Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് പ്രിയങ്ക ഗാന്ധി; പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്; എന്നോട് ആൻഡമാനിലേക്ക് പോകണമെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ പോകുമെന്നും പ്രിയങ്ക; വീണ്ടും അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി; സോണിയയുടെ ടേം കഴിഞ്ഞാൽ ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ? കോൺഗ്രസ് ഉടച്ചുവാർക്കലിന് ഒരുങ്ങുന്നോ?

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് പ്രിയങ്ക ഗാന്ധി; പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്; എന്നോട് ആൻഡമാനിലേക്ക് പോകണമെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ പോകുമെന്നും പ്രിയങ്ക; വീണ്ടും അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി; സോണിയയുടെ ടേം കഴിഞ്ഞാൽ ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ? കോൺഗ്രസ് ഉടച്ചുവാർക്കലിന് ഒരുങ്ങുന്നോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാൾ അധ്യക്ഷൻ ആകണം എന്ന ആശയം കുറച്ചുകാലമായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കുന്നതാണ്. എന്നാൽ, ഒരിക്കലും നടക്കാത്ത കാര്യമായാണ് പലരും ഇതിനെ കണ്ടിരുന്നത്. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത് കോൺഗ്രസ് അധ്യക്ഷൻ പദവിയേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാൾ ആകുമോ എന്നതാണ്. രാഹുൽ ഗാന്ധി തിരികെ വരണമെന്ന ആവശ്യം ശക്തമാകുമ്പോൾ തന്നെയാണ് മറ്റൊരാൾ ഈ പദവിയിലേക്ക് എത്തണമെന്ന ആഗ്രഹവും പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. 'ഇന്ത്യ ടുമോറോ: കോൺവർസേഷൻസ് വിത്ത് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്‌സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹർഷ് ഷായും ചേർന്നാണ് പുസ്തകം തയാറാക്കിയത്.

'പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്. എന്നെ ഉത്തർപ്രദേശിൽ ആവശ്യമില്ലെന്നും ആൻഡമാൻ, നിക്കോബാറിലേക്ക് പോകണമെന്നും നാളെ അദ്ദേഹം പറഞ്ഞാൽ, ഞാൻ സന്തോഷത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോകും.' പ്രിയങ്ക പറഞ്ഞു. 'എന്റെ സഹോദരൻ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തിൽ അസന്നിഗ്ധമായി പ്രസ്താവിച്ചിരുന്നു. രാജിക്കത്തിൽ പറഞ്ഞില്ലെങ്കിലും മറ്റ് എല്ലായിടത്തും അദ്ദേഹം പറയുന്നുണ്ട്, ഞങ്ങളാരുമല്ല, പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടതെന്ന്. അതിനെ ഞാൻ പൂർണമായും പിന്തുണക്കുന്നു.' ഗാന്ധിമാർ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനം കയ്യാളുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതായിരുന്നു.

കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും താൻ എപ്പോഴും പാർട്ടിയോടൊപ്പം ഉണ്ടെന്നും രാഹുൽ പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു. അധ്യക്ഷ പദവി ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ. ഉടൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് രാഹുൽ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകൾ നൽകുന്നത്. 2019ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യം ഉയർന്നെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുനിന്നു.

കോൺഗ്രസിനുവേണ്ടി പോരാടാൻ പാർട്ടിയെ നയിക്കണമെന്നില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ മതിയെന്നുമാണ് കോൺഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ഉത്തരവാദിത്വ സംസ്‌കാരം കോൺഗ്രസ് വളർത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണ്. തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം രാഹുലിന്റെയും പ്രിയങ്കയുടെയും നിലപാടിനോട് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതേസമയം നിലവിൽ ദേശീ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംഘടനാ പരമായി മുന്നോട്ടു നയിക്കുന്നത് പാർട്ടിയുടെ മൂന്ന് പുതിയ ക്രൈസിസ് മാനേജർമാരാണ്. ടീം രാഹുലിന്റെ ഭാഗമായിട്ടുള്ള മൂന്ന് പ്രമുഖ നേതാക്കൾ. പാർട്ടിയിൽ ടീം രാഹുലിന്റെ ശക്തമായ തിരിച്ച് വരവിന്റെ ഭാഗമായാണെന്നും വിലയിരുത്തലുകൾ ഉയർന്നുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തുടക്കമിട്ട വിമത നീക്കത്തിന് തിരശ്ശീല വീണത്. ഗാന്ധി കുടുംബം ഒന്നാകെ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങി. ഇവർക്ക് കരുത്തായത് മൂന്ന് നേതാക്കളാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുഖ്യ വക്താവ് രൺദീപ് സുർജേവാല, മുതിർന്ന നേതാവ് അജയ് മാക്കൻ എന്നിവരാണവർ.

മൂന്ന് പേരും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരാണ്. സോണിയാ പക്ഷത്തുള്ള ഗെഹ്ലോട്ടിനോട് അടുപ്പമുള്ള അവിനാശ് പാണ്ഡയെ രാജസ്ഥാന്റെ ചുമതലയിൽ നിന്ന് മാറ്റി അവിടെ അജയ് മാക്കനെ നിയമിച്ച് കഴിഞ്ഞിട്ടുണ്ട് ഇതിനകം. രാജസ്ഥാനിലെ വിമത നീക്കം ആരംഭിച്ചതിന് മുൻപ് ഈ നേതാക്കൾ പ്രശ്നപരിഹാരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. അതേസമയം ടീം രാഹുൽ ഉണ്ടായിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ എങ്ങനെ കൊണ്ടുവരും എന്നത് കോൺഗ്രസിനെ അലട്ടുന്ന പ്രശ്‌നമാണ്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാൾ വരുമ്പോൾ ആ ആളെ എത്രകണ്ട് മറ്റ് നേതാക്കൾ അംഗീകരിക്കും എന്നതും പാർട്ടിയെ അലട്ടുന്ന പ്രശ്‌നമായി മാറും. എല്ലവർക്കും പൊതുസമ്മതനായ ഒരാളെ കണ്ടെത്തുക എന്നതാണ് കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP