Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളികളുടെ മനസ്സിൻ താഴ് വരയിൽ 'ദേവദാരു പൂത്തുലയിച്ച' ഗാനരചയിതാവ്; നൂറുകണക്കിന് നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയ മഹാൻ; ശ്യാമുമായുള്ള കൂട്ടുകെട്ടിൽ തൂലിക തുമ്പു കൊണ്ട് അത്ഭുതം വിരിയിച്ച ഗാനരചയിതാവ്: കവിയും നാടകസിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിക്ക് കേരളം ഇന്ന് വിട ചൊല്ലും

മലയാളികളുടെ മനസ്സിൻ താഴ് വരയിൽ 'ദേവദാരു പൂത്തുലയിച്ച' ഗാനരചയിതാവ്; നൂറുകണക്കിന് നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയ മഹാൻ; ശ്യാമുമായുള്ള കൂട്ടുകെട്ടിൽ തൂലിക തുമ്പു കൊണ്ട് അത്ഭുതം വിരിയിച്ച ഗാനരചയിതാവ്: കവിയും നാടകസിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിക്ക് കേരളം ഇന്ന് വിട ചൊല്ലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ മനസ്സിൻ താഴ് വരയിൽ 'ദേവദാരു പൂത്തുലയിച്ച' ഗായകൻ ചുനക്കര രാമൻ കുട്ടിക്ക് മലയാള ഭൂമി ഇന്ന് വിട ചൊല്ലും. 84 വയസ്സായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതിയ ശേഷം പിന്നണി ഗാന രംഗത്തേക്ക് എത്തി. 1978ൽ 'ആശ്രമം' എന്ന സിനിമയ്ക്ക് വേണ്ടി ഗാനം എഴുതിക്കൊണ്ടാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.

കൊല്ലം അസീസി, മലങ്കര തിയറ്റേഴ്‌സ് കൊല്ലം ഗായത്രി, കേരള തിയറ്റേഴ്‌സ് നാഷനൽ തിയറ്റേഴ്‌സ് തുടങ്ങിയ സമിതികൾക്ക് നൂറുകണക്കിന് നാടകഗാനങ്ങൾ എഴുതി. ഇതിനിടെ സ്വന്തമായൊരു നാടകസിമിതി രൂപീകരിച്ചു. 'മലയാള നാടകവേദി'എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ആകാശവാണിയിലെ ലളിതസംഗീതത്തിലേക്ക് ചുവടുമാറ്റി. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ 'അപ്‌സരകന്യക' എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്.

'ദേവദാരു പൂത്തു, എൻ മനസ്സിൻ താഴ്‌വരയിൽ' എന്ന ഒറ്റഗാനം മതി മലയാള സിനിമാഗാനപ്രേമികൾക്ക് ചുനക്കര രാമൻകുട്ടിയെ എന്നും ഓർമിക്കാൻ. കൊച്ചു കുട്ടികളുടെ മനസ്സിനെ പോലും കീഴടക്കുന്ന മാധുര്യം ആണ് ഈ ഒറ്റ ഗാനത്തിലൂടെ ചുനക്കര രാമൻകുട്ടി കേരളക്കരയ്ക്ക് സമ്മാനിച്ചത്. 'എങ്ങനെ നീമറക്കും' എന്ന സിനിമയ്ക്കുവേണ്ടി ശ്യാം ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ചുനക്കരയുടെ റിങ് ടോണും ഈ ഗാനം തന്നെയായിരുന്നു.

ചെന്നൈയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. ആറു പാട്ടുകളുടെ ഈണം കേൾപ്പിച്ച ശേഷം നിർമ്മാതാവ് അരോമ മണി പറഞ്ഞു, പാട്ടുകളെല്ലാം ഒരുപോലെ ഹിറ്റായാലേ സിനിമ വിജയിക്കൂ. പാട്ടെഴുതാൻ ഒരാഴ്ച സമയവും കൊടുത്തു. അരോമയ്ക്ക് അന്ന് ചെന്നൈയിൽ ഓഫിസുണ്ട്. ഉച്ചയൂണുകഴിഞ്ഞ് കാറിൽ അവിടേക്കു തിരിച്ചു. ശ്യാം ഉൾപ്പെടെ എല്ലാവരും ഉറക്കമായപ്പോൾ കവി ഡയറിയിൽ എഴുത്താരംഭിച്ചു. കാർ ഓഫിസിലെത്തിയപ്പോഴേക്കും പാട്ടു പൂർത്തിയായിക്കഴിഞ്ഞിരുന്നു. ഇരുവരുടേയും കൂട്ടുകെട്ട് പ്രശസ്തമായിരുന്നു.

'കൗമാരപ്രായം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. 'സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ..'(കുയിലിനെത്തേടി), 'ധനുമാസക്കാറ്റേ വായോ.. (മുത്തോടു മുത്ത്..), 'അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ..(പച്ച വെളിച്ചം), ഹൃദയവനിയിലെ ഗായികയോ..' (കോട്ടയം കുഞ്ഞച്ചൻ), പാതിരാ താരമേ സ്‌നേഹപൂക്കൾ ഞാൻ ചോദിച്ചു (കുയിലിനെ തേടി), ശരത്കാല സന്ധ്യാ കുളിർതൂകി നിന്നു (എങ്ങനെ നീ മറക്കും), ധനുമാസക്കാറ്റേ വായോ വായോ (മുത്തോട് മുത്ത്), ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ (ഒരു നോക്കു കാണാൻ) തുടങ്ങിയ എത്രയോ ഗാനങ്ങൾ ഈ കൂട്ടുകെട്ട് സമ്മാനിച്ചു.

'ഒരു തിര പിന്നെയും തിര' എന്ന സിനിമയിലെ. 'ദേവി നിൻ രൂപം' 'ഒരു ശിശിര മാസക്കുളിർരാവിൽ'.. 'ഒരു തിര പിന്നെയും തിര' എന്നീ ഗാനങ്ങൾ എം.ജി. രാധാകൃഷ്ണന്റെ ഈണത്തിൽ സൂപ്പർ ഹിറ്റായി. ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയ്ക്ക് ആഗ്രഹം. 40 വർഷം നീണ്ട കാവ്യസപര്യയിൽ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യേശുദാസ് മുതൽ മോഹൻലാലും മാളാ അരവിന്ദനും വരെ അദ്ദേഹത്തിന്റെ വരികൾ പാടി. 1994 വരെ തുടർച്ചയായി ചുനക്കര പാട്ടെഴുതി. 2001ൽ 'നിന്നെയും തേടി' എന്ന സിനിമയിലൂടെ രണ്ടാം വരവുണ്ടായി.

ദേവദാരു പൂത്തു, ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങൾ രചിച്ചു. 2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP