Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ജില്ലയിൽ ഇനി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ; വിവാഹ-മരണനാന്തര ചടങ്ങുകളിൽ 20 പേർ മാത്രം; വിവാഹ ചടങ്ങുകൾക്ക് പാസ് തഹസിൽദാർമാർ നൽകും; ചൊവ്വാഴ്ച ജില്ലയിൽ രോഗം ബാധിച്ചത് 242 പേർക്ക്; സമ്പർക്കത്തിലൂടെ 199 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 1,578 പേർ

മലപ്പുറം ജില്ലയിൽ ഇനി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ; വിവാഹ-മരണനാന്തര ചടങ്ങുകളിൽ 20 പേർ മാത്രം; വിവാഹ ചടങ്ങുകൾക്ക് പാസ് തഹസിൽദാർമാർ നൽകും; ചൊവ്വാഴ്ച ജില്ലയിൽ രോഗം ബാധിച്ചത് 242 പേർക്ക്; സമ്പർക്കത്തിലൂടെ 199 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 1,578 പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ഞായാറാഴച സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തി. വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികൾ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതൽ രോഗികൾ ക്ലിനിക്കിൽ എത്തുന്നില്ലെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തണം. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് മാത്രം രോഗികൾ എത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

നിയമലംഘനം നടത്തുന്ന ക്ലിനിക്കുകൾ അടച്ച് പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങൾ രേഖപ്പെടുത്തണം. ഇവിടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഗർഭിണികളും 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അയൽ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദർശിക്കുന്നത് പൂർണമായും ഒഴിവാക്കണം.

മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. തേഞ്ഞിപ്പലം സി.എഫ്.എൽ.ടി.സിയിൽ കോവിഡ് പരിശോധനക്കുള്ള സൗകര്യം ഒരുക്കും. പെരിന്തൽമണ്ണ എം.ഇ.എസ്. ആർട്സ് കോളജിൽ സജ്ജീകരിച്ച ആശുപത്രിയിൽ 120 കിടക്കകളും 13 പേർക്കുള്ള തീവ്രരിചരണ വിഭാഗവും വ്യാഴാഴ്ച (ഓഗസ്റ്റ് 13) പ്രവർത്തന സജ്ജമാകും. ഇ.എം.എസ് നഴ്സിങ്ങ് ഹോസ്റ്റൽ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇവിടെ ബുധനാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കും. നിലമ്പൂർ ഐ.ജി.എം.ആർ ഹോസ്റ്റലിലെ സി.എഫ്.എൽ.ടി.സി ബുധനാഴ്ച മുതൽ പ്രവർത്തനമാംരംഭിക്കും. ആവശ്യമെങ്കിൽ കോവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കോവിഡ് സ്‌ക്രീനിങിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കിൽ രോഗികളെ ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പാലേമാട് വിവേകാനന്ദ സ്‌കൂൾ സി.എഫ്.എൽ.ടി.സിയാക്കി മാറ്റും. ജില്ലയിൽ കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്.

കണ്ടെയ്ന്മെന്റ് സോൺ: വിവാഹ ചടങ്ങുകൾക്ക് പാസ് തഹസിൽദാർമാർ നൽകും

കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിവാഹ ചടങ്ങുകൾക്ക് മറ്റ് പ്രദേശങ്ങളിൽ നിന്ന് വരൻ/ വധുവിനും സംഘത്തിനും എത്തിച്ചേരുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള പാസ് അനുവദിക്കുന്നതിനായി താലൂക്ക് തഹസിൽദാർമാരെ ചുമതലപ്പെടുത്തി. കണ്ടെയ്ന്മെന്റ് സോണുകളിലെ വിവാഹ ചടങ്ങുകൾക്ക് മറ്റ് പ്രദേശങ്ങളിൽ നിന്ന് വരൻ/വധുവിന് എത്തിച്ചേരുന്നതിന് പ്രയാസങ്ങൾ അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പാസ് അനുവദിക്കുന്നതിനായി ഇൻസിഡന്റ് കമാൻഡർമാരായ താലൂക്ക് തഹസിൽദാർമാരെ ചുമതലപ്പെടുത്തിയത്.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രാദേശികതലത്തിൽ കോവിഡ് പരിശോധന

വിമാന അപകടത്തിൽ സ്തുത്യർഹമായി രക്ഷാപ്രവർത്തനം നടത്തിയവർക്ക് പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ച് അവരുടെ കോവിഡ് പരിശോധന നടത്തും. അപകടത്തിൽ മരിച്ച ഒരാൾക്കും ചികിത്സയിലുള്ള ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്തവരോട് ക്വാറന്റൈനിൽ പോവാൻ ആവശ്യപ്പെട്ടിരുന്നു.

കടകൾ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം

ജില്ലയിലെ കണ്ടെയ്ന്മെന്റ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളും തട്ടുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. രാത്രി ഒൻപത് വരെ പാഴ്‌സൽ നൽകാം.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, എ.ഡി.എം എൻ.എം മെഹറലി, സബ്കലക്ടർ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർമാരായ പി.എൻ പുരുഷോത്തമൻ (ഡി.എം), ലത(എൽ.എ), ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി. സണ്ണിചാക്കോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ. രാജൻ, എൻ.എച്ച്.എം പ്രൊജക്ട് മാനേജർ ഡോ.എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഫിനാൻസ് ഓഫീസർ സന്തോഷ് കുമാർ, പി.എ.യു പ്രൊജക്ട് കോർഡിനേറ്റർ പ്രീതി മേനോൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ പി.ടി ഗീത, ലോ ഓഫീസർ ആകാശ് രവി, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഇ.ടി രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ ഇന്ന് 242 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ നാല് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 199 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 32 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 31 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 51 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ 2,158 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

നിരീക്ഷണത്തിലുള്ളത് 35,958 പേർ

35,958 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,340 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 430 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 88 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 47 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 81 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 680 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,470 പേർ വീടുകളിലും 1,148 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

66,803 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 75,894 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 73,306 പേരുടെ ഫലം ലഭ്യമായതിൽ 66,803 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,491 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP