Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്

മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: യുഎഇ കോൺസുലെറ്റുമായി ഇടപഴകുന്നതിൽ വരുത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനു കുരുക്കാകുകയാണ്. മന്ത്രി എന്ന രീതിയിൽ ജലീൽ നടത്തിയ പ്രോട്ടോക്കോൾ ലംഘനങ്ങളുടെ വിശദവിവരങ്ങൾ എൻഐഎ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. യുഎഇ കോൺസുലെറ്റുമായി നേരിട്ട് ഇടപഴകാൻ മന്ത്രി എന്ന രീതിയിൽ ജലീലിനു കഴിയില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ജലീലിനു യുഎഇ കോൺസുലെറ്റുമായി ഇടപഴകാൻ കഴിയൂ. മന്ത്രിക്ക് കുരുക്കായി മാറിയത് യുഎഇ കോൺസുലെറ്റിൽ വഴി നേരിട്ട് പാഴ്‌സലുകൾ എത്തിച്ച് സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തതാണ്. സിആപ്റ്റിലേക്ക് യുഎഇ കോൺസുലെറ്റിൽ നിന്നും സിആപ്റ്റിലേക്ക് ജലീലിന്റെ പേരിൽ എന്താണ് എത്തിയത് എന്നതിനെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും മാറിയിട്ടില്ല. ഖുറാൻ ആണ് എത്തിച്ചത് എന്നാണ് ജലീൽ പറയുന്നത്. കോൺസുലേറ്റിൽ നിന്നും ധനസഹായം ജലീൽ കൈപ്പറ്റുകയും ചെയ്തു. എൻഐഎ മാത്രമല്ല കേന്ദ്ര സർക്കാർ വരെ ജലീൽ നടത്തിയ ഇടപാടുകളുടെ പേരിൽ ഞെട്ടിയിരിക്കുകയാണ്.

ഖുറാൻ ഒരു മതഗ്രന്ഥമാണ്. അത് എന്തിനു രഹസ്യാത്മകമായി എത്തിച്ചു എന്ന ചോദ്യത്തിനു മന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കയറ്റി അയക്കുന്ന ഖുറാൻ ആണ് യുഎഇയിൽ നിന്നും കോൺസുലേറ്റ് വഴി തിരികെ കേരളത്തിലേക്ക് എത്തിച്ചത്. അതുകൊണ്ട് തന്നെ സംശയാസ്പദമായ കാര്യമായാണ് ജലീലിന്റെ നടപടി വീക്ഷിക്കപ്പെടുന്നത്. മന്ത്രിയും മന്ത്രിക്കും അടുപ്പമുള്ളവർക്കും അല്ലാതെ യുഎഇ കോൺസുലേറ്റ് വഴി എന്താണ് എത്തിച്ചത് എന്നതിനെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ല. യുഎഇ കോൺസുലേറ്റ് ആണെങ്കിൽ സ്വർണ്ണക്കടത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ഈ കോൺസുലെറ്റിൽ നിന്നുമാണ് രഹസ്യപാഴ്‌സൽ ജലീലിനെ തേടി സിആപ്റ്റിൽ വന്നത്. പാഴ്‌സലിൽ ഖുറാൻ ആയിരുന്നെന്നു മന്ത്രി പറയുമ്പോഴും പ്രോട്ടോക്കോൾ ലംഘനമാണ് മന്ത്രിയെ തുറിച്ചു നോക്കുന്നത്.

യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ചതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നിലനിൽക്കുന്നുവെന്ന് പ്രമുഖ നയതന്ത്രജ്ഞനായ ടി.പി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിക്കാൻ അനുമതിയില്ല. ഇത് നിലവിലെ റൂളിന്റെ ലംഘനമാണ്. മതഗ്രന്ഥങ്ങൾ വിദേശത്ത് നിന്നും കൊണ്ടുവരാൻ നയതന്ത്രജ്ഞർക്ക് പോയിട്ട് ഒരാൾക്കും അനുമതിയില്ല. മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്. മതഗ്രന്ഥങ്ങൾ കൊണ്ട് വരണമെങ്കിൽ അനുമതി വാങ്ങണം. പുറത്ത് നിന്ന് മതഗ്രന്ഥങ്ങൾ കൊണ്ട് വരരുത് എന്ന് ഡിപ്ലോമാറ്റിക് നിർദ്ദേശങ്ങൾ എഴുതിയിട്ടുണ്ട്. അത് നിയമലംഘനം തന്നെയാണ്. മതഗ്രന്ഥങ്ങൾ എങ്ങനെ കൊണ്ട് വന്നാലും അത് നിയമവിരുദ്ധമാണ്. മന്ത്രി എന്ന നിലയിൽ നിയമവിരുദ്ധമായ കാര്യം തന്നെയാണ് ജലീൽ ചെയ്തത്.

വിദേശത്ത് നിന്നും മതഗ്രന്ധം എത്തുമ്പോൾ കസ്റ്റംസ് തന്നെ അത് സ്റ്റോപ്പ് ചെയ്യേണ്ടതാണ്. ആർക്കും വന്നാൽ കസ്റ്റംസ് അത് തടയും. കസ്റ്റംസിന്റെ ശ്രദ്ധയില്ലാതെ അത് എത്തിയത് ഡിപ്ലോമാറ്റിക് വഴിയിലാണ് എന്നുറപ്പാണ്. അല്ലെങ്കിൽ കസ്റ്റംസ് അത് പിടിച്ചെടുത്തേനെ. കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെയാണ് ഖുറാൻ വന്നത് എന്നത് ഗൗരവകരമായ കാര്യമായി നിലനിൽക്കുകയാണ്. കേന്ദ്രത്തിന്റെ അനുമതിയോടെയാവണം ലൈഫ് മിഷൻ പദ്ധതിയിൽ കേരള സർക്കാരും യുഎഇയിലെ റെഡ് ക്രസനറും തമ്മിൽ കരാർ ഒപ്പ് വെച്ചത്. ഈ രീതിയിൽ കരാർ ഒപ്പ് വെയ്ക്കണം എന്നുണ്ടെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. അപ്പോൾ ഒരു കരാർ നിലവിൽ വന്നിരിക്കണം. നിലവിലെ വിവാദങ്ങളിൽ തെളിയുന്നത് ബ്യൂറോക്രസി നിയമത്തോട് വിധേയത്വം കാണിക്കുന്നില്ലെന്നാണ്. മുൻ ആഭ്യന്തര സെക്രട്ടറി കെ.എം.ചന്ദ്രശേഖറുമായി സംസാരിച്ചപ്പോഴും അദ്ദേഹം വിരൽ ചൂണ്ടിയത് ഐഎഎസ് ഓഫീസർമാരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലേക്കാണ്.

രാഷ്ടീയ നേതൃത്വം അവിശുദ്ധ കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് മുന്നോട്ടു പോകുമ്പോൾ അതിനെ നിയമം നോക്കി തടയിടെണ്ട ഉത്തരവാദിത്തം ബ്യൂറോക്രസിക്ക് ആണ്. നിയമം നോക്കി എതിരഭിപ്രായം രേഖപ്പെടുത്തി സ്വതന്ത്രമായി മുന്നോട്ടു പോവുകയാണ് മുതിർന്ന ഐഎഎസ് ഓഫീസർമാർ ചെയ്യേണ്ടത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അല്ലെങ്കിൽ ബ്യൂറോക്രസിയാണ് കുഴപ്പത്തിൽ ചാടുക. പാർട്ടികൾ വരുന്നതിനു അനുസരിച്ച് സിസ്റ്റം മാറ്റുകയാണ്. നിയമത്തിലുള്ള കാര്യങ്ങൾ മുഴുവൻ അനുസരിച്ച് മാത്രമാണ് ബ്യൂറോക്രസിക്ക് മുന്നോട്ട് പോകുവാൻ കഴിയുക. അല്ലെങ്കിൽ ബ്യൂറോക്രസി റിസ്‌ക്കിലേക്ക് നീങ്ങും. രാഷ്ട്രീയ നേതൃത്വം ഷോട്‌സ് കട്‌സ് എടുക്കുമ്പോൾ ബ്യൂറോക്രസി ശ്രദ്ധിക്കണം. സർക്കാരിന്റെ അപ്രോച്ച് കടലാസിൽ എഴുതിയത് മാതിരിയാകില്ല. അപ്പോൾ ബ്യൂറോക്രസി ജാഗ്രത കാണിക്കണം. പക്ഷെ ബ്യൂറോക്രസിയിൽ നിന്നും അത്തരം ജാഗ്രത വരുന്നില്ലെന്നും നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം അതാണ് എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്-ശ്രീനിവാസൻ പറയുന്നു.

അതേസമയം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ മന്ത്രി കെടി ജലീൽ കുടുങ്ങുന്ന അവസ്ഥയിലാണ്. ഖുർആൻ ആണ് താൻ സി ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്തതെന്ന മന്ത്രിയുടെ തുറന്നു പറച്ചിൽ വിനയാകുകയാണ്. സംസ്ഥാന മന്ത്രിമാർക്ക് യുഎഇ കോൺസുലേറ്റുമായി നേരിട്ട് ഇടപെടാൻ കഴിയില്ല. പ്രോട്ടോകോൾ ഓഫീസർക്ക് മാത്രമേ കഴിയൂ. മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് യുഎഇയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ജലീലിന് നയതന്ത്ര പാഴ്സലിലൂടെ കിട്ടിയ ഖുർ ആനിന്റെ വഴി തേടുകയാണ് കസ്റ്റംസ്. ഏത് സാഹചര്യത്തിലാണ് മതഗൃന്ഥങ്ങൾ എത്തിയതെന്ന് തേടുകയാണ് കസ്റ്റംസ്. ഇതിന് വേണ്ടി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. അതായത് നയതന്ത്ര പാഴ്ലിലൂടെ എത്ര ബാഗേജ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി വരുത്തിയെന്ന് മനസ്സിലാക്കാനാണ് നീക്കം.

യഥാർത്ഥത്തിൽ ഇത്തരത്തിലൊന്നും പ്രോട്ടോകോൾ ഓഫീസർ ഔദ്യോഗികമായി ചെയ്തിട്ടില്ലെന്നാണ് സൂചന. ഈ സാഹച്യം തിരിച്ചറിഞ്ഞാണ് ജലീലിന്റെ നയതന്ത്ര പ്രോട്ടോകോൾ കള്ളക്കളി കണ്ടെത്താനുള്ള കസ്റ്റംസ് നീക്കം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നീക്കം. നിയമോപദേശവും തേടിയിട്ടുണ്ട്. പ്രോട്ടോകോൾ ഓഫീസറിൽ നിന്ന് മതഗ്രന്ഥങ്ങളൊന്നും കേരളം ഇറക്കുമതി ചെയ്തില്ലെന്ന മറുപടി കിട്ടിയാൽ ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് ഖുർആൻ കിട്ടിയതെന്ന് വിശദീകരിക്കേണ്ടിയും വരും. ആവശ്യമെങ്കിൽ എൻഐഎയും ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ടാണിത്.

ദുബായ് കോൺസുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങൾ സർക്കാർ സ്ഥാപനമായ സി-ആപ്പിന്റെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റിൽ നിന്നും ചില പാഴ്സലുകൾ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ഈ മറുപടിയാണ് ഇപ്പോൾ വിനയാകുന്നത്. യുഎഇയിൽ നിന്ന് ഔദ്യോഗികമായി ഇത്തരത്തിലൊരു ഖുർ ആൻ അയപ്പുണ്ടായിട്ടില്ലെന്ന വിവരവും കസ്റ്റംസിന് കിട്ടി കഴിഞ്ഞു. നയതന്ത്ര ബാഗുകളിലെ ഖുർ ആൻ അയപ്പ് വിദേശകാര്യ പ്രോട്ടോകോളിനും എതിരാണ്.

നയതന്ത്രബാഗുകൾക്ക് കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയുകയുള്ളൂ. എന്നാൽ നയതന്ത്രപാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടങ്ങൾ പറയുന്നത്. ഇതും ജലീലിന് വിനയാകും. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോൾ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾ വ്യാജ രേഖകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറേക്ക് പോയ നയതന്ത്രബാഗിലാണ് മതഗ്രന്ഥങ്ങളെത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയതന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രസ്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ബാഗിൽ ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP