Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരളം പിന്തുടർന്നത് മെല്ലേപ്പോക്ക് നയം; പരിസ്ഥിതി വാദത്തോട് പണ്ടേ താൽപ്പര്യമില്ലാത്ത മുഖ്യമന്ത്രിയുടെ നിലപാട് കൊണ്ട് എതിർപ്പറിയിക്കാൻ വൈകി; ക്വാറികൾക്കും വൻകിട ഫ്‌ളാറ്റുകാർക്കും ചാകരയാകുന്ന നയത്തിൽ ഇടതു സർക്കാർ പണ്ടേ ഹാപ്പി; ഇപ്പോൾ കേന്ദ്രത്തെ എതിർപ്പ് അറിയിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് സിപിഐക്കുള്ളിലും യുവജന സംഘടനകൾക്കിടയിലും പ്രതിഷേധം ശക്തമായതോടെ

പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരളം പിന്തുടർന്നത് മെല്ലേപ്പോക്ക് നയം; പരിസ്ഥിതി വാദത്തോട് പണ്ടേ താൽപ്പര്യമില്ലാത്ത മുഖ്യമന്ത്രിയുടെ നിലപാട് കൊണ്ട് എതിർപ്പറിയിക്കാൻ വൈകി; ക്വാറികൾക്കും വൻകിട ഫ്‌ളാറ്റുകാർക്കും ചാകരയാകുന്ന നയത്തിൽ ഇടതു സർക്കാർ പണ്ടേ ഹാപ്പി; ഇപ്പോൾ കേന്ദ്രത്തെ എതിർപ്പ് അറിയിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് സിപിഐക്കുള്ളിലും യുവജന സംഘടനകൾക്കിടയിലും പ്രതിഷേധം ശക്തമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ(ഇ.ഐ.എ.) വിജ്ഞാപനത്തിന്റെ കരടിനെ കേരളം എതിർക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പുലർത്തിയതിന് സമാനമായ മൗനം വെച്ചു പുലർത്തുകയായിരുന്നു കേരളം. ഈ മൗനത്തിന് പിന്നിലും പല കാരണങ്ങളാണ്. പരിസ്ഥിതി വാദത്തോട് പണ്ടേ താൽപ്പര്യമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. വിഷയത്തിൽ സിപിഐയും മറ്റ് യുവജന സംഘടനകളും ഇടപെട്ടു തുടങ്ങിയതോടെയാണ് ഒടുവിൽ മുഖ്യമന്ത്രി നിലപാട് മാറ്റഇ കേന്ദ്ര നിർദേശത്തിലെ കരടിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതും.

വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ലഭിക്കാൻ നേരത്തേയുണ്ടായിരുന്ന ജില്ലാതല സമിതികൾ പുനഃസ്ഥാപിച്ച് ഹിയറിങ് നടത്തണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിക്കും. ഒപ്പം, കരടിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയാകും ഇ.ഐ.എ. നോട്ടിഫിക്കേഷൻ 2020-നെപ്പറ്റി കേരളം ചൊവ്വാഴ്ച നിലപാട് അറിയിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കി. പരിസ്ഥിതി മേഖലയിൽ വൻതോതിൽ ആഘാതമുണ്ടാക്കുന്ന വിജ്ഞാപനത്തിനെതിരേ സർക്കാരിന്റെ എതിർപ്പറിയിക്കാൻ വൈകിയതിൽ പ്രതിഷേധം ശക്തമാണ്. അഭിപ്രായമറിയിക്കാൻ അവസാനദിവസംവരെ എന്തിനു കാത്തിരുന്നു എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

കരട് വിജ്ഞാപനത്തോടുള്ള നിലപാട് സംബന്ധിച്ച് ഫയൽ തിങ്കളാഴ്ച വൈകീട്ടുവരെ പരിസ്ഥിതിവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു. വിജ്ഞാപനത്തെ ആകെത്തന്നെ എതിർക്കേണ്ടെന്ന നിലപാടാണ് വകുപ്പ് മുന്നോട്ടുവെച്ചതെന്നാണു വിവരം. എന്നാൽ, സിപിഎം. കേന്ദ്രനേതൃത്വം വിജ്ഞാപനത്തിനെതിരേ നേരത്തേതന്നെ രംഗത്തുണ്ട്. ഡിവൈഎഫ്ഐ.യും ശക്തമായ എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു. അതേസമയം പരിസ്ഥിതി ആഘാത പഠനം നടത്താതെ പദ്ധതികൾ തുടങ്ങാനുള്ള കേന്ദ്രനീക്കം അപലപനീയമാണ്. അടിയന്തരമായി പ്രതിഷേധമറിയിക്കണം. ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതിയുടെ അന്ത്യമായിരിക്കുമെന്നും അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിലേതുപോലെ വൻകിട ഖനികളോ പെട്രോകെമിക്കൽ പോലുള്ള ഫാക്ടറികളോ ഇവിടെയില്ലാത്തതിനാൽ വലിയ പ്രത്യാഘാതമുണ്ടാകുന്ന തരത്തിൽ പുതിയ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് കേരള സർക്കാർ വിലയിരുത്തിയത്. അതുകൊണ്ടുതന്നെയാണ് കരടിനെ മൊത്തത്തിൽ എതിർക്കേണ്ടെന്ന സമീപനത്തിലേക്ക് സർക്കാർ ഏറെക്കുറെ എത്തിയത്. ക്വാറികളുടെ പ്രവർത്തനം, വൻകിട ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം എന്നിവയാണ് കേരളത്തെ നേരിട്ടുബാധിക്കുന്നത്. പശ്ചിമഘട്ടത്തെ കൂടുതൽ തുരന്ന് ദുർബലമാക്കുന്ന തരത്തിൽ ക്വാറികൾ കൂടാൻ പുതിയ നയം ഇടയാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ ആശങ്ക. ക്വാറികൾ കൂടൂന്നതിൽ പൊതുസമൂഹത്തിനുള്ള എതിർപ്പ് ശക്തവുമാണ്. ക്വാറികളുടെ പ്രവർത്തനത്തിന് അമിത ഇളവുകൾ ലഭിക്കുമെന്നതടക്കമുള്ള ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകരുടേത്.

എന്നാൽ, കേരളത്തിൽ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. മാത്രവുമല്ല, ക്വാറികളുടെ പ്രവർത്തനത്തിന് ശക്തമായ നിയമങ്ങളുണ്ട്. അവ നടപ്പാക്കിയാൽ ആശങ്കയുടെ കാര്യമില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിന് ഒന്നരലക്ഷം ചതുരശ്ര മീറ്റർവരെയുള്ളവയെ കരടിൽ മുൻകൂർ പരിസ്ഥിതി അനുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതും പാരിസ്ഥികാഘാതത്തിന് കാരണമാകുമന്നാണ് വിലയിരുത്തൽ. കേരളത്തിൽ ആദ്യമിത് 20,000 ചതുരശ്രമീറ്ററായിരുന്നു. ഇപ്പോഴത് 30,000 ചതുരശ്രമീറ്ററാണ്. എന്നാൽ, കരട് പ്രകാരം ബഹുനില സമുച്ചയങ്ങൾവരെ പരിസ്ഥിതി അനുമതിയാല്ലാതെ നിർമ്മിക്കാം.

താഴേത്തട്ടുമുതൽ പാരിസ്ഥിക അനുമതി തേടിയാൽ തീരുമാനമെടുക്കുന്നത് വൈകുകയും വികസനത്തെ ബാധിക്കുകയും ചെയ്യും. എന്നാൽ, ജില്ലാതലത്തിൽ ഹിയറിങ്ങിന് കളക്ടർ അധ്യക്ഷനായ സമിതിയുണ്ടായാൽ തീരുമാനം വേഗത്തിലാക്കാമെന്നു സർക്കാർ കരുതുന്നു. സമിതി പുനഃസ്ഥാപിക്കുക എന്നതാകും കേരളം ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക.

ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്‌കരണ പ്ലാന്റുകൾ എന്നിവ നിർമ്മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമ്മാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നൽകേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ. പദ്ധതികളുടെ നടത്തിപ്പുകാർ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന വകുപ്പിനു നൽകുന്ന റിപ്പോർട്ടുകൾ വർഷത്തിൽ ഒന്നാക്കി ചുരുക്കിയത് വ്യവസായ സുരക്ഷയെ ബാധിക്കും. വിശാഖപട്ടണത്ത് എൽ.ജി. പോളിമേഴ്‌സിൽ നടന്ന ദുരന്തത്തെത്തുടർന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയംതന്നെ ഹരിത ട്രിബ്യൂണലിൽ വ്യക്തമാക്കിയിരുന്നു.

1.5 ലക്ഷം ചതുരശ്ര മീറ്റർവരെയുള്ള സ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. മുമ്പ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP