Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം ശിവശങ്കരനെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ തുടങ്ങി; പ്രധാനമായും അന്വേഷണം സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്; രണ്ട് ലോക്കറുകളിൽ നിന്നായി കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും; ലൈഫ് മിഷൻ ഇടപാടിലെ ഒരു കോടി കമ്മീഷൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെയോ എന്നത് നിർണായകം; ഹവാല ബന്ധവും കുരുക്കാകുമ്പോൾ ശിവശങ്കരൻ അറസ്റ്റിലേക്കോ?

എം ശിവശങ്കരനെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ തുടങ്ങി; പ്രധാനമായും അന്വേഷണം സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്; രണ്ട് ലോക്കറുകളിൽ നിന്നായി കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും; ലൈഫ് മിഷൻ ഇടപാടിലെ ഒരു കോടി കമ്മീഷൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെയോ എന്നത് നിർണായകം; ഹവാല ബന്ധവും കുരുക്കാകുമ്പോൾ ശിവശങ്കരൻ അറസ്റ്റിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യൽ തുടരുകയാണ്.

രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. ലൈഫ് മിഷൻ വഴി കിട്ടിയ കമീഷനാണ് ഒരു കോടിയെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു. കൂടാതെ, അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറഞ്ഞിരുന്നു.

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാൻ എം ശിവശങ്കർ യുഎഇയിൽ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ സ്വപ്നാ സുരേഷിന്റെ ഹവാല ഇടപാടുകൾ ശിവശങ്കറിന് വിനയാകുമെന്നാണ് സൂചനയുണ്ട്. അതുകൊണ്ട് തന്നെ എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ നൽകിയ മറുപടികൾ എൻഫോഴ്സ്മെന്റ് വിശ്വസിച്ചിട്ടില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എൻഫോഴ്‌സ്‌മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. സ്വപ്നയും സന്ദീപും സരിത്തും 17-ാം തിയതി വരെയാണ് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുമ്പ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യുകയാണ് ഇഡിയുടെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്.

സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ ഒരു കോടി സ്വപ്ന സൂക്ഷിച്ചത് ശിവശങ്കറിന്റെ അറിവോടെയാണ് എന്ന സൂചനയുണ്ട്. അതാണ് വിനയായി മാറുന്നത്. ശിവശങ്കറിന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നുണ പരിശോധന നടത്തി എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ശിവശങ്കറുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിക്കുകയാണ്. മറുപടികളിൽ പൊരുത്തക്കേടുകൾ കണ്ടപ്പോഴാണു 'ലൈ ഡിറ്റക്ടർ' ഉപയോഗിച്ചത് എന്നാണ് മാധ്യമ വാർത്തകൾ.

തെളിവുണ്ടെങ്കിൽ അപ്പോൾത്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു എൻ.ഐ.എയ്ക്കു ലഭിച്ച നിർദ്ദേശം. നുണപരിശോധനാ ഫലം ഡി.ഐ.ജി: കെ.ബി. വന്ദന വിശകലനം ചെയ്തു. പൊരുത്തക്കേടുകൾ കൂടുതൽ പരിശോധിക്കുന്നുണ്ടെന്നും വാർത്തയുണ്ട്. പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെയും നുണപരിശോധനയ്ക്കു വിധേയരാക്കി. തീവ്രവാദ ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്. തീവ്രവാദക്കേസിൽ എൻ.ഐ.എ. പ്രതിചേർത്തവരുമായും നിരീക്ഷണത്തിലുള്ളവരുമായും ബന്ധപ്പെടുത്താവുന്ന ചില വിവരങ്ങൾ റമീസിൽനിന്നു ലഭിച്ചതായാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP