Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകം മുഴുവൻ റഷ്യയുടെ കോവിഡ് വാക്‌സിൻ ആഘോഷിക്കുമ്പോഴും ആശങ്കകളും ശക്തം; ഭയപ്പെടുത്തുന്നതും വിഡ്ഡിത്തവുമെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി; ആരോഗ്യ ഗവേഷണ രംഗത്ത് വ്യത്യസ്ത അഭിപ്രായം ശക്തം; റഷ്യയുടെ വാക്സിൻ സുരക്ഷിതമോ എന്ന കാര്യത്തിൽ പരിശോധന അനിവാര്യം, പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടറും

ലോകം മുഴുവൻ റഷ്യയുടെ കോവിഡ് വാക്‌സിൻ ആഘോഷിക്കുമ്പോഴും ആശങ്കകളും ശക്തം; ഭയപ്പെടുത്തുന്നതും വിഡ്ഡിത്തവുമെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി; ആരോഗ്യ ഗവേഷണ രംഗത്ത് വ്യത്യസ്ത അഭിപ്രായം ശക്തം; റഷ്യയുടെ വാക്സിൻ സുരക്ഷിതമോ എന്ന കാര്യത്തിൽ പരിശോധന അനിവാര്യം, പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെ ചെറുക്കാനുള്ള വാക്‌സിൻ റഷ്യ വികസിപ്പിച്ചെടുത്തെന്ന് വാർത്ത പുറത്തുവന്നതോടെ ലോകം മുഴുവൻ ആഹ്ലാദം ഉടലെടുത്തിട്ടുണ്ട്. എന്ന് ഈ വാക്‌സിൻ ലോകവ്യാപകമായി ലഭ്യമാകും എന്നതു സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. അതേസമയം റഷ്യ വാക്‌സിൻ പുറത്തിറക്കിയത് എല്ലാം മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് എന്ന് അവർ അവാകാശപ്പെടുമ്പോഴും സംശയം ഇക്കാര്യത്തിൽ ഉയരുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധർക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ ട്രെയൽ നടത്തുന്നവർ റഷ്യയുടെ നീക്കത്തിൽ ആശങ്കാകുലരാണ് താനും.

വളരെ ഭയപ്പെടുത്തുന്നതും അപകടകരവുമായ നീക്കം എന്നാണ് ഇതേക്കുറിച്ച് അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടർ ഡാനിയേൽ സാൽമൺ അഭിപ്രായപ്പെടുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട ട്രയൽ നടത്താതെയാണ് മരുന്നു പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് ഇവർ സാൽമൺ ആരോപിക്കുന്നത്. ഇത് മനുഷ്യരിൽ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

അതേസമയം റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയയും അഭിപ്രായപ്പെടുന്നു. കഴിഞ്ഞദിവസമാണ് ലോകത്ത് ആദ്യമായി റഷ്യയിൽ വാക്സിൻ വിജയകരമായി വികസിപ്പിച്ചതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചത്. വാക്സിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ലോകമൊട്ടാകെ കൊഴുക്കുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

'റഷ്യയുടെ വാക്സിൻ വിജയകരമാണെങ്കിലും ഇത് സുരക്ഷിതമാണോ, ഫലപ്രാപ്തി ഉണ്ടോ എന്നി കാര്യങ്ങൾ ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോ എന്നും നോക്കേണ്ടതുണ്ട്. വാക്സിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുണ്ടോ, സുരക്ഷ നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയ്ക്ക് വലിയ തോതിൽ വാക്സിൻ നിർമ്മിക്കാനുള്ള ശേഷിയും ഉണ്ട്' - ഗുലേറിയ പറയുന്നു.

ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്സിൻ ലഭ്യമാക്കുന്നതിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആശങ്ക ഉയർന്നിരുന്നു. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പു നൽകി. ഈ പശ്ചാത്തലത്തിലാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

കോവിഡ് മഹാമാരി ലോകം മുഴുവൻ ശമനമില്ലാതെ തുടരുന്നതിനിടെയാണ് റഷ്യ വാക്സിൻ വികസിപ്പിച്ചതായുള്ള വാർത്തകൾ വന്നത്. തന്റെ മകളിൽ ഇത് പരീക്ഷിച്ചതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് വാക്സിന് റഷ്യ 'സ്പുട്നിക് വി' എന്നാണ് പേരിട്ടിരിക്കുന്നത്. വിദേശ മാർക്കറ്റിൽ ഈ പേരിലാകും റഷ്യൻ വാക്സിൻ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്സിന് സ്പുട്നിക് വി എന്നാണ് പേരിട്ടിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലയ്ക്കും കോവിഡനെതിരെയുള്ള ഒരു വാക്സിൻ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമർശിക്കുന്നുവെന്ന് റഷ്യൻ ഡയറക്ട് ഇൻവസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ് പറഞ്ഞു. തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിന് 20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസുകൾ ഇതിനോടകം ഓർഡർ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരെ ആദ്യ വാക്സിൻ വിജയകരമായി വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയ വാക്സിന്റെ രാജ്യ വ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തതായും തന്റെ പെൺമക്കളിൽ ഒരാളിൽ കുത്തിവെയ്പ് എടുത്തതായും പുടിൻ വ്യക്തമാക്കിയിരുന്നു.

വാക്സിന്റെ പരീക്ഷണഘട്ടത്തിൽ കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിൻ പറഞ്ഞു. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ ശേഷി തീർക്കുന്നതിൽ വാക്സിൻ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സർക്കാർ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് പുടിൻ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്്സിൻ ഉപയോഗിക്കുന്ന ഘട്ടത്തിൽ എത്തിയത്. വാക്സിൻ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ, അപകടകരമായ പരിധിയിൽ വരുന്നവർ എന്നിവർക്കാണ് ആദ്യമായി വാക്സിൻ നൽകുക. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. അഡിനോവൈറസ് ആസ്പദമാക്കി നിർമ്മിച്ച നിർജീവ പദാർഥങ്ങൾ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവർക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. ഇതിനു പിന്നാലെ വാക്സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷൻ ക്യാംപയിനിലൂടെ ജനങ്ങൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനാണ് പദ്ധതി.

വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർധിക്കുമ്പോൾ ചിലർക്ക് പനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോൾ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ അലക്സാണ്ടർ ഗിന്റസ്ബർഗ് പറഞ്ഞു. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP