Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഐഎ 2020 കരട് വിജ്ഞാപനം കോർപ്പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണം; പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ അവസരമൊരുക്കുന്നു; വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി

ഇഐഎ 2020 കരട് വിജ്ഞാപനം കോർപ്പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണം; പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ അവസരമൊരുക്കുന്നു; വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി

ജാസിം മൊയ്തീൻ

 കോഴിക്കോട്: ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് തുരങ്കം വെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം മോദി സർക്കാരിന്റെ കോർപ്പറേറ്റ് ദാസ്യവേലയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. നമ്മുടെ മണ്ണും വായുവും പ്രകൃതിവിഭവങ്ങളുമെല്ലാം വൻകിട കുത്തകകളുടെ കച്ചവടക്കൊതിക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരട് വിജ്ഞാപനം എത്രയും വേഗം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെ എതിർത്തുകൊണ്ടുള്ള വിശദമായ പ്രതികരണവും എളമരം കരീം എംപി കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2006ലെ ഇഐഎ വിജ്ഞാപനപ്രകാരമുള്ള എല്ലാ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലും വെള്ളം ചേർക്കുന്ന രീതിയിലാണ് പുതിയ കരട് വിജ്ഞാപനത്തിന്റെ ഘടന. കോർപറേറ്റുകൾക്ക് നിയമപരമായ യാതൊരു നിയന്ത്രണങ്ങളും ഭയക്കാതെ പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും നിർബാധം ചൂഷണം ചെയ്യാനുള്ള വഴിതുറന്നുകൊടുക്കുകയാണ് ഈ വിജ്ഞാപനത്തിലൂടെ സർക്കാർ ചെയ്തിട്ടുള്ളത്. നമ്മുടെ പരിസ്ഥിതിയെ കുട്ടിച്ചോറാക്കുന്ന ഈ വിജ്ഞാപനം എത്രയും വേഗം പിൻവലിക്കേണ്ടതാണ്.

2006ലെ ഇഐഎ നിർദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളെ കാറ്റിൽ പറത്താൻ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നവർക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തി വൻകിട കുത്തകകളെ സഹായിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്റെ മുൻഗണന. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് അതിനെ ഉദാരവൽക്കരിക്കുകയും നിയന്ത്രണ വിമുക്തമാക്കുകയും ചെയ്യുന്നു.

ആദിവാസികളുടെ ഭരണഘടനാപരമായുള്ള അവകാശങ്ങളെപ്പോലും ഹനിക്കുന്നവയാണ് പുതിയ വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും. കോർപറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും 'ബിസിനസ് എളുപ്പമാക്കൽ' നയം നടപ്പാക്കി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്. വൻകിട പദ്ധതികൾ ആരംഭിക്കുമ്പോൾ ആവശ്യമായ പാരിസ്ഥിതികാഘാത പഠനം സംബന്ധിച്ച വ്യവസ്ഥകളിൽ പോലും ഇളവുകൾ വരുത്തിയത് ഈ അജണ്ടയുടെ ഭാഗമായിത്തന്നെയാണ്. ഇത്തരത്തിൽ നമ്മുടെ പ്രകൃതി വിഭവങ്ങളെയാകെ കോർപ്പറേറ്റ് ലാഭക്കൊതിയുടെ മുന്നിൽ അടിയറവെക്കുന്ന ഈ വിജ്ഞാപനം പിൻവലിച്ച് ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണസംവിധാനത്തിന്റെ ഘടന കൂടുതൽ ശക്തമാകാനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും സിപിഎമ്മിന്റെ കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗമായ എളമരം കരീം കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP