണ്ട തുകയിൽ മൂന്നു കോടിയാണ് ഹീര ബാക്കി വെച്ചത്. ഇതോടെ പോക്കുവരവ് ചെയ്തു കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതിന്നിടയിൽ ഹീര പാപ്പരാവുകയും ചെയ്തു.

ഹീരയുടെ ചെയ്തികളിൽ വലഞ്ഞത് മുഴുവൻ തുകയും നൽകി ഫ്ളാറ്റ് സ്വന്തമാക്കിയവരാണ്. വിവിധ ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഫ്ളാറ്റിനു ഉണ്ടായിരിക്കെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ഹീര ബാബുവിന് കഴിയില്ല. എന്നിട്ടും ഇരുപത് കോടിയോളമുള്ള വൻ തുക ഹീര നേടി എന്നത് വിളിച്ചു പറയുന്നത് സാമ്പത്തിക തട്ടിപ്പ് കഥ തന്നെയാണ്. ഫ്ളാറ്റുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ഉണ്ടെന്ന തിരിച്ചറിവുള്ള കെഎഫ്സി തന്നെ ഇരുപത് കോടി നൽകി ഹീരയുടെ ചതിക്ക് കൂട്ട് നിന്നതോടെയാണ് ഫ്ളാറ്റ് ഉടമകൾ ചതിയിൽ അകപ്പെടാൻ ഇടയായത്.

പോക്കുവരവ് ചെയ്യാത്തതിനാൽ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് മാറ്റാൻ താമസം തുടങ്ങി വർഷങ്ങൾക്ക് ശേഷവും മിക്ക ഫ്ളാറ്റ് ഉടമകൾക്കും കഴിഞ്ഞിട്ടില്ല. കെഎഫ്സിയുടെ ലോൺ റിക്കവറി നടപടികൾ തുടരുന്നതിനാൽ രജിസ്ട്രേഷൻ വകുപ്പ് ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തുകൊടുക്കാൻ തയ്യാറല്ല. രേഖകൾ അസോസിയേഷന് കൈമാറാൻ ഹീര ബാബുവും തയ്യാറല്ല. ഇതോടെ സംജാതമായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹീരയുടെ മുഴുനീള ഫ്ളാറ്റ് തട്ടിപ്പ് ചതികളിൽ ഒന്നായി മാറുകയാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടും.

മൂന്നു കോടിയോളം രൂപ ലോൺ അടവ് വന്നപ്പോൾ കെഎഫ്സി ഫ്ളാറ്റ് സമുച്ചയത്തിൽ റിക്കവറി നോട്ടീസ് പതിച്ചു. തങ്ങൾ ലോൺ എടുത്ത് വാങ്ങി സ്വന്തമാക്കിയ ഫ്ളാറ്റുകളിൽ റവന്യൂ റിക്കവറി നോട്ടീസ് വന്നത് ഫ്ളാറ്റ് ഉടമകളെ ഞെട്ടിച്ചു. ഇതിന്റെ പിന്നാമ്പുറം തിരഞ്ഞു പോയപ്പോഴാണ് ഹീര സ്വിസ് ടൗൺ ഈട് വെച്ച് ഹീര ബാബു 20 കോടി എടുത്ത കാര്യം ഫ്ളാറ്റ് ഉടമകൾ അറിയുന്നത്. ഇതോടെയാണ് ചതിയിൽ കുടുങ്ങിയ കാര്യം ഫ്‌ളാറ്റ് ഉടമകൾ തിരിച്ചറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP