Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകോഴിക്കാലും കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാം എന്ന് ചാനൽ ചർച്ചയ്ക്കിടെ രോഷത്തോടെ നമ്പി നാരായണൻ പറഞ്ഞത് ഏറ്റുപിടിച്ച് സൈബർ സഖാക്കൾ; മാധ്യമ തെമ്മാടികൾ പാർട്ടിക്കെതിരെ കാട്ടിക്കൂട്ടുന്ന കള്ളവാർത്തകളും ദുഷ്പ്രചാരണങ്ങളും അവരുടെ അതേ ശൈലിയിൽ തുറന്നുകാണിക്കുമെന്ന് ഭീഷ്മപ്രതിജ്ഞകൾ; മറിയം റഷീദ കൂട്ടുപ്രതികൾക്കൊപ്പം കുണുങ്ങി കുണുങ്ങി ചിരിയോടെ കൂസലില്ലാതെ നടക്കുന്നത് റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ ചരിത്രം വിളമ്പി എതിരാളികളും; സോഷ്യൽ മീഡിയയിൽ കൂട്ടപ്പൊരിച്ചിൽ

ഒരുകോഴിക്കാലും കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാം എന്ന് ചാനൽ ചർച്ചയ്ക്കിടെ രോഷത്തോടെ നമ്പി നാരായണൻ പറഞ്ഞത് ഏറ്റുപിടിച്ച് സൈബർ സഖാക്കൾ; മാധ്യമ തെമ്മാടികൾ പാർട്ടിക്കെതിരെ കാട്ടിക്കൂട്ടുന്ന കള്ളവാർത്തകളും ദുഷ്പ്രചാരണങ്ങളും അവരുടെ അതേ ശൈലിയിൽ തുറന്നുകാണിക്കുമെന്ന് ഭീഷ്മപ്രതിജ്ഞകൾ; മറിയം റഷീദ കൂട്ടുപ്രതികൾക്കൊപ്പം കുണുങ്ങി കുണുങ്ങി ചിരിയോടെ കൂസലില്ലാതെ നടക്കുന്നത് റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ ചരിത്രം വിളമ്പി എതിരാളികളും; സോഷ്യൽ മീഡിയയിൽ കൂട്ടപ്പൊരിച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:' സിപിഎം അനുഭാവിയായ ഞാൻ കേരളത്തിലെ മാധ്യമ തെമ്മാടികൾ പാർട്ടിക്കെതിരെ കാട്ടിക്കൂട്ടുന്ന കള്ളവാർത്തകളും ദുഷ്പ്രചാരണങ്ങളും അവരുടെ അതേ ശൈലിയിൽ തുറന്നുകാണിക്കുകയും അവർ അർഹിക്കുന്ന ഭാഷയിൽ തന്നെ പ്രതികരിക്കുകയും ചെയ്യുമെന്ന സത്യംചെയ്യുന്നു'- സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഭീഷ്മ പ്രതിജ്ഞ എടുക്കുന്ന കാഴ്ചകളുടെ പൂക്കാലമാണിപ്പോൾ.

അതിനൊപ്പം ഒരു കോഴിക്കാലും കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാം എന്ന് നമ്പി നാരായണൻ ഇന്നലെ കൈരളി ടിവി ചർച്ചയിൽ പറഞ്ഞതും പാർട്ടി അനുയായികളായ സംസ്‌കാരിക പ്രവർത്തകർ ഫേസ്‌ബുക്കിൽ പോസ്റ്റുന്നുണ്ട്. പൊതുവേ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകർ അഹങ്കാരികളാണ്, അഹന്തയുടെ ആൾരൂപങ്ങളാണ് എന്നൊക്കെയാണ് പറഞ്ഞുവയ്ക്കുന്നത്. അക്കൂട്ടത്തിൽ ഏഷ്യാനെറ്റിലെ കെ.ജി.കമലേഷിനെയും, വിനു.വി.ജോണിനെയുമൊക്കെ കടന്നാക്രമിക്കുകയും ചെയ്യുന്നു. അതിനെല്ലാമിടയിൽ പഴയ ചാരക്കേസ് കുത്തി പൊക്കി കേരളത്തിലെ മാധ്യമങ്ങൾക്ക് തരിമ്പിനും വിശ്വാസ്യത ഇല്ലെന്ന് സ്ഥാപിക്കാനാണ് സഖാക്കളുടെ പരിശ്രമം. എന്നാൽ, എതിരാളികൾ വെറുതെയിരിക്കില്ലല്ലോ. ചാരക്കേസ് കുത്തിപ്പൊക്കിയത് തങ്ങളാണെന്ന് പാർട്ടി പത്രമായ ദേശാഭിമാനി പത്രം പറയുമ്പോൾ എന്തൊക്കെയാണ് അവർ റിപ്പോർട്ട് ചെയ്തതെന്നാണ് എതിരാളികൾ കുത്തിപ്പൊക്കുന്നത്. അന്നും കോഴിക്കാലും കുപ്പിയുമൊക്കെയുണ്ടായിരുന്നോ എന്നും ചോദിക്കാവുന്നതാണ്.

വ്യാജവാർത്തകളാണ് ഇടത് സർക്കാരിനെതിരെ മാധ്യമങ്ങൾ നൽകുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തിലെ ധ്വനി. ഐഎസ്ആർഒ ചാരക്കേസ് പൊയ് വെടിയായിരുന്നുവെന്നും അതിന് അക്കാലത്ത് പൈങ്കിളി ടച്ചോടെ മദാലസ കഥകൾ തട്ടിവിട്ടത് മുഖ്യധാരാ പത്രങ്ങളായിരുന്നുവെന്നുമാണ് ഇടത്പക്ഷ മാധ്യമവാദികളുടെ മെയിൻ പോയിന്റ്. ഏഷ്യാനെറ്റ് ഒഴിച്ച് ആരും തന്നെ ചാരക്കേസ് കഥയെ തള്ളിപ്പറഞ്ഞിരുന്നുമില്ല. കഥയിങ്ങനെയാണെന്നിരിക്കെ ദേശാഭിമാനി അന്ന് എന്തൊക്കെ റിപ്പോർട്ട് ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിലെ ബദൽ ചർച്ച.

1994 ഡിസംബർ 13 ന് ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തിലെ ചില വാചകങ്ങൾ വായിച്ചാൽ അന്നത്തെ പാർട്ടി നയത്തിന്റെ ഒരു ഗുട്ടൻസ് പിടികിട്ടും. 'രാജ്യദ്രോഹികൾ വിലസുകയോ' എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ചാരവൃത്തിക്കേസിൽ ഉൾപ്പെട്ടതായി അന്വേഷണ ഏജൻസികൾ ആരോപിച്ച അന്നത്തെ ഐജി രമൺ ശ്രീവാസ്തവയും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനുമാണ് വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്നത്. 'രാജ്യദ്രോഹ കുറ്റം നടത്തി എന്ന് സംശയിക്കുന്ന ഒരാളോട് മുഖ്യമന്ത്രിക്ക് എന്ത് കരുണയും സ്നേഹവായ്പും. മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാൻ വിമാനത്താവളത്തിൽ ശ്രീവാസ്തവ ചെല്ലുന്നു. .... മിതമായ വാക്കുകൾ ചികഞ്ഞെടുത്തുപറഞ്ഞാൽ മുഖ്യമന്ത്രി കരുണാകരൻ ചെയ്യുന്നതാണ് രാജ്യദ്രോഹ കുറ്റം'. 'ആശ്രിതവാൽസല്യം മുലം എന്ത് തെറ്റു ചെയ്താലും അതെല്ലാം ന്യായീകരിക്കുകയും വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കെ കരുണാകരൻ സ്വീകരിച്ചു വന്നിട്ടുള്ളതെന്ന് കാണാം'- ദേശാഭിമാനി അന്ന് എഴുതിയ വാക്യം ഇങ്ങനെ. രമൺ ശ്രീവാസ്തവ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായപ്പോൾ ദേശാഭിമാനി ഇതെല്ലാം വിഴുങ്ങിയോ എന്നും ചോദിക്കുന്നു സോഷ്യൽ മീഡിയയിലെ ഒരുകൂട്ടർ.

'ചാരവൃത്തിയുടെ ലക്ഷ്യം ഇന്ത്യയെ ഒറ്റപ്പെടുത്തലാണെന്ന് 'ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമസെക്രട്ടറിയായ പ്രഭാവർമ അന്ന് ഡൽഹിയിൽ ഇരുന്നെഴുതി. ചാരപ്പണി: 'കുറ്റക്കാർ രക്ഷപ്പെട്ടുകൂടാ' എന്ന് സിപിഐഎം അഭിപ്രായപ്പെട്ടതും ദേശാഭിമാനി അച്ചുനിരത്തിയത് കാണാം. പ്രോസിക്യൂട്ടർ ആംബുലൻസിൽ മറിയം റഷീദ കൂസലില്ലാതെ വന്നതും സ്വന്തം പ്രതിനിധിക്ക് അന്ന് ഇഷ്ടായില്ല. കോടതി വളപ്പിൽ വാഹനത്തിൽ നിന്നിറങ്ങിയ മറിയം റഷീദ കൂട്ടുപ്രതികളോടൊപ്പം കുണുങ്ങി കുണുങ്ങി പൊലീസിന്റെയും ജനക്കൂട്ടത്തിന്റെയും നടുവിലൂടെ കോടതിയിലേക്ക് കൂസലില്ലാതെ നടന്നുകയറി' എന്നാണ് ലേഖകന്റെ വിശദീകരണം. ചാരക്കേസിലെ ഒന്നാം പ്രതി ഫൗസിയ ഹസൻ മിസൈൽ രഹസ്യം ചോർത്തിയെന്നും പാർട്ടി പത്രം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പരിച തീർക്കാൻ ദേശാഭിമാനിയുടെ പഴയ ലക്കങ്ങൾ തന്നെ പല മാധ്യമപ്രവർത്തകർക്കും ധാരാളം.

അതേസമയം സിപിഎം അനുകൂല മാധ്യമപ്രവർത്തകരും തങ്ങളുടേതായ രീതിയിൽ മുഖ്യധാര മാധ്യമങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുന്നത് പതിവാണെന്ന തരത്തിൽ പോസ്റ്റുകൾ വിക്ഷേപിക്കുന്നുണ്ട്.

2016 ഫെബ്രുവരി 28 ന് സ. പിണറായി വിജയൻ പറഞ്ഞത്..-തങ്ങൾക്ക് ഹിതകരമല്ലാത്ത മാധ്യമചർച്ചയ്ക്ക് നേതൃത്വം നൽകിയതിന് ഏഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ സംഘപരിവാർവേട്ടയാടുകയാണെന്ന പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കാണിക്കാനായി എതിരാളികളും പോസ്റ്റുന്നു.

ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഇങ്ങനെ കുറിച്ചു:

ഒരു കോഴിക്കാലും ഒരു കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാമെന്ന സ്ഥിതി- ന്യൂസ് ചാനലുകളിൽക്കൂടി രാത്രി സ്‌ക്രോൾ ചെയ്യുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട ഒരു തലക്കെട്ടാണ്.

ഒരു ജനതയുടെ ആത്മാവിഷ്‌കാരമാണ്. പഴയ ചാരക്കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം. അതും സ്വർണക്കടത്തും തമ്മിൽ ബന്ധിപ്പിക്കാൻ നോക്കുന്നു.

നെല്ലും പതിരും തിരിച്ചേ വാർത്തകൾ ഉൾക്കൊള്ളാവൂ എന്ന് അവതാരകൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. അതു കേട്ട് മേൽപ്പറഞ്ഞ വാർത്തയുടെ നെല്ലും പതിരും തിരിച്ചുകൊണ്ടിരുന്നപ്പോഴാണ് പാർട്ടി മുഖപത്രത്തിന്റെ പഴയ റിപ്പോർട്ടുകൾ അവിടെനിന്നും ഇവിടെനിന്നുമൊക്കെ എന്റെ വാട്ടസ്ആപ്പിൽ വന്നത്.

ചാരക്കേസ് കുത്തിപ്പൊക്കിയതു തന്നെ തങ്ങളാണെന്ന് പാർട്ടി പത്രം അവകാശപ്പെടുന്നു!

അന്നു പാർട്ടി പത്രത്തിൽ വന്ന നിരവധി റിപ്പോർട്ടുകളുണ്ട്. അതിലൊരു ഡൽഹി റിപ്പോർട്ടുമുണ്ട്, ബൈലൈൻ സഹിതം!

അന്നും കോഴിക്കാലും കുപ്പിയുമൊക്കെ ഉണ്ടായിരുന്നോ ആവോ.

ഏയ്.. അതൊക്കെ 2016 മെയ് 25നുശേഷം മാത്രമുള്ള കാര്യങ്ങളല്ലേ!

അടിപൊളി.. വാ പോകാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP