Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്ന സർഫാസി നിയമം; കടക്കാരനെ ഒഴിപ്പിച്ച് വസ്തുവും കെട്ടിടവും പിടിച്ചെടുക്കാനുള്ള അധികാരം പാവങ്ങളിൽ പ്രയോഗിക്കാൻ തയ്യാറെടുത്ത് ബാങ്കുകൾ; കൊറോണക്കാലത്തെ പരിഗണനയും സാധാരണക്കാർക്ക് കിട്ടില്ല; ഇനി കുടിയൊഴിപ്പിക്കലുകളുടെ കാലം; കേരളത്തിൽ 26,000 പേർക്കെതിരെ ഉടൻ നടപടി വരും; വായ്പ തിരിച്ചു പിടിക്കാൻ ക്രൂര നിയമം വീണ്ടം എത്തുമ്പോൾ

വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്ന സർഫാസി നിയമം; കടക്കാരനെ ഒഴിപ്പിച്ച് വസ്തുവും കെട്ടിടവും പിടിച്ചെടുക്കാനുള്ള അധികാരം പാവങ്ങളിൽ പ്രയോഗിക്കാൻ തയ്യാറെടുത്ത് ബാങ്കുകൾ; കൊറോണക്കാലത്തെ പരിഗണനയും സാധാരണക്കാർക്ക് കിട്ടില്ല; ഇനി കുടിയൊഴിപ്പിക്കലുകളുടെ കാലം; കേരളത്തിൽ 26,000 പേർക്കെതിരെ ഉടൻ നടപടി വരും; വായ്പ തിരിച്ചു പിടിക്കാൻ ക്രൂര നിയമം വീണ്ടം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് നേരിട്ട് ജപ്തി നടത്താൻ അധികാരം നൽകുന്ന 2002 -ലെ നിയമമാണ് 'സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്'. ചുരുക്കി പറഞ്ഞാൽ സർഫാസി. കടക്കാരനെ ഒഴിപ്പിച്ച് വസ്തുവും കെട്ടിടവും പിടിച്ചെടുക്കാനുള്ള അധികാരം ബാങ്കുകൾക്ക് നൽകുന്ന നിയമം. ഇനി ഈ നിയമത്തെ പറ്റിയാകും കേരളത്തിലെ ചർച്ചകൾ.

വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികൾ വരിക. മറ്റ് വായ്പകളിൽ മുടക്കംവരുത്തിയ തവണകൾ അടച്ചാൽ പുനഃക്രമീകരിച്ച് കിട്ടും. എന്നാൽ വസ്തു പണയം വയ്ക്കുന്ന വായ്പകളിൽ ഇത് ലഭ്യമാകില്ല. ബാങ്കുകളുടെ കൊള്ളലാഭം എടുക്കാനുള്ള മനസ്സാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കൊറോണ ദുരിതത്തിൽ പെട്ട നിരവധി പേർക്ക് ഈ നിയമം കുരുക്കായി മാറും.

ലോക് ഡൗൺ കാരണം നിർത്തിവെച്ച സർഫാസി നടപടി ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് പുനരാരംഭിക്കുകയാണ്. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നൽകിത്തുടങ്ങി. മാർച്ചിലാണ് നടപടികൾ നിർത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തിൽ പുനഃക്രമീകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സർഫാസി നിയമപ്രകാരമുള്ള വായ്പകളിൽ ഒരിളവും ഇല്ല. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ദുരിതം കൂടും. 26,000 പേർക്കെതിരെ ഉടൻ നടപടിയുണ്ടാകും. ഇത് സാമൂഹികമായി തന്നെ വലിയ ചർച്ചയ്ക്കും വഴി വയ്ക്കും.

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കൾക്കും പുനഃക്രമീകരണത്തിന് അവസരം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് ആരും പരിഗണിച്ചില്ല. അതുകൊണ്ട് തന്നെ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഈ നിയമം ഉണ്ടാക്കും.

സാധാരണ വായ്പകളിൽ ബാക്കിയുള്ള തവണകൾ ക്രമത്തിൽ പിന്നീട് അടച്ചാൽ മതിയാകും. സർഫാസിയിൽ 90 ദിവസം തവണ മുടങ്ങിയാൽ വായ്പയിൽ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാൻ അവസരമില്ല. ഈ ചട്ടം പരിഷ്‌കരിക്കണമെന്ന ആവശ്യം പല കോണിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ ബാങ്കുകളുടെ ഇടപെടൽ മൂലം ഇതിന് കഴിയുന്നില്ല. സ്വകാര്യ ബാങ്ക് ലോബികളാണ് ഇതിന് പിന്നിലുള്ളത്.

രാജ്യത്ത് 10 ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാൽ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സർഫാസി നടപടികൾ തുടങ്ങും. കേരളത്തിൽ വിവിധ ജപ്തികൾക്ക് എതിരേയുള്ള ഹർജികൾ പരിഗണിച്ച് ഹൈക്കോടതി നടപടികൾ ഫെബ്രുവരിയിൽ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. അതുകൊണ്ട് തന്നെ വസ്തു ഏറ്റെടുക്കലിന്റെ തടസ്സവും മാറി. തീർത്തും സാധാരണക്കാരോടുള്ള ദ്രോഹമാണ് സർഫാസി.

മാർച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ അഞ്ഞൂറോളം വസ്തുക്കൾ സർഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മെയ്‌ വരെ സർഫാസി പ്രകാരം 651 പേരുടെ വസ്തുക്കൾ ജില്ലാ ബാങ്കുകൾ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളിൽ സർഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു.

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പെരുകിവന്ന കാലത്താണ് 'സർഫാസി' നിയമം വരുന്നത്. നരസിംഹം കമ്മിറ്റിയുടെയും അന്ത്യാർജുന കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് 2002ൽ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്. 1980ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ ചരിത്രവിധിയും നിയമത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ബാങ്ക് ഓഫ് കൊച്ചിനിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയ സാഹചര്യത്തിൽ ജോളി ജോർജ് എന്നയാളെ ജയിലിൽ അടയ്ക്കണമെന്ന വിധിയാണു സുപ്രീം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്.

വായ്പ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ബാങ്കുകൾക്കു സാമൂഹിക പ്രതിബദ്ധതയും മാനുഷിക പരിഗണനകളും തീർച്ചയായും ഉണ്ടാകേണ്ടതാണ്. നിസ്സാരക്കാരുടെ ഒന്നോ രണ്ടോ വായ്പകളുടെ റിക്കവറിയെക്കാൾ, വലിയ ബാധ്യത വരുത്തുന്ന വൻകിടക്കാരുടെ പക്കൽനിന്നുള്ള റിക്കവറിക്കാവണം മുൻതൂക്കമെന്ന വാദമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. എന്നാൽ പാവങ്ങളെ മാത്രമേ സർഫാസി നിയമം ഉപയോഗിച്ച് എല്ലാ ബാങ്കുകളും ദ്രോഹിക്കാറുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP