Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്

ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രണ്ടുവർഷം മുൻപ് മുക്കുട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന് സൂചന. ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നും വിവരം പരസ്യമാക്കിയതോടെ അന്വേഷണം കുഴഞ്ഞു മറിഞ്ഞുവെന്നും പറയുന്നു. ലോക്ഡൗൺ കഴിയുന്നതോടെ ജസ്ന കേസിൽ ശുഭവാർത്ത ലഭിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിയാണ് മൂന്നു മാസം മുൻപ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിന് പിന്നാലെ അന്വേഷണ ചുമതല കൂടത്തായി കേസ് തെളിയിച്ച് ഹീറോ ആയി മാറിയ കെജി സൈമണിന് കൈമാറുകയായിരുന്നു.

തെളിയാതെ കിടക്കുന്ന കേസുകൾ തെളിയിക്കുന്നതിൽ ത്രിൽ കണ്ടെത്തുന്ന കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റതിന് തൊട്ടു പിന്നാലെ ജെസ്നയുടെ കേസിൽ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. നിലവിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തറിനാണുള്ളത്. ഇതിന് സമാന്തരമായി എസ്‌പിയെന്ന നിലയിൽ സ്വന്തമായി സൈമൺ അന്വേഷണം നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ജെസ്നയെപ്പറ്റിയുള്ള നിർണായക സൂചനക ൾ ലഭിച്ചത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ സൂചന കിട്ടിയത് എന്നാണ് വിവരം. പുരുഷ സുഹൃത്തിനൊപ്പം നാടുവിട്ട ജെസ്ന ചെന്നൈയിലെ മതപഠന കേന്ദ്രത്തിലാണുള്ളതെന്നാണ് വിവരം. തനിക്ക് കിട്ടിയ സൂചനകൾ എസ്‌പി, ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോമിൻ തച്ചങ്കരി ശുഭവാർത്ത വരുന്നുവെന്ന് സൂചിപ്പിച്ചത്. വിവരം ചോർന്നതിൽ പരിഭവം അറിയിച്ച സൈമണിന് തന്നെ അന്വേഷണ ചുമതല കൈമാറുകയായിരുന്നു. നവംബറിൽ കെജി സൈമൺ സർവീസിൽ നിന്ന് വിരമിക്കും. അതിന് മുൻപായി ജെസ്നയെ കണ്ടുപിടിക്കുമെന്ന വാശിയിൽ തന്നെയാണ് അദ്ദേഹം.

ജസ്‌നയുടെ തിരോധാനം ഇങ്ങനെ

2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്‌നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്‌ജെഫിമോൾ.

ഇതാണ് പശ്ചാത്തലം. 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്‌നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്.

ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.

പിന്നെ കഥകളുടെ പ്രവാഹമായിരുന്നു. ജെസ്‌നയെ തമിഴ്‌നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു...ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്‌ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്‌നയെ കണ്ടു.

പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബർ സെല്ലിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ സെൽ ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ച് ജെസ്‌ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളിൽ പിടിയിലാകുമെന്നും പറഞ്ഞു. എന്നാൽ, അവസാന നിമിഷം അവൾ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെൺകുട്ടി ജീവനോടെയുണ്ട്. അന്വേഷണം വഴിമുട്ടിയതോടെ ക്രൈംബ്രാഞ്ച് വന്നു. ഒന്നും നടന്നില്ല. ജെസ്‌നയെ സംബന്ധിച്ച് ഏറ്റവും വിശ്വസനീയമായ അവസാനത്തെ വിവരം പുറത്തു വിട്ടത് മറുനാടനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP