Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാരകേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി; എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു; ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല; വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം; രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള സിപിഎമ്മിന്റെ ഹീനമായ ആക്രമണങ്ങൾ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ? വി.ടി.ബൽറാമിന്റെ പോസ്റ്റ്

ചാരകേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി; എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു; ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല; വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം; രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള സിപിഎമ്മിന്റെ ഹീനമായ ആക്രമണങ്ങൾ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ? വി.ടി.ബൽറാമിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ളക്കഥകളും, വ്യാജവാർത്തകളും കെട്ടിച്ചമയ്ക്കുകയാണെന്ന് സ്വർണക്കടത്ത് കേസും ഐഎസ്ആർഒ ചാരക്കേസും ബന്ധപ്പെടുത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ സിപിഎം പ്രചാരണം അഴിച്ചുവിടുകയാണ്. കൈരളിയും ദേശാഭിമാനിയും ഒക്കെ അതേറ്റുപിടിക്കുകയോ നയിക്കുകയോ ചെയ്യുന്നുണ്ട്. എന്നാൽ, കൈരളി ടിവി ചർച്ചയിൽ പങ്കെടുത്ത നമ്പി നാരായണൻ തന്റെ ആത്മകഥാപുസ്തകത്തിൽ ആമുഖമായി പറയുന്നു ചാരക്കേസ് ആവേശത്തോടെ ഏറ്റെടുത്തത് തനിനിറത്തിന് പിന്നാലെ ദേശാഭിമാനി ആയിരുന്നുവെന്ന്.' എന്നാൽ ഈയടുത്ത ദിവസം വരെ കേരളത്തിൽ നിലനിന്നിരുന്ന പൊതുബോധമോ? എല്ലാം തുടങ്ങി വച്ചതും ആദ്യാവസാനം കൊണ്ടു നടന്നതും മനോരമ, എന്നാൽ തുടക്കം മുതൽ ഉദാത്തമായ പത്രപ്രവർത്തന മാതൃകയുമായി നിലനിന്ന ഏക പത്രം ദേശാഭിമാനി എന്ന നിലക്കല്ലേ? - എന്ന് വി.ടി.ബൽറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ സൈബറാക്രമണം തുടങ്ങിവച്ചത് ആരാണെന്നതിനേക്കുറിച്ച് പുതിയ ചില തിയറികൾ സിപിഎമ്മിന്റെ ഫേസ്‌ബുക്ക് ബ്രാഞ്ച് കമ്മിറ്റിക്കാരും ഡിവൈഎഫ്‌ഐയിലെ 'യുവ' നേതാക്കളും അവതരിപ്പിക്കാൻ നോക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹീനമായി തെരുവുകളിലും സോഷ്യൽ മീഡിയ ചുവരുകളിലും ഒരുപോലെ അധിക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തതിന്റെ ചരിത്രങ്ങളെല്ലാം കേരളത്തിന്റെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മാഞ്ഞു പോയിട്ടുണ്ടെന്ന് സിപിഎം തെറ്റിദ്ധരിച്ചു കളയരുത്.

അതൊക്കെ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണമോയെന്നും ചോദിക്കുന്നു വി.ടിബൽറാം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

1994 ഒക്ടോബർ 20ന് തനിനിറം
ഒക്ടോബർ 21ന് ദേശാഭിമാനി
ഒക്ടോബർ 23ന് കേരളകൗമുദി
നവംബർ 13ന് മറിയം റഷീദയുടെ അറസ്റ്റ്
തുടർന്ന് കേരളത്തിലെ എല്ലാ പത്രങ്ങളും

ഇങ്ങനെയാണ് ചാരക്കേസ് റിപ്പോർട്ടിങ്ങിന്റെ നാൾവഴികൾ എന്ന് നമ്പി നാരായണന്റെ പുസ്തകത്തിന്റെ ആമുഖം പറയുന്നു. തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ഈ വാർത്തക്ക് പിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യ മുഖ്യധാരാ പത്രം ദേശാഭിമാനി തന്നെയാണ് എന്നർത്ഥം.

എന്നാൽ ഈയടുത്ത ദിവസം വരെ കേരളത്തിൽ നിലനിന്നിരുന്ന പൊതുബോധമോ? എല്ലാം തുടങ്ങി വച്ചതും ആദ്യാവസാനം കൊണ്ടു നടന്നതും മനോരമ, എന്നാൽ തുടക്കം മുതൽ ഉദാത്തമായ പത്രപ്രവർത്തന മാതൃകയുമായി നിലനിന്ന ഏക പത്രം ദേശാഭിമാനി എന്ന നിലക്കല്ലേ? യഥാർത്ഥത്തിൽ ചാരവൃത്തിക്കേസ് എന്ന അധ്യായം തുറന്നത് തന്നെ തങ്ങളാണെന്ന് ദേശാഭിമാനി സ്വയം അവകാശപ്പെടുന്നുമുണ്ടായിരുന്നു തുടക്കം മുതൽ. എന്നാൽ പിന്നീട് കേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി. എല്ലാം മനോരമയുടെ തലയിൽ എടുത്തു വച്ചു.

ഇതാണ് ആടിനെ പട്ടിയാക്കുകയും പട്ടിയെ ആട്ടിൻതോലണിയിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ചരിത്ര വക്രീകരണങ്ങൾ. ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം. ശക്തമായ പ്രചരണ മെഷീനറികൾ വച്ച് തങ്ങൾക്കനുകൂലമായ പൊതുബോധം സൃഷ്ടിച്ചെടുക്കാൻ സിപിഎമ്മിന് എന്നും നല്ല മിടുക്കുണ്ട്. കോവിഡ് പ്രതിരോധം എന്ന മാരത്തൺ ഓട്ടത്തിന്റെ ആദ്യ നൂറ് മീറ്റർ ഓടിത്തീർന്നപ്പോഴേക്കും ക്രഡിറ്റ് വാങ്ങിയെടുക്കാനുള്ള വ്യഗ്രത അന്താരാഷ്ട്ര തലത്തിലേക്കാണ് നീണ്ടത്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ സർക്കാരിന്റെ വിമർശകരെ മരണത്തിന്റെ വ്യാപാരികളെന്നും കൊറോണ മുന്നണിയെന്നുമൊക്കെ ആക്ഷേപിച്ച് സ്വയം കൈകഴുകാനാണ് ശ്രമം.

1989 ജൂൺ 11നാണ് ഹിമാചൽപ്രദേശിലെ പാലംപൂരിൽ വച്ച് ഹിന്ദുത്വം എന്ന സവർക്കറുടെ ആശയം ബിജെപിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി സ്വീകരിക്കപ്പെടുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണെന്നും അതിനാൽ അതേ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിജെപി പ്രഖ്യാപിക്കുന്നതും ഈ പാലംപൂർ പ്രമേയത്തിലാണ്. എന്നാൽ ഈ പരസ്യ പ്രഖ്യാപനത്തിന്റെ മഷിയുണങ്ങുന്നതിനു മുൻപാണ് ഇഎംഎസും ജ്യോതി ബസുവുമൊക്കെ ച്ചേർന്ന് ബിജെപിയുമായി കൈകോർത്തതും അവരെ ഇന്ത്യയുടെ ഭരണത്തിൽ പങ്കാളികളാക്കിയതും. രഥയാത്ര നടത്താനും വിഷയം വർഗീയമായി ആളിക്കത്തിക്കാനും അധികം വൈകാതെ ബാബറി മസ്ജിദ് തകർക്കാനുമൊക്കെ ബിജെപിക്ക് കരുത്തു പകർന്നത് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ലഭിച്ച രാഷ്ട്രീയ അംഗീകാരമായിരുന്നു. എന്നിട്ടും ഇപ്പോൾ അയോധ്യ വിഷയം ചർച്ച ചെയ്യുമ്പോൾ എത്ര നിഷ്‌ക്കളങ്കമായാണ് സിപിഎമ്മുകാർ അയ്യോപാവം നടിക്കുന്നത്!

സോഷ്യൽ മീഡിയയിൽ സൈബറാക്രമണം തുടങ്ങിവച്ചത് ആരാണെന്നതിനേക്കുറിച്ച് പുതിയ ചില തിയറികൾ സിപിഎമ്മിന്റെ ഫേസ്‌ബുക്ക് ബ്രാഞ്ച് കമ്മിറ്റിക്കാരും ഡിവൈഎഫ്‌ഐയിലെ 'യുവ' നേതാക്കളും അവതരിപ്പിക്കാൻ നോക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹീനമായി തെരുവുകളിലും സോഷ്യൽ മീഡിയ ചുവരുകളിലും ഒരുപോലെ അധിക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തതിന്റെ ചരിത്രങ്ങളെല്ലാം കേരളത്തിന്റെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മാഞ്ഞു പോയിട്ടുണ്ടെന്ന് സിപിഎം തെറ്റിദ്ധരിച്ചു കളയരുത്.

അതൊക്കെ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ?

ഓർമ്മപ്പെടുത്തണോന്ന്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP