Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്നെ സിപിഎം പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞ് വച്ച ദിവസം ഞാൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ആരും പറഞ്ഞില്ല; നാലുപാടും നിന്ന് സിപിഎം അംഗങ്ങൾ എടുത്ത വീഡിയോകളിൽ ആ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ': തനിക്കെതിരെ ജാത്യധിക്ഷേപത്തിന് കേസെടുത്തത് വ്യാജപരാതിയിലെന്ന് തൃശൂർ പൂത്തുർ വില്ലേജ് ഓഫീസർ സി.എൻ.സിമി മറുനാടനോട്; സിപിഎം തന്നെ വേട്ടയാടുന്നുവെന്നും സിമി

'എന്നെ സിപിഎം പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞ് വച്ച ദിവസം ഞാൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ആരും പറഞ്ഞില്ല; നാലുപാടും നിന്ന് സിപിഎം അംഗങ്ങൾ എടുത്ത വീഡിയോകളിൽ ആ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ': തനിക്കെതിരെ ജാത്യധിക്ഷേപത്തിന് കേസെടുത്തത് വ്യാജപരാതിയിലെന്ന് തൃശൂർ പൂത്തുർ വില്ലേജ് ഓഫീസർ സി.എൻ.സിമി മറുനാടനോട്; സിപിഎം തന്നെ വേട്ടയാടുന്നുവെന്നും സിമി

നിധിൻ തൃത്താണി

തൃശൂർ : ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന വ്യാജ പരാതിക്ക് മേലെയാണ് ആണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് തനിക്കെതിരെ കേസെടുത്തത് എന്ന് വില്ലേജ് ഓഫീസിൽ വച്ച് തിങ്കളാഴ്ച കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പുത്തൂർ വില്ലേജ് ഓഫീസർ സി.എൻ.സിമി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സിപിഎം ഭരിക്കുന്ന പുത്തൂർ പഞ്ചായത്തിലെ അംഗങ്ങളുടെ നേത്വതത്തിൽ വില്ലേജ് ഓഫീസിലെ കുത്തിയിരിപ്പ് പ്രതിഷേധത്തിനിടയിൽ ആണ് വില്ലേജ് ഓഫീസർ സിമി തന്റെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ലൈഫ് പദ്ധതിക്കായി പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള വരുമാന സർട്ടിഫിക്കറ്റും സ്വന്തം പേരിൽ ഭൂമി ഇല്ലാത്തവർ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റും ധാരാളമായി വില്ലേജ് ഓഫീസിൽ കെട്ടിക്കിടക്കുന്നു എന്ന് ആരോപിച്ചാണ് പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം പഞ്ചായത്തിലെ സിപിഎം. മെമ്പർമാർ രാവിലെ 10.30 മുതൽ ഉച്ചതിരിഞ്ഞ് 2.30 വരെ പുത്തൂർ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഈ പ്രതിഷേധത്തിന് ഇടയിൽ അപമാനവും സമ്മർദവും സഹിക്കാൻ പറ്റാതെ ആണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വില്ലേജ് ഓഫീസർ ഒല്ലൂർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വില്ലേജ് ഓഫീസർ ചൊവ്വാഴ്ച കൈത്തണ്ടയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കൈ മുറിച്ച സ്ഥലത്ത് തുന്നലും ഇട്ടിട്ടുണ്ട്.

വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.ജി. ഷാജി എന്നിവരുൾപ്പെടെ എട്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു.

പിന്നീട് ചൊവ്വാഴ്ച തന്നെ ജാതിപ്പേര് വിളിച്ച് വില്ലേജ് ഓഫീസർ അധിക്ഷേപിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒല്ലൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിക്ക് മേൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമം അനുസരിച്ച് ഒല്ലൂർ പൊലീസ് വില്ലജ് ഓഫീസർക്കെതിരെ ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എ.സി.പി ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തിയത് ഈ കേസിനെക്കുറിച്ച് ചോദിച്ചറിയാൻ കൂടിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് സംവരണത്തിലൂടെയാണ് ആ സ്ഥാനത്തെത്തിയത് എന്നും അവരുടെ ജാതിപ്പേര് വില്ലേജ് ഓഫീസർ പറയുകയുണ്ടായി എന്നും കേസിൽ പ്രതികളായ പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.

എന്നാൽ തിങ്കളാഴ്ച പ്രതിഷേധത്തിനിടയിൽ സിപിഎം അംഗങ്ങൾ തന്റെ നാലുഭാഗത്തുനിന്നും നിരന്തരം വീഡിയോ ദൃശ്യങ്ങൾ എടുത്തിരുന്നു എന്നും അതിൽ താൻ ജാതി പറഞ്ഞ് ആരെയെങ്കിലും ആക്ഷേപിക്കുന്ന ശബ്ദരേഖയോ രംഗമോ ഉണ്ടോ എന്നും, ഉണ്ടെങ്കിൽ ആ രംഗങ്ങൾ പഞ്ചായത്ത് അംഗങ്ങളോ മറ്റു സിപിഎം പ്രവർത്തകരോ പുറത്ത് വിടണമെന്നും വില്ലേജ് ഓഫീസർ മറുനാടനോട് പറഞ്ഞു. സംഭവം നടന്ന തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച പഞ്ചായത്ത് ഭാരവാഹികൾ ആരും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ചിരുന്നില്ല എന്നും വില്ലേജ് ഓഫീസർ പറയുന്നു.

2016ൽ വില്ലേജ് ഓഫീസറായി ജോലി കയറ്റം കിട്ടിയ ശേഷം കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷനിൽ അംഗമായ തന്നെ ജോലിഭാരം വളരെയധികം ഉള്ള പുത്തൂർ വില്ലേജ് ഓഫീസിലേക്ക് ബോധപൂർവം നിയമിച്ച് സിപിഎം അനുകൂല എൻ.ജി.ഒ. യൂണിയൻ അംഗങ്ങൾ ബുദ്ധിമുട്ടിക്കുക യായിരുന്നു എന്ന് വില്ലേജ് ഓഫീസർ സിമി പറയുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.ജി. ഷാജി അടക്കം സിപിഎം. മെമ്പർമാരും പ്രാദേശിക സിപിഎം. അംഗങ്ങളും ക്രമവിരുദ്ധമായി കുന്നിടിക്കുന്നതു സംബന്ധിച്ചും മറ്റു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന കാര്യത്തിലും തീരുമാനങ്ങളെടുക്കാൻ സമ്മർദം ചെലുത്തിയിരുന്നു എന്ന വില്ലേജ് ഓഫീസർ ആരോപിക്കുന്നു.

സമ്മർദത്തിന് വഴങ്ങാത്തതിനാൽ അന്ന് പുത്തൂർ വില്ലേജിനേക്കാൾ ജോലി ഭാരമുള്ള ഒല്ലൂക്കര - നെട്ടിശ്ശേരി വില്ലേജിലേക്ക് തന്നെ സ്ഥലം മാറ്റി. തന്റെ സ്ഥലംമാറ്റം ജില്ലാ കലക്ടർ ഇടപെട്ടാണ് അന്ന് മരവിപ്പിച്ചത്. തുടക്കക്കാരി എന്ന നിലക്ക് വില്ലേജ് ഓഫീസർ എന്ന തസ്തികയിൽ ജോലിഭാരം ഉണ്ടായിരുന്ന പുത്തൂർ വില്ലേജ് ഓഫീസ് തനിക്ക് 2016ൽ വെല്ലുവിളി തന്നെയായിരുന്നു എന്നും അവർ പറഞ്ഞു.

2016ൽ തന്റെ വില്ലേജിന് കീഴിൽ വരുന്ന കൈന്നിക്കുന്ന് പ്രദേശത്ത് മലയിടിച്ച് വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരുമായും പ്രാദേശിക സിപിഎം നേതൃത്വവുമായും തർക്കമുണ്ടായി. ഡെവലപ്‌മെന്റ് പെർമിറ്റ് ഇല്ലാതെ കുന്നിടിച്ചതിന് അന്ന് മണ്ണുമാന്തിയന്ത്രം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇരുപതിനായിരം രൂപയ്ക്കുമേൽ പിഴ അടപ്പിക്കുകയും ചെയ്തു.

പഞ്ചായത്ത് പെർമിറ്റ് വാങ്ങി പിന്നീട് വീട് പണിത ഈ സ്ഥലത്ത് 2018ലെ പ്രളയ കാലത്ത് മണ്ണിടിച്ചിലും മറ്റും ഉണ്ടായി എന്ന് വില്ലേജ് ഓഫീസർ പറയുന്നു. അടുത്തിടെ പട്ടയ ഭൂമിയിൽ സിപിഎം പ്രവർത്തകന്റെ ചെങ്കൽ ഖനനത്തിന് സ്റ്റേ ഓർഡർ നൽകിയതും പ്രാദേശിക സിപിഎം നേതൃത്വത്തെയും പഞ്ചായത്ത് ഭരണസമിതിയെയും ചൊടിപ്പിച്ചു.

കുന്നംകുളത്തിനടുത്ത് എരനെല്ലൂരിലേക്ക് തനിക്ക് ട്രാൻസ്ഫർ ഓർഡർ നിലവിലുണ്ട് എന്നും ആയതിനാൽ താൻ പുത്തൂർ വില്ലേജ് വിട്ടു പോകും മുൻപ് പരമാവധി ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിങ്കളാഴ്ച പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പർമാരും സിപിഎം അംഗങ്ങളും എത്തിയത് എന്ന് വില്ലേജ് ഓഫീസർ പറയുന്നു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് 186 വരുമാന സർട്ടിഫിക്കറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ കിട്ടിയിട്ടുണ്ട്. ഏഴു ദിവസം വരെ പരിശോധിച്ച് ഈ സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതി. നാലു ദിവസം മെഡിക്കൽ ലീവും നാലു ദിവസത്തെ ഇ-ഡിസ്ട്രിക്ട് വെബ്‌സൈറ്റിലെ പ്രശ്‌നങ്ങളും കാരണമാണ് ഇത്രയും അപേക്ഷകൾ നിലനിൽക്കുന്നത്. അതിൽ കുര്യാക്കോസ് എന്ന ഒരു അപേക്ഷകന്റെ ഒഴിച്ച് മറ്റാർക്കും ഏഴു ദിവസം എന്ന പരിധി കഴിഞ്ഞിട്ടില്ല.

ലൈഫ് മിഷന്റെ അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിന്റെ പേരിൽ ഒരു വിഷയങ്ങളും ഉണ്ടാകില്ല എന്ന് തഹസിൽദാർക്കും പ്രതിഷേധത്തിന് എത്തിയ പഞ്ചായത്ത് അംഗങ്ങൾക്കും താൻ ഉറപ്പു നൽകിയതാണ്. അന്ന് ഓഗസ്റ്റ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. (സംഭവം നടന്ന തിങ്കളാഴ്ച വൈകീട്ടുള്ള പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയതായി പ്രഖ്യാപിച്ചു.) എന്നാലും കൃത്യമായ പരിശോധന കൂടാതെ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകർക്കും മാനുവലായി സർട്ടിഫിക്കറ്റ് തിങ്കളാഴ്ച തന്നെ അനുവദിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ തന്നെ നിർബന്ധിച്ചു എന്ന് സിമി മറുനാടനോട് പറഞ്ഞു.

എന്നാൽ വില്ലേജ് ഓഫീസർ പലപ്പോഴും ധിക്കാരത്തോടെ കൂടിയാണ് തങ്ങളോട് സംസാരിക്കുകയെന്നും അപേക്ഷകളിൽ പരിഹാരം ഉണ്ടാക്കാൻ വേണ്ടിയാണ് വില്ലേജ് ഓഫീസിൽ പ്രതിഷേധിച്ചത് എന്നാണ് പഞ്ചായത്ത് പ്രസിണ്ടന്റ് മിനിയും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഷാജിയും പറയുന്നത്.താൻ ഒരു ശുപാർശയുമായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടില്ല എന്നും ഷാജി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ വസ്തുതകളും തെളിവുകളും പരിശോധിച്ച് മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഒല്ലൂർ എസ്. ഐ പി.എം. രതീഷ് പറഞ്ഞു.കൈ ഞരമ്പ് മുറിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP