Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗളൂരുവിൽ നിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം താമസിപ്പിച്ചത് തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ; എൻഐഎ കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലും; കസ്റ്റംസിന്റെ കസ്റ്റഡിയിൽ കടത്തിലെ ആസൂത്രകയെ കിട്ടും മുമ്പ് ജയിലിൽ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് അന്വേഷണ അട്ടിമറിക്കോ? പൊലീസുകാരന്റെ ടവർ ലൊക്കേഷനുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും; സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ ഇടപെടലിന് ശ്രമമെന്ന സംശയം ശക്തം

ബംഗളൂരുവിൽ നിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം താമസിപ്പിച്ചത് തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ; എൻഐഎ കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലും; കസ്റ്റംസിന്റെ കസ്റ്റഡിയിൽ കടത്തിലെ ആസൂത്രകയെ കിട്ടും മുമ്പ് ജയിലിൽ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് അന്വേഷണ അട്ടിമറിക്കോ? പൊലീസുകാരന്റെ ടവർ ലൊക്കേഷനുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും; സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ ഇടപെടലിന് ശ്രമമെന്ന സംശയം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്നയെ ജയിലിൽ രഹസ്യമായി സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എൻ.ഐ.എ.യിൽനിന്നു കസ്റ്റംസിന്റെ കസ്റ്റഡിയിലേക്ക് കിട്ടുംമുമ്പായിരുന്നു സന്ദർശനം. കേസിൽ എങ്ങനെ മൊഴി നൽകണമെന്ന കാര്യത്തിൽ സ്വപ്‌നയ്ക്ക് ട്രെയിനിങ് കൊടുക്കാനായിരുന്നോ ഉദ്യോഗസ്ഥൻ എത്തിയതെന്നാണ് അന്വേഷിക്കുന്നത്. തൽകാലം ഈ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ട് മൊഴി എടുക്കില്ല.

ഈ ഉദ്യോഗസ്ഥന്റെ സന്ദർശന ഉദ്ദേശ്യമാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബംഗളൂരുവിൽ നിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിലാണു പാർപ്പിച്ചിരുന്നത്. ഇതിനുശേഷം എൻ.ഐ.എ. കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലായിരുന്നു. ഇതു കഴിഞ്ഞാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ കിട്ടുന്നത്. ഇതിനിടയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം. ബംഗളൂരുവിലേക്ക് സ്വപ്ന പോയത് പൊലീസിന്റെ സഹായത്തോടെയാണ് എന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജയിൽ സന്ദർശനം.

സന്ദർശനത്തിന് അവസരമൊരുക്കിയവർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. ജയിലിൽ പൊലീസുകാരെ കയറ്റുന്നത് ചട്ട ലംഘനമാണ്. ജയിലിലെ സിസിടിവിയും പൊലീസ് പരിശോധിച്ചേക്കും. പൊലീസിനെ പരമാവധി അകറ്റി നിർത്തിയാണ് എൻഐഎ സ്വർണ്ണ കടത്തിൽ അന്വേഷണം നടത്തുന്നത്. വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. ഇതിനിടെയാണ് പൊലീസുകാരൻ സംശയ നിഴലിലാകുന്നത്. പൊലീസിൽ സ്വപ്‌നയ്ക്ക ഉന്നത ബന്ധങ്ങളുണ്ടെന്ന് കോടതിയിലും എൻഐഎ സംഘം വിശദീകരണം നൽകിയിരുന്നു. അതുകൊണ്ട് തന്നെ പൊലീസുകാരന്റെ ജയിൽ സന്ദർശനത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്.

സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യമായ സ്വാധീനമുണ്ടെന്ന് (കൺസിഡറബിൾ ഇൻഫ്‌ളുവൻസ്) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഇഡി വ്യക്തമാക്കി. സ്വപ്നയെ ചോദ്യം ചെയ്തപ്പോൾ ശിവശങ്കറുമായുള്ള അടുപ്പം വ്യക്തമാക്കിയിരുന്നു. പ്രളയദുരിതാശ്വാസ സഹായത്തിനു സംസ്ഥാന ഭരണത്തിന്റെ തലപ്പത്തുള്ളവർ യുഎഇയിലുണ്ടായിരുന്ന 2018 ഒക്ടോബർ 17നും 21നും ഇടയ്ക്ക്, ശിവശങ്കറും സ്വപ്നയുമായി അവിടെ കൂടിക്കാഴ്ചകൾ നടന്നു. സ്വപ്നയുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് ശിവശങ്കറിന് നല്ലവണ്ണം അറിയാമായിരുന്നുവെന്നും സ്വപ്ന, സന്ദീപ്, സരിത് എന്നിവരുടെ കസ്റ്റഡി നീട്ടാൻ നൽകിയ അപേക്ഷയിൽ ഇഡി പറഞ്ഞു.

ഉന്നതരുമായി ബന്ധമുണ്ടെന്നു 3 പ്രതികൾ നൽകിയ മൊഴി അന്വേഷിക്കുന്നു. ബന്ധമുള്ള മറ്റു വ്യക്തികളെയും ഗുണം ലഭിച്ചവരെയും സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ട്. സ്വപ്നയടക്കമുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും അപേക്ഷയിൽ പറയുന്നു. 3 പ്രതികളെയും കോടതി തിങ്കളാഴ്ച വരെ ഇഡിയുടെ കസ്റ്റഡിയിൽ നൽകി. ഇഡിയിൽ നിന്ന് എൻഐഎയും കസ്റ്റംസും വീണ്ടും സ്വപ്നയെ ചോദ്യം ചെയ്യലിനായി വാങ്ങാനാണ് സാധ്യത. അതിന് ശേഷം ജയിലിലെത്തിയ പൊലീസുകാരൻ ഉൾപ്പെടെയുള്ളവർക്കിതിരെ പ്രത്യക്ഷ അന്വേഷണം തുടരും. ഈ വിഷയത്തിൽ സ്വപ്‌ന നൽകുന്ന മൊഴിയും അതിനിർണ്ണായകമാണ്.

യുഎഇ കോൺസിലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജിലൂടെ സ്വർണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കിൽ ഇതാവശ്യപ്പെട്ട് കോൺസുലേറ്റ് സംസ്ഥാന സർക്കാരിന് കത്തുകൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസറാണ് ഈ കത്ത് പരിഗണിച്ച് അനുമതി നൽകേണ്ടത്. ഈ അനുമതി ലഭിച്ചാൽ മാത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകൾ കൊണ്ടുവരാൻ സാധിക്കൂ. ആ നിലക്ക് സർക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വർണം കടത്തിയിരിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പുറത്ത് വിടണം.അതുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞ് മാറാൻ ഒരിക്കലും കഴിയില്ല-ചെന്നിത്തല പറഞ്ഞു.

യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ സ്വർണം കടത്തിയതാണ് കസ്റ്റംസ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല എന്നിരിക്കെ ഈ 23 തവണയും കള്ളക്കടത്ത് നടന്നത് സംസ്ഥാന സർക്കാരിന്റെ അറിവോട് കൂടെ തന്നെയാണ് എന്നു വരുന്നു. അതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ വീണ്ടുമെത്തിയതും ചീഫ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതും. ഇതെല്ലാം അതീവ ഗൗരവ സ്വഭാവത്തിലുള്ള കാര്യങ്ങളാണ്. സർക്കാർ അനുമതി നൽകിയതിലൂടെ മാത്രമാണ് കള്ളക്കടത്ത് സംഘത്തിന് നിർബാധം നയതന്ത്രചാനലിലൂടെ സ്വർണം കടത്താൻ കഴിഞ്ഞത് അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ് നിൽക്കാൻ കഴിയില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ കള്ളക്കടത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് തെളിഞ്ഞ് വരേണ്ടതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെ വിവാദം കത്തുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജയിൽ സന്ദർശനത്തിൽ അന്വേഷണം വരുന്നത്. സ്വപ്നയെ കൊണ്ട് കോൺഗ്രസ് നേതാക്കളുടെ പേരു പറയിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ കണ്ടെത്തെലുകൾ അതീവ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP