Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ-ജമൈക്കൻ ദമ്പതിമാരുടെ പുത്രി; തമിഴ് ബ്രാഹ്മണ കുടുംബാംഗമായ അമ്മ; സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായും കാലിഫോർണിയയിലെ അറ്റോർണി ജനറൽ ആയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വ്യക്തിത്വം; ഡൊണാൾഡ് ട്രംപിന് ഏറെ തലവേദനകൾ സൃഷ്ടിച്ച സെനറ്റർ; അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ ഇഷ്ടമില്ലാത്തതിനെ വെല്ലുവിളിച്ച് മുന്നേറിയ അസാധാരണ വ്യക്തിത്വം; കമലാ ഹാരീസ് ശ്രദ്ധാ കേന്ദ്രമാകുമ്പോൾ

ഇന്ത്യൻ-ജമൈക്കൻ ദമ്പതിമാരുടെ പുത്രി; തമിഴ് ബ്രാഹ്മണ കുടുംബാംഗമായ അമ്മ; സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായും കാലിഫോർണിയയിലെ അറ്റോർണി ജനറൽ ആയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വ്യക്തിത്വം; ഡൊണാൾഡ് ട്രംപിന് ഏറെ തലവേദനകൾ സൃഷ്ടിച്ച സെനറ്റർ; അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ ഇഷ്ടമില്ലാത്തതിനെ വെല്ലുവിളിച്ച് മുന്നേറിയ അസാധാരണ വ്യക്തിത്വം; കമലാ ഹാരീസ് ശ്രദ്ധാ കേന്ദ്രമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നിരവധി ഒന്നാം സ്ഥാനങ്ങൾക്ക് ഉടമയാണ് ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലന്റെ മകൾ കമല ഹാരിസ്. ജമൈക്കൻ വംശജനായ പിതാവിൽ നിന്നും ലഭിച്ച കറുത്തവർഗ്ഗ പാരമ്പര്യം അവരുടെ വളർച്ചയിൽ ഒരിക്കലും ഒരു തടസ്സമായില്ല. സാൻഫ്രാൻസിസ്‌കോയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ ഡിസ്ട്രിക്ട് അറ്റോർണി, കാലിഫോർണിയയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയയ അറ്റോർണി ജനറൽ എന്നിങ്ങനെ നിരവധി നേട്ടങ്ങളുണ്ട് കമലയ്ക്ക് സ്വന്തമായി.

പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുവാൻ മത്സരിച്ച്, അന്തിമ റൗണ്ടിൽ മാത്രം പുറത്തുപോയ കമല ഹരിസിനെ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ജോ ബിഡെൻ പ്രഖ്യാപിക്കുമ്പോൾ അത് ഇന്ത്യക്ക് കൂടി അഭിമാനമാവുകയാണ്. സ്വാതന്ത്ര്യ സമരസേനാനിയും, സ്വാതന്ത്ര്യാനന്തരം സർക്കാർ സർവ്വീസുകളിൽ പല ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള പി. വി ഗോപാലന്റെ പെരക്കുട്ടി കൂടിയാണ് കമല ഹാരിസ്.

അർബുദത്തെക്കുറിച്ച് ഉന്നതപഠനം നടത്താൻ ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ എത്തിയ ശ്യാമള അവിടെ വച്ചാണ് ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം നടത്തുകയും ആയിരുന്ന ഡോണാൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. ഈ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. തമിഴ് ബ്രാഹ്മണാ കുടുംബത്തിലെ അംഗമായിരുന്ന ശ്യാമള മക്കൾക്കും ആ പാരമ്പര്യം പരിചയപ്പെടുത്തിയിരുന്നു.

സാൻഫ്രാൻസിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി തന്റെ തൊഴിൽ ജീവിതമാരംഭിച്ച കമല പിന്നീട് കാലിഫോർണീയയുടെ അറ്റോർണി ജനറലായി. 2016-ൽ കാലിഫോർണിയയിൽ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സെനറ്റർ എന്ന നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ഡെമോക്രാറ്റിക് സ്റ്റേജുകളിൽ ബിഡനുമായി സംവാദത്തിൽ ഏർപ്പെടുമ്പോഴും നിയമത്തിലുള്ള അറിവായിരുന്നു കമലക്ക് എന്നും മുതൽക്കൂട്ട്.

പ്രസിഡണ്ട് സ്ഥാനാർത്ഥിയെ നിർണ്ണയിക്കുവാനുള്ള പോരാട്ടത്തിൽ ബിഡന്റെ ഫെഡറൽ ബസിങ് പ്രോഗ്രാമിനോടുള്ള നിലപാടിനെ കമല അതിനിശതമായി വിമർശിച്ചിരുന്നു. ന്യുനപക്ഷ വിഭാഗങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ പദ്ധതി. ഈ സംവാദം പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാനുള്ള കമലയുടെ സാദ്ധ്യത വളരെ ഉയർത്തിയിരുന്നു. എങ്കിലും പിന്നീട് ബിഡന് പിന്തുണ ഏറിവന്നതോടെ ഡിസംബറിൽ കമല മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു.

പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നാമനിർദ്ദേശംചെയ്യപ്പെട്ടപ്പോൾ ജോ ബിഡൻ ആദ്യം പറഞ്ഞത് വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥി ഒരു വനിത ആയിരിക്കുമെന്നാണ്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്, സെനറ്റർ എലിസബത്ത് വാറൻ എന്നിവർക്കൊപ്പം കമലയുടെ പേരും രണ്ടാം സ്ഥാനത്തിനായി ഉയർന്നു വന്നു. മൊത്തം 11 വനിതകളുടെ പേരുകളാണ് വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർന്നു വന്നത്.

മിന്നെസോട്ടയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ളോയ്ഡിനെ പൊലീസുകാർ ക്രൂരമായി കൊലചെയ്ത സംഭവവും തുടർന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും സാഹചര്യങ്ങൾ കമലയ്ക്ക് അനുകൂലമാക്കുകയായിരുന്നു. എന്നാൽ, ബിഡനെതിരെ നടത്തിയ സംവാദങ്ങൾ കമലയുടെ സാധ്യത ഇല്ലാതെയാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ.

അകാലത്തിൽ മരണമടഞ്ഞ തന്റെ പുത്രൻ ബേയുടെ സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന കമലയെ പക്ഷെ ബിഡൻ നല്ലപോലെ മനസ്സിലാക്കിയിരുന്നു. കമലയുടെ കഴിവുകൾ തനിക്കും പ്രയോജനം ചെയ്യുമെന്ന് ബിഡൻ മനസ്സിലാക്കി. ഇതായിരുന്നു അവസാനം വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കമല ഹാരിസ് എത്തുവാൻ കാരണം.

മുൻ മേയറും കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയിലെ പ്രമുഖ ഡെമോക്രാറ്റിക് നേതാവുമായിരുന്ന വില്ലീ ബ്രൗണുമായുള്ള ബന്ധമാണ് കമലയെ രാഷ്ട്രീയ രംഗത്തേക്ക് ആനയിക്കുന്നത്. മേയർ തിരഞ്ഞെടുപ്പിനിടയിലാണ് അപ്പോൾ വിവാഹിതനായിരുന്ന വില്ലീ ബ്രൗണിനെ കമല പരിചയപ്പെടുന്നതും അവരുടെ ബന്ധം ആരംഭിക്കുന്നതും. ബ്രൗൺ വിവാഹിതനായിരുന്നെങ്കിലും പത്നിക്കൊപ്പമായിരുന്നില്ല താമസം. നിരവധി മറ്റ് കാമുകിമാരും അദ്ദേഹത്തിനുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തോടെ അവരുടെ ബന്ധം തകർന്നു എങ്കിലും, സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് കമലയെ കൈപിടിച്ചുയർത്തുവാൻ ബ്രൗൺ തയ്യാറായി. കാലിഫോർണിയ അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് അപ്പീൽസ് ബോർഡ്, മെഡിക്കൽ അസിസ്റ്റൻസ് കമ്മീഷൻ എന്നിവിടങ്ങളിൽ കമലക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചത് ബ്രൗൺ മൂലമായിരുന്നു.

ഈ അവസരത്തിൽ കമല വലിയൊരു സൗഹൃദവലയം ഉണ്ടാക്കി എടുത്തിരുന്നു. കൂടാതെ അവരുടെ പല ഇടപെടലുകളും സമൂഹത്തിൽ അവരുടെ സല്പേര് വർദ്ധിക്കുവാനും സഹായിച്ചു. ഇതായിരുന്നു തുടർന്നങ്ങോട്ടുള്ള കമലയുടെ വളർച്ചക്ക് തറക്കല്ലിട്ടത്. എന്നും സത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിച്ച കമല, 2004 ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായപ്പോൾ ഒരു കൊലപാതക കേസിൽ എടുത്ത നിലപാടുകൾ വളരെ ശ്രദ്ധേയമായിരുന്നു. ഒരു പൊലീസുകാരനെ വെടിവച്ചുകൊന്ന ഒരുകൂട്ടം കൊലപാതകികൾക്ക് ജീവപര്യന്തം വിധിച്ച ഒരു വിധിയാണ് അന്ന് അവരെ ശ്രദ്ധേയയാക്കിയത്.പ്രതികളെ രക്ഷിക്കാനായി ഏറെ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു.

സെനറ്റർ അൽ ഫ്രാങ്കെനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും കമലാ ഹാരിസായിരുന്നു. ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രക്രിയകളിലും കമല വളരെ സജീവമായി പങ്കെടുത്തു. വീട്ടുകാർ വിവാഹം നിശ്ചയിക്കുന്നതിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കയിൽ ഉപരി പഠനത്തിനെത്തിയ ശ്യാമള ഗോപാലന്റെ മകളിലും ഇഷ്ടമില്ലാത്തതിനെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റമുണ്ടെന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു ഇതെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP