Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

താങ്കളുടെ നേട്ടങ്ങളിലും ആ വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തോട് യാത്ര പറഞ്ഞപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ആ നീർത്തുള്ളികളെ താങ്കൾ തടഞ്ഞുനിർത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്; സോഷ്യൽ മീഡിയയിൽ വിരമിക്കുമെന്ന് പറഞ്ഞവരെ 'മനോരോഗി' എന്ന് വിളിച്ചത് ഓര്ക്കുന്നു; ധോണിയുടെ വിരമിക്കലിൽ അതിവൈകാരിക പോസ്റ്റുമായി ഭാര്യ സാക്ഷി ധോണി

താങ്കളുടെ നേട്ടങ്ങളിലും ആ വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തോട് യാത്ര പറഞ്ഞപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ആ നീർത്തുള്ളികളെ താങ്കൾ തടഞ്ഞുനിർത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്; സോഷ്യൽ മീഡിയയിൽ വിരമിക്കുമെന്ന് പറഞ്ഞവരെ 'മനോരോഗി' എന്ന് വിളിച്ചത് ഓര്ക്കുന്നു; ധോണിയുടെ വിരമിക്കലിൽ അതിവൈകാരിക പോസ്റ്റുമായി ഭാര്യ സാക്ഷി ധോണി

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ക്രിക്കറ്റ് ലോകത്തു നിന്നുള്ള മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിൽ അതിവൈകാരിക പോസ്റ്റുമായി ഭാര്യ സാക്ഷി ധോണി. ഭർത്താവിന് ആശംസ നേർന്നു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തത് അതിവൈകാരികതകൾ നിറഞ്ഞ വാക്കുകളാണ്. സാക്ഷിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിരമിക്കലിനെ കുറിച്ചു സംസാരിക്കാൻ ധോണി താൽപ്പര്യപ്പെട്ടിരുന്നില്ലെന്നാണ് സാക്ഷിയുടെ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കുന്ന കാര്യം.

ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരണവുമായി സാക്ഷി രംഗത്തെത്തിയത്. ക്രിക്കറ്റിനായി തന്നേക്കൊണ്ടാകുന്നതെല്ലാം ചെയ്ത ധോണിയെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങളിൽ ധോണിയെ പ്രതി അഭിമാനിക്കുന്നുവെന്നും സാക്ഷി കുറിച്ചു. അമേരിക്കൻ സാഹിത്യകാരി മായ എയ്ഞ്ചലോയുടെ വരികളും സാക്ഷി ചേർത്തിട്ടുണ്ട്.

'താങ്കൾ നേടിയ കാര്യങ്ങളെ ഓർത്ത് തീർച്ചയായും അഭിമാനിക്കണം. ക്രിക്കറ്റിനായി തന്നാലാകുന്നതെല്ലാം ചെയ്തതിന് അഭിനന്ദനങ്ങൾ. താങ്കളുടെ നേട്ടങ്ങളിലും ആ വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തോട് യാത്ര പറഞ്ഞപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ആ നീർത്തുള്ളികളെ താങ്കൾ തടഞ്ഞുനിർത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്. ഭാവി ജീവിതത്തിൽ ആയുരാരോഗ്യവും സന്തോഷവും നേരുന്നു.'

'നിങ്ങൾ പറയുന്ന കാര്യങ്ങൾ ആളുകൾ മറന്നേക്കാം, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും മറന്നേക്കാം. പക്ഷേ, അവർക്ക് നിങ്ങൾ സമ്മാനിക്കുന്ന അനുഭൂതി എക്കാലവും നിലനിൽക്കും മായ എയ്ഞ്ചലോ' സാക്ഷി കുറിച്ചു.

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ധോണി വിരമിക്കുന്നതായി അഭ്യൂഹമുയർന്നപ്പോൾ രൂക്ഷ പ്രതികരണവുമായി സാക്ഷി രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇത്തരം അഭ്യൂഹം പ്രചരിപ്പിക്കുന്നവർ മനോരോഗികളാണ് എന്നായിരുന്നു സാക്ഷിയുടെ വാക്കുകൾ. #DhoniRetires എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ധോണിയുടെ വിരമിക്കൽ ചർച്ച സജീവമായതോടെയാണ് സാക്ഷി പ്രതികരിച്ചത്. 'ഇതൊക്കെ വെറും അഭ്യൂഹങ്ങളാണ്. ലോക്ഡൗൺ ചിലർക്കു മാനസിക പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു' സാക്ഷി ട്വിറ്ററിൽ കുറിച്ചു. എന്നാൽ, അധികം വൈകാതെ സാക്ഷി തന്നെ ഇതു പിൻവലിക്കുകയും ചെയ്തു.

ആദ്യമായല്ല ധോണിയുടെ വിരമിക്കൽ വാർത്തകൾക്കു നേരെ സാക്ഷി പ്രതികരിച്ചത്. 2019 സെപ്റ്റംബറിൽ സമാന സാഹചര്യത്തിലും സാക്ഷി ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ധോണിയുടെ വിരമിക്കൽ പോസ്റ്റിൽ രണ്ട് ഇമോജികൾ ഇട്ടുകൊണ്ടായിരുന്നു സാക്ഷി ധോണി പ്രതികരിച്ചത്. രണ്ട് ഇമോജികളിലൂടെ മാത്രമാണ് സാക്ഷിയുടെ പ്രതികരണം. ഒന്ന് ഹൃദയത്തിന്റെ ഇമോജിയും, മറ്റൊന്ന് തൊഴുകൈയുടെ ഇമോജിയുമായിരുന്നു.

ധോണിയോടുള്ള ആദരവും സ്നേഹവും വ്യക്തമാക്കുന്നതാണ് ഹൃദയത്തിന്റെ ഇമോജി. ധോണി ആരാധകർക്കുള്ള നന്ദിയാണ് തൊഴുകൈ എന്നാണ് സാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് വിലയിരുത്തുന്നത്.ധോണിക്കൊപ്പം എപ്പോഴും കാണുന്ന മുഖമാണ് ഭാര്യ സാക്ഷിയുടേത്. സമൂഹമാധ്യമങ്ങളിൽ ധോണിയെക്കാൾ സജീവമാണ് സാക്ഷി. കുടുംബത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും സാക്ഷി ധോണി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇതിന് പുറമെ വിമർശനങ്ങളിൽ ഭർത്താവിനെ പ്രതിരോധിച്ച് രംഗത്തെത്താറുമുണ്ട് സാക്ഷി. 2010 ജൂലൈ നാലിനാണ് ധോണിയും സാക്ഷിയും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരി ആറിന് ഇവർക്ക് സിവ എന്ന മകൾ പിറന്നു.

ശനിയാഴ്ച വൈകിട്ടാണ് ഇൻസ്റ്റഗ്രാമിലൂടെ ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 15 വർഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരം ഇതാണ് വിരമിക്കാനുള്ള കൃത്യസമയം എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.ധോണിയുടെ വിരമിക്കൽ അടുത്തിടെ ചർച്ചയായിരുന്നു.വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വൈകാരിക പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP