Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നയുടെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു; താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ; ലോക്കർ തുടങ്ങാൻ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതും ശിവശങ്കർ; അനധികൃത ഇടപാടുകളിൽ സ്വപ്നയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എത്തിയതിൽ ദുരൂഹത; താൻ അനുസരിച്ചത് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങളെന്ന് വേണുഗോപാലും

സ്വപ്‌നയുടെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു; താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ; ലോക്കർ തുടങ്ങാൻ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതും ശിവശങ്കർ; അനധികൃത ഇടപാടുകളിൽ സ്വപ്നയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എത്തിയതിൽ ദുരൂഹത; താൻ അനുസരിച്ചത് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങളെന്ന് വേണുഗോപാലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപന സുരേഷിന്റെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത. സ്വർണ്ണക്കടത്തുമായി സജീവമാകും മുമ്പ് തന്നെ സ്വപ്ന ലോക്കർ തുറന്നിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ ലോക്കർ തുടങ്ങാൻ സ്വപ്നയെ സഹായിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ആയിരുന്നു. സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിലയായിരുന്നു. അതേസമയം സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരിൽ തുറന്ന ഈ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു.

എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത ഇടപാടുകൾക്ക് വേണ്ടിയാണ് ലോക്കർ തുറന്നതെന്നാണ് കരുതുന്നത്. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വേളയിൽ നിരവധി കമ്മീഷൻ ഇടപാടുകൾ സ്വപ്‌ന നടത്തി എന്നാണ് പുറത്തുവരുന്ന വിവരം. ഇതുവഴി ലഭിച്ച പണം ചെലവിടാനും മറ്റുമാണ് സ്വപ്‌ന ലോക്കർ ഉപയോഗിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. പണം സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ വേണുഗോപാൽ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വേണുഗോപാൽ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. ഈ ലോക്കർ ഇടപാടുകളെ കുറിച്ചാണ് ഇന്നലെ എൻഫോഴ്‌മെന്റ് എം ശിവശങ്കരനിൽ നിന്നും ചോദിച്ചറിഞ്ഞത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

വേണുഗോപാൽ ബാങ്ക് ലോക്കർ തുറന്നു പലതവണ പണമെടുത്തിട്ടുണ്ട്. സ്വപ്‌ന നിർദ്ദേശിക്കുന്നവർക്ക് പണം കൊടുത്തതായുമാണ് വേണുഗോപാൽ പറയുന്നത്. അതേസമയം പൂവാറിലെ സഹകരണ ബാങ്കിലും സ്വപ്‌നയ്ക്ക് വലിയ അരക്കോടിയോളം നിക്ഷേപം ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന മറ്റൊരു നിർണായക വിവരം. ഇതിന് സഹായകമായത് ബാങ്കിലെ തന്നെ ഉന്നതന്റെ ഇടപെടൽ മൂലമെന്ന് സൂചനയും പുറത്തുവന്നിരുന്നു. സരിത്തിന്റെ അടുത്ത ബന്ധുവായ ഈ ഉന്നതൻ വഴിയാണ് സ്വപ്നയും സരിത്തും പൂവാറിൽ എത്തി അക്കൗണ്ട് തുടങ്ങുന്നത്. കോൺഗ്രസ് എ വിഭാഗത്തിലെ പ്രബലനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ സാംദേവാണ് കഴിഞ്ഞ 30 വർഷമായി ബാങ്കിലെ പ്രസിഡന്റ്.

സാംദേവിന്റെ അതിവിശ്വസ്തരിൽ ഒരാളായ ബാങ്ക് ഉദ്യോഗസ്ഥ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്വപ്നയ്ക്കായി അക്കൗണ്ട് ഓപ്പൺ ചെയ്തത് . അന്ന് ബാങ്കിൽ രാജകീയ സ്വീകരണം തന്നെ സ്വപ്നക്ക് ഒരുക്കിയതായി ബാങ്ക് ജീവനക്കാർ ഓർക്കുന്നു . സ്വപ്ന യു.എ.ഇ കോൺസുലേറ്റിലെ ഉന്നത എന്ന നിലയിൽ ബാങ്കിൽ വൻ നിക്ഷേപം വരാൻ പോകുന്നുവെന്നും അന്ന് പറഞ്ഞ് കേട്ടിരുന്നു. അന്ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എത്തിയതല്ലാതെ സ്വപ്ന പിന്നീട് ഇങ്ങോട്ട് എത്തിയിട്ടില്ലെന്നതാണ് വസ്തുത. പണം നിക്ഷേപിക്കുന്നതും മറ്റും അറിയില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇതെല്ലാം ചെയ്യുന്നത് സെക്രട്ടറിയാണെന്നും വിശദീകരിക്കുന്നു.

ബാങ്കിലെ വിശ്വസ്ത തന്നെ സ്വപ്നയുടെ ചെക്കുകളും വേണ്ടി വന്നാൽ രജിസ്റ്റർ പോലും തിരുവനന്തപുരത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങിയിരുന്നു വെന്നാണ് വിവരം. എൻ.ഐ.എയുടെയും എൻഫോഴ്സ്മെന്റിന്റെയും കണ്ടെത്തലും സ്വപ്നയുടെ മൊഴിയും പ്രകാരം ഇവർക്ക് ഈ ബാങ്കിൽ 24.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ഇത് മരവിപ്പിക്കാൻ അന്വേഷണ ഏജൻസി നിർദ്ദേശം നൽകി കഴിഞ്ഞു. പലപ്പോഴായി സ്വപ്ന പണം നിക്ഷേപിച്ചതായും 2020 ഫെബ്രുവരിയിൽ അവസാനമായി 7.5 ലക്ഷം രൂപ നിക്ഷേപിച്ചതായും അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ സ്വപ്നക്ക് ഇവിടെ കള്ളപ്പേരിൽ കോടികളുടെ നിക്ഷേപം ഉണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് എൻഫോഴ്സ് മെന്റ് . റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാത്തതിനാൽ സഹകരണ ബാങ്ക് സെക്രട്ടറിയോ ഉന്നത ഉദ്യോഗസ്ഥനോ വിചാരിച്ചാൽ പല പേരുകളിൽ നിക്ഷേപം തുടങ്ങാം. ബാങ്ക് അധികൃതർ വിചാരിച്ചാലെ കണ്ടു പിടിക്കാനാവൂ. ടാക്സ് വെട്ടിക്കകയും ആകാം. അതുകൊണ്ടാണ് കള്ളപ്പണക്കാരുടെ പ്രധാന നിക്ഷേപ കേന്ദ്രം സഹകരണ ബാങ്കുകളാണന്ന് ആർ ബി ഐ യും കേന്ദ്ര സർക്കാരും സംശയം പ്രകടിപ്പിക്കുന്നത്.

പൂവാർ സഹകരണ സംഘത്തിലെ ഉന്നതനും കൂടാതെ ബാങ്ക് പ്രസിഡന്റും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വപ്നയുടെ മാത്രമല്ല സരിത്തിന്റെയും കണക്കിൽ പ്പെടാത്ത പണം പല പേരുകളിലായി ഈ ബാങ്കിലുണ്ടെന്നാണ് സംശയം .ബാങ്ക് രേഖകൾ പ്രകാരം സരിത് ഇവിടെ 1.96 ലക്ഷം നിക്ഷേപിച്ചു. ഇതിൽ നിന്നും 1 ലക്ഷം വായ്പ എടുത്തതായും പറയുന്നു. നാൽപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പൂവാർ സഹകരണ ബാങ്കിന്റെ വളർച്ച കഴിഞ്ഞ 5 വർഷത്തിനിടയിലാണന്ന് നാട്ടുകാർ പറയുന്നു.

സ്വപ്നയും സരിത്തും മാത്രമല്ല ജില്ലയിലെ പല പ്രമുഖരുടേയും പണം ഈ ബാങ്കിലുണ്ട്. സ്വപ്നയുടെ നിക്ഷേപം പുറത്തു വന്നതോടെ സഹകരണ വകുപ്പും ബാങ്കിലെ ഇടപാടുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട് അടുത്ത ദിവസം തന്നെ നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ ബാങ്കിലെത്തി രേഖകൾ പരിശോധിച്ചേക്കും. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾ 20 തവണയായി 200 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. 2019 നവംബറിനും 2020 ജനുവരിക്കുമിടയിലാണ് 100 കോടിയിലധികം മൂല്യമുള്ള സ്വർണക്കടത്തു നടത്തിയത്.യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാനുള്ള തുക ഹവാല ഇടപാടുകളിലൂടെയാണ് കൈമാറിയത്. സ്വർണക്കടത്തിനു പിന്നിൽ വലിയൊരു ശൃംഖലയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP