Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരന്തഭൂമിയിൽ പറന്നിറങ്ങി മുഖ്യനും ഗവർണറും; ആനച്ചാലിലെ സ്വകാര്യ റിസോർട്ടിലെ ഹെലിപാഡിൽ പറന്നിറങ്ങിയ മുഖ്യൻ പെട്ടിമുടി സന്ദർശിക്കുക കാറിൽ; ഗവർണറും റവന്യു മന്ത്രിയും ഡിജിപിയും അടങ്ങുന്ന സംഘം മുഖ്യനൊപ്പം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും; ദുരന്തസ്ഥലത്തെ സന്ദർശനത്തിന് ശേഷം ടീ കൗണ്ടി റിസോർട്ടിൽ ഉന്നത തലയോഗവും; ദുരന്തബാധിതരെ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം ഉയരുമ്പോൾ രാജമല സന്ദർശനവുമായി മുഖ്യൻ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി:ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തി. ഹെലികോപ്റ്ററിൽ ആനച്ചാലിലെ സ്വകാര്യ റിസോർട്ടിന്റെ ഹെലിപ്പാഡിലാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്.ഗവർണർ, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. ദുരന്തഭൂമി മുഖ്യമന്ത്രി തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് ഇടയിലാണ് മുഖ്യന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
ആനച്ചാലിൽ നിന്ന് 40 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പെട്ടിമുടിയിൽ എത്തേണ്ടത്. വൻ പൊ്‌ലീസ് സന്നാഹത്തോടെയാണ് ാത്ര

സ്ഥിതിഗതികൾ നേരിട്ടുവിലയിരുത്തുകയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ആനച്ചാലിൽ വന്നിറങ്ങിയ മുഖ്യമന്ത്രി നേരെ പെട്ടിമുടിയിൽ സന്ദർശനം നടത്തും. തുടർന്ന് ടീ കൗണ്ടി റിസോർട്ടിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.

അതേ സമയം രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറാംദിവസമായ ബുധനാഴ്ച ദുരന്തസ്ഥലത്തുനിന്ന് നാല് കിലോമീറ്റർ അകലെ പത്തുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 82 പേർ അപകടത്തിനിരയായ ദാരുണസംഭവത്തിൽ മരണസംഖ്യ 55 ആയി. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായ ഒമ്പത് കുട്ടികളിൽ അഞ്ചുപേരുടെ മൃതദേഹം ഇതുവരെ ലഭിച്ചു.

പെട്ടിമുടി നയമക്കാട് എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ ചെല്ലദുരൈയുടെ ഭാര്യ സുമതി(50), കണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നാദിയ(12), ഭാരതിരാജയുടെ മകൾ ലക്ഷണശ്രീ (ഒമ്പത്) എന്നിവരുടെ മൃതദേഹങ്ങൾ പെട്ടിമുടി പുഴയോട് ചേർന്ന് മണ്ണിനടിയിൽ നിന്നാണ് ലഭിച്ചത്. ഗ്രാവൽ ബാങ്കിനു സമീപത്ത്കൂടി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും നടത്തിയ തിരിച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവിടെ നിന്നു മാത്രം ഇതുവരെ 14 മൃതദേഹം കിട്ടി.

രണ്ടുമണ്ണുമാന്തി യന്ത്രങ്ങൾ അപകടസ്ഥലത്തും മറ്റുള്ളവ ഗ്രാവൽബാങ്ക് പ്രദേശത്തും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വ്യാഴാഴ്ചയും തെരച്ചിൽ തുടരും. തണുത്ത കാലാവസ്ഥയിൽ പുഴയിൽ കിടക്കുന്ന മൃതദേഹങ്ങളിൽ നിന്നും ഗന്ധം വമിക്കാനിടയില്ലാത്തത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി ദേവികുളം സബ് കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ആഗ്സത് ആറിന് രാത്രിയുണ്ടായ ദുരന്തത്തിൽ നിന്നും പന്ത്രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിൽ മൂന്നുപേർ വീതം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നാർ ജനറൽ ആശുപത്രിയിലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP