Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകം

വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകം

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്് നിർമ്മാണം പൂർത്തിയായിട്ടുള്ള 13 സബ്സ്റ്റേഷനുകളുടെ ഉദ്ഘാടനവും പുതുതായി നിർമ്മാണം ആരംഭിക്കുന്ന ഒരു സബ്സ്റ്റേഷന്റെ തറക്കല്ലിടൽ കർമ്മവുമാണ്. ഈ കോവിഡ് കാലത്ത് വൈദ്യുതി ബില്ലിലൂടെ കെഎസ്ഇബി തീവെട്ടിക്കൊള്ള നടത്തുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴും വികസത്തിന്റെ കാര്യത്തിൽ മറ്റെല്ലാ വകുപ്പുകളേക്കാളും മുൻപന്തിയിൽ തന്നെ കെഎസ്ഇബിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് 220 കെവി സബ്സ്റ്റേഷൻ, എട്ട് 110 കെവി സബ്സ്റ്റേഷൻ, മൂന്ന് 33 കെവി സബ്സ്റ്റേഷൻ എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

കാസർകോട് ജില്ലയിലെ അമ്പലത്തറ, മലപ്പുറം ജില്ലയിലെ എളങ്കൂർ എന്നിവിടങ്ങളിലാണ് 220 കെവി സബ്സ്റ്റേഷനുകൾ. കണ്ണൂർ ജില്ലയിലെ ചെമ്പേരി, കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ, തമ്പലമണ്ണ, മാങ്കാവ്, കൊല്ലം ജില്ലയിലെ അഞ്ചൽ, ആയൂർ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, മുട്ടത്തറ എന്നിവയാണ് എട്ട് 110 കെവി സബ്സ്റ്റേഷനുകൾ. കാസർകോട് ജില്ലയിലെ രാജപുരം, കണ്ണൂർ ജില്ലയിലെ വെളിയമ്പ്ര, മലപ്പുറം ജില്ലയിലെ പൊത്തുകല്ല് എന്നിവയാണ് മൂന്നു 33 കെവി സബ്സ്റ്റേഷനുകൾ. തലശ്ശേരിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ 220 കെവി സബ്സ്റ്റേഷന്റെ തറക്കല്ലിടൽ കർമ്മവും ഇന്നലെ മുഖ്യമന്ത്രി നിർവ്വഹിച്ചു. കെഎസ്ഇബിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം പദ്ധതികളുടെ ഉദ്ഘാടനം ഒരുമിച്ച് നടക്കുന്നത്. മലബാറിലെ വിവിധ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പദ്ധതികളും. ഇതുവഴി പദ്ധതി പ്രദേശങ്ങളിലെ പ്രസരണശൃംഖല ശക്തിപ്പെടുകയും തടസരഹിതമായും വോൾട്ടേജ് പ്രശ്നങ്ങളില്ലാതെയും വൈദ്യുതി ലഭ്യമാവുകയും ചെയ്യും.

50 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന കേരളത്തിലെ ആദ്യത്തെ സോളാർ പാർക്കാണ് ഇന്നലെ കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ യാഥാർത്ഥ്യമായിരിക്കുന്നത്. പാർക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പ്രസരണ ശൃംഖലയിലേയ്ക്കെത്തിക്കുന്നതിനുള്ള അനുബന്ധ 220 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണവും അമ്പലത്തറയിൽ പൂർത്തിയായി. സോളാർ പാർക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അഞ്ച് 33 കെ.വി ഫീഡറുകൾ വഴി സബ്സ്റ്റേഷനിലെത്തിച്ച് 220 കെ.വി നിലവാരത്തിലേയ്ക്ക് ഉയർത്തിയാണ് നിലവിലുള്ള കാഞ്ഞിരോട് - മൈലാട്ടി ലൈൻ വഴി പ്രസരണം ചെയുന്നത്. കേവലം 10 മാസം കൊണ്ടാണ് സബ്സ്റ്റേഷന്റെയും അനുബന്ധ ലൈനുകളുടേയും നിർമ്മാണം പൂർത്തിയാക്കിയത്.

മലബാറിലെ ആദ്യത്തെ സബ് സ്റ്റേഷനുകളിലൊന്നായ മാങ്കാവ് 66 കെ.വി. സബ്സ്റ്റേഷൻ നവീകരിച്ച് 110 കെ.വി.നിലവാരത്തിലേയ്ക്ക് ഉയർത്തിയതിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. മലബാറിലെ പ്രസരണമേഖലക്ക് ഊർജ്ജം പകരുന്ന പുതിയ സബ് സ്റ്റേഷനിലേയ്ക്ക് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ നല്ലളം - മാങ്കാവ് 110 കെ.വി. ലൈനിലൂടെയാണ്. കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്നത് ലക്ഷ്യമിട്ട് നിർമ്മിച്ച കുറ്റിക്കാട്ടൂർ 110 കെ വി സബ്സ്റ്റേഷനിൽ ഈ പുതിയ പദ്ധതിയിലൂടെ പ്രസരണനഷ്ടത്തിൽ 6 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുകയും ചെയ്യും.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലുൾപ്പെട്ട തമ്പലമണ്ണയിൽ 110 കെ വി സബ് സ്റ്റേഷനും ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടവിയിൽ പെടുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ മലയോര മേഖലകളിൽ തടസ്സരഹിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി എത്തിക്കുന്നതിന് പദ്ധതി സഹായകമാവും. മലപ്പുറം ജില്ലയുടെ കാർഷിക മേഖലയായ നിലമ്പൂർ, പോത്തുകല്ല് പ്രദേശങ്ങളിൽ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ട് നിർമ്മാണം പൂർത്തിയാക്കിയ പോത്തുകല്ല് 33 കെ വി സബ്സ്റ്റേഷന്റെ ഉദ്ഘാടനവും ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. പോത്തുകല്ല്, അകമ്പാടം, ചാലിയാർ, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. മലപ്പുറത്തിന്റെ മലയോരമേഖലകൾക്ക് പ്രാധാന്യം നൽകിയാണ് എളങ്കൂർ 220 കെ വി സബ് സ്റ്റേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ പദ്ധതിയാണിത്.

ഉത്തരമലബാർ മേഖലയിലെ പ്രസരണശൃംഖലയുടെ സമഗ്രവികസനത്തിനായി നിലവിലുള്ള ലൈനുകൾ നവീകരിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും ഭാഗമായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖല നേരിടുന്ന വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നതിനായി ചെമ്പേരി 110 കെ.വി സബ്സ്റ്റേഷൻ, വാട്ടർ അഥോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ വെളിയമ്പ്ര പമ്പിങ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് നിർമ്മിച്ച വെളിയമ്പ്ര 33 കെ വി സബ്സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനവും ഇന്നലെ നടന്നു. വെളിയമ്പ്ര സബ്സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ പമ്പ് ഹൗസുകൾക്ക് തടസ്സരഹിത വൈദ്യുതി ലഭ്യമാവുകയും അതുവഴി കുടിവെള്ളവിതരണം സുഗമമാവുകയും ചെയ്യും.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരമേഖലയായ രാജപുരത്ത് പതിവായിരുന്ന വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സങ്ങൾക്കും പരിഹാരമായി രാജപുരം 33 കെ വി സബ്സ്റ്റേഷനും പ്രവർത്തനമാരംഭിച്ചു. പനത്തടി, ബളാല്, കുറ്റിക്കോല്, കള്ളാർ തുടങ്ങിയ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവ കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നാല് പുതിയ സബ്സറ്റേഷനുകളും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP