Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗൺ ആയപ്പോൾ ആദ്യം മുടങ്ങിയത് വാഹന ഫിനാൻസ്; വരുമാനം നിലച്ചപ്പോൾ കെട്ടിടവാടകയും മുടങ്ങി; തുരുമ്പെടുത്ത് നശിച്ച് വാഹനങ്ങൾ; ഡ്രൈവിങ് സ്‌കൂളുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആറു മാസം; ഉടമകളും ജീവനക്കാരും നേരിടുന്നത് ഒരേ പ്രതിസന്ധി; പട്ടിണിയിലായത് ഏഴായിരത്തോളം ഡ്രൈവിങ് സ്‌കൂളുകളും അരലക്ഷത്തോളം കുടുംബങ്ങളും; സ്വയം തൊഴിൽമേഖലയിൽ തിരിഞ്ഞു നോക്കാതെ സർക്കാരും

ലോക് ഡൗൺ ആയപ്പോൾ ആദ്യം മുടങ്ങിയത് വാഹന ഫിനാൻസ്; വരുമാനം നിലച്ചപ്പോൾ കെട്ടിടവാടകയും മുടങ്ങി; തുരുമ്പെടുത്ത് നശിച്ച് വാഹനങ്ങൾ; ഡ്രൈവിങ് സ്‌കൂളുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആറു മാസം;  ഉടമകളും ജീവനക്കാരും നേരിടുന്നത് ഒരേ പ്രതിസന്ധി; പട്ടിണിയിലായത് ഏഴായിരത്തോളം ഡ്രൈവിങ് സ്‌കൂളുകളും അരലക്ഷത്തോളം കുടുംബങ്ങളും; സ്വയം തൊഴിൽമേഖലയിൽ തിരിഞ്ഞു നോക്കാതെ സർക്കാരും

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് കാരണം വന്ന പ്രതിസന്ധിയിൽ തലയൂരാനാകാതെ ഡ്രൈവിങ് സ്‌കൂളുകൾ. കോവിഡും ലോക്ക് ഡൗണും വന്നതിനു ശേഷം അഞ്ചര മാസമായി കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗണിന്റെ രൂപഭാവങ്ങൾ മാറി മാറി വന്ന അവസ്ഥയിൽ പല മേഖലയിലും ഇളവുകൾ വന്നെങ്കിലും ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ ഒരു ഇളവിനും സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ തീരുമാനത്തിന്റെ അഭാവത്തിൽ ഡ്രൈവിങ് സ്‌കൂളുകളെ ആശ്രയിച്ച് ജീവിക്കുന്ന അൻപതിനായിരത്തോളം കുടുംബങ്ങളാണ് കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുന്നത്. ഡ്രൈവിങ് സ്‌കൂളുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് കോവിഡിനു ശേഷം ജോലിയില്ലാത്ത സാഹചര്യമാണ്. കടുത്ത അനിശ്ചിതത്വമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്.

സ്വയം തൊഴിൽ മേഖലയാണ് എന്നതിനാൽ ജോലി നഷ്ടമായപ്പോൾ ഒരു സർക്കാർ സഹായധനവും ഈ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല. ഡ്രൈവിങ് സ്‌കൂളുകൾ എപ്പോൾ തുറക്കും എന്നതിന്റെ ഒരു സൂചനപോലും ഇപ്പോഴും വന്നിട്ടില്ല. കേരളത്തിനു പുറമേയുള്ള സംസ്ഥാനങ്ങളിൽ ഡ്രൈവിങ് പഠനം ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ ഒരു തീരുമാനവും വന്നിട്ടില്ല. 6200 സർക്കാർ അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളാണ് പ്രതിസന്ധിയുടെ കാണക്കയത്തിൽ കുടുങ്ങി കൈകാലിട്ടടിക്കുന്നത്. ഇത് അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യം. ഈ ഡ്രൈവിങ് സ്‌കൂളുകളുമായി ബന്ധപ്പെട്ടു അനവധി പേർ പുറത്ത് നിന്നും പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും പ്രതിസന്ധിയിൽ മുങ്ങി നിൽക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകളിൽ ഡ്രൈവിങ് സ്‌കൂളുകളെയും നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ ആവശ്യപ്പെടുന്നത്. സാമൂഹ്യ അകലം പാലിച്ചു പരിശീലനം നടത്താനായി സർക്കാരിന് നിവേദനം നൽകി കാത്തിരിക്കുകയാണ് ഈ മേഖല. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണ്ണീര് കാണാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം. പലയിടങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയിട്ടും തീരുമാനമായിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ തങ്ങളുടെ പ്രതിസന്ധി വിശദമാക്കിയെങ്കിലും സഹായിക്കാനുള്ള ഒരു ശ്രമവും വന്നിട്ടില്ലെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

പൊടുന്നനെ വന്ന കോവിഡ് ഡ്രൈവിങ് സ്‌കൂളുകളെ തകർത്ത അവസ്ഥയിലാണ്. മിക്ക ഡ്രൈവിങ് സ്‌കൂളുകൾക്കും വാഹനങ്ങളുടെ ലോൺ ഉണ്ട്. ലോക്ക് ഡൗൺ വന്ന ശേഷം വാഹന ഫിനാൻസ് അടയ്ക്കാൻ മിക്കവർക്കും കഴിഞ്ഞിട്ടില്ല. ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്ന വാടകക്കെട്ടിടങ്ങളുടെ വാടക നൽകാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും ഒരുപോലെ പ്രതിസന്ധിയിൽ എന്ന അവസ്ഥയാണ്. മിക്കവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ഇത് ചൂണ്ടിക്കാട്ടി സർക്കാരിനു നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അതിനൊന്നും ഇതുവരെ ഒരു തീരുമാനവും വന്നിട്ടില്ല. വാഹനങ്ങൾ ഉപയോഗിക്കാത്തതിനാൽ പല വാഹനങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥാപനങ്ങൾക്കും വാടക ഉൾപ്പടെ നൽകേണ്ട അവസ്ഥയുണ്ട്. ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്ക് വന്നത്. 'കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. കുടുംബങ്ങൾ മുഴുവൻ പട്ടിണിയിലാണ് എന്ന് സർക്കാർ തിരിച്ചറിയണം. ഇതാണ് ഞങ്ങളുടെ ആവശ്യം-ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടെഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.പ്രസാദ് മറുനാടനോട് പറഞ്ഞു.

ലേണേഴ്‌സ് ടെസ്റ്റ് പാസായവർക്ക് ഡ്രൈവിങ് ടെസ്റ്റിനു അവസരം വന്നിട്ടില്ല. സാധാരണ ഗതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാരണം ഓൺലൈൻ ആയി ലേണേഴ്‌സ് ടെസ്റ്റ് നടത്തുന്നതും ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഡ്രൈവിങ് സ്‌കൂൾ വഴിയാണ് ലേണേഴ്‌സിന് അപേക്ഷകർ അപേക്ഷ നൽകുന്നത്. ഇപ്പോൾ ടെസ്റ്റ് നടത്തുന്നത് ഓൺലൈൻ ആയും. പലർക്കും കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാൻ അറിയാത്തവരും. ഇവർ പലപ്പോഴും ടെസ്റ്റിൽ പരാജയപ്പെടുന്ന അവസ്ഥയാണ്. ഇത്തരം ആളുകൾക്ക് ആർടിഒ ഓഫീസിൽ തന്നെ അവസരം ഒരുക്കി നൽകണം എന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ ആവശ്യപ്പെടുന്നത്. ലേണേഴ്‌സ് ടെസ്റ്റിനു പാസ്സ്വേർഡ് എന്റർ ചെയ്ത് കഴിഞ്ഞാൽ പലപ്പോഴും കട്ടായി പോകുന്ന അവസ്ഥയാണ്. പിന്നീട് ഇവർക്ക് പുതിയ ഡേറ്റ് ലഭിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ആറു മണിക്കൂർ കൊണ്ട് ലേണേഴ്‌സ് ടെസ്റ്റ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാവര്ക്കും ഒരേ സമയമാണ് ടെസ്റ്റ് നടക്കുന്നത്. ഗതാഗത വകുപ്പിന്റെ സർവർ ഹാംഗ് ആകുന്ന പ്രശ്‌നങ്ങളും ഇതിന്നിടയിൽ വന്നുപെടുന്നുമുണ്ട്-ഡ്രൈവിങ് സ്‌കൂളുകൾ ചൂണ്ടിക്കാട്ടുന്നു.

ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞവർക്ക് കോവിഡ് കാരണം അവസരം നഷ്ടമാകുന്ന പ്രശ്‌നം വന്നിട്ടില്ലെന്നാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് മറുനാടനോട് പറഞ്ഞത്. എല്ലാവർക്കും തീയതികൾ സെപ്റ്റംബർ വരെ നീട്ടി നൽകിയിട്ടുണ്ട്. നിലവിൽ ഡ്രൈവിങ് സ്‌കൂളുകൾ അനുഭവിക്കുന്ന പ്രതിസന്ധി വകുപ്പിന്റെ മുന്നിലുണ്ട്. പക്ഷെ ലോക്ക് ഡൗണും കോവിഡുമൊക്കെ മുന്നിൽ നിൽക്കെ ഈ കാര്യത്തിൽ ഒരു തീരുമാനം സർക്കാരിൽ നിന്നും വന്നിട്ടില്ല-രാജീവ് പുത്തലത്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP