Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷം ആളിക്കത്തിച്ചതിൽ എസ്ഡിപിഐക്ക് മുഖ്യപങ്ക്; മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; മുസാമിൽ പാഷ ഉൾപ്പടെ അറസ്റ്റിലായത് 110 പേർ; അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി; അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ; ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് യെദ്യൂരപ്പയും

വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷം ആളിക്കത്തിച്ചതിൽ എസ്ഡിപിഐക്ക് മുഖ്യപങ്ക്; മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; മുസാമിൽ പാഷ ഉൾപ്പടെ അറസ്റ്റിലായത് 110 പേർ; അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി; അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ; ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് യെദ്യൂരപ്പയും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷത്തിൽ എസ്ഡിപിഐക്ക് നിർണായക പങ്കെന്ന് സൂചന. അക്രമണങ്ങളുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ ഉൾപ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കലാപത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി മന്ത്രി സിടി രവി ആരോപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. എംഎൽഎയുടെ വീടിന് വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയുണ്ടായി. സംഭവത്തെ ഗൗരവമായാണ് സർക്കാർ കാണുന്നത്. ഇത് ഒരു സംഘടിതമായ ആക്രമണമായാണ് കാണുന്നത്. എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നും രവി ആരോപിച്ചു.

അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെയ്പിലാണ് മരണം. 60 ഓളം പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേറ്റു. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി 8 മണിയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞു. വീട്ടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു.

അതേസമയം ബെംഗളൂരു നഗരത്തിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ആവശ്യപ്പെട്ടു. കോൺഗ്രസ് പൂർണമായും പൊലീസുമായി സഹകരിക്കും. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പാലിക്കാൻ മത നേതാക്കൾ ആഹ്വാനം നൽകണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് നടന്ന പൊലീസ് വെടിവെപ്പിൽ വാജിദ് ഖാൻ(20), യാസീൻ പാഷ (40) എന്നിവരാണ് മരിച്ചത്.

അതേസമയം ഫേസ്‌ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അറിയിച്ചു. ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. ജനങ്ങൾ സമാധാനം കൈവെടിയരുത്. മാധ്യമപ്രവർത്തകർ, പൊലീസ്, ജനങ്ങൾ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. അഭ്യൂഹങ്ങളും അക്രമങ്ങളും വ്യാപിപ്പിക്കുന്നവരോട് യാതൊരു അനുകമ്പയും സർക്കാർ കാണിക്കില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങൾ ഭയപ്പെടരുതെന്നും അക്രമങ്ങളിലേക്ക് കടക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഫേസ്‌ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്റെ പേരിൽ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. പുലികേശി നഗറിലെ കോൺഗ്രസ് എംഎ‍ൽഎ അഖണ്ഡശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ് ഫേസ്‌ബുക്കിൽ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീന്റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എംഎ‍ൽഎയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി പൊലീസ് സ്‌റ്റേഷന് മുന്നിലും ആളുകൾ തടിച്ചുകൂടി.

ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. അക്രമികൾ 24 നാലുചക്രവാഹനങ്ങളും 200 ലേറെ ഇരുചക്രവാഹനങ്ങളും തീവെച്ചുനശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയെ വിളിച്ച് കലാപം കർശനമായി നേരിടാൻ നിർദേശിച്ചു. ഇതേത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടേണ്ടി വരുമെന്ന് മന്ത്രി ബൊമ്മെ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP