Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മർദ്ദനത്തിനിരയായ അന്തേവാസിയുടെ കാഴ്‌ച്ച നഷ്ടപ്പെട്ടു; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മയ്ക്ക്; മതിയായ ചികിത്സ നൽകാതെ വീട്ടിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണം; മർദ്ദനമേറ്റത് സഹതടവുകാരിൽ നിന്നാണെന്ന് ആശുപത്രി അധികൃതരും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മർദ്ദനത്തിനിരയായ അന്തേവാസിയുടെ കാഴ്‌ച്ച നഷ്ടപ്പെട്ടു; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മയ്ക്ക്; മതിയായ ചികിത്സ നൽകാതെ വീട്ടിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണം; മർദ്ദനമേറ്റത് സഹതടവുകാരിൽ നിന്നാണെന്ന് ആശുപത്രി അധികൃതരും

ജാസിം മൊയ്തീൻ

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് മർദ്ദനത്തിനിരയായ അന്തേവാസിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മയുടെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ഏറെ നാളായി മാനസിക വെല്ലുവിളികൾ നേരിട്ടുകൊണ്ടിരുന്ന വീട്ടമ്മയെ ലോക്ഡൗൺ കാലയളവിലാണ് സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിൽ കഴിയവെയാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. തലയ്ക്ക് വടി കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്.

ആദ്യ അടിയിൽ തന്നെ അബോധാവസ്ഥയിൽ തറയിൽ വീണ ഇവർ എഴുന്നേറ്റ് നോക്കുമ്പോൾ കണ്ണിൽ നിന്നും ചോര വരുന്നതാണ് കണ്ടത്. അബോധാവസ്ഥയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ പൂർത്തിയാക്കാതെ ആശുപത്രി അധികൃതർ ഇവരെ വീട്ടിൽ ഉപേക്ഷിച്ച് പോയെന്നും നാട്ടുകാർ ആരോപിക്കുന്നു.

കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിനെ തുടർന്ന് ഇവിടെ ചികിത്സയിലാണ്. ഇവിടെ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ ഇവരുടെ ഇടതു കണ്ണിന്റെ കാഴ്‌ച്ച പൂർണ്ണമായും നഷ്ടമായിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റ ഇവർക്ക് മതിയായ ചികിത്സ നൽകാതെ കുതിരവട്ടം മാനസികാശുപത്രി അധികൃതർ കുന്ദമംഗലത്തെ വീട്ടിൽ ഉപേക്ഷിച്ച് പോവുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശോചനീയാവസ്ഥയിലായ വീട്ടിൽ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിൽ ഇപ്പോൾ ദുരിതമനുഭവിക്കുകയാണിവർ. കുന്ദമംഗലത്തെ ഇവരുടെ വീടിന് നല്ലൊരു വാതിൽ പോലുമില്ല.

ചോർന്നൊലിക്കാതിരിക്കാൻ വീടിന് മുകളിൽ ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. ചുറ്റും കാട് കയറിയ പരിസരമുള്ള വീട്ടിൽ ഒറ്റയ്ക്കാണ് ഇവരുടെ താമസം. ബന്ധുക്കൾ പോലും കാര്യമായി അന്വേഷിക്കാത്തതിനാൽ അയൽവാസികളാണ് പലപ്പോഴും ഭക്ഷണം എത്തിച്ച് നൽകുന്നത്. ക്യത്യസമയങ്ങളിൽ മരുന്ന് കഴിച്ചില്ലെങ്കിൽ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന പ്രകൃതമാണ്. കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ട് വൈദ്യുതി പോലുമില്ലാത്ത വീട്ടിലാണിവർ ഇപ്പോൾ ഒറ്റയ്ക്ക് കഴിയുന്നത്.

ലോക്ഡൗൺ സമയത്ത് മാനസികനില തെറ്റിയ സ്ത്രീയെ കുന്ദമംഗലത്തെ സാമൂഹിക പ്രവർത്തകരും പൊലീസുമാണ് കുതിരവട്ടത്തെ ആശുപത്രിയിലാക്കിയത്. സഹതടവുകാരിൽ നിന്നുമാണ് മർദ്ദനമേറ്റതെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP