Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഡ്രസിങ് റൂമിൽ പിന്നിലൂടെ വന്ന് കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം; ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും അസഭ്യം': സുപ്പർവൈസർക്കെതിരെ പീഡനത്തിനു പരാതിയുമായി തലസ്ഥാനത്ത് ആനയറ ഹോർട്ടികോർപ്‌സിലെ ജീവനക്കാരി; എഐടിയുസി നേതാവിനെ സംരക്ഷിക്കാൻ ജീവനക്കാരിയെ പുറത്താക്കി മാനെജ്‌മെന്റ്; വ്യാജ പരാതിയെന്നു ഹോർട്ടികോർപ്‌സ് എംഡി

'ഡ്രസിങ് റൂമിൽ പിന്നിലൂടെ വന്ന് കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം; ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും അസഭ്യം': സുപ്പർവൈസർക്കെതിരെ പീഡനത്തിനു പരാതിയുമായി തലസ്ഥാനത്ത് ആനയറ ഹോർട്ടികോർപ്‌സിലെ ജീവനക്കാരി; എഐടിയുസി നേതാവിനെ സംരക്ഷിക്കാൻ ജീവനക്കാരിയെ പുറത്താക്കി മാനെജ്‌മെന്റ്; വ്യാജ പരാതിയെന്നു ഹോർട്ടികോർപ്‌സ് എംഡി

എം മനോജ് കുമാർ

തിരുവനന്തപുരം: ആനയറ ഹോർട്ടികോർപ്‌സിൽ പട്ടാപ്പകൽ മാനഭംഗ ശ്രമം. ഹോർട്ടികോർപ്‌സിലെ താത്കാലിക ജീവനക്കാരിയെയാണ് സുപ്പർവൈസർ കയറിപ്പിടിക്കാൻ ശ്രമിച്ചത്. ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സുപ്പർവൈസർ വിശ്വനാഥനെതിരെ പേട്ട പൊലീസ് കേസ് ചാർജ് ചെയ്തു. യുവതിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട ശേഷമാണ് യുവതി വസ്ത്രം മാറുന്ന റൂമിലെത്തി യുവതിയെ മാനഭംഗപ്പെടുത്താൻ ജീവനക്കാരൻ ശ്രമിച്ചത്. കഴിഞ്ഞ ജൂലായ് 17 നു ജോലിക്കെത്തിയ ജീവനക്കാരിയെ ആദ്യം തടഞ്ഞു വെയ്ക്കുകയും പിന്നീട് ഡ്രസ് മാറുന്ന റൂമിലെത്തി മുഖത്ത് ഇരുകയ്യുകളും അമർത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഐടിയുസി യൂണിയൻ നേതാവായ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ജീവനക്കാരന് നേരെ സ്ത്രീ പീഡന പരാതി വന്നെങ്കിലും ഇതുവരെ യൂണിയൻ നേതാവിനെ സസ്‌പെൻഡ് ചെയ്യാൻ ഹോർട്ടികോർപ്‌സ് അധികൃതർ തയ്യാറായിട്ടില്ല. അതേസമയം പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് ജീവനക്കാരിയെ മാറ്റി നിർത്തിയത്. പരാതി നൽകിയ ശേഷം 18 നു ജോലിക്കെത്തിയപ്പോൾ ഇനി പരാതിയിൽ തീർപ്പുണ്ടായ ശേഷം വന്നാൽ മതിയെന്ന് ഈ ജീവനക്കാരൻ തന്നെയാണ് യുവതിയെ അറിയിച്ചത്.

ജീവനക്കാരൻ ജോലിക്ക് എത്തുമ്പോൾ പരാതി നൽകിയ സ്ത്രീ പുറത്താണ്. താത്കാലിക ജീവനക്കാരി എന്ന പഴുതുപയോഗിച്ചാണ് യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. ഏഴു വർഷത്തോളമായി ചെയ്യുന്ന ജോലിയാണ് പരാതിയുടെ പേരിൽ യുവതിക്ക് നഷ്ടമായിരിക്കുന്നത്. കേസിൽ നാളെ മുൻകൂർ ജാമ്യത്തിന് പ്രതി ശ്രമിച്ചെക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. എഐടിയുസി നേതാവിനെതിരെ മാനംഭംഗ പരാതി ഉയർന്നു വന്നത് ഹോർട്ടികോർപ്‌സ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ ഞെട്ടിച്ചിട്ടുണ്ട്.

എന്നാൽ യുവതി നല്കിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മാനെജ്‌മെന്റ്. ഈ രീതിയിലുള്ള പ്രതികരണമാണ് ഹോർട്ടികോർപ്‌സ് എംഡി സജീവ് മറുനാടനോട് നടത്തിയത്. കേസിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേട്ട പൊലീസ് മറുനാടനോട് പ്രതികരിച്ചത്. പരാതി നൽകിയതുമുതൽ ശക്തമായ സമ്മർദ്ദം പൊലീസിന് മുകളിൽ വന്നു എന്നാണ് പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നത്. പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല.

തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ നേരിട്ട് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്താൻ ചെന്നപ്പോൾ പറഞ്ഞ മൊഴിക്ക് പകരം നേതാവിന് അനുകൂലമായ രീതിയിൽ മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. ഇതോടെ വീണ്ടും കമ്മിഷണർക്ക് പരാതി നൽകേണ്ടി വന്നു. ഒരു കസേരയും മേശയും പുറത്ത് വെച്ച് എസ്‌ഐ അനുനയ ശ്രമങ്ങൾ നടത്തി. കേസ് നൽകാതെ പിൻവാങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒടുവിൽ കമ്മിഷണർ ഇടപെട്ടതോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്-കുടുംബം ആരോപിക്കുന്നു.

യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ:

എഴു വർഷത്തോളം ഹോർട്ടികോർപ്‌സിൽ ജോലി ചെയ്യുകയാണ്. ഇന്നുവരെ ഒരു നടപടിയും വന്നിട്ടില്ല. കഴിഞ്ഞ 17 ന് ജോലിക്ക് വന്നപ്പോൾ വിശ്വനാഥൻ എന്ന സുപ്പർവൈസർ കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞു. വെരിക്കോസ് വെയിൻ പ്രശ്‌നം ഉള്ളതിനാൽ താൻ ചെയ്യുന്ന ജോലി തന്നെ ചെയ്യാം എന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതനായ വിശ്വനാഥൻ എടി-പോടീ എന്നിവ ചേർത്ത് അസഭ്യം പറഞ്ഞു. വീട്ടിലെ ഭാര്യയെയും മകളെയുമാണ് ഈ വിളി വിളിക്കേണ്ടത്. ജോലിക്ക് വരുന്ന സ്ത്രീകളോട് ഈ രീതിയിൽ അല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞു ഞാൻ നേരെ ഡ്രസിങ് റൂമിലേക്ക് കയറി. പിറകെ വന്ന വിശ്വനാഥൻ റൂമിൽ അകത്തേക്ക് കയറി വന്നു എന്നെ കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നു അസഭ്യം പറഞ്ഞു.

കൊറോണ കാലം ആയതുകൊണ്ട് അവിടെ മറ്റാരും ഇല്ലായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ എന്നെ ചിലർ ആശ്വസിപ്പിച്ചു. എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ മറ്റു പലരോടും ഈ രീതിയിൽ പെരുമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ആരും അത് പുറത്ത് പറയാത്തത്. ഭർത്താവിനോട് പറഞ്ഞപ്പോഴാണ് പരാതി നൽകാൻ പറഞ്ഞത്. മാനഭംഗ ശ്രമത്തിനു ഇയാൾക്ക് എതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കണം-യുവതി പരാതിയിൽ പറയുന്നു.

പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകി-ഹോർട്ടികോർപ്‌സ് എംഡി സജീവ്

എന്നാൽ പരാതി വ്യാജമാണെന്ന നിലപാടാണ് ഹോർട്ടികോർപ്‌സ് എംഡി സജീവ് പറയുന്നത്. വിശ്വനാഥൻ യൂണിയൻ നേതാവാണ്. സ്ഥിരമായി താമസിച്ച് വരുന്നയാളാണ് പരാതി നൽകിയ യുവതി. വിശ്വനാഥൻ യുവതിയെ വഴക്ക് പറഞ്ഞിട്ടുണ്ട്. കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞപ്പോൾ യുവതി അത് തയ്യാറായില്ല. വിശ്വനാഥനോട് തട്ടിക്കയറി. ഈ സംഭവം നടന്നതിനു പിറ്റേ ദിവസമാണ് യുവതി പരാതി നൽകുന്നത്. സജീവ് മറുനാടനോട് പറഞ്ഞു.

വേഷം മാറാൻ പ്രത്യേക റൂം ഇവിടെയില്ല. വരുന്നവർ ഒരു ഓവർകോട്ട് ധരിച്ച് ജോലി ചെയ്യുകയാണ് ചെയ്യുന്നത്. വേറെ യൂണിഫോം ധരിക്കുന്ന പരിപാടിയില്ല. അവിടെ സിസിടിവിയുണ്ട്. പൊലീസ് സിസിടിവി പരിശോധിച്ചിട്ടുണ്ട്. കയറിപ്പിടിച്ചോ എന്ന് സിസിടിവിയിൽ കാണും. ഇന്റെണൽ പരാതിക്ക് ഒരു കമ്മറ്റിയുണ്ട്. ആ കമ്മറ്റി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. മനഃപൂർവം സ്ത്രീ പീഡന പരാതി നല്കിയതാണ്. അയാൾ ഏത് യൂണിയൻ എന്നൊന്നും നോക്കുന്നില്ല. യൂണിയൻ അല്ല പ്രശ്‌നം. ഇവിടെ നിന്ന് പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകുകയാണ് ചെയ്തത്. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചില്ല. അച്ചടക്കം ഇല്ലാതെ പെരുമാറിയതിനാണ് ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. പരാതി അതിനു ശേഷം നൽകിയതാണ്. വൈരാഗ്യം തീർക്കാനുള്ള പരാതിയാണിത്-സജീവ് പറയുന്നു.

സംഭവം അറിഞ്ഞില്ലെന്നും ഹോർട്ടികോർപ്‌സിനു ചീത്തപ്പെരുണ്ടാക്കുന്നത് ഒന്നും അനുവദിക്കില്ലെന്നും ഹോർട്ടികോർപ്‌സ് ചെയർമാൻ വിനയൻ മറുനാടനോട് പറഞ്ഞു. മറുനാടനിൽ നിന്ന് വിവരം ലഭിച്ച ശേഷം എംഡിയോട് കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. സംഭവം നടന്നിട്ടുണ്ടെങ്കിൽ യൂണിയൻ എഐടിയുസി എന്നത് നോക്കാതെ നടപടി എടുക്കണം എന്ന് എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷെ എംഡിയിൽ നിന്ന് നേർ വിപരീതമായ വിശദീകരണമാണ് ലഭിച്ചത്. പരാതിയെക്കുറിച്ച് സംശയങ്ങൾ ഉണ്ട് എന്നാണ് എംഡി പറഞ്ഞത്. ഈ ആരോപണത്തിന്റെ പേരിൽ യുവതിക്ക് ജോലി നഷ്ടമാകാൻ അനുവദിക്കില്ലെന്നും വിനയൻ പറഞ്ഞു. ആനയറയിലെ സംഭവങ്ങൾ അന്വേഷിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് പേട്ട സിഐ മറുനാടനോട് പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്-പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP