Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുപോലൊരു ചതി പറ്റാനില്ല; ഫ്‌ളാറ്റ് ഉടമകൾ അറിയാൻ വൈകി ഹീരാ ബാബുവിന്റെ കൊടുംവഞ്ചന; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീരയുടെ സ്വിസ് ടൗൺ പ്രോജക്റ്റിൽ പലരും ഫ്‌ളാറ്റ് വാങ്ങിയത് ബാങ്ക് ലോണും മറ്റും എടുത്ത്; ഒരുസുപ്രഭാതത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ റവന്യു റിക്കവറി നോട്ടീസ് ഒട്ടിച്ചപ്പോൾ അറിഞ്ഞു ഈട് വച്ച് ഹീര ബാബു 20 കോടി വായ്പ എടുത്തെന്നും 3 കോടി തിരിച്ചടവ് മുടക്കിയെന്നും; ഫ്‌ളാറ്റ് സ്വന്തം പേരിലാക്കാനാവാതെ വലഞ്ഞ് ഉടമകൾ; കെഎഫ്‌സിയും ബാങ്കുകളും ഹീരയുടെ തട്ടിപ്പിന് ഒത്താശ ചെയ്ത കഥ

ഇതുപോലൊരു ചതി പറ്റാനില്ല; ഫ്‌ളാറ്റ് ഉടമകൾ അറിയാൻ വൈകി ഹീരാ ബാബുവിന്റെ കൊടുംവഞ്ചന; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീരയുടെ സ്വിസ് ടൗൺ പ്രോജക്റ്റിൽ പലരും ഫ്‌ളാറ്റ് വാങ്ങിയത് ബാങ്ക് ലോണും മറ്റും എടുത്ത്; ഒരുസുപ്രഭാതത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ റവന്യു റിക്കവറി നോട്ടീസ് ഒട്ടിച്ചപ്പോൾ അറിഞ്ഞു ഈട് വച്ച് ഹീര ബാബു 20 കോടി വായ്പ എടുത്തെന്നും 3 കോടി തിരിച്ചടവ് മുടക്കിയെന്നും; ഫ്‌ളാറ്റ് സ്വന്തം പേരിലാക്കാനാവാതെ വലഞ്ഞ് ഉടമകൾ; കെഎഫ്‌സിയും ബാങ്കുകളും ഹീരയുടെ തട്ടിപ്പിന് ഒത്താശ ചെയ്ത കഥ

എം മനോജ് കുമാർ

 തിരുവനന്തപുരം: ഒരു കാലത്ത് കേരളത്തിലെ വൻകിട ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ ഒരാളായിരുന്ന ഹീര ബാബു നടത്തിയ ഫ്‌ളാറ്റ് തട്ടിപ്പ് ചതിയിൽ കുടുങ്ങി വീടെന്ന സ്വപ്നവും കയ്യിലെ കാശും നഷ്ടമായവർ അനവധിയാണ്. ഇപ്പോഴും അനവധിപേർ ഹീര ബാബു കാരണം കണ്ണീരു കുടിക്കുകയാണ്. ഹീര ബാബു നടത്തിയ ഫ്‌ളാറ്റ് തട്ടിപ്പിന്റെ എത്രയോ കഥകൾ പുറത്ത് വന്നുകഴിഞ്ഞു. ഈ തട്ടിപ്പിന്റെ കഥകൾ ഇപ്പോഴും അവസാനിക്കുന്നില്ല എന്ന് കേരളത്തോടു വിളിച്ചു പറയുകയാണ് തലസ്ഥാനത്ത് ശാസ്തമംഗലത്ത് ഹീരയുടെ ഹീര സ്വിസ് ടൗൺ സമുച്ചയത്തിന്റെ പേരിലുള്ള വഞ്ചനയുടെ കഥ.

ഹീര തകർന്നതോ അതോ ഹീര ബാബു സ്വയം തകർത്തതോ എന്ന വസ്തുത ഇനിയും വെളിയിൽ വന്നിട്ടില്ല. ഏകദേശം മുഴുവൻ തുകയും ഹീരയ്ക്ക് നൽകിക്കഴിഞ്ഞതിനാൽ ഹീരയുടെ തട്ടിപ്പിന്നിരയായവർ ഹീര പറയുന്ന തകർച്ചയുടെ കഥ വിശ്വസിക്കുന്നവരല്ല. ഇതേ ഘട്ടത്തിൽ തന്നെയാണ് ഹീര സ്വിസ് ടൗൺ സമുച്ചയത്തിന്റെ പേരിലുള്ള തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി വെളിയിൽ വരുന്നത്. ഹീര കാരണം കണ്ണീരു കുടിക്കുന്ന കഥ തുറന്നു പറയുന്നത് തലസ്ഥാനത്തെ ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റുകൾ ബുക്ക് ചെയ്ത് വാങ്ങിയിരിക്കുന്നവരാണ്.

മൂന്നു അപ്പാർട്ട്‌മെന്റ് സമുച്ചയമാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിലുള്ളത്. മുക്കാൽ പങ്ക് ആളുകളും ബാങ്ക് വായ്പ എടുത്ത് ഫ്‌ളാറ്റ് വാങ്ങിയവരാണ്. ഇരുനൂറോളം ഫ്‌ളാറ്റുകൾ ഉള്ള സമുച്ചയമാണിത്. മിക്കവരും വർഷങ്ങൾക്ക് മുൻപ് തന്നെ താമസം തുടങ്ങുകയും ലോൺ അടച്ച് തീർക്കുകയും ചെയ്തു. പക്ഷെ ഇപ്പോഴും പലർക്കും ഫ്‌ളാറ്റുകൾ ഹീര പോക്കുവരവ് ചെയ്തുകൊടുത്തിട്ടില്ല. 2004 ഓടെ പണി തുടങ്ങുകയും 2013 ഓടെ പണി തീർക്കുകയും ചെയ്ത ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്നും ഫ്‌ളാറ്റുകൾ വിലയ്ക്ക് വാങ്ങിയവരാണ് ഹീരയുടെ ചതി കാരണം പെട്ടിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകൾ അറിയാതെ ഈ ഫ്‌ളാറ്റ് സമുച്ചയം വെച്ച് ഹീര ബിൽഡേഴ്‌സ് 20 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോൺ എടുത്തതാണ് ഫ്‌ളാറ്റ് ഉടമകൾക്ക് വിനയായത്. ലോൺ എടുത്തെങ്കിലും 2014 മുതൽ ഹീര അടവ് മുടക്കിയതോടെ റവന്യൂ റിക്കവറി നടപടികൾ വന്നു. ലോൺ തുകയിൽ തിരിച്ചടയ്‌ക്കേണ്ട തുകയിൽ മൂന്നു കോടിയാണ് ഹീര ബാക്കി വെച്ചത്. ഇതോടെ പോക്കുവരവ് ചെയ്തു കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതിന്നിടയിൽ ഹീര പാപ്പരാവുകയും ചെയ്തു.

ഹീരയുടെ ചെയ്തികളിൽ വലഞ്ഞത് മുഴുവൻ തുകയും നൽകി ഫ്‌ളാറ്റ് സ്വന്തമാക്കിയവരാണ്. വിവിധ ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഫ്‌ളാറ്റിനു ഉണ്ടായിരിക്കെ ഈ ഫ്‌ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ഹീര ബാബുവിന് കഴിയില്ല. എന്നിട്ടും ഇരുപത് കോടിയോളമുള്ള വൻ തുക ഹീര നേടി എന്നത് വിളിച്ചു പറയുന്നത് സാമ്പത്തിക തട്ടിപ്പ് കഥ തന്നെയാണ്. ഫ്‌ളാറ്റുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ഉണ്ടെന്ന തിരിച്ചറിവുള്ള കെഎഫ്‌സി തന്നെ ഇരുപത് കോടി നൽകി ഹീരയുടെ ചതിക്ക് കൂട്ട് നിന്നതോടെയാണ് ഫ്‌ളാറ്റ് ഉടമകൾ ചതിയിൽ അകപ്പെടാൻ ഇടയായത്.

പോക്കുവരവ് ചെയ്യാത്തതിനാൽ ഫ്‌ളാറ്റുകൾ സ്വന്തം പേരിലേക്ക് മാറ്റാൻ താമസം തുടങ്ങി വർഷങ്ങൾക്ക് ശേഷവും മിക്ക ഫ്‌ളാറ്റ് ഉടമകൾക്കും കഴിഞ്ഞിട്ടില്ല. കെഎഫ്‌സിയുടെ ലോൺ റിക്കവറി നടപടികൾ തുടരുന്നതിനാൽ രജിസ്‌ട്രേഷൻ വകുപ്പ് ഫ്‌ളാറ്റുകൾ പോക്കുവരവ് ചെയ്തുകൊടുക്കാൻ തയ്യാറല്ല. രേഖകൾ അസോസിയേഷന് കൈമാറാൻ ഹീര ബാബുവും തയ്യാറല്ല. ഇതോടെ സംജാതമായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹീരയുടെ മുഴുനീള ഫ്‌ളാറ്റ് തട്ടിപ്പ് ചതികളിൽ ഒന്നായി മാറുകയാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടും.

മൂന്നു കോടിയോളം രൂപ ലോൺ അടവ് വന്നപ്പോൾ കെഎഫ്‌സി ഫ്‌ളാറ്റ് സമുച്ചയത്തിൽ റിക്കവറി നോട്ടീസ് പതിച്ചു. തങ്ങൾ ലോൺ എടുത്ത് വാങ്ങി സ്വന്തമാക്കിയ ഫ്‌ളാറ്റുകളിൽ റവന്യൂ റിക്കവറി നോട്ടീസ് വന്നത് ഫ്‌ളാറ്റ് ഉടമകളെ ഞെട്ടിച്ചു. ഇതിന്റെ പിന്നാമ്പുറം തിരഞ്ഞു പോയപ്പോഴാണ് ഹീര സ്വിസ് ടൗൺ ഈട് വെച്ച് ഹീര ബാബു 20 കോടി എടുത്ത കാര്യം ഫ്‌ളാറ്റ് ഉടമകൾ അറിയുന്നത്. ഇതോടെ പലരും അങ്കലാപ്പിലായി. പല ഫ്‌ളാറ്റുകളും ഉടമകളുടെ പേരിൽ പോക്കുവരവ് ചെയ്യാനും ഹീര തയ്യാറാകാത്തിരുന്നതും പിന്നിലും കെഎഫ്‌സി വഴി ഹീര നടത്തിയ ചതിയാണെന്നു അപ്പോഴാണ് മിക്കവരും തിരിച്ചറിയുന്നത്. കെഎഫ്‌സി അധികൃതരെ ഫ്‌ളാറ്റ് ഉടമകൾ അസോസിയേഷൻ വഴി ബന്ധപ്പെട്ടെങ്കിലും കെഎഫ്‌സി വഴങ്ങിയില്ല.

റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാൻ ഒന്നുകിൽ ഹീര ബാബു മൂന്നു കോടിയോളം തിരികെ അടയ്ക്കുക. അല്ലെങ്കിൽ ഫ്‌ളാറ്റ് ഉടമകൾ അടയ്ക്കുക. ഇതോടെ ഫ്‌ളാറ്റ് ഉടമകൾ അങ്കലാപ്പിലായി. അസോസിയേഷനിൽ ചർച്ച വന്നെങ്കിലും കാര്യമായ പരിഹാരം ഉരുത്തിരിഞ്ഞില്ല. ഇതിന്നിടയിലാണ് ഹീരയുടെ തകർച്ചയുടെ പൂർണ കഥകൾ പുറത്ത് വരുന്നത്. ഇതോടെ ഒറ്റത്തവണ കുടിശിക എന്ന പരിഹാരവുമായി കെഎഫ്‌സി രംഗത്ത് വന്നു. 60 ലക്ഷം രൂപ അടയ്ക്കാനാണ് കെഎഫ്‌സി ആവശ്യപ്പെട്ടത്. ഇത് അസോസിയേഷൻ യോഗത്തിൽ ചർച്ച ചെയ്തപ്പോൾ മുഴുവൻ തുകയും തങ്ങൾ അടയ്ക്കാം എന്ന നിർദ്ദേശമാണ് അസോസിയേഷൻ അംഗങ്ങളിൽ ചിലർ മുന്നോട്ടു വെച്ചത്. ഫ്‌ളാറ്റുകൾ പണി തീരുമ്പോൾ മുറപ്രകാരം ബിൽഡർ രൂപീകരിക്കേണ്ട രീതിയിലുള്ള അസോസിയേഷൻ അല്ല ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിൽ ഉള്ളത്.

അസോസിയേഷൻ തലപ്പത്ത് മിക്കവരും ഹീരയുടെ ആളുകൾ തന്നെയാണ്. പലരും ഫ്‌ളാറ്റ് ഉടമകൾ പോലുമില്ല. മകളുടെയും ബന്ധുക്കളുടെയും ഉള്ള ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരാണ് അസോസിയേഷൻ ഭാരവാഹികൾ എന്നാണ് ഫ്‌ളാറ്റ് ഉടമകൾ തന്നെ മറുനാടനോട് പറഞ്ഞത്. ഇതുകൊണ്ട് തന്നെ ഫ്‌ളാറ്റ് ഉടമകളുടെ നിർദ്ദേശം പലരും തള്ളിക്കളഞ്ഞു. ഹീര ബാബു തങ്ങൾ അറിയാതെ ഫ്‌ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുത്ത് തിരികെ അടക്കാതിരുന്നാൽ അത് അടയ്ക്കാനുള്ള ബാധ്യത എങ്ങനെയാണ് തങ്ങളുടെ തലയിൽ വരുന്നത് എന്നാണ് പലരും തിരിച്ചു ചോദിച്ചത്. ഇതോടെ അസോസിയേഷനും പിൻവലിഞ്ഞു. ഈ ലോൺ അടച്ചാൽ തന്നെ ഫ്‌ളാറ്റുകൾ സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യാനുള്ള രേഖകൾ ഹീര ബാബു നൽകും എന്നുള്ളതിന് എന്ത് എന്ത് ഉറപ്പാണ് എന്ന് ചോദിച്ചപ്പോൾ അതിനും ഒരു മറുപടി അസോസിയേഷന് നൽകാനും കഴിഞ്ഞില്ല. ഇപ്പോൾ പല ഫ്‌ളാറ്റ് ഉടമകളും എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിൽ ഉഴറുകയാണ്.

സാധാരണ ഗതിയിൽ ഫ്‌ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ബിൽഡേഴ്‌സിന് കഴിയില്ല. ഫ്‌ളാറ്റുകൾക്ക് വേണ്ടി ഫ്‌ളാറ്റ് ഉടമകൾ ഓരോരുത്തരും ലോൺ എടുത്തതിനാൽ കെഎഫ്‌സിക്ക് ലോൺ കൊടുക്കാൻ കഴിയില്ല. ഹീര ലോൺ എടുക്കുന്ന സമയത്ത് കെഎഫ്‌സിയുടെ തലപ്പത്തുള്ളവർക്ക് ഫ്‌ളാറ്റുകൾ അനുവദിച്ച് നൽകിയിട്ടുണ്ട് എന്നാണ് ഫ്‌ളാറ്റ് ഉടമകളിൽ നിന്ന് തന്നെയുള്ള സംസാരം. മിക്കവരും ലോൺ എസ്‌ബിഐയിൽ നിന്നും എടുത്തിട്ടുണ്ട്. എസ്‌ബിഐ കൂടി അറിഞ്ഞാണ് ഹീര ബാബു അന്ന് ഈ കളികൾ കളിച്ചത് എന്ന സംശയവും ഫ്‌ളാറ്റ് ഉടമകൾക്കുണ്ട്. എസ്‌ബിഐ ഇത് എതിർക്കേണ്ടതായിരുന്നു. പക്ഷെ എസ്‌ബിഐ എതിർത്തില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഫ്‌ളാറ്റ് ഉടമകൾ ഉയർത്തുന്നത്.

ഹീരയുടെ സാമ്പത്തിക തട്ടിപ്പിന് സർക്കാർ സ്ഥാപനമായ കെഎഫ്‌സിയും കൂട്ട് നിന്നു എന്നു പലർക്കും മനസിലായി. ഇതോടെയാണ് കെഎഫ്‌സിയും ഹീര ബാബുവും ചേർന്ന് നടത്തിയ ചതിയിൽ തങ്ങൾ അകപ്പെട്ടിരിക്കുന്നുവെന്ന് ഫ്‌ളാറ്റ് ഉടമകൾ മനസിലാക്കിയത്. അസോസിയേഷൻ ഹൈക്കോടതിയിൽ ഈ കാര്യത്തിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ ഇതും സംശയ ദൃഷ്ടിയിലാണ് മിക്ക ഫ്‌ളാറ്റ് ഉടമകളും വീക്ഷിക്കുന്നത്.

സാമ്പത്തിക തട്ടിപ്പിന്നെതിരെ ഹീര ബാബുവിനെതിരെ കേസ് നൽകണം എന്നാണ് ഫ്‌ളാറ്റ് ഉടമകൾ അസോസിയേഷനിൽ ആവശ്യപ്പെട്ടത്. അതിനും അസോസിയെഷൻ തയ്യാറായിട്ടില്ല. പകരം കേസിൽ ബാബുവിനെ കേസിൽ കക്ഷി ചേർക്കുകയാണ് ചെയ്തത്. ഇപ്പോൾ കൊടുത്ത റിട്ട് പെറ്റീഷനിൽ പോലും ബാബുവുമായി ഒത്തുചേർന്നു ബാബുവിന്റെ വക്കീലിനെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ അസോസിയേഷനെ വിശ്വാസത്തിൽ എടുക്കാൻ ഫ്‌ളാറ്റ് ഉടമകൾ തയ്യാറായിട്ടില്ല. ഹീരയുടെ തട്ടിപ്പിൽ കുടുങ്ങിയ എം.കെ.എം.കുട്ടി മുംബൈയിൽ നിന്ന് മറുനാടനോട് പ്രതികരിച്ചതും ഹീര ബാബുവിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണ്.

സർവ സ്ഥലത്തും ഹീരയുടെ ആളുകൾ; എല്ലാം ഹീര സാമ്പത്തിക തട്ടിപ്പിനുപയോഗിച്ചു: എം.കെ.എം.കുട്ടി

ഞാൻ മുംബൈയിലാണ് താമസം. ഹീരയുടെ സ്വിസ്സ് ടൗൺ എന്ന ഫ്‌ളാറ്റ് സമുച്ചയ പരസ്യം കണ്ടു 2009ലാണ് ഫ്‌ളാറ്റ് ഞാൻ വാങ്ങുന്നത്. ലോൺ എല്ലാം ഞാൻ അടച്ചു കഴിഞ്ഞു. പക്ഷെ എന്റെ പേരിൽ പോക്ക് വരവ് ചെയ്ത് ലഭിച്ചിട്ടില്ല. വലിയ ചതിയാണ് നടത്തിയത്. എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകുന്നില്ല എന്ന് ചോദിച്ചപ്പോൾ റവന്യൂ റിക്കവറി നടപടികൾ ആണ് ചൂണ്ടിക്കാട്ടിയത്. 2014 ലാണ് റവന്യൂ റിക്കവറിയുടെ കാര്യം ഞാൻ അറിയുന്നത്. കെഎഫ്‌സി ഹീരയുടെ സ്വിസ് ടൗൺ പ്രോജക്ടിൽ റവന്യൂ റിക്കവറി നോട്ടീസ് പതിക്കുന്നത് വരെ ഈ രീതിയിൽ ഹീര ബാബു ലോൺ എടുത്ത കാര്യം അറിഞ്ഞിരുന്നില്ല.

ഇതോടെയാണ് എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ലെന്നു മനസിലാകുന്നത്. എനിക്ക് മാത്രമല്ല 200 ഓളമുള്ള ഫ്‌ളാറ്റ് ഉടമകളിൽ മിക്കവർക്കും പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ല. കെഎഫ്‌സിയിൽ ഹീരയുടെ ആളുകൾ. എസ്‌ബിഐയിൽ ഹീരയുടെ ആളുകൾ, രജിസ്‌ട്രേഷൻ ഓഫീസിൽ ഹീരയുടെ ആളുകൾ. എല്ലാ രീതിയിലും വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഹീര ബാബു. ഈ സ്വാധീനമെല്ലാം ഉപയോഗിച്ചാണ് ഹീര ബാബു തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇപ്പോൾ ലോൺ മുഴുവൻ അടച്ച് കഴിഞ്ഞിട്ടും ഫ്‌ളാറ്റ് എന്റെ പേരിലാക്കി മാറ്റാൻ സാധിച്ചിട്ടില്ല. ഹീര നടത്തിയ തട്ടിപ്പിന് കെഎഫ്‌സി കൂട്ട് നിന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇപ്പോൾ തുടർ നടപടികൾക്ക് ഞാൻ ആലോചന തുടങ്ങിയിരിക്കുകയാണ്-മുംബൈയിൽ നിന്ന് കുട്ടി മറുനാടനോട് പറഞ്ഞു. കെഎഫ്‌സി അധികൃതരെ ഈ കാര്യത്തിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP