Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹമോചനത്തിന് വ്യഭിചാരക്കുറ്റം മതിയായ കാരണമാകുന്നത് ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും പാഴ്‌സികൾക്കും; മുസ്ലീങ്ങൾക്ക് വിവാഹമോചനത്തിന് വ്യഭിചാരം കാരണമല്ല; ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വിവാഹമോചനത്തിന് വന്ധ്യത കാരണമാണെങ്കിൽ ക്രൈസ്തവർക്കും, പാഴ്‌സികൾക്കും അത് സാധ്യമല്ല; വിവേചനം അവസാനിപ്പിച്ച് ഏകീകൃത വിവാഹമോചന നിയമം തേടി സുപ്രീം കോടതിയിൽ ബിജെപി നേതാവിന്റെ ഹർജി; രാജ്യം നീങ്ങുന്നത് ഏകീകൃത സിവിൽ നിയമത്തിലേക്കോ?

വിവാഹമോചനത്തിന് വ്യഭിചാരക്കുറ്റം മതിയായ കാരണമാകുന്നത് ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും പാഴ്‌സികൾക്കും; മുസ്ലീങ്ങൾക്ക് വിവാഹമോചനത്തിന് വ്യഭിചാരം കാരണമല്ല; ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വിവാഹമോചനത്തിന് വന്ധ്യത കാരണമാണെങ്കിൽ ക്രൈസ്തവർക്കും, പാഴ്‌സികൾക്കും അത് സാധ്യമല്ല; വിവേചനം അവസാനിപ്പിച്ച് ഏകീകൃത വിവാഹമോചന നിയമം തേടി സുപ്രീം കോടതിയിൽ ബിജെപി നേതാവിന്റെ ഹർജി; രാജ്യം നീങ്ങുന്നത് ഏകീകൃത സിവിൽ നിയമത്തിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ ഏകീകൃത വ്യക്തിനിയമത്തിലേക്ക് നീങ്ങുകയാണോ? അതിലേക്കുള്ള വഴികൾ ഓരോന്നായി തുറക്കുകയാണ്. സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ പൊതുതാൽപര്യ ഹർജിയിലെ താൽപര്യവും ഇതുതന്നെ. ഏകീകൃത വിവാഹ മോചന നിയമം ആവശ്യപ്പെട്ടാണ് ഹർജി.

മത-ജാതിവർണ--ലിംഗ-ജനനസ്ഥലഭേദമില്ലാതെ ഭരണഘടനയുടെ അന്തസ്സത്തയ്ക്കും അന്താരാഷ്ട്ര കൺവൻഷനുകൾ നിഷ്‌കർഷിക്കും വിധവും വിവാഹമോചന നിയമങ്ങളിലെ പൊരുത്തക്കേടുകൾ നീക്കി എല്ലാ പൗരന്മാർക്കും ഏകീകൃതമാക്കണം-ഇതാണ് ഹർജിയിലെ മുഖ്യആവശ്യം.

വിവാഹമോചന നിയമങ്ങൾ സങ്കീർണം

രാജ്യത്തിന് സാതന്ത്ര്യം കിട്ടി 73 വർഷങ്ങൾ പിന്നിട്ടിട്ടും വിവാഹമോചന പ്രക്രിയകൾ വളരെ സങ്കീർണമാണ്. ഹിന്ദുക്കളും, ബുദ്ധമതക്കാരും, സിക്കുകളും, ജൈനന്മാരും വിവാഹ മോചനം തേടുന്നത് 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരമാണ്. മുസ്ലീങ്ങൾക്കും, ക്രൈസ്തവർക്കും, പാഴ്‌സികൾക്കും അവരവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. വ്യത്യസ്ത മതക്കാരായ ദമ്പതിമാർക്ക് 1956 ലെ പ്രത്യേക വിവാഹ നിയമപ്രകാരമാണ് വിവാഹമോചനം തേടേണ്ടത്. ഏതെങ്കിലും ഒരുപങ്കാളി വിദേശിയാണെങ്കിൽ 1969 ലെ ഫോറിൻ മാര്യേജ് ആക്റ്റ് പ്രകാരവും. അതുകൊണ്ട് തന്നെ രാജ്യത്തെ വിവാഹമോചനം ലിംഗപദവി നിഷ്പക്ഷമോ, മതനിഷ്പക്ഷമോ അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണത്തിന് ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും പാഴ്‌സികൾക്കും വിവാഹമോചനത്തിന് വ്യഭിചാരം മതിയായ കാരണമാണെങ്കിൽ മുസ്ലീങ്ങൾക്ക് അങ്ങനെയല്ല. ചികിത്സിച്ച് ഭേദമാക്കാനാവാത്ത കുഷ്ഠരോഗം ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും വിവാഹമോചനത്തിന് മതിയായ കാരണമാകുമ്പോൾ പാഴ്‌സികൾക്കും മുസ്ലീങ്ങൾക്കും അങ്ങനെയല്ല. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വിവാഹമോചനത്തിന് വ്യഭിചാരം കാരണമാകുമെങ്കിൽ ക്രൈസ്തവർക്കും, പാഴ്‌സികൾക്കും അത് സാധ്യമല്ല. പ്രായപൂർത്തിയാകും മുമ്പേയുള്ള വിവാഹം ഹിന്ദുക്കൾക്ക് വിവാഹമോചനത്തിന് മതിയായ കാരണമാകുമ്പോൾ ക്രൈസ്തവർക്കോ, പാഴ്‌സികൾക്കോ, മുസ്ലീങ്ങൾക്കോ അതനുവദിക്കുന്നില്ല-ഹർജിയിൽ പറയുന്നു.

നീതിയും, തുല്യതയും തുല്യാവസരവും ജനാധിപത്യ-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ സവിശേഷതകളാണെങ്കിലും, വിവാഹമോചനത്തിലെ മറ്റുപല വ്യവസ്ഥകളും ലിംഗപദവി നിഷ്പക്ഷമോ, മതനിഷ്പക്ഷമോ അല്ല. നിലവിലുള്ള വേർതിരിവുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. മറിച്ച് അവ പിതൃദായക്രമത്തെയും, വാർപ്പ് മാതൃകകളെയും അടിസ്ഥാനമാക്കിയവയാണ്. അത് സ്ത്രീപുരുഷ അസമത്വത്തിലേക്ക് നയിക്കുകയും, ആഗോളപ്രവണതകൾക്ക് വിരുദ്ധമാകുകകയും ചെയ്യുന്നു-ഹർജിയിൽ പറയുന്നു.

വിവേചനം അവസാനിപ്പിക്കാൻ കോടതി ഇടപെടണം

വിവാഹമോചനനിയമങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും, എല്ലാ പൗരന്മാർക്കും ഏകീകൃത വിവാഹമോചന നിയമത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും കളമൊരുക്കണമെന്നും അശ്വനി കുമാർ ഉപാദ്ധ്യായയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. ജോസ് പൗലോ കൂട്ടിനോ കേസിൽ ഏകീകൃത സിവിൽ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി തന്നെ ചൂണ്ടിക്കാണിച്ചതും ഹർജിയിൽ എടുത്തുപറയുന്നു.

വിവാഹമോചനം അനുവദിക്കാനുള്ള കാരണങ്ങളിലെ വിവേചനം ഭരണഘടനയുടെ 14,15, 21 വകുപ്പുകളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണം, ഒപ്പം മുഴുവൻ പൗരന്മാർക്കുമായി വിവേചനമില്ലാത്ത നിയമാവലി ആവിഷ്‌കരിക്കുകയും വേണം. വിവാഹമോചന നിയമങ്ങൾ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊള്ളുന്ന വിധമാണോ എന്ന് മൂന്നു മാസത്തിനകം പരിശോധിക്കാൻ നിയമ കമീഷനോട് ഉത്തരവിടണം.' -ഹർജി ആവശ്യപ്പെടുന്നു.

സുപ്രീം കോടതിയുടെ വിമർശനം ഇങ്ങനെ

2019 സെപ്റ്റംബർ 13 നുണ്ടായ സുപ്രീം കോടതി വിധിയിൽ ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാൻ ശ്രമങ്ങൾ നടക്കാത്തതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഗോവൻ സ്വദേശികളുടെ സ്വത്ത് തർക്ക കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമർശം.

സുപ്രീംകോടതിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ട് പോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാൻ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിമർശിച്ചു. ഗോവ മാത്രമാണ് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയിട്ടുള്ള ഏക സംസ്ഥാനം. മത വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യം അവകാശം ഉറപ്പാക്കാൻ ഗോവ സ്വീകരിച്ച നടപടികൾ മികച്ച ഉദാഹരണമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ഏകീകൃത വ്യക്തിനിയമം?

ജാതി-മത-വർഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിർമ്മാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവിൽ വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യയിൽ പിന്തുടരുന്നത്.

ഭരണഘടനയുടെ 44-ാം ഖണ്ഡികയിൽ ഏകീകൃത വ്യക്തിനിയമം ഇന്ത്യയിൽ നടപ്പാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു പറയുന്നു. എന്നാൽ സർക്കാരുകൾ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കാതെ വന്നപ്പോൾ സുപ്രീംകോടതിതന്നെ ഇക്കാര്യം പലപ്പോഴായി ആവശ്യപ്പെട്ടു. 1956ലെ പിന്തുടർച്ച അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവിൽകോഡ് കൊണ്ടു വരാൻ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഗോവ നിവാസികളുടെ പിന്തുടർച്ചാവകാശവും ആദായക്രമവും നിർണയിക്കുന്ന 1867 ലെ പോർച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമർശം. ഗോവൻ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോർച്ചുഗീസ് വ്യക്തി നിയമം, ഇന്ത്യൻ നിയമമോ രാജ്യാന്തര നിയമമോ എന്ന വിഷയമാണ് കോടതി പരിശോധിച്ചത്.

ഇന്ത്യയിൽ വിവിധ മതക്കാർക്കും ആ മതങ്ങളിലെ തന്നെ വിവിധ വിഭാഗങ്ങൾക്കും ജാതികൾക്കും ഒരേ നിയമമല്ല. വിവാഹം, സ്വത്തു കൈമാറ്റം, അവകാശം, പരമ്പരാഗത അധികാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ, ഇന്ത്യയിലെ എല്ലാ പൗരനും ഒരേ വ്യവസ്ഥ ബാധകമല്ല, പല പല വ്യവസ്ഥകളാണ് നിലവിൽ ഉള്ളത്. ഈ വിവിധ മതക്കാർക്ക് അച്ഛൻ അമ്മ, സഹോദരങ്ങൾ, ആദ്യഭാര്യ, രണ്ടാം ഭാര്യ, ആദ്യഭാര്യയിലെ മക്കളും മരുമക്കളും പേരക്കുട്ടികളും, രണ്ടാം ഭാര്യമക്കളും മരുമക്കളും പേരക്കുട്ടികളും തുടങ്ങിയ രക്ത ബന്ധക്കാർക്കും ബന്ധുക്കൾക്കും സ്വത്തവകാശങ്ങളിലും വ്യത്യസ്ത നിയമങ്ങൾ ഉണ്ട്.

ഇന്ത്യയിൽ ഒരു ഭാര്യ നിലവിലിരിക്കവേ നിയമപരമായി രണ്ടാം വിവാഹം സാധ്യമായ കാര്യമല്ല. ക്രൈസതവ, ഹിന്ദു നിയമങ്ങൾ ഇതിന് അനുവദിക്കുന്നില്ല. എന്നാൽ, മുസ്ലിം മതക്കാരന് നാലു ഭാര്യമാരെ വരെ ഒരേ സമയം നില നിർത്താം. മതവും മത നിയമങ്ങളും മത വിശ്വാസങ്ങളും ആധുനിക ഇന്ത്യയിലെ നിയമസംവിധാനവ്യവസ്ഥയിലെ നിയമങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഏകീകൃതമായ സിവിൽ നിയമം വേണമെന്ന ആവശ്യം ഉയരുന്നത്. കാലങ്ങളായി ഉയരുന്നതാണ് ഈ ആവശ്യം. വോട്ടു ബാങ്ക് ഭയന്ന് ഈ ആവശ്യം മാറിമാറി വരുന്ന സർക്കാറുകളൊന്നും നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP