Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു; യാത്രമധ്യേ യുവതിയുടെ നില വഷളായതോടെ ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കി; മികച്ച അടിയന്തര പരിചരണം നൽകി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി; കോവിഡ് പോസിറ്റിവായ യുവതിക്ക് സുഖപ്രസവം; മാതൃകയായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു; യാത്രമധ്യേ യുവതിയുടെ നില വഷളായതോടെ ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കി; മികച്ച അടിയന്തര പരിചരണം നൽകി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി; കോവിഡ് പോസിറ്റിവായ യുവതിക്ക് സുഖപ്രസവം; മാതൃകയായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. എന്നാൽ യാത്രമധ്യേ യുവതിയുടെ നില വഷളായതോടെ ആംബുലൻസ് ജീവനക്കാർ ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മികച്ച അടിയന്തര പരിചരണം നൽകി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലൻസ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിദ്ധഘട്ടത്തിൽ ജീവനക്കാർ നടത്തിയ സേവനം വളരെ വലുതാണ്. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഇത്തരം സേവനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ 7.20 നോടടുത്താണ് സംഭവം നടന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്നും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ യുവതിയെ എത്തിക്കാനായാണ് 108ൽ വിളിച്ചത്. ഉടൻ തന്നെ മുള്ളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് സ്ഥലത്തെത്തി. 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റോബിൻ ജോസഫ്, പൈലറ്റ് ആനന്ദ് ജോൺ എന്നിവർ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം യുവതിയെ ആംബുലൻസിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. വനിതാ നഴ്സിന്റെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വഴിയിൽ നിന്ന് കനിവ് 108 ആംബുലൻസിലെ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ എസ്. ശ്രീജയും ആംബുലൻസിൽ കയറി.

ആംബുലൻസ് പയ്യന്നൂർ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. തുടർന്ന് ശ്രീജ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കി. ഇതോടെ ആംബുലൻസ് റോഡ് വശത്ത് നിർത്തിയ ശേഷം എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരായ റോബിൻ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തിൽ 8.23ന് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. ഇതിന് ശേഷം ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ 108 ആംബുലൻസ് ജീവനക്കാർ പി.പി.ഇ. കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പ്രസവ ശുശ്രൂഷ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP