Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാപ്പിലെ കറിവെപ്പുകാരനായിരിക്കുമ്പോഴേ കാഞ്ഞ ബുദ്ധി; വട്ടിപ്പലിശക്കാരുടെ പ്രിയങ്കരൻ സ്വന്തമായി കൊള്ള തുടങ്ങിയപ്പോൾ വസ്തുഇടപാടുകാരെ ഒതുക്കാൻ പ്രയോഗിച്ചത് വ്യാജപീഡനക്കേസും; മണർകാട് സ്വദേശി ബിജുവിനെ ചങ്ങനാശേരിയിലെ ഷോപ്പിങ് കോംപ്ലക്‌സ് കൈമാറ്റകച്ചവടത്തിലൂടെ ചതിച്ച് സ്വന്തമാക്കിയത് 9 കോടിയുടെ വസ്തുക്കൾ; ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റിയിട്ട് ബിജുവിനെതിരെ പീഡനപരാതിയും; മണർകാട്ടെ ഷൈലോക് മാലം സുരേഷിന്റെ തട്ടിപ്പുകൾ: പരമ്പര തുടരുന്നു

ഷാപ്പിലെ കറിവെപ്പുകാരനായിരിക്കുമ്പോഴേ കാഞ്ഞ ബുദ്ധി; വട്ടിപ്പലിശക്കാരുടെ പ്രിയങ്കരൻ സ്വന്തമായി കൊള്ള തുടങ്ങിയപ്പോൾ വസ്തുഇടപാടുകാരെ ഒതുക്കാൻ പ്രയോഗിച്ചത് വ്യാജപീഡനക്കേസും; മണർകാട് സ്വദേശി ബിജുവിനെ ചങ്ങനാശേരിയിലെ ഷോപ്പിങ് കോംപ്ലക്‌സ് കൈമാറ്റകച്ചവടത്തിലൂടെ ചതിച്ച് സ്വന്തമാക്കിയത് 9 കോടിയുടെ വസ്തുക്കൾ; ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റിയിട്ട് ബിജുവിനെതിരെ പീഡനപരാതിയും; മണർകാട്ടെ ഷൈലോക് മാലം സുരേഷിന്റെ തട്ടിപ്പുകൾ: പരമ്പര തുടരുന്നു

ആർ പീയൂഷ്

 കോട്ടയം: കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് എന്ന കെ.വി സുരേഷ് കോടികൾ വിലവരുന്ന മണർകാട് ജങ്ഷനിലെ കണ്ണായ സ്ഥലവും ഷോപ്പിങ് കോംപ്ലക്സും സ്വന്തമാക്കിയത് ചതിയിലൂടെയായിരുന്നു. കഴിഞ്ഞ ഭാഗത്തിൽ ചങ്ങനാശ്ശേരി മുൻ നഗര സഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ആദിത്യാ ടവർ എന്ന ഷോപ്പിങ് കോംപ്ലക്‌സ് മാലം സുരേഷ് തട്ടിയെടുത്ത കഥ എഴുതിയിരുന്നു. ഈ ഷോപ്പിങ് കോംപ്ലക്സ് കാട്ടി വൻ തട്ടിപ്പ് നടത്തിയ കഥയാണ് ഈ ഭാഗത്തിൽ എഴുതുന്നത്. മണർകാട് തെങ്ങുംതുരുത്തേൽ ടി.എം മാത്യു എന്ന ബിജുവിന്റെ സ്ഥലമാണ് ഷോപ്പിങ് കോംപ്ലക്സ് മാറ്റ കച്ചവടത്തിലൂടെ ചതിയിൽ പെടുത്തി മാലം സുരേഷ് സ്വന്തമാക്കിയത്. 8 കോടി 16 ലക്ഷത്തി 30,000 രൂപ വിലമതിക്കുന്ന മണർകാട്ടേയും തിരുവനന്തപുരത്തേയും വസ്തുവകകളാണ് മാലം സുരേഷ് തട്ടിയെടുത്തത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പിന്റെ കഥ ഇങ്ങനെ:

2011 ൽ ബിജുവിനെ സുരേഷ് സമീപിക്കുകയും ചങ്ങനാശ്ശേരി നഗരമധ്യത്തിൽ മുപ്പത്തിഎട്ടര സെന്റ് സ്ഥലവും 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിങ് കേംപ്ലക്സ് വിൽക്കാൻ പോകുകയാണെന്നും താൽപര്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. പ്രതിമാസം ഈ ഷോപ്പിങ് കോംപ്ലക്സിൽ നിന്നും 6 ലക്ഷം രൂപയോളം വാടക കിട്ടുന്നുണ്ട് എന്നും ബിജുവിനോട് പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സ് വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലാ എന്ന് ബിജു മാലം സുരേഷിനോട് പറഞ്ഞു. എന്നാൽ പണം വേണമെന്നില്ല പകരം മണർകാടുള്ള ബിജുവിന്റെ വസ്തുക്കൾ തന്നാൽ മതിയെന്ന് സുരേഷ് അറിയിച്ചു.

അതനുസരിച്ച് പരസ്പരം കച്ചവടം സംസാരിക്കുകയും സുരേഷിന്റെ സ്ഥലത്തിനും കെട്ടിടത്തിനും കൂടി 14.5 കോടി രൂപ വില പറയുകയും ബിജുവിന്റെ മണർകാട് ജംഗ്ഷനിലുള്ള സ്ഥലത്തിൽ നിന്നു 1 ഏക്കർ 32 സെന്റ് സ്ഥലം 5.29 കോടി വില വച്ചും തിരുവനന്തപുരത്തുള്ള വസ്തു 55 ലക്ഷം രൂപ വില വച്ചും മൊത്തം 5 കോടി 84 ലക്ഷം രൂപയ്ക്കുള്ള വസ്തുക്കളും ബാക്കി പണമായും മൊത്തം 14.5 കോടി രൂപ ബിജു നൽകുമ്പോൾ സുരേഷിന്റെ സ്ഥലവും കെട്ടിടവും എഴുതി നൽകുമെന്നായിരുന്നു വ്യവസ്ഥ. വസ്തുക്കളുടെ വില കഴിഞ്ഞുള്ള തുക കണ്ടെത്താനായി ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തി പണം സമാഹരിക്കാമെന്ന് സുരേഷ് ബിജുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

സുരേഷിന്റെ വാക്കുകൾ വിശ്വസിച്ചു ബിജു 2011 ജനുവരി മാസത്തിൽ സുരേഷുമായി വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുകയും 5 കോടി 84 ലക്ഷം (അഞ്ചുകോടി എൺപത്തി നാല് ലക്ഷം) രൂപ വരുന്ന വസ്തുക്കൾ സുരേഷിന്റെ പേരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ആധാരം എഴുത്ത് കഴിഞ്ഞപ്പോൾ ബാക്കി 9 കോടിക്കടുത്തു വരുന്ന സംഖ്യ ചങ്ങനാശ്ശേരി കെട്ടിടവും വസ്തുവും പണയം വച്ചാൽ കിട്ടില്ലെന്നും അതുകൊണ്ട് മറ്റു വഴിയിൽ പണം സമാഹരിക്കാനും ബിജുവിനോട് പറഞ്ഞു. 5 കോടി 84 ലക്ഷം രൂപയുടെ വസ്തുക്കൾ ഈ സമയം സുരേഷിന്റെ പേരിലായതിനാൽ ബിജുവിന് വേറെ വഴിയില്ലാതെ വന്നതുകൊണ്ട് മണർകാട് ഉണ്ടായിരുന്ന 4 പ്ലോട്ട് വസ്തുക്കൾ കൂടി സുരേഷിന്റെ പേരിലേക്ക് 1 കോടി 36 ലക്ഷം രൂപ കണക്കാക്കി എഴുതിക്കൊടുത്തു.

അങ്ങനെ മൊത്തം 7 കോടി 20 ലക്ഷം രൂപയുടെ വസ്തുക്കൾ സുരേഷിന്റെ കൈവശം ചെന്നു ചേർന്നു. കൂടാതെ മണർകാട്ടെ ബിജുവിന്റെ ഷോപ്പിങ് കോംപ്ലക്സായ ടി.സി.എം ടവറിന്റെ രണ്ടാം നിലയിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിന് അടുത്ത കെട്ടിട ഭാഗവും സുരേഷ് എഴുതി വാങ്ങി. ആകെ മൊത്തം 8,16,30,000/ (എട്ടു കോടി പതിനാറു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ വസ്തുക്കൾ സുരേഷ് ഇത്തരത്തിൽ കൈവശപ്പെടുത്തിയ ശേഷം ബിജുവിന് പകരമായി കൊടുക്കാമെന്നു പറഞ്ഞ ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും വസ്തുവും എഴുതി കൊടുക്കാൻ തയ്യാറായില്ല. പിന്നീട് ഈ വസ്തു വകകൾ സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റുകയും ചെയ്തു. സുരേഷിനോട് തന്റെ വസ്തുവകകൾ തിരികെ നൽകാൻ ബിജു ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും വ്യാജ സ്ത്രീപീഡന കേസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് മാലം സുരേഷ് മണർകാടു കെ.കെ റോഡിന്റെ വശത്തുള്ള കോടികൾ വിലമതിക്കുന്ന വേസ്തുവകകൾ സ്വന്തമാക്കിയത്.

നഷ്ടപ്പെട്ട വസ്തുവകകൾ പിടിച്ചെടുക്കാൻ ബിജു തന്നാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും ഒന്നും നടന്നില്ല. ബിജുവിന്റെ തറവാട് വീട് സുരേഷ് ഇടിച്ചു നിരത്തി വിറ്റു. ഈ സ്ഥലം കച്ചവടത്തിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പൊലീസും അധികാര വർഗ്ഗവും എല്ലാം സുരേഷിന്റെ ചൊൽപ്പടിയിലായിരുന്നു. പലതവണ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി മണർകാട് പൊലീസ് സ്റ്റേഷനിൽ തെളിവുകളടക്കം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ അന്യായത്തിന്മേൽ സുരേഷിനെതിരെ കോടതി കേസെടുത്തു. കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം ടിസി.എം ടവറിൽ നിലവിലുള്ള വാടകക്കാരെ ശല്യപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി ടവർ മൊത്തമായി സ്വന്തമാക്കാനുള്ള ശ്രമമവും സുരേഷ് നടത്തുകയാണ്.

മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്‌സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.

നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.

(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP