Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പറഞ്ഞതൊന്നും പാഴാകില്ലെന്ന് ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടൻ സൃഷ്ടിക്കുക 1000 തസ്തികകൾ; അടുത്ത മാസം അനുവദിക്കുന്ന 100 കോഴ്സുകളും തസ്തിക സഹിതം; അതിന് ശേഷവും 100 കോഴ്സുകൾ ആരംഭിക്കുമെന്നും തോമസ് ഐസക്ക്; നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

പറഞ്ഞതൊന്നും പാഴാകില്ലെന്ന് ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടൻ സൃഷ്ടിക്കുക 1000 തസ്തികകൾ; അടുത്ത മാസം അനുവദിക്കുന്ന 100 കോഴ്സുകളും തസ്തിക സഹിതം; അതിന് ശേഷവും 100 കോഴ്സുകൾ ആരംഭിക്കുമെന്നും തോമസ് ഐസക്ക്; നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടൻ 1000 തസ്തികകൾ സൃഷ്ടിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. അടുത്ത മാസം വിവിധ കോളജുകളിലായി 100 കോഴ്സുകൾ തസ്തിക സഹിതം അനുവദിക്കുമെന്നും അതിന് ശേഷം മറ്റൊരു 100 കോഴ്സുകൾ കൂടി അനുവദിക്കുന്നത് ആലോചനയിൽ ഉണ്ടെന്നും തോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. സംസ്ഥാനത്തെ ഇടത് സർക്കാർ ഉന്നത വിദ്യാഭ്യാസം നേടിയവരെ അവ​ഗണിക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ധനമന്ത്രി തന്നെ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ സർക്കാർ കോളജുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ്, റൂസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെ പരിശോധനകൾക്ക് ശേഷം ധനകാര്യ വകുപ്പിന്റെ പരി​ഗണനയിലാണ്. ഇത് കൂടാതെ സംസ്ഥാന സർക്കാർ നിയോ​ഗിച്ച ഉന്നതാധികാര സമിതി പുതിയ 60 കോഴ്സുകൾ കൂടി ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇതൊന്നും നടക്കാതെ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സർക്കാരിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതോടെയാണ് ധനമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയത്.

'പതിനാറു മണിക്കൂറിനു പകരം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്മെന്റിൽ ആഴ്ചയിൽ ഒമ്പതു മണിക്കൂർ പഠിപ്പിച്ചാൽ മതിയെന്ന മാനദണ്ഡപ്രകാരമായിരുന്നുവെങ്കിൽ ഇരുനൂറോളം പോസ്റ്റുകളെങ്കിലും കൂടുതൽ ഉണ്ടായേനെ എന്നാണ് ചിലരുടെ വാദം. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പിഎസ് സി ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചേനെ എന്ന ചിലരുടെ സങ്കടം പത്രങ്ങളിൽ വായിച്ചു.
അവർ നിരാശപ്പെടേണ്ടതില്ല. സെപ്റ്റംബർ മാസത്തിൽ 100 കോഴ്സുകളെങ്കിലും പുതുതായി അനുവദിക്കും. അതിനുള്ള തസ്തികകളും. കൂടുതൽ വിശദമായ ചർച്ചകൾക്കു ശേഷം മറ്റൊരു പുതിയ 100 കോഴ്സുകൾ കൂടി അനുവദിക്കുന്നതിനും പരിപാടിയുണ്ട്. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജോലി സമയം 16 മണിക്കൂറാക്കിയാലും നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാട്'. - തോമസ് ഐസക്ക് വ്യക്തമാക്കുന്നു.

ധനമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

''പിഎസ് സി നിയമനവിവാദം
ജോലി മാനദണ്ഡത്തിൽ വരുത്തിയ മാറ്റമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനം സംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളിൽ ഏറ്റവും പ്രധാനം. ബിരുദാനന്തര കോഴ്സുകളിൽ ഇതുവരെ ആഴ്ചയിൽ ഒമ്പതു മണിക്കൂർ പഠിപ്പിച്ചാൽ മതിയായിരുന്നു. പ്രീഡിഗ്രി വിഭജനകാലത്ത് പരമാവധി അദ്ധ്യാപകർക്ക് കോളജുകളിൽത്തന്നെ ജോലി ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചൊരു മാനദണ്ഡമായിരുന്നു. അതു പിന്നെ കീഴു്വഴക്കമായി.
എന്നാൽ യുജിസിയുടെ ഗൈഡ്ലൈൻ പ്രകാരം ബിരുദാനന്തര കോഴ്സുകൾക്ക് അടക്കം ആഴ്ചയിൽ പതിനാറു മണിക്കൂറാണ് പഠിപ്പിക്കേണ്ടത്. അതുകൊണ്ട് യുജിസി നിർദ്ദേശപ്രകാരം ഇത്തവണ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ഈ മാനദണ്ഡവും കൂടി പ്രാബല്യത്തിൽ വരുത്തുന്ന സ്ഥിതിയുണ്ടായി.

സ്വാഭാവികമായും ഈ മാറ്റം പുതിയ തസ്തിക റിപ്പോർട്ടു ചെയ്യുന്ന സമയത്ത് ബാധകമാകും. നിലവിലുള്ളവർക്ക് ഈ മാനദണ്ഡം ബാധകമാക്കേണ്ടതില്ല എന്നേ തീരുമാനിക്കാനാവൂ. നിലവിലുള്ള അദ്ധ്യാപകർ തുടർന്നും ഒമ്പതു മണിക്കൂർ വീതം പഠിപ്പിച്ചാൽ മതിയാകും. മാത്രമല്ല, ഇതിനകം അഡ്വൈസ് മെമോ ലഭിച്ചവരുടെയോ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്തുകൊണ്ട് നടത്തിയ അഭിമുഖത്തിലൂടെ എയിഡഡ് കോളജുകളിൽ സെലക്ഷൻ ലഭിച്ചവരുടെ ഒന്നും നിയമനത്തെ ഇതു ബാധിക്കുകയില്ല. ഭാവിയിൽ സൃഷ്ടിക്കുന്ന പുതിയ തസ്തികകൾക്കും റിട്ടയർമെന്റ് വേക്കൻസികൾക്കും മാത്രമേ പുതുക്കിയ മാനദണ്ഡം ബാധകമാകൂ. എന്നാൽ ഇതുമൂലമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള ലിസ്റ്റിൽ ബാക്കിയുള്ളവർക്ക് ജോലി ലഭിക്കാതെ പോകുന്നത് എന്നാണ് പ്രചാരണം.

ആദ്യം യുഡിഎഫ് - എൽഡിഎഫ് സർക്കാരുടെ കാലത്ത് ഉന്നതവിദ്യാഭ്യാസമേഖലയിൽ സൃഷ്ടിച്ചിട്ടുള്ള തസ്തികകളുടെ എണ്ണം താരതമ്യപ്പെടുത്താം. അതുകഴിഞ്ഞ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സൃഷ്ടിക്കാൻ പോകുന്ന തസ്തികകളുടെ കണക്കുമെടുക്കാം. മറ്റെല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ട തസ്തികകളുടെ എണ്ണം എത്രയോ കൂടുതലാണ്.

16 മണിക്കൂർ പുതുക്കിയ മാനദണ്ഡപ്രകാരം ഈ വർഷം നഷ്ടപ്പെട്ട തസ്തികകളെക്കാൾ അധികം തസ്തികകൾ ഇനിയിപ്പോൾ അനുവദിക്കാൻ പോകുന്ന കോഴ്സുകളിലുണ്ട് എന്നതും വ്യക്തമാകും. യുഡിഎഫ് ഭരണകാലത്ത് (2011-16) ആകെ 524 തസ്തികകളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചത്. ഇതിൽ 481 എണ്ണം സർക്കാർ മേഖലയിലും 45 എണ്ണം എയിഡഡ് മേഖലയിലുമാണ്. നോൺ ടീച്ചിങ് തസ്തികകൾ 401. (ഇതിൽ 107 എണ്ണം സൂപ്പർ ന്യൂമറി തസ്തികകളാണ്). അങ്ങനെ യുഡിഎഫ്കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം സൃഷ്ടിക്കപ്പെട്ട തസ്തികകൾ 925 ആണ്.

എൽഡിഎഫ് ഭരണകാലത്ത് ജൂലൈ 2020 വരെ 402 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു കഴിഞ്ഞു. 372 എണ്ണം സർക്കാർ മേഖലയിലും 31 എണ്ണം എയിഡഡ് മേഖലയിലും. നോൺ ടീച്ചിങ് സ്റ്റാഫിന്റെ 856 തസ്തികകളും സൃഷ്ടിച്ചു. അങ്ങനെ മൊത്തം എൽഡിഎഫ് കാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇതുവരെയുള്ള നിയമനം 1258.

അദ്ധ്യാപക തസ്തികകളുടെ എണ്ണം യുഡിഎഫിന്റെ കാലത്തേക്കാൾ കുറവാണല്ലോ എന്ന് വേണമെങ്കിൽ വാദിക്കാം. എയിഡഡ് മേഖലയിലെ തസ്തികകളുടെ മാനദണ്ഡം സംബന്ധിച്ചുള്ള തീരുമാനം വൈകിയതുകൊണ്ടാണ് എയിഡഡ് മേഖലയിലെ നിയമനത്തിന് കാലതാമസം വന്നത്. 683 തസ്തികകൾ സൃഷ്ടിക്കാനുള്ള ഫയൽ തയ്യാറായിക്കഴിഞ്ഞു. പതിനാറു മണിക്കൂറിനു പകരം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്മെന്റിൽ ആഴ്ചയിൽ ഒമ്പതു മണിക്കൂർ പഠിപ്പിച്ചാൽ മതിയെന്ന മാനദണ്ഡപ്രകാരമായിരുന്നുവെങ്കിൽ ഇരുനൂറോളം പോസ്റ്റുകളെങ്കിലും കൂടുതൽ ഉണ്ടായേനെ എന്നാണ് ചിലരുടെ വാദം. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പിഎസ് സി ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചേനെ എന്ന ചിലരുടെ സങ്കടം പത്രങ്ങളിൽ വായിച്ചു.

അവർ നിരാശപ്പെടേണ്ടതില്ല. സെപ്റ്റംബർ മാസത്തിൽ 100 കോഴ്സുകളെങ്കിലും പുതുതായി അനുവദിക്കും. അതിനുള്ള തസ്തികകളും. കൂടുതൽ വിശദമായ ചർച്ചകൾക്കു ശേഷം മറ്റൊരു പുതിയ 100 കോഴ്സുകൾ കൂടി അനുവദിക്കുന്നതിനും പരിപാടിയുണ്ട്. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജോലി സമയം 16 മണിക്കൂറാക്കിയാലും നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാട്.

അംഗീകൃത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജോലി സമയം കുറച്ചുകൊണ്ട് തൊഴിൽ നൽകുകയാണോ കൂടുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഉതകുന്ന രീതിയിൽ കോഴ്സുകളുടെ എണ്ണം കൂട്ടുകയാണോ അഭികാമ്യം എന്ന് നിങ്ങൾതന്നെ തീരുമാനിക്കുക''.

ഇടത് സർക്കാരിനെ അധികാരത്തിലെത്താൻ ഉലയൂതിയവരിൽ പ്രധാനികളായിരുന്നു കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ. ഇടത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ സ്ഥിര ജോലിക്കു വേണ്ടിയും പങ്കാളിത്ത പെൻഷന് എതിരായും നടത്തിയ സമര പോരാട്ടങ്ങളായിരുന്നു വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഇടത് മുന്നണിക്ക് അനുകൂലമായി നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചിരുന്ന സ്ഥിര നിയമനം ലഭിച്ചില്ല എന്ന് മാത്രമല്ല, ഉള്ള കഞ്ഞിയിൽ കൂടി മണ്ണ് വാരിയിടുന്ന നിലപാടാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നത് എന്ന പരാതി വ്യാപകമായിരുന്നു. ജോലി മാനദണ്ഡത്തിൽ വരുത്തിയ മാറ്റവും പുതിയ കോഴ്സുകളും തസ്തികകളും അനുവദിക്കാത്തതും ആയിരുന്നു റാങ്ക് ഹോൾഡേഴ്സിനെ പ്രകോപിപ്പിച്ചത്.

ഈ സർക്കാർ വന്നതിന് ശേഷം വിവിധ സർക്കാർ കോളജുകളിൽ പുതിയ കോഴ്സ് അനുവദിക്കുന്നതിനായി കോളജുകളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചിരുന്നു. പല ഘട്ടങ്ങളിലും ലിസ്റ്റ് തിരിച്ചയച്ചും ഉന്നതാധികാര സമിതിയെ വെച്ച് പഠിച്ചും എല്ലാം സമയം കളഞ്ഞതല്ലാതെ ഒരു സർക്കാർ കോളജിൽ പോലും പുതിയ ഒരു കോഴ്സ് പോലും കഴിഞ്ഞ നാല് വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടില്ല. വിവിധ സർക്കാർ കോളജുകളിൽ നിന്നും സമർപ്പിച്ച നൂറുകണക്കിന് രുതിയ കോഴ്സുകൾക്കുള്ള അപേക്ഷകൾ ഒടുവിൽ ഷോർട് ലിസ്റ്റ് ചെയ്യാനായി റൂസയെ ഏൽപ്പിക്കുകയായിരുന്നു. റൂസ 50 കോഴ്സുകൾ വിവിധ കോളജുകളിൽ അനുവദിക്കണം എന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകി. ഇത് ധനകാര്യ വകുപ്പിന്റെ അനുമതി കാത്ത് കിടക്കുകയാണ്.

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പുതിയ കോഴ്സുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മറ്റൊരു ഉന്നതാധികാര സമിതിയെ സംസ്ഥാന സർക്കാർ നിയോ​ഗിച്ചിരുന്നു. എംജി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ്‌ അധ്യക്ഷനായ സമിതിയെ ആണ് കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ചത്. കോളേജുകളിൽ മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന്‌ വിദഗ്‌ധസമിതി ‌ശുപാർശ നൽകിയിരുന്നു.

റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ

കോഴ്സുകൾ: എപ്പിഡിയമോളജി, വൈറോളജി, ഇമ്മ്യൂണോളജി, ക്ലൈമറ്റ് മോണിറ്ററിങ് ആൻഡ് ഫ്ളഡ് മാനേജ്മെന്റ്, പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഓർഗാനിക് ഫാമിങ്, പെട്രോകെമിക്കൽ സയൻസസ്, നാനോ സയൻസസ്, ഫൊറൻസിക് സയൻസസ്, എനർജി കൺസർവേഷൻ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്രിമിനോളജി, ക്രിട്ടിക്കൽ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കൈവൽ സ്റ്റഡീസ്.

ട്രിപ്പിൾ മെയിൻ ബി എസ് സി

മോഡേൺ ബയോളജി (സുവോളജി, ബോട്ടണി എന്നിവയും മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒരു വിഷയവും). കെമിസ്ട്രി, ഫിസിക്സ് എന്നിവയും കണക്ക്/നാനോ സയൻസ്/അസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എന്നിവയിൽ ഒരു വിഷയവും. ഡിസാസ്റ്റർ മാനേജ്മെന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, സസ്റ്റെയ്നബിലിറ്റി സയൻസ്. സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്(സൈക്കോളജി, ബിഹേവിയറൽ സയൻസ്, കൗൺസലിങ്). ബി.എ. ഫോറിൻ ലാംഗ്വേജസ് (ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്). ഇന്റർനാഷണൽ റിലേഷൻസ് (ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി/എക്കണോമിക്സ്)

ഓണേഴ്സ് ബിരുദം

എക്കണോമിക്സ്/എക്കണോമെട്രിക്സ്, ഫിസിക്സ്, സൈക്കോളജി, ജിയോളജി.

നൂതനമേഖല -ബിരുദം

ഡിസൈൻ, സ്പോർട്സ് മാനേജ്മെന്റ്, അപ്ലൈഡ് ലിങ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ.

ഇന്റഗ്രേറ്റഡ് പി.ജി.

കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.യും എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എ.യും.

പി.ജി. കോഴ്സുകൾ

എം.എസ്സി.- ജിയോളജി/പെട്രോളിയം ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്,/ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്. എം.എ.- ഗ്ലോബൽ ഹിസ്റ്ററി എം.എസ്.ഡബ്ള്യു. -ഡിസാസ്റ്റർ മാനേജ്മെന്റ്

എം.ടെക്.

എജ്യുക്കേഷണൽ ടെക്നോളജി, എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, എൻജിനിയറിങ് ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്, മീഡിയ എൻജിനിയറിങ് ആൻഡ് ടെക്നോളജി.

സർവകലാശാലകളിൽ തുടങ്ങേണ്ടവ

എം.ടെക്: നാനോസയൻസ് ആൻഡ് നാനോടെക്നോളജി (എം.ജി., കേരള, കുസാറ്റ് സർവകലാശാലകൾ ചേർന്ന് നടത്താം), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.

എം.എസ്സി.: ഡേറ്റാ അനാലി സിസ്, ജെൻഡർ സ്റ്റഡീസ് ആ ൻഡ് സെക്ഷ്വാലിറ്റി, എനർജി മെറ്റീരിയൽസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്.

എം.എ.: ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, പോപ്പുലേഷൻ സ്റ്റഡീസ്.

സമയബന്ധിതമായി ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് സർക്കാർ വിശദീതകണങ്ങൾ ഒന്നും വന്നിരുന്നില്ല. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച് സർവകലാശാലകൾ മുന്നോട്ട് പോകുകയാണ്. ഈ വർഷം കോഴ്സ് തുടങ്ങുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരുന്നില്ല. ഇതോടെ ഈ വർഷം കാലാവധി അവസാനിക്കുന്ന പല റാങ്ക് ലിസ്റ്റുകളിലെയും ഉദ്യോ​ഗാർത്ഥിൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതോടെയാണ് തസ്തിക സഹിതം കോഴ്സുകൾ അനുവദിക്കും എന്ന് ധനമന്ത്രി വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP