Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജപ്പാൻകാരുടെ ചെരുപ്പുനക്കിയെന്നും ചെറ്റയെന്നും വിളിച്ചത് കമ്യുണിസ്റ്റുകാർ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ആദ്യത്തെ ഇര; ഗാന്ധിജിയോട് എതിർത്ത് സായുധ സൈന്യമുണ്ടാക്കി; മരിച്ചിട്ടും മരിക്കാതെ നിരന്തരം വാർത്തകളിൽ; അജ്ഞാതനായും വേഷപ്രച്ഛന്നനായും ജീവിച്ചുവെന്നും കഥകൾ; സ്റ്റാലിൻ വെടിവെച്ചു കൊന്നുവെന്നും പ്രചാരണം; ജർമ്മനിക്കൊപ്പം നിൽക്കുമ്പോഴും ഹിറ്റ്ലറുടെ വംശീയതയെ വിമർശിച്ചു; ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കഥ

ജപ്പാൻകാരുടെ ചെരുപ്പുനക്കിയെന്നും ചെറ്റയെന്നും വിളിച്ചത് കമ്യുണിസ്റ്റുകാർ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ആദ്യത്തെ ഇര; ഗാന്ധിജിയോട് എതിർത്ത് സായുധ സൈന്യമുണ്ടാക്കി; മരിച്ചിട്ടും മരിക്കാതെ നിരന്തരം വാർത്തകളിൽ; അജ്ഞാതനായും വേഷപ്രച്ഛന്നനായും ജീവിച്ചുവെന്നും കഥകൾ; സ്റ്റാലിൻ വെടിവെച്ചു കൊന്നുവെന്നും പ്രചാരണം; ജർമ്മനിക്കൊപ്പം നിൽക്കുമ്പോഴും ഹിറ്റ്ലറുടെ വംശീയതയെ വിമർശിച്ചു; ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കഥ

എം മാധവദാസ്

തിയെന്ന് വിളിക്കുന്ന ഒരു മഞ്ഞുമനുഷ്യനെക്കുറിച്ചുള്ള മിത്ത് ഉണ്ടല്ലോ. അതുപോലെയാണ് നമ്മുടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം. സന്യാസിയായി ജീവിച്ചെന്നും സൈബീരിയിലേക്കുപോയി എന്നുമൊക്കെയുള്ള വാർത്തകൾ ഇടക്കിടെ കേൾക്കാം. ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇപ്പോഴും തീർപ്പുപറയാൻ ആവില്ല.കമ്യുണിസ്റ്റുകാർക്ക് അയാൾ ജപ്പാൻകാരുടെയും ജർമ്മനിയുടെയും ചെരുപ്പു നക്കിയാണ്. കോൺഗ്രസുകാർക്ക് അയാൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ചോരയിൽ മുക്കിയ വഴിതിരിച്ചുവിട്ട മനുഷ്യനും. പക്ഷേ ഒരുകാര്യത്തിൽ തർക്കമില്ല. ഇന്ത്യകണ്ട എക്കാലത്തെയും വലിയ പോരാളി അദ്ദേഹം തന്നെയാണ്. അതാണ് നതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം തെളിയിക്കുന്നത്.

പക്ഷേ ഔദ്യോഗിക ചരിത്രം അനുസരിച്ച് ഇന്തൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ധീരദേശാഭിമാനികളുടെ എക്കാലത്തെയും ഹീറോയായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വേർപാടിന് ഇന്ന് 75 വർഷം തികയുകയാണ്. ജപ്പാനിലേക്കുള്ള യാത്രാമധ്യേ വിമാനം തകർന്നുവീണ് 1945 ഓഗസ്റ്റ് 18ന് ആണ് നേതാജി കൊല്ലപ്പെടുന്നത്. 1945 ഓഗസ്റ്റ് 18ന് ജാപ്പനീസ് എയർ ഫോഴ്സ് ബോംബർ വിമാനം വിയറ്റ്നാമിലെ ടൊറേനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് ജപ്പാനിലെ തയ്‌ഹോക്കു വിമാനത്താവളത്തിലിറങ്ങി. ഇന്ധനം നിറച്ചു പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. അതേസമയം, അപകടം സംഭവിച്ചിട്ടില്ലെന്നും നേതാജി പിന്നെയും ഏറെക്കാലം അജ്ഞാതനായും വേഷപ്രച്ഛന്നനായും ജീവിച്ചെന്നും വാദങ്ങളുണ്ട്.

ഗാന്ധി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോൾ സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യക്ക് ഏറ്റവും വലിയ ഹീറോ ആയത്. യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. കോൺഗ്രസ്സിന്റെ മെല്ലെപ്പോക്കിനോടും ഗാന്ധിയുടെ പരമമായ അഹിംസയോടുമുള്ള വിയോജിപ്പിന്റെ സന്ധിയിൽവച്ചാണ് യഥാർഥ നേതാജി ജനിക്കുന്നത്. തന്റെ വഴി സ്വയം അദ്ദേഹം തിരിച്ചറിയുന്നത് അപ്പോഴാണ് എന്നാണ് പറയുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ആദ്യത്തെ ഇര കൂടിയാണ് സുഭാഷ് ചന്ദ്ര ബോസ് എന്നും വിമർശനമുണ്ട്. നേതാജിക്കെതിരെ 'That Rascal is not our leader, He is the Boot-Licker of the Japanese!' എന്നെഴുതിവിട്ടായിരുന്നു കമ്യൂണിസറ്റ് മാധ്യമങ്ങൾ വിമർശിച്ചത്. 'ഞങ്ങളുടെ നേതാവല്ല, ചെറ്റ, ജപ്പാൻകാരുടെ ചെരുപ്പു നക്കി' എന്നായിരുന്നു അക്കാലത്തെ കമ്യൂണസിറ്റ് മുദ്രാവാക്യം. പക്ഷേ ഇത് തെറ്റായിരുന്നെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സഹായം അഭ്യർത്ഥിച്ചു എന്നല്ലാതെ ഹിറ്റ്ലറുടെ വംശീയതനെ നേതാജി എതിർത്തിരുന്നുവെന്നാണ് ചരിത്രം. അങ്ങേയറ്റം മാനവികവാദിയും മനുഷ്യസ്നേഹിയും ആയ അദ്ദേഹത്തിന് ഒരിക്കലും ഒരു വംശീയവാദിയാവാനും കഴിയില്ലായിരുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ ജീവിത രേഖ ഇങ്ങനെ:

1897 ജാനകീനാഥ ബോസിന്റെയും പ്രഭാവതീദേവിയുടെയും മകനായി ഒഡീഷയിലെ കട്ടക്കിൽ ജനവരി 23ന് ജനനം.
1913 - സ്‌കൂളിൽ രണ്ടാമനായി മെട്രിക്കുലേഷൻ വിജയിച്ചു. പ്രസിദ്ധമായ കൽക്കത്താ പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേരുന്നു.
1915 - ഇന്റർമീഡിയേറ്റ് പരീക്ഷ ഉയർന്ന മാർക്കിൽ വിജയിക്കുന്നു.
1916 - ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരിൽ പ്രസിഡൻസി കോളേജിൽനിന്ന് പുറത്താക്കപ്പെടുന്നു.
1917 -സ്‌കോട്ടിഷ് ചർച്ച് കോളേജിൽ തത്ത്വചിന്തയിൽ ഉപരിപഠനത്തിന് പ്രവേശനം
ലഭിക്കുന്നു.
1919 -ഒന്നാം ക്ലാസോടെ തത്ത്വചിന്താ ബിരുദം നേടുന്നു. ഐ.സി.എസ്. പരീക്ഷയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നു.
1920 -ഇംഗ്ലീഷിൽ ഉയർന്ന മാർക്കോടെ ഐ.സി.എസ്. വിജയിക്കുന്നു.
1921 - കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് പ്രസിദ്ധമായ ട്രിപ്പോസ് ബിരുദം നേടുന്നു.
1922 - ഗയാ കോൺഗ്രസ്സിൽവെച്ച് ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ സ്വരാജ്യദളിൽ ചേരുന്നു.
1923 - ഓൾ ഇന്ത്യാ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. ഒപ്പംതന്നെ ബംഗാൾ സംസ്ഥാന കോൺഗ്രസ്സിന്റെ സെക്രട്ടറിയായും ദേശബന്ധു സ്ഥാപിച്ച 'ഫോർവേഡ്' പത്രത്തിന്റെ എഡിറ്ററായും നിയമിതനാവുന്നു.
1924 - കൽക്കത്ത മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ സ്വരാജ്യദൾ വിജയിക്കുന്നു. ദേശബന്ധുവിനെ കൽക്കത്ത മേയറായും സുഭാഷ് ചന്ദ്രബോസിനെ സിഇഒ. ആയും തിരഞ്ഞെടുക്കുന്നു. ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെടുന്നു.
1925 - ദേശബന്ധുവിന്റെ മരണം.
1927 - ജവാഹർലാൽ നെഹ്‌റുവിനൊപ്പം ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.
1928 - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ വെച്ച് ഒരു വളണ്ടിയർ സംഘടന രൂപവത്കരിക്കുകയും അതിന്റെ ഓഫീസർ ഇൻ കമാൻഡ് ആവുകയും ചെയ്യുന്നു.
1930- ജനവരിയിൽ വീണ്ടും ജയിലിൽ. ജയിലിൽവെച്ച് കൽക്കത്ത കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നു.
1931 - മാർച്ച് 23ന് ഭഗത്സിങ്ങിനെ തൂക്കിലേറ്റി.
നേതാജിയിൽ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം.
1932-36 - ഇറ്റലിയിൽവെച്ച് മുസ്സോളിനിയെയും ജർമനിയിൽവെച്ച് ഫെൽഡറെയും ഐർലൻഡിൽവെച്ച് ഡി വലേറയെയും ഫ്രാൻസിൽ വെച്ച് റോമെയ്ൻ റോളണ്ടിനെയും കണ്ടുമുട്ടുന്നു.
1936 -ഇന്ത്യയിൽ തിരിച്ചെത്തുന്നു. ഏപ്രിൽ 13ന് ബോംബെയിൽ അറസ്റ്റ് ചെയ്യപ്പെടുന്നു.
1936-37 -മാർച്ചിൽ ജയിൽ മോചനം. യൂറോപ്പിലേക്ക് യാത്രതിരിക്കുന്നു. 'ഇന്ത്യൻ സ്ട്രഗിൾ' പുറത്തിറങ്ങുന്നു.
1938- ഹരിപുരയിൽ ഇന്ത്യൻനാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽവെച്ച് നേതാജിയെ ആദരിക്കുന്നു.
1939 - ഗാന്ധിജിയുടെ സ്ഥാനാർത്ഥിയായ പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് വീണ്ടും ഇന്ത്യൻനാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റാവുന്നു. തുടർന്ന് കോൺഗ്രസ് വിട്ട് 'ഫോർവേഡ് ബ്ലോക്ക്' രൂപവത്കരിക്കുന്നു.
1940 - വീണ്ടും അറസ്റ്റിൽ, വീട്ടുതടങ്കലിൽ. ഉപവാസത്താൽ ആരോഗ്യം ക്ഷയിക്കുന്നു.
1941 - ജനവരി 7ന് രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലൂടെ റഷ്യ വഴി ജർമനിയിൽ എത്തുന്നു.
1941 - ഏപ്രിൽ 9ന് ജർമനിസർക്കാരിന് ഒരു മെമോറാണ്ടം സമർപ്പിക്കുന്നു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു.
1941 - പ്രവാസി ഭാരതീയ സർക്കാരും പ്രവാസി ഭാരതീയ റേഡിയോയും സ്ഥാപിക്കുന്നു.
1942 - അധിനിവേശ ശക്തികളുമായി പോരാടാൻ ആദ്യ ഇന്ത്യൻ ലീജിയൻ സ്ഥാപിക്കുന്നു.
1943 - മുങ്ങിക്കപ്പലിൽ ജപ്പാനിലേക്ക് യാത്ര തുടങ്ങുന്നു. (രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങികപ്പൽവഴി നടത്തിയ ഏക മനുഷ്യക്കൈമാറ്റം ഇതാണ്). ടോക്കിയോവിൽ എത്തി ടോക്കിയോ റേഡിയോവഴി പ്രസംഗിക്കുന്നു. 1943 ഡിസംബർ 21ന് ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ജപ്പാൻ പ്രതീകാത്മകമായി കൈമാറുകയും 'ഷഹീദ്', 'സ്വരാജ്' എന്നിങ്ങനെ പുനർനാമകരണം നടത്തുകയും ചെയ്തു.
1944 - ആസാദ് ഹിന്ദ് സേന അരാക്കൻ മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലിൽവെച്ച് യുദ്ധമുണ്ടാവുകയും കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
1945 - അണുബോംബ് വീണതിനു തൊട്ടുപിറകെ ജപ്പാൻ കീഴടങ്ങുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.അൽപ്പദിവസത്തിനുശേഷം ഓഗസ്റ്റ് 18ന് നേതാജി ഒരു വിമാനാപകടത്തിൽ മരിച്ചതായി വിവരം ലഭിക്കുന്നു.

'വിവാഹത്തിന് മുമ്പ് സെക്സിനെകുറിച്ച് മനസ്സിലാക്കണം'

എന്തിനും ആധുനികമായ കാഴ്ചപ്പാടുകൾ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബോസ്. പഠനകാലത്തുതന്നെ തന്റെ ജന്മം എന്തിനുവേണ്ടിയുള്ളതാണെന്നും അത് എത്രമാത്രം ഏകാന്തമായിരിക്കുമെന്നുമുള്ള ബോധ്യം നേതാജിക്കുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യകാല കത്തുകളിൽ തെളിയുന്നുണ്ട്. രാജ്യത്തിനുവേണ്ടിയുള്ള ബലിയാണ് താനെന്ന് അദ്ദേഹം പലയിടത്തും പറയുന്നുമുണ്ട്. അതേസമയം തികഞ്ഞ ജീവിതവിരക്തിയിൽ നിന്നുണ്ടായതല്ല അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം. തത്ത്വചിന്തകനും റൊമാന്റിക്കും ജീവിതത്തെ അതിന്റെ പൂർണതയിൽ പ്രണയിക്കുന്ന ആളുമായിരുന്നു അദ്ദേഹം. കൽക്കത്തയിലെ നഗരബഹളങ്ങളിൽനിന്നും അകന്ന് ഹിമാലയത്തിൽ ഡാർജീലിങ്ങിനടുത്തുള്ള കുറോസോങ്ങിൽ പ്രകൃതിഭംഗിയിലലിഞ്ഞുകഴിഞ്ഞ നാളുകളിൽ അദ്ദേഹം എഴുതിയ കത്തുകൾ വായിച്ചാൽ എല്ലാ യുവാക്കളെയുംപോലുള്ള നിറമുള്ള ഒരു മനസ്സ് ഈ മനുഷ്യനുമുണ്ടായിരുന്നു എന്ന് ബോധ്യമാവും. രാജ്യത്തിനുവേണ്ടി അത് അദ്ദേഹം ബലികഴിക്കുകയായിരുന്നു.നേതാജിയുടെ മരുമകൻ അശോക്‌നാഥ് ബോസ് വിവാഹം കഴിക്കുന്നതിനു തൊട്ടുമുൻപ് അമ്മാവനോട് അനുഗ്രഹം ചോദിച്ചുകൊണ്ട് കത്തെഴുതി. അതിന് നേതാജിയുടെ മറുപടി ഇങ്ങനെയായിരുന്നു:

''നിന്റെ കത്ത്. വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ യാഥാസ്ഥിതിക ഹിന്ദുസമൂഹത്തിൽനിന്നും ഏറെ ഭിന്നമാണ്.സ്വന്തമായി വരുമാനം ആയിക്കഴിഞ്ഞതിനു ശേഷമേ വിവാഹം കഴിക്കാൻ പാടുള്ളൂ. അങ്ങനെ ഇപ്പോൾ വിവാഹം ചെയ്യാൻ നീ പ്രാപ്തനും യോഗ്യനുമാണ് എന്ന് നിനക്ക് തോന്നിയാൽ ധൈര്യമായി ചെയ്യുക. ആണിനും പെണ്ണിനും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ടാവണം. മറ്റുള്ളവർക്ക് വേണമെങ്കിൽ ഉപദേശിക്കാം. അത്രമാത്രം.കുറച്ചുകാലത്തെ പരസ്പര സൗഹൃദത്തിനും അടുപ്പത്തിനും ശേഷം മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വീട്ടുകാർ അന്വേഷിച്ച് തീരുമാനിച്ച കല്യാണത്തിന് ഞാൻ എതിരാണ്. നീയൊരു മല്ലിക് പെൺകുട്ടിയെ കല്യാണം കഴിക്കുന്ന കാര്യത്തിൽ വീട്ടുകാർക്കുള്ള എതിർപ്പിനെയും നീരസത്തെയും നീ കാര്യമാക്കേണ്ടതില്ല. അവസാനമായി, വിവാഹത്തിനുമുൻപ് ആണും പെണ്ണും സെക്‌സിനെക്കുറിച്ചുള്ള ഒരു നല്ല പുസ്തകം നിർബന്ധമായും വായിച്ചിരിക്കണം. സെക്‌സിനെക്കുറിച്ച് അജ്ഞതയോടെ ആരും വിവാഹം ചെയ്യരുത്.''രാഷ്ട്രീയത്തിലേതുപോലെ ജീവിതത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അടിയുറച്ചതായിരുന്നു.

'സ്വതന്ത്രഭാരതത്തിൽ ഒരു തൂപ്പുകാരനെങ്കിലും ആവണം'

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു ഒറ്റയാൾ പട്ടാളമുണ്ടെങ്കിൽ അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവർ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോൾ വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനുവേണ്ടിയാണ് എല്ലാവരാലും എതിർക്കപ്പെട്ടിട്ടും അദ്ദേഹം വേദനയോടെ ഇന്ത്യ വിട്ടത്. അങ്ങനെ പാഞ്ഞുകത്തിത്തീർന്ന ഒരു ജീവിതമായി നേതാജിയുടേത്. നേതാജിയുടെ സ്വഭാവത്തിൽ ഒരു സ്വേച്ഛാധിപതിയുടെ നിഴലുകൾ വീണുകിടക്കുന്നുണ്ട് എന്നു നിരീക്ഷിച്ചവരുണ്ട്. ''ഒരു നല്ല ആദർശത്തിനുവേണ്ടിയാണെങ്കിൽ സ്വേച്ഛാധിപത്യത്തോടും വ്യക്തിപരമായി എനിക്ക് എതിർപ്പില്ല'' എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പിന്നീട്, ഹിറ്റ്‌ലറുമായും മുസ്സോളിനിയുമായുള്ള ചർച്ചയും ഈ നിരീക്ഷണത്തെ ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ നേതാജിയോളം ജനാധിപത്യവിശ്വാസിയും തെളിഞ്ഞ കാഴ്ചപ്പാടുള്ളവനുമായ ഒരു നേതാവ് കുറയും. ഇന്ത്യയോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെയും വിചാരങ്ങളെയും എക്കാലവും നയിച്ചിരുന്നത്. 1944 ജൂലൈ 6ന് റംഗൂൺ റേഡിയോ വഴി മഹാത്മജിയോടു ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു:

''ബ്രിട്ടീഷ് ഭരണത്തിലെ ഏതു പരമോന്നത സ്ഥാനത്തേക്കാളും അഭികാമ്യം സ്വതന്ത്രഭാരതത്തിൽ ഒരു തൂപ്പുകാരനെങ്കിലും ആയിരിക്കുകയാണെന്നുള്ള ചിന്തയാണ് ഇന്ന് ഞങ്ങൾക്കെല്ലാം പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ പിന്നെ ഇന്ത്യയുടെ ഭാഗധേയം ഏറ്റെടുക്കാൻ കഴിവുള്ള ആയിരക്കണക്കിനാളുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം'.ആ ഭാഗധേയം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യൻ നേതാജിയായിരുന്നു. പക്ഷേ, അതിന് അദ്ദേഹം കാത്തുനിന്നില്ല. നശ്വരമായ ഭരണസിംഹാസനങ്ങളെക്കാൾ ജനമനസ്സിലെ അനശ്വരമായ സിംഹാസനമായിരുന്നു അദ്ദേഹം കൊതിച്ചത്.

കർശനമായ ബ്രഹ്മചര്യം; ലളിത ജീവിതം

ഏറെ ലളിതമായിരുന്നു ബോസിന്റെ നിത്യജീവിതം. നേതാജിയുടെ ജീവിതചര്യയെപ്പറ്റി ഐ.എൻ.എ. ഭടനും നാടകാചാര്യനുമായ എൻ.എൻ. പിള്ള ആത്മകഥയിൽ എഴുതിയിട്ടുണ്ട്:
'വെറുംസാധാരണ പട്ടാളക്കാരന് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള ആഹാരം മാത്രമാണ് അദ്ദേഹം കഴിച്ച് ഞാൻ കണ്ടിട്ടുള്ളത്. ചോറ്, പരിപ്പുകറി (ദാൽ), കിട്ടിയ പച്ചക്കറിസാധനങ്ങൾ എല്ലാം ചേർത്ത് മസാലയിൽ കുഴച്ച് കടുകെണ്ണയിൽ കുളിപ്പിച്ചെടുത്ത ഒരു കൂട്ടുകറി (സബ്ജി), കരിന്തൊലി അടർത്തിക്കളഞ്ഞ് വൃത്തിയാക്കിയ രണ്ടുമൂന്ന് സവാള ഉള്ളി. ഇതാണ് സാധാരണ മെനു. മത്സ്യമാംസങ്ങളോട് വെറുപ്പില്ല. നിർബന്ധവുമില്ല. ഊണ് കഴിക്കുമ്പോൾ സർവാംഗം വിയർത്തുകുളിക്കുന്ന ഒരു പ്രത്യേക സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സദാ കളിയടക്ക ചവച്ചുകൊണ്ടിരിക്കും. നിവൃത്തിയുണ്ടെങ്കിൽ കിട്ടുന്ന സന്ദർഭത്തിൽ ബാഡ്മിന്റൺ കളിക്കും. അതിനാരെയും കൂട്ടുപിടിക്കും. എന്നാൽ ഒരിക്കൽപോലും ആ മുഖത്ത് ഒരു ചിരി വിടർന്നു കണ്ടിട്ടില്ല. അദ്ദേഹം സിഗരറ്റ് വലിക്കും; കുടിക്കുന്നത് കണ്ടിട്ടില്ല. അൽപ്പസ്വൽപ്പം കുടിക്കുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കർശനമായ ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്നതായിട്ടാണറിവ്. ഏതൊരു വിഷമഘട്ടത്തിലും മനഃശാന്തിക്ക് അദ്ദേഹം അവലംബിച്ചിരുന്നത് ഗീതാപാരായണമായിരുന്നു'.

ദേശബദ്ധു: അത്മീയ ഗുരു

മഹാത്മാഗാന്ധിക്ക് ഗോപാലകൃഷ്ണ ഗോഖലെ രാഷ്ട്രീയ ഗുരുവായതുപോലെ നേതാജിക്കുമുണ്ടായിരുന്നു ഒരു ആചാര്യൻ - ദേശബന്ധു ചിത്തരഞ്ജൻ ദാസ്. രാഷ്ട്രീയത്തിൽ മാത്രമല്ല ജീവിതത്തിലും നേതാജി മുന്നിൽ മാതൃകയായിക്കണ്ട ദീപം ദേശബന്ധുവായിരുന്നു.നേതാജി ഇംഗ്ലണ്ടിൽനിന്ന് പഠനംകഴിഞ്ഞ് ഇന്ത്യയിൽ എത്തുന്ന സമയത്ത് ദേശബന്ധു ഇന്ത്യൻ രാഷ്ട്രീയത്തിൽ ജ്വലിച്ചുനില്ക്കുകയായിരുന്നു. ഒരു നിയമജ്ഞൻ എന്നനിലയിലും ചിത്തരഞ്ജൻ ദാസ് അതുല്യനായിരുന്നു. ആലിപ്പുർ ബോംബ് കേസിൽ അരബിന്ദഘോഷിനുവേണ്ടി വാദിച്ചത് ദേശബന്ധുവായിരുന്നു. ആ വാദം ചരിത്രപ്രസിദ്ധമാണ്.

ഇംഗ്ലണ്ടിൽനിന്ന് വന്ന് ആദ്യം ഗാന്ധിയെ കണ്ടതിനുശേഷം നേതാജി നേരെ പോയത് ചിത്തരഞ്ജൻ ദാസിനരികിലേക്കാണ്. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ യാത്ര. പ്രഥമസമാഗമത്തിൽതന്നെ ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. ഉള്ളിലെ ദേശസ്‌നേഹവും മനുഷ്യസ്‌നേഹവും തൊട്ടറിഞ്ഞു. ത്രിമുഖ ബഹിഷ്‌കരണ'ത്തിന്റെ നാളുകളായിരുന്നു അത്. കോൺഗ്രസ്സുകാർ സാമാജികസഭകൾ ബഹിഷ്‌കരിച്ചു. അഭിഭാഷകർ കോടതികൾ ബഹിഷ്‌കരിച്ചു. വിദ്യാർത്ഥികൾ പഠിപ്പ് ഉപേക്ഷിച്ചു. ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെയും നാഷണൽ വോളന്റിയർ കോറിന്റെയും പബ്ലിസിറ്റി ദേശബന്ധു ബോസിനെയാണ് ഏൽപ്പിച്ചത്. എല്ലാ ചുമതലകളും അദ്ദേഹം ഭംഗിയായി നിറവേറ്റി.

1921 നവംബറിൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യ മുഴുവൻ പ്രതിഷേധമിരമ്പിയപ്പോൾ കൽക്കത്ത ബോസിന്റെ നേതൃത്വത്തിൽ ജ്വലിച്ചു. കോൺഗ്രസ് നിയമവിരുദ്ധമായി. ദേശബന്ധുവിനൊപ്പം ബോസിനെയും തടവിലിട്ടു. ആറുമാസത്തെ ആ ശിക്ഷാകാലത്താണ് ബോസ് തന്റെ ഗുരുവിനെ അടുത്തറിഞ്ഞത്.'രാഷ്ട്രീയത്തിലും മഹത്തരമാണ് മനുഷ്യജീവിതം' എന്ന് ദേശബന്ധു ജയിലിൽവെച്ച് ബോസിന് ബോധ്യമാക്കിക്കൊടുത്തു. ഇടുങ്ങിയ മനോഭാവം ഒട്ടുമില്ലാത്ത, രാഷ്ട്രീയകാര്യങ്ങളിൽ മറ്റെല്ലാം മറന്ന് മുഴുകിയ മഹാവ്യക്തിയാണ് തന്റെ ആചാര്യൻ എന്ന് ബോസിന് മനസ്സിലായി.

1921ലെ കോൺഗ്രസ് പ്രവർത്തകസമിതി സമ്മേളിച്ചത് ദേശബന്ധുവിന്റെ വീട്ടിൽവച്ചായിരുന്നു. അവിടെവച്ചാണ് മോത്തിലാൽ നെഹ്‌റു, ലാലാ ലജ്പത് റായ്, മൗലാനാ മുഹമ്മദലി എന്നിവരെ ബോസ് പരിചയപ്പെടുന്നത്.ചിത്തരഞ്ജൻ ദാസ് വഴിയാണ് ബോസ് ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. 1931ൽ അദ്ദേഹം എ.ഐ.ടി.യു.സി. പ്രസിഡന്റായി. തുടർന്ന് ജംഷേദ്പുരിലെ 'ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി'യുടെ തൊഴിലാളി സംഘടനയുടെ പ്രസിഡന്റ്സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. ഈ പദവികൾ ദേശബന്ധുവും വഹിച്ചിരുന്നതായിരുന്നു.

ഗയാ കോൺഗ്രസ്സിലെ അഭിപ്രായവ്യത്യാസത്തിനുശേഷം ദേശബന്ധു 'സ്വരാജ് പാർട്ടി' രൂപവത്കരിച്ചപ്പോൾ അതിന്റെ മുഖ്യചുമതല ബോസിനായിരുന്നു. 'ഫോർവേഡ്' എന്ന ഇംഗ്ലീഷ് പത്രം തുടങ്ങിയപ്പോൾ ബോസായിരുന്നു അതിന്റെ ചുമതലക്കാരൻ. കൽക്കത്തയുടെ പ്രഥമ മേയറായി ദേശബന്ധു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹത്തിനൊപ്പം ബോസുമുണ്ടായിരുന്നു.ബോസ് ബർമയിൽ തടവുകാരനായി കഴിയവേയാണ് 1925 ജൂൺ 16ന് ദേശബന്ധു പെട്ടെന്ന് മരിക്കുന്നത്. ജയിലിലെ മോശം അവസ്ഥയേക്കാൾ ആചാര്യന്റെ ദേഹവിയോഗ ദുഃഖമാണ് അക്കാലത്ത് ബോസിന്റെ ആരോഗ്യം ക്ഷയിപ്പിച്ചത്. ദേശബന്ധുവിന്റെ വിധവ വാസന്തീദേവിക്ക് അക്കാലത്ത് അദ്ദേഹം ഹൃദയംതകർന്ന വാക്കുകളിൽ എഴുതിയ കത്തുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും സുദൃഢമായ ഗുരുശിഷ്യബന്ധത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്.

ഒടുവിൽ ഓസ്ട്രിയക്കാരിയുമായി വിവാഹം

രാജ്യത്തിനുവേണ്ടി പാഞ്ഞുകത്തിയപ്പോൾ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലോകങ്ങൾക്കുകൊടുക്കാൻ നേതാജിക്ക് സമയമില്ലായിരുന്നു. ഒടുവിൽ ക്ഷണികമായ ഒരു ദാമ്പത്യത്തിൽ അദ്ദേഹം ഭർത്താവും അച്ഛനുമായി.സമരങ്ങളിൽനിന്നും സമരങ്ങളിലേക്കുള്ള യാത്രയിൽ സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളും ബോസ് മറന്നുപോയിരുന്നു. വിവാഹം അദ്ദേഹത്തിന്റെ അജൻഡയിൽ ഇല്ലായിരുന്നു. സംന്ന്യാസത്തോടും ഏകാന്തതയോടുമുള്ള അഭിനിവേശം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ കലർന്നിരുന്നു. പക്ഷേ, ഒടുവിൽ അദ്ദേഹം വിവാഹിതനായി. ഓസ്ട്രിയക്കാരിയായ എമിലി ഷെങ്കൽ ആയിരുന്നു ഭാര്യ. അവർക്ക് ഒരു മകളും പിറന്നു; അനിത.

1934ൽ വിയന്നയിൽവച്ചാണ് ബോസ് ആദ്യമായി എമിലി ഷെങ്കലിനെ കാണുന്നത്. 'ഇന്ത്യൻ സ്ട്രഗിളി'ന്റെ ആമുഖത്തിൽ അദ്ദേഹം പരാമർശിക്കുന്ന ഏകവ്യക്തി എമിലിയാണ്. അദ്ദേഹം എഴുതി: 'In conclusion, I have to express my thanks to Fraulein E. Schenkal who assisted me in writing this book and to all those friends who have been of help to me in many ways.'.ആ ബന്ധം പതുക്കെ വളർന്നു. 1934 നവംബർ 30ന് അദ്ദേഹം റോമിൽ വെച്ച് എമിലിക്ക് എഴുതി: 'I am always a bad correspondent, but not a bad man i hope'.
പിന്നീട് അവർ നിരന്തരം എഴുത്തുകൾ കൈമാറി. Letters to Emilie Schenkal എന്നപേരിൽ ഈ കത്തുകൾ പുസ്‌കതമായിട്ടുണ്ട്. വിപ്ലവകാരിയായ നേതാജിയുടെ മറ്റൊരു മുഖം ഇതിൽ കാണാം.

തന്റെ പ്രസിദ്ധമായ അന്തർവാഹിനി യാത്രയ്ക്ക് തൊട്ടുമുമ്പ് 1943 ഫെബ്രുവരി 8ന് മൂത്ത സഹോദരൻ ശരത്ചന്ദ്ര ബോസിന് എഴുതിയ കത്തിൽ നേതാജി എഴുതി: 'ഞാൻ വീണ്ടും അപകടത്തിന്റെ പാതയിലേക്കിറങ്ങുകയാണ്. പക്ഷേ, ഇത്തവണ വീടിന്റെ ദിശയിലാണ് യാത്ര. ഈ പാതയുടെ അവസാനം കാണുമോ എന്നകാര്യം എനിക്കറിയില്ല. ഞാൻ ഇവിടെവെച്ച് വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. എനിക്ക് ജീവിതംമുഴുവൻ അങ്ങ് നൽകിപ്പോന്ന സ്‌നേഹം എന്റെ അഭാവത്തിൽ അവർക്ക് നൽകുക.' മൂന്നു മാസം മാത്രമായിരുന്നു മകൾക്ക് അപ്പോൾ പ്രായം.അനിത പിന്നീട് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മിത്രമായി. പല തവണ ഇവിടെ വന്നു. തന്റെ അച്ഛൻ മരിച്ചു എന്നുതന്നെയാണ് ആ മകൾ വിശ്വസിക്കുന്നത്.

'എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം'

എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നതായിരുന്നു ഇന്ത്യൻ ജനതയോട് നേതാജിയുടെ ആഹ്വാനം. ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവൻ,എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ, എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ. പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

സന്ധിയില്ലാത്ത സമരമായിരുന്നു ബോസിന്റെ രീതി. അതിനദ്ദേഹം കെട്ടിപ്പടുത്തതാണ് ഫോർവേഡ് ബ്ലോക്ക്. ത്രിപുരി കോൺഗ്രസ് സമ്മേളനം കഴിഞ്ഞതോടെ കോൺഗ്രസ്സിനുള്ളിൽതന്നെ സുസംഘടിതവും സുശിക്ഷിതവുമായ ഒരു ഇടതുപക്ഷചേരി വേണം എന്ന കാര്യം ബോസിന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് സ്ഥാനം ഒഴിയുംമുമ്പേ അദ്ദേഹം കോൺഗ്രസ്സിനുള്ളിലെ ഉത്പതിഷ്ണുക്കളായ പുരോഗമനവാദികളെ ഒന്നിച്ചണിനിരത്തിക്കൊണ്ട് ഒരു ഇടതുപക്ഷ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതാണ് 'ഫോർവേഡ് ബ്ലോക്ക്' ആയത്.

1939 മെയ്മാസം മുതൽ ഫോർവേഡ് ബ്ലോക്ക് പ്രവർത്തനങ്ങൾ രാജ്യമെങ്ങും സജീവമായി. കോൺഗ്രസ്സിന്റെ നയങ്ങളെ അത് നിശിതമായി വിമർശിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടരരുത് എന്നു പുതിയ കോൺഗ്രസ് പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദ് ബോസിനോട് പറഞ്ഞു. ആ നിർദ്ദേശം ജനാധിപത്യവിരുദ്ധമായി തോന്നിയതുകൊണ്ട് അനുസരിക്കാൻ ബോസ് വിസമ്മതിച്ചു. ഇതിന്റെ ശിക്ഷാനടപടിയായി ബോസിനെ മൂന്നു കൊല്ലക്കാലത്തേക്ക് പാർട്ടിയിൽ ഏതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നതിൽനിന്നും അയോഗ്യനാക്കി.
1939 സപ്തംബർ 3ന് മദ്രാസിലെ കടപ്പുറത്ത് ഫോർവേഡ് ബ്ലോക്കിന്റെ വൻ പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബ്രിട്ടനും ജർമനിയും തമ്മിൽ യുദ്ധമാരംഭിച്ച കാര്യം ബോസ് അറിയുന്നത്. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു: 'ഇന്ത്യയുടെ സുവർണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേർക്ക് നാം ഉടനെ ആഞ്ഞടിക്കണം'.

1939 ജൂൺ 22ന് ബോംബെയിൽ വച്ചാണ് ഫോർവേഡ് ബ്ലോക്കിന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നത്. സ്വന്തം കക്ഷികൾ പിരിച്ചുവിട്ട് ഫോർവേഡ് ബ്ലോക്കിൽ ലയിക്കണം എന്ന ബോസിന്റെ അഭ്യർത്ഥനയോട് മറ്റു ഇടതുപാർട്ടികൾ യോജിച്ചില്ല. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എം.എൻ. റോയിയുടെ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ ഫ്രണ്ട് എന്നിവർ ചേർന്ന് ബോസിനെ ചെയർമാനാക്കിക്കൊണ്ട് ഒരു ഏകീകരണ കമ്മിറ്റി രൂപീകരിച്ചു. പക്ഷേ ഈ കക്ഷികൾക്കിടയിലുണ്ടായ യോജിപ്പില്ലായ്മ ഇടതുപക്ഷഏകീകരണകമ്മിറ്റിയേയും കോൺഗ്രസ്സിന്റെ ദുർബലഅനുകരണമാക്കിത്തീർത്തു. അങ്ങനെ യുദ്ധവിരുദ്ധപ്രവർത്തനവും തീക്ഷ്ണമായ സമരത്തിനുവേണ്ടിയുള്ള പ്രചാരണവും ബോസിന്റെയും ഫോർവേഡ് ബ്ലോക്കിന്റെയും ചുമതലയിലായി. ബ്രിട്ടീഷ് സർക്കാർ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരെ വേട്ടയാടി. അവയൊന്നും കൂസാതെ 1940 ജൂണിൽ ബോസ് നാഗ്പൂരിൽ ഫോർവേഡ് ബ്ലോക്കിന്റെ രണ്ടാം സമ്മേളനം സംഘടിപ്പിച്ചു. 'എല്ലാ അധികാരങ്ങളും ഇന്ത്യൻ ജനതയിലേക്ക്' എന്ന മുദ്രാവാക്യം അദ്ദേഹം അപ്പോൾ പറഞ്ഞതാണ്.

'ചലോ ഡൽഹി.'; ഇന്ത്യയ്ക്കായി പോരാട്ടം

1944ൽ നേതാജി തന്റെ തലസ്ഥാനം സിംഗപ്പൂരിൽ നിന്നും റംഗൂണിലേക്കു മാറ്റി. ഇന്ത്യൻ അതിർത്തിയിലേക്ക് ആസാദ്ഹിന്ദ്ഫൗജിന് എളുപ്പത്തിൽ മുന്നേറാൻ വേണ്ടിയായിരുന്നു ഇത്. ആരക്കൻ സമരമുഖത്താണ് ആ സേന ആദ്യമായി യുദ്ധമറിഞ്ഞത്. ചിറ്റഗോങ്ങിലേക്കുള്ള വഴിയിൽ ആരക്കൻ മലനിരകളിൽ ആസാദ്ഹിന്ദ്ഫൗജ് ശത്രുക്കൾക്ക് മേൽ ആധിപത്യം തെളിയിച്ചു. ജപ്പാൻ സൈന്യത്തിനിടയിൽ ഇത് ഫൗജിന്റെ മതിപ്പുയർത്തി.

1944 മാർച്ചിൽ ഇംഫാൽ ആക്രമണം ആരംഭിച്ചു. ബർമ താവളമാക്കി പ്രവർത്തിച്ചിരുന്ന ജപ്പാന്റെ മൂന്നു സേനാവിഭാഗങ്ങളും എം.എൻ. കിയാനിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.എ.യും കിഴക്കൻ ഏഷ്യാ യുദ്ധത്തിലെ ഈ കടന്നാക്രമണത്തിൽ പങ്കെടുത്തു. താമസിയാതെ തുടങ്ങുന്ന ഇന്ത്യാ വിമോചനസമരത്തിനുവേണ്ടിയുള്ള ഭദ്രമായ ഒരു താവളം നേടിയെടുക്കലായിരുന്നു ഈ യുദ്ധപങ്കാളിത്തംവഴി നേതാജിയുടെയും ആസാദിഹിന്ദ്ഫൗജിന്റെയും ലക്ഷ്യം. മാത്രമല്ല, ബ്രഹ്മപുത്രാ നദീതടത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്യും.

ഏപ്രിൽ ഒന്നിന് സൈന്യം കൊഹിമ കീഴടക്കി. ആ മാസം അവസാനിക്കുമ്പോഴേക്കും ഇംഫാലിനടുത്തെത്തി. ദുർഘടമായ ആ ചുരങ്ങളിൽ പൊരുതിക്കൊണ്ടിരിക്കുമ്പോൾ നേതാജി നടത്തിയ സൈനികവിജ്ഞാപനം ചരിത്രത്തിലെ പ്രതിധ്വനിക്കുന്ന വാക്കുകളാണ്:'അതാ അവിടെ, അങ്ങ് ദൂരെ ആ നദിക്കുമപ്പുറം, ആ കാടുകൾക്കപ്പുറം കുന്നുകൾക്കപ്പുറം നമ്മുടെ വാഗ്ദത്ത ഭൂമി-നമ്മൾ പിറന്ന മണ്ണ്, നമ്മൾ ഉടൻ മടങ്ങിച്ചെല്ലുന്ന സ്വന്തം നാട്. രക്തം രക്തത്തെ സ്വാഗതം ചെയ്യുകയാണ്. നമ്മുടെ സഹോദരീസഹോദരന്മാർ നമ്മെ മാടിവിളിക്കുന്നുണ്ടാവണം. ഉണരുവിൻ, ഒരു നിമിഷംപോലുമില്ല നമുക്ക് പാഴാക്കുവാൻ. നിങ്ങൾ ആയുധങ്ങളേന്തുവിൻ. അതാ നിങ്ങൾക്ക് മുന്നിൽ കാണുന്നത് നിങ്ങളുടെ മുൻഗാമികൾനിർമ്മിച്ച പാതയാകുന്നു. അതിലൂടെ നാം അണിയണിയായി മാർച്ച് ചെയ്തു പോകും. ശത്രുക്കളെ തകർത്ത് നാം മുന്നേറുകയും ചെയ്യും. അഥവാ ദൈവനിശ്ചയമതാണെങ്കിൽ നമുക്ക് രക്തസാക്ഷികളായി മരണം വരിക്കാം. എങ്കിൽ നമ്മുടെ സൈന്യത്തെ ഡൽഹിയിൽ എത്തിക്കുന്ന പെരുവഴി ചുംബിച്ചുകൊണ്ടായിരിക്കും നാം അന്ത്യനിദ്രയിൽ വിലയിക്കുക. സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗം, ഡൽഹിയിലേക്കുള്ള വഴിയാകുന്നു. ചലോ ഡൽഹി.'

പാതിവഴിയിൽനിന്ന് പട നീക്കം

എന്നാൽ ആ പടനീക്കം പാതിവഴിയിൽ തകർന്ന് തടസ്സപ്പെട്ടു. പലതായിരുന്നു കാരണങ്ങൾ. കാലവർഷം പതിവിലും നേരത്തെ തുടങ്ങി. കൂടാതെ ഇന്ത്യ-ജപ്പാൻ സൈന്യത്തിന് പോർവിമാനങ്ങൾകൊണ്ടുള്ള സംരക്ഷണം ഇല്ലായിരുന്നു. ആയുധസാമഗ്രികൾ, വെടിക്കോപ്പ്, ഭക്ഷണം എന്നിവ കൊണ്ടുവരാനുള്ള മാർഗം ദീർഘവും അപകടപൂർണവുമായിരുന്നു. അതേസമയം ബ്രിട്ടീഷ്-അമേരിക്കൻ സേനകൾക്ക് പൂർണമായ വൈമാനിക ശക്തിപ്രകടനത്തിന് എല്ലാ സൗകര്യവും ലഭിക്കുകയും ചെയ്തു. അതിനാൽ അവർ ഇംഫാലിന്റെ സംരക്ഷണത്തിനായി സൈന്യബലം വർദ്ധിപ്പിച്ചു. മനുഷ്യന് സാധ്യമാവുന്ന എല്ലാ തരത്തിലും ഐ.എൻ.എ. ഭടന്മാർ പൊരുതിനിന്നെങ്കിലും ചിൻഡ്വി- ഇരാവതി യുദ്ധമേഖലകളിൽ അവർക്ക് കനത്ത ആൾനാശമുണ്ടായി. അങ്ങനെ തന്റെ സ്വപ്നം തകരുന്നത് നേതാജി നേരിൽ കണ്ടു.

ഇവെയ്ച്ചി ഫുജിവാറ എന്ന ജപ്പാൻ പട്ടാളക്കാരന്റെ പിന്തുണയോടുകൂടി മോഹൻസിങ്ങിന്റെ നേതൃത്വത്തിൽ കിഴക്കൻ ഏഷ്യയിൽ രൂപംകൊണ്ട സേനയാണ് ഐ.എൻ.ഐ. ഇന്ത്യയുടെ വിമോചനമായിരുന്നു ലക്ഷ്യം. 'ഇന്ത്യൻ സ്വതന്ത്ര ലീഗി'നെ റാഷ്ബിഹാരി ബോസും ഐ.എൻ.എ.യെ മോഹൻസിങ്ങും നയിച്ചു. പക്ഷേ, അന്താരാഷ്ട്ര കാര്യങ്ങളിലുള്ള പരിചയക്കുറവും നേതൃത്വത്തിന്റെ അപര്യാപ്തതയും മൂലം ആ പ്രസ്ഥാനത്തിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായും ഗാന്ധിജിയുമായുള്ള ആശയഭിന്നതയെത്തുടർന്ന് ഇന്ത്യവിട്ട നേതാജി കിഴക്കൻ ഏഷ്യയിൽ സജീവമായപ്പോൾ അദ്ദേഹം ഐ.എൻ.എ.യെ ഏറ്റെടുക്കുകയും ഉടച്ചുവാർത്ത ഒരു സേനയാക്കി മാറ്റുകയും ചെയ്തു.1943 ജൂലായ് 4ന് സിംഗപ്പൂരിൽവെച്ചു ചേർന്ന ഇന്ത്യൻ സ്വതന്ത്രലീഗിന്റെ പൊതുസമ്മേളനത്തിൽവച്ച് ആ പ്രസ്ഥാനത്തിന്റെ നേതൃത്വം റാഷ്ബിഹാരി ബോസ് നേതാജിക്ക് കൈമാറി. അന്ന് പ്രസംഗത്തിൽ വികാരഭരിതനായി നേതാജി പറഞ്ഞു.

'ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ മറക്കാനാവാത്ത ഒരു സംഭവത്തിന് സാക്ഷ്യംവഹിച്ച വർഷമായി 1943 സ്മരിക്കപ്പെടും. ക്രിയാശൂന്യമായ സഹനസമരത്തിൽനിന്നും ക്രിയാത്മകമായ ചെറുത്തുനിൽപ്പിലേക്കുള്ള മനഃശാസ്ത്രപരമായ മാറ്റമാണ് ആ പ്രധാന സംഭവം. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് നാം പ്രവേശിക്കാനുള്ള മുഹൂർത്തമായിക്കഴിഞ്ഞു. ഈ സംഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമേന്തുക എന്നതാണ്.'

വ്യാഘ്രരൂപം തുന്നിയ ത്രിവർണ പതാക

രണ്ടു കാര്യത്തിലായിരുന്നു നേതാജിയുടെ ശ്രദ്ധയൂന്നിയിരുന്നത്. വിമോചനത്തിന് വേണ്ടിയുള്ള ഒരു സൈന്യം. ആ സൈന്യത്തിന്റെ പടനീക്കം നിയന്ത്രിക്കാനുള്ള ഒരു താൽക്കാലിക സർക്കാർ.1943 ജൂലായ് 5ന് സിംഗപ്പൂർ ടൗൺഹാളിന്റെ മുന്നിലെ വിശാലസ്ഥലത്ത് ഐ.എൻ.എ. സേനാവൃന്ദം സമരവ്യൂഹങ്ങളായിച്ചമഞ്ഞ് നിലയുറപ്പിച്ചു. നേതാജി സൈന്യാധിപവേഷത്തിൽ സൈന്യപരിശോധന നടത്തി. 'എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസം' എന്നാണ് അതേക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത്. 'ആയുധശക്തികൊണ്ടും ചോരചിന്തിയും നമ്മൾ സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. ഇന്ത്യ മോചിക്കപ്പെട്ടുകഴിയുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ഒരു സ്ഥിരം സൈന്യത്തെ സംഘടിപ്പിക്കേണ്ടതായി വരും. നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കും കാത്തുരക്ഷിക്കേണ്ടത് അവയുടെ ധർമവും കർത്തവ്യവുമായിരിക്കും.... എന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചുരുക്കം.

1943 ഒക്ടോബർ 21ന് സിംഗപ്പൂരിൽ നടന്ന വൻ പൊതുയോഗത്തിൽവെച്ച് 'താൽക്കാലിക ആസാദ് ഹിന്ദ് ഗവണ്മെന്റി'ന്റെ ആവിർഭാവത്തെക്കുറിച്ച് നേതാജി ലോകത്തെ അറിയിച്ചു. ഈ താൽക്കാലിക ഗവണ്മെന്റിനെ ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ ലോകശക്തികൾ അംഗീകരിച്ചു.ഐ.എൻ.എയിലെ വനിതാഘടകമായിരുന്നു 'ഝാൻസി റാണി റജിമെന്റ്'. സ്ത്രീപുരുഷസമത്വത്തിൽ നേതാജിക്കുണ്ടായിരുന്ന വിശ്വാസവും കാഴ്ചപ്പാടുമാണ് ഈ വനിതാ സേനാവിഭാഗത്തിന്റെ പിറകിൽ.

1943 നവംബർ മാസത്തിൽ ടോക്കിയോവിൽവെച്ച് നടന്ന 'അസംബ്ലി ഓഫ് ഗ്രേറ്റർ ഈസ്റ്റ് ഏഷ്യാറ്റിക് നാഷൻസി'ൽ നേതാജി പങ്കെടുത്തു. ആ സമ്മേളനത്തിൽവച്ചാണ് അക്കാലത്ത് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ്ഹിന്ദ് ഗവണ്മെന്റിന്റെ പരിധിക്കുള്ളിലാക്കി വിട്ടുകൊടുത്തിരിക്കുന്നതായി പ്രധാനമന്ത്രി ടോജാ പ്രഖ്യാപിച്ചത്. 1943 ഡിസംബർ 29ന് നേതാജി ആൻഡമാനിലെത്തി ജിംഘാനാമൈതാനിയിൽവച്ച് വൻജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ വ്യാഘ്രരൂപം തുന്നിയ ത്രിവർണ പതാക ഉയർത്തി.

അജ്ഞാത രാജ്യത്തിലേക്കുള്ള സാഹസിക യാത്ര

ജനമനസ്സിൽ അമരനായിരിക്കുക എന്നതാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ യശസ്സ്. ആ അർഥത്തിൽതന്നെ അത് ഏറ്റവുമധികം ലഭിച്ച ആളാണ് നേതാജി.''എന്റെ മരണം ഏതുവിധത്തിലായാൽകൊള്ളാമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഞാൻ വളരെ ഉയരത്തിൽ പറക്കുകയായിരിക്കണം; പിന്നെ പെട്ടെന്ന് വിമാനം തകർന്ന് ഭൂമിയിൽ വീഴണം; അങ്ങനെ ഞാൻ മരിക്കണം. അത് അത്യധികം അത്ഭുതകരമായിരിക്കും''.

1939ലെ ഒരു രാത്രിയിൽ ബോംബെയിൽവെച്ച് സുഹൃത്തായ നാഥലാൽ പരീഖിനോട് നേതാജി സുഭാഷ്ചന്ദ്രബോസ് പറഞ്ഞ വാക്കുകളാണ് ഇവ. അദ്ദേഹത്തിന്റെ ആ സ്വപ്നം ആറുവർഷത്തിനുശേഷം തായ്വാനിലെ തയ്‌ഹോക്കു വിമാനത്താവളത്തിൽവെച്ച് സഫലമായി. സെയ്‌ഗോണിൽ നിന്ന് മൂന്നുപേർക്കിരിക്കാവുന്ന ഒരു വിമാനത്തിൽ 'അജ്ഞാത രാജ്യത്തി'ലേക്കുള്ള സാഹസികയാത്ര' എന്ന് അദ്ദേഹം വിശേഷിപ്പിച്ച യാത്രയ്ക്കിടയിലാണ് ആ ദുരന്തമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ജനറൽ ഷിഡേയും നേതാജിക്കൊപ്പം കൊല്ലപ്പെട്ടു. മറ്റൊരു സഹയാത്രികനായ കേണൽ ഹബീബുർ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻകാർ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ രണ്ടാംദിവസമായിരുന്നു നേതാജിയുടെ ഈ യാത്ര. നേതാജിക്കൊപ്പം കേണൽ ഹബീബുർ റഹ്മാൻ, കേണൽ പ്രീതംസിങ്, എസ്.എ. അയ്യർ, ജാപ്പനീസ് ലെയ്‌സൺ ഓഫീസർ എന്നിവരുണ്ടായിരുന്നു. സെയ്‌ഗോണിൽവെച്ച് ഉടൻ യാത്രപുറപ്പെടുന്ന ഒറ്റസീറ്റു മാത്രമുള്ള ഒരു ബോംബർ വിമാനമാണ് ആ സംഘത്തിന് തുടർയാത്രയ്ക്കായി ലഭിച്ചത്. നേതാജി അതിൽ പോവാൻതീരുമാനിച്ചു. അദ്ദേഹംതന്നെ ജാപ്പനീസ് അധികൃതരോട് നിർബന്ധിച്ചുപറഞ്ഞ് ഒരു സീറ്റുകൂടി സംഘടിപ്പിച്ചു. അവിടെ ഹബീബുർ റഹ്മാൻ ഇരുന്നു. ഓഗസ്റ്റ് 17ന് വൈകുന്നേരം 5.15നാണ് ആ വിമാനം സെയ്‌ഗോൺ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നത്.

അന്നു രാത്രി അവർ ഇന്ത്യ-ചൈന അതിർത്തിയായ ടൂറെയിനിൽ ഇറങ്ങി വിശ്രമിച്ചു. 18ന് രാവിലെ യാത്രതുടർന്നു. ഉച്ചയ്ക്കുശേഷം തയ്‌ഹോക്കുവിൽ ഇറങ്ങി. അവിടെ അൽപ്പനേരം വിശ്രമിച്ചതിനുശേഷം വീണ്ടും പറന്നുപൊന്തുകയും തത്ക്ഷണം വിമാനം തകർന്നുവീണ് തീപ്പിടിച്ചമരുകയുംചെയ്തു എന്നാണ് രേഖകൾ. ഗുരുതരമായി പരിക്കേറ്റ നേതാജി ആശുപത്രിയിൽവച്ചാണ് മരിച്ചത് എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

കത്തിയെരിയുന്ന വിമാനത്താവളത്തിൽ നിന്ന് പുറത്തു ചാടി

നേതാജിയുടെ ഭൗതികശരീരം ആരും കണ്ടിട്ടില്ല എന്നതാണ് അദ്ദേഹം മരിച്ചിട്ടില്ല എന്ന സംശയത്തെ ബലപ്പെടുത്തിയത്. ''ശരീരം ഇന്ത്യക്കാരെ ഏൽപിച്ചുകൊടുക്കുന്നതിന് എങ്ങോട്ടും കൊണ്ടുപോകാൻ ഞങ്ങൾക്ക് നിവൃത്തിയില്ലാത്തതുകൊണ്ട് തയ്‌ഹോക്കുവിൽ വെച്ചുതന്നെ ദഹിപ്പിച്ചുകളഞ്ഞു' എന്നായിരുന്നു ജപ്പാൻകാർ അയ്യരോടും സംഘത്തോടും പറഞ്ഞത്. പക്ഷേ, ഒപ്പമുണ്ടായിരുന്ന കേണൽ ഹബീബുർ റഹ്മാൻ, നേതാജി മരിച്ചുവെന്ന് തറപ്പിച്ചുപറഞ്ഞു. ആ അപകടത്തെപ്പറ്റി പിന്നീട് അദ്ദേഹം എഴുതി:

''...പോർട്ട് എഞ്ചിൻ പ്രവർത്തനരഹിതമായി. സ്റ്റാർ ബോർഡ് എഞ്ചിൻ മാത്രമേ അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നുള്ളൂ. വിമാനം അമ്മാനമാടിത്തുടങ്ങി. വിമാനത്തിന്റെ ഭാരം മുഴുവൻ സ്റ്റാർബോർഡ് എഞ്ചിനിൽ സമീകരിച്ചുനിർത്താൻ പൈലറ്റ് ഭഗീരഥപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിമാനം അതിവേഗത്തിൽ താഴോട്ട് വീണുതുടങ്ങി. ഞാൻ തിരിഞ്ഞ് നേതാജിയുടെ നേർക്കു നോക്കി. അദ്ദേഹത്തിൽ യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. സുദീർഘമായ ഒരു യാത്രയ്ക്കുശേഷം വിമാനം ഏറ്റവും സ്വാഭാവികമായും സുഖകരമായും നിലത്തിറങ്ങുകയായിരുന്നെങ്കിൽ ഇതിലധികം സ്വസ്ഥചിത്തത ഉണ്ടാകാൻ വയ്യാത്തവണ്ണം പ്രശാന്തനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്... സെക്കൻഡുകൾക്കകം വിമാനം മൂക്കുകുത്തിവീണ് തകർന്നു. പിന്നീട് കുറച്ചു നേരത്തേക്ക് എല്ലാം കൂരിരുട്ടായിരുന്നു...

ലഗ്ഗേജെല്ലാം തകർന്ന് എന്റെ ദേഹത്തിൽ വീണുകിടക്കുകയാണെന്നും എന്റെ മുൻപിൽ തീ കത്തിത്തുടങ്ങിയെന്നും എനിക്കു ബോധ്യമായി. അപ്പോൾ പിൻഭാഗത്തുകൂടെ പുറത്തുകടക്കാനുള്ള മാർഗം ലഗേജുകൾകൊണ്ട് പ്രതിബന്ധപ്പെട്ടിരുന്നു. മുൻവശത്തുകൂടെ പുറത്തു കടക്കണമെങ്കിൽ തീക്കുള്ളിൽക്കൂടി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. നേതാജിക്ക് തലയ്ക്ക് പരിക്കുപറ്റിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കാലുകൾ ചവിട്ടിക്കുടഞ്ഞ് തീയിൽനിന്ന് രക്ഷനേടാനായി എന്റെ അടുക്കലേക്കു നീങ്ങി പുറത്തുകടക്കാൻ ഉദ്യമിക്കുകയായിരുന്നു. പക്ഷേ, അത് സാധ്യമായിരുന്നില്ല. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: 'ആഗേ സേ നികലിയേ നേതാജീ' (നേതാജീ ദയവായി മുൻവശത്തുകൂടെ പുറത്തു കടക്കുക).

അദ്ദേഹം സ്ഥിതിഗതികൾ സൂക്ഷ്മനിരീക്ഷണം നടത്തി. തുടർന്ന് കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന  വിമാനത്തിൽ മുൻവശത്തുകൂടെ പുറത്തുചാടാൻ ശ്രമിച്ചുനോക്കി. രണ്ടു കൈയും വീശിക്കൊണ്ട് തീക്കുണ്ഡത്തിൽകൂടെ പുറത്തുകടന്നു. പുറത്തുകടന്ന് പത്തോ പതിനഞ്ചോ അടി ദൂരെ ഉത്കണ്ഠാഭരിതനായി എന്നെയും കാത്തുകൊണ്ട് അദ്ദേഹം നിന്നു.വിമാനം തകർന്നപ്പോൾ നേതാജിയുടെ പഞ്ഞികൊണ്ടു പൊതിഞ്ഞ കാക്കിവേഷത്തിൽ പെട്രോൾ തെറിച്ചുവീഴുകയും അദ്ദേഹം വിമാനത്തിന്റെ മുൻവശത്തെ തീക്കുണ്ഡത്തിൽക്കൂടെ പുറത്തുകടന്നപ്പോൾ അതിന് തീപ്പിടിക്കുകയും ചെയ്തു. വസ്ത്രം കത്തിയെരിയുന്ന നിലയിലാണ് അദ്ദേഹം അവിടെ നിന്നത്. ബുഷ്‌കോട്ടിന്റെയും അരക്കെട്ടിലെയും ബെൽറ്റുകളുടെ ബക്കിളുകൾ അഴിച്ചുമാറ്റാൻ അദ്ദേഹം കഠിനമായി യത്‌നിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിനിരികിലേക്ക് ഓടിയെത്തി ആ ബെൽറ്റുകൾ അഴിച്ചുമാറ്റി ക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഞാൻ തലയുയർത്തി നോക്കി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് മിക്കവാറും നില്ച്ചുപോയി. ആ മുഖം ഇരുമ്പുമായി കൂട്ടിയിടിച്ച് തകരുകയും തീപിടിച്ച് കരിയുകയും ചെയ്തിരുന്നു. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം തളർന്നുവീണ് തയ്‌ഹോക്കു വിമാനത്താവളത്തിലെ തറയിൽ അങ്ങനെ കിടന്നു...'

പിന്നീട് ആശുപത്രിയിൽവെച്ച് ആദ്യമണിക്കൂറിനുശേഷം തന്റെ തൊട്ടരികിൽവച്ചാണ് ബോസ് മരിച്ചതെന്ന് ഹബീബുർ റഹ്മാൻ വെളിപ്പെടുത്തി. മരിക്കും മുൻപ് അദ്ദേഹം ഹബീബിനോടു പറഞ്ഞു:'ഹബീബ് എന്റെ അവസാനം ഇതാ വളരെ അടുത്തുവരുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവൻ ഞാൻ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടിയാണ് ഞാനിപ്പോൾ മരിക്കുന്നത്. താങ്കൾ പോയി എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാൻ. ഇന്ത്യ സ്വതന്ത്രയാകുകതന്നെചെയ്യും- ഉടൻതന്നെ'. ഇത്രയൊക്കെ വ്യക്തമായ സാക്ഷ്യപ്പെടുത്തലുകൾ ഉണ്ടായിട്ടും നേതാജി മരിച്ചതായി ആരും വിശ്വസിച്ചില്ല; മഹാത്മാഗാന്ധിപോലും. പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ അദ്ദേഹത്തിന്റെ അപ്രത്യക്ഷമാകലിനെ ചുറ്റിപ്പറ്റി വന്നു. റഷ്യയുടെ പിടിയിൽപെട്ട് സൈബീരിയയിൽവച്ചാണ് അദ്ദേഹം മരിച്ചത് എന്നുവരെ വ്യാഖ്യാനങ്ങൾ നീണ്ടു. ഇപ്പോഴും അദ്ദേഹം മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്.

'രക്തം തലയിലേക്ക് ഇരച്ച് കയറുന്നു, എനിക്കൽപ്പം ഉറങ്ങണം'

നേതാജി വിമാന അപകടത്തിൽ കൊല്ലപ്പെട്ടിരുന്നില്ല എന്ന പ്രചാരണത്തിന് അന്ത്യമായത് അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ജപ്പാൻ 2016ൽ ചില രേഖകൾ പുറത്ത് വിട്ടതോടെയാണ്. ജപ്പാന്റെ രേഖകൾ പ്രകാരം അദ്ദേഹം വിമാന അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. ഇതോടൊയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗൂഢാലോചനാ തിയറിക്ക് അവസാനമായത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്തുവന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് റിപ്പോർട്ടിലെ രേഖകൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

1956 ജനുവരിയിലാണ് അന്വേഷണ റിപ്പോർട്ട് പൂർത്തിയായതെന്നും ഇതു ടോക്കിയോയിലെ ഇന്ത്യൻ എംബസിക്കു ജാപ്പനീസ് സർക്കാർ നൽകിയതായും വെബ്‌സൈറ്റ് പറയുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നു അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.

അപകടത്തിൽ നേതാജിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ട് മൂന്നിന് അദ്ദേഹത്തെ തായ്‌പെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ഓഗസ്റ്റ് 22 ന് തായ്‌പെയിലുള്ള മുൻസിപ്പിൽ ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചതായും വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകളിലുണ്ട്.

നേരത്തെ ബ്രിട്ടീഷ് വെബ്‌സൈറ്റും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തായ്വാനിൽ നടന്ന വിമാനാപകടത്തിലാണ് ഗുരുതരമായ പരിക്കേറ്റ നേതാജി ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നായിരുന്നു ബ്രിട്ടനിലെ ഒരു വെബ്‌സൈറ്റാണു വെളിപ്പെടുത്തൽ. സാക്ഷികളെ ഉദ്ധരിച്ചാണു www.bosefile.info എന്ന വെബ്‌സൈറ്റിന്റെ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.  നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വെബ്‌സൈറ്റ് വാർത്ത പുറത്തുവിട്ടത്. 1945ൽ തായ്വാനിൽ നടന്ന വിമാനാപകടത്തിൽ അദ്ദേഹം മരിക്കുന്നതിന് ദൃക്‌സാക്ഷികളായ അഞ്ച് പേരിൽ നിന്നാണ് തങ്ങൾക്ക് ഈ വിവരം ലഭിച്ചതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

1945 ഓഗസ്റ്റ് 18നാണ് നേതാജി മരിച്ചത്. നേതാജിയോടൊപ്പം ഉണ്ടായിരുന്ന കേണൽ ഹബീബുൾ റഹ്മാൻ പുറത്തിറക്കിയ കുറിപ്പും പുറത്തുവിട്ടു. നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷനൽ ആർമി കേണലായിരുന്നു ഹബീബുർ റഹ്മാൻ ഖാൻ. നേതാജിക്കൊപ്പം അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഇരുവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നേതാജി മരണമടയുകയായിരുന്നുവെന്ന് ഖാൻ അറിയിച്ചിരുന്നെന്ന രേഖയാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ് രംഗത്ത് വന്നത്.

'രക്തം തലയിലേക്ക് ഇരച്ച് കയറുന്നു,? എനിക്കൽപ്പം ഉറങ്ങണം' എന്നാണു വിമാനാപകടത്തിൽ പരിക്കേറ്റ നേതാജി അവസാനം പറഞ്ഞ വാക്കുകളെന്നു വെബ്‌സൈറ്റിൽ പറയുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ആശിഷ് റേയാണ് വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. നാന്മൻ പട്ടാള ആശുപത്രിയിൽ അവസാനദിവസം ബോസിനെ പരിചരിച്ച ഡോ. തനേയോഷി യോഷിമിയാണ് അവസാനവാക്കുകൾ വെളിപ്പെടുത്തിയതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

വിമാനാപകടം അതിജീവിച്ച നേതാജി ഏറെക്കാലം ജീവിച്ചിരുന്നെന്ന സംശയം ഉയരുന്നതിനിടെയാണ് ഇത്തരം വെളിപ്പെടുത്തൽ പുറത്തുവന്നത്. നേതാജിയുടെ മുറിവുകൾ എണ്ണയുപയോഗിച്ച് വൃത്തിയാക്കിയതും മരുന്ന് കെട്ടിവച്ചതും താനാണെന്ന ഡോ.യോഷിമിയുടെ വെളിപ്പെടുത്തൽ അടക്കം വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു.

അപകടം അന്വേഷിച്ചത് മൂന്ന് കമ്മീഷനുകൾ

ഭാരതത്തിന്റെ അഭിമാനമായ നേതാജിയുടെ തിരോധാനം മൂന്നു കമ്മീഷനുകൾ ആണ് അന്വേഷിച്ചത്. നെഹ്‌റുവിന്റെ കാലത്ത് 1956ൽ ഷാനവാസ് കമ്മീഷൻ ആണ് സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് അന്വേഷണകമ്മീഷൻ വിധിയെഴുതി. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും അത് വിശ്വസിച്ചില്ല. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ 1970 ൽ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു. ജി ഡി ഖോസ്ലെ കമ്മീഷന്റെ അന്വേഷണത്തിലും വിമാനാപകടത്തിൽ കൂടിയതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ , വാജ്പയി പ്രധാനമന്ത്രിയായിരുന്ന എൻഡിഎ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷൻ അങ്ങനെയൊരു വിമാനപകടമേ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 1999ൽ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 1945ൽ തായ്വാനിൽ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മുഖർജി കമ്മീഷന്റെ കണ്ടെത്തൽ . ഈ വെളിപ്പെടുത്തൽ വന്നതോടെ നേതാജി എവിടെയാണെന്ന് ചോദ്യം ഉയർന്നു തുടങ്ങി. എന്നാൽ ചോദ്യകർത്താക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും ലഭിച്ചില്ല.

നേതാജിയെ വെടിവെച്ച് കൊന്നത് സ്റ്റാലിനോ?

നേതാജിയുടെ 118ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ആയിരുന്നു ഇതു സംബന്ധിച്ച് ബി ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിവാദപ്രസ്താവന നടത്തിയത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതല്ല, സൈബീരിയൻ തടവറയിൽ വെച്ച് സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ .നേതാജിയെ നെഞ്ചിലേറ്റി നടക്കുന്ന ബംഗാളിൽ വച്ചായിരുന്നു സ്വാമിയുടെ ഈ പ്രസ്താവന.നേരത്തെ കോൺഗ്രസിന്റെ മുൻ എം പിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണൻ സിൻഹ സമാനമായ കാര്യം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് ആരും വലിയ വില കല്പിച്ചില്ല. സൈബീരിയൻ തടവറയിലെ 45ാം മുറിയിൽ നേതാജിയെ കണ്ടതായി സോവിയറ്റ് രഹസ്യപൊലീസ് ഏജന്റായ കോസ്ലോവ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സിൻഹയുടെ മൊഴി. ഈ മൊഴിയെ മുൻ കമ്മീഷനുകൾ പരിഗണിക്കാതിരുന്നതിൽ മുഖർജി കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുഖർജി കമ്മീഷന്റെ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവൺമെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവൺമെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേത് അല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. അതേസമയം, നേതാജി എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മുഖർജി കമ്മീഷനും നല്കുന്നില്ല.ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രൊവിൻസിലെ കട്ടക്കിൽ 1897 ജനുവരി 23ന് ആണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. 1945 ഓഗസ്റ്റ് 18ന് നേതാജി മരിച്ചെന്നാണ് വിക്കിപീഡിയ അടക്കമുള്ള ഇന്റർനെറ്റ് വിജ്ഞാനശേഖരങ്ങൾ പറയുന്നത്.

ആരാണ് ഗുംനാബി ബാബ?

ഇതിനിടെ 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുംനാമി ബാബ എന്നപേരിലാണ് നേതാജി അവിടെ സ്ഥാപിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഈ സംശയം ശരിയാണെന്ന് തെളിവുകൾ സഹിതം സമർഥിക്കയാണ്, മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം.

നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്. ഗുംനാമി ബാബയുടെ വസതിയിൽ നിന്ന് കിട്ടിയ ഏതാനും പല്ലുകളിൽ കൊൽക്കത്തയിലെ സർക്കാർ ലാബ് ആയ സിഎഫ്എസ്എൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് പക്ഷെ നെഗറ്റീവ് ആയിരുന്നു. സന്യാസി നേതാജിയല്ല എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ വാദമാണ് ഇതുവരെയും കോൺഗ്രസും നേതാജിയുടെ കുടുംബവും ഞങ്ങളുടെ കണ്ടെത്തലുകളെ എതിർക്കാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ മിഷൻ നേതാജിയുടെ സായക് സെൻ നടത്തിയ വിവരാവകാശ പോരാട്ടത്തിനൊടുവിൽ പ്രസ്തുത ഡിഎൻഎ പരിശോധന നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്ന് കൊൽക്കത്ത സിഎഫ്എസ്എൽ സമ്മതിച്ചിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റിന്റെ ആധികാരിക രേഖയായ ഇലക്ട്രോഫെറോഗ്രാം പുറത്തുവിടാൻ ഞങ്ങൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇലക്ട്രോഫെറോഗ്രാം ലഭ്യമല്ലെന്നാണ് ലാബ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2004ൽ ഡിഎൻഎ ടെസ്റ്റ് നടക്കുന്നതിനു മുൻപു തന്നെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് ആനന്ദ് ബസാർ പത്രിക റിപ്പോർട്ട് ചെയ്തത് വരാനിരുന്ന അട്ടിമറിയുടെ സൂചന ആയിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക നിരിക്ഷികനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ചേർന്നാണ്, നേതാജി മിഷൻ. ഗുംനാമി ബാബ തന്നെയാണ്, സുഭാഷ് ചന്ദ്രബോസ് എന്ന വിവരവും ഫേസ്‌ബുക്കിൽ പുറത്തുവിട്ടത് ശ്രീജിത്ത് പണിക്കരാണ്. ഇതു സംബന്ധിച്ച് റിപ്പബ്ലക്ക് ടീവി വിശദമായ ചർച്ചയും നടത്തിയിട്ടുണ്ട്. ഗുംനാംമി ബാബയുടെ യഥാർഥ ചിത്രങ്ങൾ ആരുടെയും കൈയിലില്ല. അദ്ദേഹത്തെ കണ്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിത്രകാരമ്മാർ വരച്ചവയാണ് ഗുംനാമി ബാബയുടേതെന്നപേരിൽ പ്രചരിക്കുന്നത്.

മരണാനന്തര ചടങ്ങുകൾ ചെയ്യരുതെന്ന് ഗാന്ധിജി പറഞ്ഞത് എന്തിന്?

നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ മുൻ സർക്കാരുകൾ പുറത്തു വിട്ടിരുന്നു. അവ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമാണ്. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്‌ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വന്ന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്ന് അത്തരത്തിലെ ഒരു ഫയലിൽ പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഇക്കാര്യം ബംഗാളിലെ ഒരു പ്രാർത്ഥനാ യോഗത്തിൽ പറയുകയും ഒരു ലേഖനത്തിൽ എഴുതുകയും ചെയ്തിരുന്നു. ഗാന്ധിജിക്ക് ലഭിച്ച രഹസ്യ വിവര പ്രകാരമാണ് അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതെന്ന് കോൺഗ്രസുകാർ വിശ്വസിച്ചു. 1946 ഏപ്രിൽ എട്ടിനുള്ള ഒരു ഇന്റലിജൻസ് റിപ്പോർട്ടിലാണ് നേതാജിയുടെ തിരോധാനത്തെ കുറിച്ചുള്ള ഗാന്ധിയുടെ ചിന്ത രേഖപ്പെടുത്തിയിരിക്കുന്നത്. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വരണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചുള്ള നേതാജിയുടെ കത്ത് നെഹ്‌റുവിന് ലഭിച്ചുവെന്ന് രഹസ്യ റിപ്പോർട്ടുണ്ട്. ബോസിന്റെ ഈ കത്ത് വന്ന സമയത്താകാം ഗാന്ധിജി പൊതുപ്രസ്താവന നടത്തിയതെന്ന് ഈ ഫയലിൽ പറയുന്നുണ്ട്. മഹാത്മാ ഗാന്ധിക്ക് ചിലത് അറിയാമായിരുന്നുവെന്ന് നേതാജിയുടെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണാന്തര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നുവെന്ന് നേതാജിയുടെ ബന്ധുവായ ചന്ദ്ര ബോസ് പറയുന്നു.

തായ് വാനിൽ നേതാജി കൊല്ലപ്പെട്ടുവെന്ന വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് അക്കാലത്ത് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. റഷ്യയെ കുറിച്ച് ഈ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ലെങ്കിലും ചൈന വഴി റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേതാജി കടന്നുവെന്ന വിവരം അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഗവേഷകർ കരുതുന്നു. 1941-ൽ നേതാജി വീട്ടു തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടും ഇന്ന് പുറത്തുവിട്ട 64 ഫയലുകളിൽ ഉൾപ്പെടുന്നുണ്ട്.

2015ലാണ് സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 64 ഫയലുകൾ പശ്ചിമ ബംഗാൾ പൊലീസ് ഡീക്ലാസിഫൈ ചെയ്യുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തതത്. ഇപ്പോൾ കൊൽക്കത്ത പൊലീസ് മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് ഫയലുകൾ കാണാനുമാകും. ഡീക്ലാസിഫൈ ചെയ്ത 64 ഫയലുകളിലെ 12744 പേജുകൾ ഡിജിറ്റൈസ് ചെയ്താണ് മ്യൂസിയത്തിൽ സൂക്ഷിക്കുന്നത്. ഫയലുകൾ ഡീക്ലാസിഫൈ ചെയ്ത ചടങ്ങളിൽ നേതാജിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. എങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചടങ്ങിനെത്തിയില്ല. നേതാജിയുടെ കുടുംബാംഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഫയലുകൾ ഡീക്ലാസിഫൈ ചെയ്യണം എന്നുള്ളത്. 1937-1947 വരെയുള്ള ഈ ഫയലുകൾ നേതാജിയുടെ അപ്രത്യക്ഷമാകലിനെ കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് പറഞ്ഞ് നേതാജിയുമായി ബന്ധമുള്ള ഫയലുകൾ പുറത്തു വിടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓഗസ്റ്റിൽ കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

ഫാസിസത്തിന്റെ ആരാധകൻ എന്നത് കമ്യൂണിസ്റ്റ് നുണ മാത്രം

സുഭാഷ് ചന്ദ്രബോസ് ഹിറ്റലറുടെയും മുസോളിനിയുടെയും ആരാധകനായിരുന്നോ. അതിന്റെ പേരിലാണ് ജപ്പാൻകാരുടെ ചെരുപ്പുനക്കിയെന്നും ചെറ്റയെന്നും കമ്യൂണിസ്റ്റുകാർ വിളിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും വെറും കമ്യൂണിസ്റ്റ് പ്രൊപ്പഗാൻഡ മാത്രം ആയിരുന്നുവെന്നാണ് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുക. ശത്രുവിന്റെ ശത്രു മിത്രം എന്നല്ലാതെ നേതാജി ഫാസിസത്തിന്റെ ആരാധകൻ അയിരുന്നില്ല. വംശവെറിയെ അദ്ദേഹം ഒരിക്കലും പ്രോൽസാഹിപ്പിച്ചിരുന്നില്ല.

കഴിഞ്ഞവർഷം അമേരിക്കൻ കോൺഗ്രസ് അംഗമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സിന്റെ ചീഫ് ഓഫ് സ്റ്റാഫ്സ് സൈകത് ചക്രവർത്തി നേതാജിയുടെ പടം വെച്ച ടീ ഷർട്ട് ഇട്ടുകൊണ്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തതാണ് വൻ വിവാദമായിരുന്നു. പുരോഗമന നിലപാടുകൾകൊണ്ട് ശ്രദ്ധേയയായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സിനെ വിമർശിക്കാൻ വലതുപക്ഷം ഉദ്യോഗസ്ഥന്റെ ടീ ഷർട്ടിനെയും അതിൽ പതിപ്പിച്ച നേതാജിയുടെ ചി്ത്രത്തെയും ഉപയോഗപ്പെടുത്തുകയായിരുന്നു. ഒകാസിയോ കോർട്ടെസ്സിന്റെ ഹിറ്റ്‌ലർ അനുകൂല സമീപനത്തിന്റെ ഉദാഹരണമാണ് അവരുടെ സ്റ്റാഫ് നേതാജി ബോസിന്റെ ചിത്രം പതിച്ച ടി ഷർട്ട് ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. സംഭവം ന്യൂസ് വീക്ക് വാർത്തയാക്കിയതോടെ വിവാദം ശക്തമായി.ഒകാസിയോ കോർട്ടെസ്സിനെ വിമർശിക്കാനുള്ള അവസരമായാണ് വിമർശകർ ഉപയോഗിച്ചത്.

പക്ഷേ അന്ന് നടന്ന ചർച്ചയിൽ നേതാജി ഫാസിസത്തിന്റെ ആരാധകനായിരുന്നുവെന്നത് തെറ്റാണെന്നാണ് ചർച്ചയിൽ തെളിഞ്ഞത്. ഹിറ്റ്‌ലറിനെ നേതാജി കണ്ടുവെന്നത് ചരിത്രത്തിലുള്ളതാണ്. ജർമ്മനിയുടെയും ജപ്പാന്റെയും സഹായം അദ്ദേഹം അഭ്യർത്ഥിക്കുകുയം ചെയ്തു. ഇന്ത്യയുടെ മോചനത്തിന്റെ സായുധ മുന്നേറ്റം വേണമെന്ന നിലപാടിലായിരുന്നു നേതാജി ബോസ് ഇക്കാര്യത്തിൽ അദ്ദേഹം ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അകലുകയും ചെയ്തു. ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നു പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് കോൺഗ്രസിന്റെ അധ്യക്ഷനുമായിട്ടുണ്ട് നേതാജി ബോസ്. ബ്രീട്ടീഷുകാർക്കെതിരെ സൈനിക ആക്രമണത്തിനായി ഇന്ത്യൻ നാഷണൽ ആർമിയും രൂപീകരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ ജർമ്മൻ അനുകൂല നിലപാട് നേരത്തെയും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ മോചനത്തിന് ജർമ്മനിയുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിലും ഹിറ്റ്‌ലറുടെ സങ്കുചിത ദേശീയതയെ അ്‌ദ്ദേഹം അംഗീകരിച്ചിരുന്നില്ല.

1931 ലാണ് നേതാജി ആദ്യമായി ജർമ്മനി സന്ദർശിക്കുന്നത്. പിന്നീട് 1936 ൽ ജർമ്മനിയിലെത്തിയതിന് ശേഷം ഹിറ്റ്‌ലറുടെ സമീപനങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നുവെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. വെള്ളക്കാരെ ഉയർന്ന വംശജരായി കാണുന്നതാണ് ജർമ്മനിയുടെ പ്രത്യയശാസ്ത്രമെന്ന് ഹിറ്റ്ലർക്ക് അന്നെഴുതിയ കത്തിൽ നേതാജി വ്യക്തമാക്കിയെന്നും ഇവർ പറയുന്നു. പ്രായോഗിക രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായാണ് ഹിറ്റ്‌ലറുടെ പിന്തുണയ്ക്കായി അദ്ദേഹം ശ്രമിച്ചിരുന്നതെന്നും അതിനെ ചരിത്ര പശ്ചാത്തലത്തിലല്ലതെ മനസ്സിലാക്കാന് കഴിയില്ലെന്നും പറയുന്നു. ജർമ്മനിയിൽനിന്നും ജപ്പാനിൽനിന്നും സഹായം സ്വീകരിച്ചതെങ്കിലും നാസിസത്തെ പിന്തുണച്ച നേതാവാണ് നേതാജി എന്ന് പറയുന്നത് ചരിത്രവിരുദ്ധമാണെന്നും ഇവർ പറയുന്നു.

എന്തായാലും 75 വർഷം കഴിഞ്ഞിട്ടും നേതാജിയെക്കുറിച്ചുള്ള ചർച്ചകളും വിശകലനങ്ങളും ലോകമെമ്പാടും നടക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP