Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ രോഗികളുടെ കോൾ ഡീറ്റെയ്ൽസ് പൊലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യം; ഇത് ഗുരുതരമനുഷ്യാവകാശ ലംഘനം; രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല; കേരളത്തെ സർവെയ്‌ലൻസ് സ്റ്റേറ്റാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ; സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിയുടെ ഓൺലൈൻ ക്ലാസ് കേട്ടപ്പോൾ ചെകുത്താൻ വേദം ഓതുന്ന പോലെ തോന്നിയെന്നും രമേശ് ചെന്നിത്തല

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ രോഗികളുടെ കോൾ ഡീറ്റെയ്ൽസ് പൊലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യം; ഇത് ഗുരുതരമനുഷ്യാവകാശ ലംഘനം; രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല; കേരളത്തെ സർവെയ്‌ലൻസ് സ്റ്റേറ്റാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ; സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിയുടെ ഓൺലൈൻ ക്ലാസ് കേട്ടപ്പോൾ ചെകുത്താൻ വേദം ഓതുന്ന പോലെ തോന്നിയെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ജനങ്ങളുടെ ഫോൺ കോൾ ഡീറ്റെയ്ൽസ് പൊലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല. ഗുരുതരമായ മനുഷ്യവകാശ ലംഘനമാണ് കേരള പൊലീസ് ചെയ്യുന്നത്. കേരളത്തെ ഒരു സർവെയ്‌ലൻസ് സ്റ്റേറ്റാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. സ്പ്രിങ്ളർ ഇപ്പോഴും ഡാറ്റ ശേഖരിക്കുന്നുവെന്ന് കോടതിയിൽ പറഞ്ഞവർ പിന്നെന്തിനാണ് പൊലീസിനെക്കൊണ്ട് ഇത്തരത്തിൽ നിയമവിരുദ്ധമായി പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത്? ഇത് ഭരണഘടനാലംഘനമാണ്.

രോഗം ഒരാളുടെയും മനുഷ്യവകാശങ്ങൾ റദ്ദ് ചെയ്യുന്നില്ല. ഫോൺകോൾ വിശദാംശങ്ങൾ പൊലീസിന് കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായിട്ട് മാത്രമേ കലക്റ്റ് ചെയ്യാനാകൂ. ഇവിടെ എവിടെയാണ് കുറ്റകൃത്യം? ആരാണ് കുറ്റവാളി? രോഗം ഒരു കുറ്റമല്ല, രോഗി ഒരു കുറ്റവാളിയുമല്ല. ഇക്കാര്യത്തിൽ പൊലീസ് ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നത്.

ടെലിഗ്രാഫ് ആക്ട് സെക്ഷന് 5(2) പ്രകാരമാണ് പൊലീസിന് ഫോൺ കോൾ ഡിറ്റെയിൽസ് എടുക്കാവുന്നത്. ഇത് സംബന്ധിച്ച നിയമം എന്ത് എന്ന് മുഖ്യമന്ത്രിക്ക് വായിച്ചു മനസിലാക്കാവുന്നതാണ്. ഇതേ വിഷയം സബന്ധിച്ച് 2019 ഫെബ്രുവരി 12 ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സ്പഷ്ടീകരണവും വായിച്ചു മനസിലാക്കാം. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ 29.6.2020ന് ഇറക്കിയ സർക്കുലർ എങ്കിലും വായിക്കണം. സെക്ഷൻ 5(2) Telegraph Act പ്രകാരം മാത്രമേ പൗരന്മാരുടെ സ്വകാര്യതയിലേക്ക് സർക്കാരിന് കടന്ന് കയറാനാവൂ.

ടെലിഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള രാജ്യ സുരക്ഷ, രാജ്യത്തിന്റെ അഖണ്ഡതാസംരക്ഷണം, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത, ക്രമസമാധാനപാലനം എന്നിവയെ അടിസ്ഥാനമാക്കിയേ പൊലീസിന് നടപടിക്രമങ്ങൾ പാലിച്ചു പ്രതികളെന്ന് സംശയിക്കുന്നവരുടെ കോൾ ഡീറ്റെയിൽസ് എടുക്കാൻ പാടുള്ളൂ. രോഗം എങ്ങനെയാണ് ഇതിൽ ഉൾപ്പെടുക ? പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ പോലും കൈവയ്ക്കാൻ പൊലീസിന് എന്താണ് ധൈര്യം നല്കുന്നത്. എന്തു മനുഷ്യവകാശലംഘനത്തിനും പിന്തുണ നല്കുന്ന സർക്കാറാണ് ഇവിടെയുള്ളത്.

ഈ മാസം പതിനൊന്നിനു ഡി.ജി.പി ഇറക്കിയ നിർദ്ദേശങ്ങൾ പ്രകാരം വളരെ നാളുകളായിത്ത
ന്നെ ജനങ്ങളുടെ CDR അഥവാ Call Details Records പൊലീസ് എടുത്തു കൊണ്ടിരിക്കുകയാണ്. ഈ സർക്കുലറിൽത്തന്നെ ബി എസ് എൻ എല്ലിൽ നിന്നും കൃത്യമായി വിവരങ്ങൾ ശേഖരിക്കണം എന്നും, വോഡഫോൺ അത് കൃത്യമായി നൽകുന്നില്ല എന്നും ആണ് പറയുന്നത്? അപ്പോൾ കുറേ മാസങ്ങൾ ആയി ഈ പരിപാടി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി വൈകിട്ടത്തെ പത്ര സമ്മേളനത്തിൽ ഇത് സമ്മതിക്കുകയും ചെയ്തു. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് സർക്കാർ പരസ്യപ്പെടുത്തണം. ആരാണീ നിയമവിരുദ്ധമായ നിർദ്ദേശം നൽകിയത്?

സ്റ്റേറ്റും ഒരു പൗരനും തമ്മിലുള്ള ബന്ധത്തിന് പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങൾ ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. പൗരന്റെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും പരമപ്രധാനമായാണ് ഈ രാജ്യങ്ങൾ കാണുന്നത്. അതിനായിട്ടാണ് ഇന്ത്യയിലും ഈ വിഷയങ്ങളിൽ നിയമങ്ങളുണ്ടായിട്ടുള്ളത്. പൗരന്റെ സ്വകാര്യത ലംഘിച്ചതിന് സ്റ്റേറ്റിനെതിരെ എത്രയോ കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയുടെ Article 21 ന്റെ ലംഘനമാണ് ഇപ്പോൾ ഇവിടെ നടന്നിട്ടുള്ളത്.പുട്ടസ്വാമി കേസിൽ, Right to Privacy എന്നാൽ Right to Life എന്ന Article 21 ന്റെ പരിധിയിൽ വരും എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണിത്. Police High handedness ആണ് ഇവിടെ നടക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവരെ ശത്രുക്കളായി കണ്ടുള്ള ഒരു നിലപാടാണ് കോവിഡ് പ്രതിരോധത്തിൽ കേരളം നേരത്തേ സ്വീകരിച്ചിരുന്നത്. പിന്നീട് പ്രവാസികളായി ശത്രുക്കൾ. ഇപ്പോഴിതാ എല്ലാ രോഗികളും പിണറായി സർക്കാറിന്റെ ശത്രുവും കുറ്റവാളിയുമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള രോഗപ്രതിരോധ രീതിയാണ് വേണ്ടത്. ഏതെങ്കിലും പൗരൻ Epidemics Act ൽ പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെങ്കിൽ, അവർ നിസ്സഹകരിക്കുന്നെങ്കിൽ മാത്രം, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. എപ്പിഡമിക് ആക്റ്റിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ? വ്യക്തികളിൽ നിന്നും informed consent വാങ്ങിയിട്ടുണ്ടോ ? ചീഫ് സെക്രട്ടറിയോ ഹോം സെക്രട്ടറിയോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ? മുഖ്യമന്ത്രിയും ഡി ജി പിയും മാത്രമറിഞ്ഞാണോ ഈ ഉത്തരവ് ഇറങ്ങിയത്. അസുഖം വന്നവരെ മുഴുവൻ കുറ്റവാളികളായി കണ്ട് അവരുടെ സ്വകാര്യത അപഹരിക്കുകയല്ല വേണ്ടത് എന്നോർക്കുക. ഇക്കാര്യത്തിൽ കുറ്റക്കാർക്കതെതിരെ ശക്തമായ നടപടിയെടുക്കണം. ഉത്തരവ് പിൻവലിക്കണം.

പൊലീസിന്റെ ബലത്തിൽ നടത്തിയ ഈ സ്വകാര്യതാ ലംഘനത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പൊലീസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ചു നല്കേണ്ട ചുമതല ടെലികോം കമ്പനികൾക്കും ഇല്ല. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം സെക്ഷൻ 26 പ്രകാരം മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. മുഖ്യമന്ത്രിയും DGP യും നേതൃത്വം നൽകുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും ഓർമിപ്പിക്കുന്നു.

സൈബർ ആക്രമണം മുഖ്യമന്ത്രിക്കുള്ള മറുപടി

1. ഇന്നലെ മുഖ്യമന്ത്രിയുടെ ഓൺലൈൻ ക്ലാസ്സ്, സൈബർ ആക്രമണങ്ങളെക്കുറിച്ച് ആയിരുന്നു. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല, കേട്ടപ്പോൾ ചെകുത്താൻ വേദം ഓതുന്ന പോലെ തോന്നി. ഹിംസയുടെ പ്രവാചകൻ, അഹിംസയെക്കുറിച്ച് വാചാലനാകുന്ന പോലെ ആയിരുന്നു അത്.

2. സമൂഹത്തിലായാലും, സാമൂഹ്യ മാധ്യമങ്ങളിലായാലും, ഹിംസയുടെ പ്രഭവകേന്ദ്രം, പിണറായി വിജയൻ ആണ്.

3. യഥാ രാജ:, തഥാ പ്രജ, രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. നമുക്ക് അറിയാം, വീട്ടിൽ, അച്ഛനമ്മമാരെ കണ്ടാണ് മക്കൾ പഠിക്കുന്നത്. ഇവിടെ എന്താണ് പിണറായി വിജയൻ അണികളെ, പറഞ്ഞും, പ്രവർത്തിച്ചും പഠിപ്പിച്ചത്?

4. റ്റി പി ചന്ദ്രശേഖരനേയും, ഷുഹൈബിനെയും കൃപേഷിനേയും, ഷുക്കൂറിനേയും, ശരത് ലാലിനേയും, മനുഷ്യത്വം മരവിക്കുന്ന രീതിയിൽ അരിഞ്ഞ് വീഴ്‌ത്തിയപ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ ആരുടെ കയ്യിൽ ആയിരുന്നു. പിണറായി വിജയന്റെ കയ്യിൽ.

5. നമുക്ക് ആർക്കെങ്കിലും ആലോചിക്കാൻ സാധിക്കുന്ന കാര്യമാണോ, ജീവനുള്ള ഒരു മനുഷ്യനെ മഴു ഉപയോഗിച്ച് വെട്ടുക എന്നത്? ഒരു മനുഷ്യ ശരീരത്തിൽ കത്തി കുത്തി ഇറക്കുക എന്നത്?

6. നമുക്ക് ആർക്കെങ്കിലും അൻപത്തി ഒന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്നിട്ട്, പിറ്റേന്ന് അയാൾ കുലംകുത്തിയാണെന്നും, അയാൾ കൊല്ലപ്പെടേണ്ട ആൾ തന്നെ എന്ന മട്ടിൽ സംസാരിക്കാൻ സാധിക്കുമോ?

7. എന്താണ് അതുകൊലയാളികൾക്ക് നൽകുന്ന സന്ദേശം? ആ കൊലക്കേസിലെ പ്രതി മരിച്ചപ്പോൾ, സംസ്ഥാന മുഖ്യമന്ത്രിതന്നെ അയാളെ വീര പുരുഷനായി ചിത്രീകരിക്കുന്നു. അത് സമൂഹത്തിൽ നൽകിയ സന്ദേശം എന്താണ്? ഹിംസയെ മഹത്വവൽകരിക്കുകയല്ലേ പിണറായി വിജയൻ ചെയ്തത്? ഷുഹൈബിന്റെയും ശരത് ലാലിന്റെയും, കൃപേഷിന്റെയും കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാൻ ഡൽഹിയിൽ നിന്ന് കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടു വന്നപ്പോൾ, എന്ത് സന്ദേശം ആണ് കൊലയാളികൾക്ക് നൽകിയത്? നിങ്ങൾ കൊലയാളികളെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും ഈ സർക്കാർ പോകും എന്നല്ലേ? ധൈര്യമായി മുന്നോട്ട് പൊയ്‌ക്കൊള്ളൂ, സർക്കാർ ഒപ്പം ഉണ്ടെന്ന് അല്ലേ, ആ സന്ദേശം?

8. ഇതേ നടപടി ആണ് സൈബർ ഇടങ്ങളിലും നടക്കുന്നത്. എവിടെ ആണ് ഇതിന്റെ തുടക്കം എന്ന് നോക്കാം. ആരാണ് പൊതു മധ്യത്തിൽ അധിക്ഷേപകരമായ വാക്കുകൾ പ്രചാരപ്പെടുത്തിയത്?

9. നികൃഷ്ട ജീവി എന്ന് ഒരു വൈദികനെ വിളിച്ചതാരാണ്?
പരനാറി എന്ന് ഒരു രാഷ്ട്രീയ പ്രതിയോഗിയെ വിളിച്ചതാരാണ്?
മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതാര്?

10. എതിരാളികളെ എന്തും പറയാം എന്ന മാതൃക കാണിച്ചു കൊടുത്തതാരാണ്? എല്ലാം പിണറായി വിജയൻ ആണ് .ഈ മനോഭാവം തന്നെയാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് നേരേ നടക്കുന്ന അക്രമങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

11. മാധ്യമ പ്രവർത്തകരെ പത്ര സമ്മേളനം വിളിച്ച് മുഖ്യമന്ത്രി അധിക്ഷേപിക്കുന്നു. ശിഷ്യന്മാർ സമൂഹ മാധ്യമങ്ങളിലൂടെ അവരെ തെറി വിളിക്കുന്നു. മുഖ്യമന്ത്രിയെ അനുകരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.

12. അതുകൊണ്ട് പിണറായി വിജയൻ തന്റെ ശൈലി മാറ്റാതെ കേരളത്തിൽ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ല. കാരണം കമ്യൂണിസ്റ്റ് പാർട്ടിയെ നിലനിർത്തുന്ന അടിസ്ഥാന ഘടകം, തൊഴിലാളി വർഗ്ഗ സ്‌നേഹവും, വൈരുദ്ധ്യാത്മക ഭൗതികവാദവും ഒന്നുമല്ല. ഭയം ആണ്. ഭയപ്പെടുത്തി കൂടെ നിർത്തുക, ഭയപ്പെടുത്തി എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക, എതിരാളികളെ ഉന്മൂലനം ചെയ്യുക. സമൂഹത്തിലും, സമൂഹ മാധ്യമങ്ങളിലും പേരുള്ള ഐഡി വഴിയും വ്യാജ പ്രൊഫൈലുകൾ വഴിയും സൈബർ ഗുണ്ടകൾ നിറഞ്ഞാടുകയാണ്.

14. വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ മാത്രമല്ല ഇവർ വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെ, പ്രവാസിയായ ആന്തൂരിലെ സാജന്റെ വിധവയെ എത്ര മനുഷ്യത്വമില്ലാത്ത തരത്തിലാണ് സിപിഎം സൈബർ ഗുണ്ടകൾ വ്യക്തിഹത്യ ചെയ്തത്? ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വനിതാ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ വ്യക്തിജീവിതവും കുടുംബജീവിതവും ശിഥിലമാക്കുന്ന സൈബർ ആക്രമണങ്ങളെ ക്കുറിച്ച് ചോദിക്കുമ്പോൾ സിപിഎമ്മിനെതിരായ സൈബർ ആക്രമണങ്ങളെകുറിച്ച് പറഞ്ഞു തിരിച്ചു പറയുകയാണ് ചെയ്യുന്നത്.അവർ ചെയ്യുന്നതു കൊണ്ട് ഞങ്ങളും ചെയ്യുന്നു എന്ന് പറയുന്ന സിപിഎം സെക്രട്ടറിയെയാണ് ഇന്നലെ മുഖ്യമന്ത്രിക്കസേരയിൽ കണ്ടത്.

15. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ പ്രവർത്തകരോടും മാധ്യമസ്വാതന്ത്ര്യത്തോടും എന്തൊരു സ്നേഹമാണ് സിപിഎമ്മിന്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വെറുതെ വായിട്ടടിച്ചു കൊണ്ടിരിക്കും. എന്നാൽ ഭരണത്തിലേറിയാൽ മാധ്യമങ്ങളെ തെറിയഭിഷേകം നടത്തുകയും ചെയ്യും.

16. മുഖ്യമന്ത്രിയുടെ സദാചാര പ്രസംഗം കേട്ടാൽ ആർക്കും ലജ്ജ തോന്നും. കായംകുളം എംഎ‍ൽഎ മാധ്യമ പ്രവർത്തകരെ വിശേഷിപ്പിച്ചത് എന്താണ്? ശരീരം വിറ്റ് നടക്കുന്നവർ എന്നല്ലേ? ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുപ്പിനിടയിൽ പൂതനയെന്ന് വിളിച്ചതാരാണ്?

17. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യം പറഞ്ഞ മുഖ്യമന്ത്രി വേങ്ങര ഉപതിരഞ്ഞടുപ്പിന്റെ കാര്യം മറന്നു പോയോ? ആ വോട്ടെടുപ്പ് ദിവസം രാവിലെ അല്ലേ സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു എന്ന മട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ അപവാദ വർഷം നടത്തിയത്.

18. ചാരക്കേസിനെക്കുറിച്ചും നമ്പി നാരായണനെക്കുറിച്ചും ഇന്നലെ അദ്ദേഹം പറയുന്നത് കേട്ടു. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഫലമാണ് ചാരക്കേസ് എന്നാണ് അദ്ദേഹം കണ്ടു പിടിച്ചിരിക്കുന്നത്.എന്നാൽ ചാരക്കേസ് ആദ്യം റിപ്പോർട്ട് ചെയ്തത് സിപിഎം മുഖപത്രമായ ദേശാഭിമാനി ആണെന്നാണ് ആ പത്രം തന്നെ അഭിമാനപൂർവ്വം അവകാശപ്പെടുന്നത്. ചാരക്കേസ് റിപ്പോർട്ടിംഗിൽ ഏറ്റവും മുന്നിൽ നിന്നതും ദേശാഭിമാനിയാണ്. ദേശാഭിമാനി അടക്കമുള്ള പത്രങ്ങളെ പഴിക്കുകയും, ഏഷ്യാനെറ്റിൽ നിന്ന് മാത്രമാണ് നീതി ലഭിച്ചതെന്ന് കൈരളി ചാനലിൽ നടന്ന ചർച്ചയിൽ കഴിഞ്ഞ ദിവസം നമ്പി നാരയാണൻ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഏഷ്യാനെറ്റിനെയാണ് ഇപ്പോൾ സി പി എം ബഹഷ്‌കരിച്ചിരിക്കുന്നത്്.

19. രാജാവ്നഗ്നനാണെന്ന് വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരെ അസഭ്യം പറയുന്നതിന് പകരം മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് സ്വന്തം ഓഫീസ് രാജ്യദ്രോഹികളുടെ താവളം ആക്കാതിരിക്കുകയായിരുന്നു.

20. സാമൂഹ്യ മാധ്യമങ്ങളിലെ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കേരളം പ്രതീക്ഷിച്ച മറുപടി, സൈബർ ബുള്ളിയിങ് അവസാനിപ്പിക്കാനും അത്തരക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളുമാണ്. പക്ഷെ സിപിഎമ്മുകാരും ഇടത് അനുഭാവികളും സാമൂഹ്യമാധ്യമങ്ങളിൽ നേരിടുന്ന വിമർശനങ്ങളുടെ നീണ്ട പട്ടികയാണ് പിണറായി വിജയൻ വിവരിച്ചത്. മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നു പറയേണ്ട കാര്യങ്ങൾ അല്ല. സൈബർ ആക്രമണം തടയാനും നിരുൽസാഹപ്പെടുത്താനും സ്വീകരിച്ച നടപടികളെക്കുറിച്ചാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറയേണ്ടിയിരുന്നത്.

മാധ്യമപ്രവർത്തകർ തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാതിരുന്നാൽ നിങ്ങൾ ആക്രമക്കപ്പെടുകയില്ലെന്ന ധ്വനിയിലാണ് പിണറായി സംസാരിച്ചുതുടങ്ങിയത്. ഒരേ സമയം ധൈര്യപൂർവ്വം ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കാനുള്ള ആഹ്വാനവും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകരോടുള്ള താക്കീതുമായിരുന്നു പിണറായി വിജയന്റെ വാക്കുകളിൽ

20. സൈബർ ആക്രമണം നടത്തുകയും വ്യക്തിഹത്യ ചെയ്യുന്നവർക്ക് എതിരെയും ശക്തമായ പൊലീസ് നടപടിയുണ്ടാകും എന്ന വാചകങ്ങൾ ആണ് കേരളം ഇന്നലെ പ്രതീക്ഷിച്ചത്. അതുണ്ടായില്ല എന്ന് മാത്രമല്ല സിപിഎമ്മിനെതിരായി സൈബർ പ്രചരണം ചൂണ്ടിക്കാട്ടി പ്രതിരോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എം എം മണിയുടെയും പിവി അൻവറിന്റെയും ഭാഷ കടമെടുത്തു സൈബർ ബുള്ളിയിങ് നടത്തുന്ന സഖാക്കളെ പിണറായി വിജയൻ ചെയ്യേണ്ടത്. എന്റെ നിയമസഭാ പ്രസംഗത്തിനൊപ്പം ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജുവിന്റെ വ്യാജഓഡിയോ പ്രചരിപ്പിച്ച കോടംതുരുത്ത് എൽ സി സെക്രട്ടറി ഉദയകുമാറിന് എതിരെ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ എന്ത് നടപടിയെടുക്കുമെന്ന് കണ്ടറിയണം. മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട നൂറോളം ഉദ്യോസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിനെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടിയെടുത്തത് നാമമാത്രമായാണ്.

21. ഇത്തരം സൈബർ ആക്രമണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നാണ് എനിക്ക് യു ഡി എഫ് പ്രവർത്തകരോട് പറയാനുള്ളത്. ഈ അഭ്യർത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും നടത്തണം. അവർ അത് അനുസരിച്ചാൽ ഈ പ്രശ്‌നം ഇവിടെ അവസാനിക്കും. അത് അദ്ദേഹം അടുത്ത പത്ര സമ്മേളനത്തിലെങ്കിലും പറയുമെന്ന് ഞാൻ കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP