Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കിൽ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നതെന്ന് വിലയിരുത്തൽ; തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി; കണക്കുകളിൽ മരണം 126; ഒഴിവാക്കിയത് 102 മരണങ്ങൾ; കൊറോണയിലും വിവാദം

കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കിൽ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നതെന്ന് വിലയിരുത്തൽ; തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി; കണക്കുകളിൽ മരണം 126; ഒഴിവാക്കിയത് 102 മരണങ്ങൾ; കൊറോണയിലും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നുവെന്ന ആരോപണത്തിന് കരുത്ത് പകർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടപെടൽ. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ ഇതുവരെ കോവിഡ് മരണം 126 ആണ്. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുപ്രകാരം 228 പേർ കോവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലെ കോവിഡ് കണക്കുളിൽ തെറ്റുകൾ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുടെ ഇടപെടൽ.

കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നു സർക്കാർ ഒഴിവാക്കുന്നതിനെതിരെയാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി നിലപാട് എടുക്കുന്നത്. തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തരംതിരിവു നടത്തുന്ന വാർത്തകൾ സജീവമായി തന്നെ ചർച്ചയായിരുന്നു. എന്നാൽ ഇതിനെ വ്യാജ പ്രചരണമെന്ന തരത്തിലാണ് സർക്കാർ വിലയിരുത്തിയത്. ഇതിനിടെയാണ് വിദഗ്ധ സമിതിയും തള്ളി പറയുന്നത്. കണക്കിൽപ്പെടാതെ 102 മരണം കേരളത്തിൽ സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.

മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ കോവിഡിലെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശമാണു പാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ഇതിലേക്കാണ് വിദഗ്ധ സമിതി സംശയങ്ങളുമായി എത്തുന്നത്. കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങൾ പറയാതെ മാനദണ്ഡങ്ങൾ മാറ്റുന്നതു പൊതു, ശാസ്ത്ര സമൂഹങ്ങളിൽ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് വിദഗ്ധ സമിതി പറയുന്നു.

ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നടപടികൾ തിരുത്തണം. ശാസ്ത്രീയമായ മാർഗരേഖ തയാറാക്കണമെന്നാണ് ആവശ്യം. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സർക്കാർ മാനദണ്ഡങ്ങൾ മാറ്റിയത്.

കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് സംസ്ഥാന സർക്കാർ. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. ഇതാണ് വിവാദങ്ങൾക്ക് ഇടനൽകുന്നത്.

തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ജൂലൈ 31 വരെയുള്ള മരണം 34 ആണ്. എന്നാൽ സർക്കാർ കണക്കിൽ 22 മാത്രമാണുള്ളത്. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്‌കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ മാത്രം നടത്തിയെന്നതാണ് വസ്തുത. ഇതിൽ 6 എണ്ണമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നതും വിവാദമാണ്.

കോവിഡ് മരണങ്ങൾ തീരുമാനിക്കുന്നതു ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശപ്രകാരമാണെന്ന സർക്കാരിന്റെ വിശദീകരണം ശരിയല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു രോഗങ്ങളുള്ളവർ കോവിഡ് ബാധിച്ചു മരിച്ചാൽ അതു കോവിഡ് കണക്കിൽപ്പെടുത്തേണ്ടെന്നു ലോകാരോഗ്യ സംഘടനയോ കേന്ദ്ര ആരോഗ്യ വകുപ്പോ പറഞ്ഞിട്ടില്ലെന്നും അത്തരം നടപടികൾ അശാസ്ത്രീയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മുൻപേയുള്ള അസുഖങ്ങളുടെ കണക്കിൽ കോവിഡ് മരണങ്ങൾ ഉൾപ്പെടുത്തരുതെന്നു ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു കോവിഡ് വ്യാപനത്തെക്കുറിച്ചു വിശകലനം നടത്തുന്ന ഡോ.എൻ.എം. അരുൺ പറയുന്നു. കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കിൽ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നത്.

മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചവരിൽ മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളൂ. കോവിഡ് ബാധിതർ മരിച്ച ശേഷം കോവിഡ് പരിശോധന നടത്തുന്നതും മെഡിക്കൽ ബോർഡ് ചേരുന്നതും മറ്റെവിടെയും നിലവിലില്ലെന്നും വിദഗ്ധരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP