Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടേബിൾ ടോപ് റൺവേകളിൽ സുരക്ഷാ ബെഡ് ഒരുക്കണമെന്ന നിർദ്ദേശം കരിപ്പൂരിൽ നടപ്പായില്ല; ഇമാസ് നിർമ്മിച്ചിരുന്നെങ്കിൽ നിലവിലെ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിമർശനം; വിമാനത്താവളത്തിലെ റൺവേ റിയർ എൻഡ് സേഫ്റ്റി ഏരിയയിലെ നിർമ്മാണപ്രശ്‌നങ്ങളും വിമാന അപകടത്തിനു കാരണമായതായി വിലയിരുത്തൽ

ടേബിൾ ടോപ് റൺവേകളിൽ സുരക്ഷാ ബെഡ് ഒരുക്കണമെന്ന നിർദ്ദേശം കരിപ്പൂരിൽ നടപ്പായില്ല; ഇമാസ് നിർമ്മിച്ചിരുന്നെങ്കിൽ നിലവിലെ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിമർശനം; വിമാനത്താവളത്തിലെ റൺവേ റിയർ എൻഡ് സേഫ്റ്റി ഏരിയയിലെ നിർമ്മാണപ്രശ്‌നങ്ങളും വിമാന അപകടത്തിനു കാരണമായതായി വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂരിൽ 18 പേരുടെ മരണത്തിന് ഇടയാക്കി വിമാന അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം കരിപ്പൂരിൽ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നിർദേശങ്ങളിൽ ചിലത് നടപ്പിലാക്കാത്തതും അപകടത്തിന് വഴിവെച്ചെന്നാണ് ലഭിക്കുന്ന വിവരം. സ്ഥല പരിമിതിയുള്ള ടേബിൾ ടോപ് റൺവേകളിൽ സുരക്ഷാ ബെഡ് ഒരുക്കണമെന്ന വിദഗ്ധ സമിതി നിർദേശവും കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പായില്ല.

മംഗളൂരു വിമാന അപകടത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി രാജ്യത്തെ ടേബിൾ ടോപ് റൺവേകളിൽ ഇമാസ് (എൻജിനീയേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ഒരുക്കണമെന്നു എയർപോർട്ട് അഥോറിറ്റിയോട് നിർദേശിച്ചിരുന്നു. ചക്രങ്ങൾ കയറുമ്പോൾ പൊടിഞ്ഞു താഴുന്ന കോൺക്രീറ്റ് പ്രതലമൊരുക്കി, റൺവേ വിട്ടു നീങ്ങുന്ന വിമാനങ്ങളെ പിടിച്ചുനിർത്തുന്ന സംവിധാനമാണിത്. റൺവേ എൻഡ് സേഫ്റ്റി ഏരിയയ്ക്കു (റിസ) സ്ഥല പരിമിതിയുള്ള കോഴിക്കോട്ടെയും മംഗളൂരുവിലെയും ടേബിൾ ടോപ് റൺവേകളിൽ ഇത്തരം സുരക്ഷാ ബെഡ് അനിവാര്യമെന്നായിരുന്നു ഡിജിസിഎ സമിതിയുടെ വിലയിരുത്തൽ.

റൺവേയ്ക്കും റിസയ്ക്കും നടുവിലായാണു ഇമാസ് ഒരുക്കുന്നത്. 90 മീറ്ററാണു പൊതുവേയുള്ള നീളം. രാജ്യാന്തര വ്യോമയാന സംഘടനയും ക്രിട്ടിക്കൽ എയർപോർട്ടുകളിൽ ഇമാസ് സംവിധാനം നിർബന്ധമാക്കണമെന്നു നിർദേശിച്ചിട്ടുള്ളതാണ്. മംഗളൂരു വിമാനം അപകടത്തിനുശേഷം 2011 ലും 2017 ലും റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വികസിപ്പിച്ചപ്പോൾ ഇമാസ് ഒരുക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ നിർമ്മാണത്തിനും പരിപാലത്തിനുമായി 100 കോടിയോളം രൂപ വേണ്ടിവരുമെന്ന വാദമുയർത്തി എയർപോർട്ട് അഥോറിറ്റി ഇതിനു വിലക്കിട്ടു.ഇമാസ് നിർമ്മിച്ചിരുന്നെങ്കിൽ നിലവിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു.

റിസയിൽ പുഴമണലിൽനിന്ന് ലഭിക്കുന്ന ചെറിയ ഉരുളൻ കല്ലുകളോ അതല്ലെങ്കിൽ എൻജിനിയേഡ് മെറ്റീരിയൽ അറസ്റ്റിങ് സംവിധാനമോ (ഇമാസ്) ഉപയോഗിച്ച് നിറയ്ക്കണമെന്നായിരുന്നു ശുപാർശ. എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിലെ റിസയിൽ നിറച്ചത് എംസാൻഡ് ആയിരുന്നു. ഇതിൽ പുല്ല് വളർന്ന് കാടുപിടിച്ച നിലയിലായിരുന്നു. മഴ പെയ്തതോടെ ഇതിന്റെ പ്രതലം കാഠിന്യമുള്ളതായി.

അന്താരാഷ്ട നിലവാരത്തിലുള്ള കമ്പനി നിർമ്മിക്കുന്ന പ്രത്യേക കോൺക്രീറ്റ് സംയുക്തമാണ് ഇമാസ്. ഇതിലേക്ക് വിമാനം തെന്നിയിറങ്ങിയാൽ ഇത് പൊടിയുകയും വിമാനത്തിന്റെ ചക്രങ്ങൾ കൂടുതൽ ആഴത്തിലേക്കിറങ്ങി വിമാനം നിശ്ചലമാവുകയും ചെയ്യും. ഒരു വിമാനത്താവളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വിമാനത്തിന്റെ പരമാവധി വേഗം കണക്കാക്കിയാണ് ഇത് നിർമ്മിക്കുന്നത്. ഇതിന്റെ പ്രവർത്തനക്ഷമത പരീക്ഷിച്ച ശേഷമാണ് കമ്പനി ഇത് റിസയിൽ നിറയ്ക്കുന്നത്.

ഇതിന് വരുന്ന ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടിയാണ് വിമാനത്താവള അഥോറിറ്റി എംസാൻഡ് നിറയ്ക്കാൻ തീരുമാനിച്ചത്. ഒരു റൺവേക്ക് 50 കോടി രൂപയാണ് ഇതിന് ചെലവുവരുന്നത്. കോഴിക്കോട്ടെ രണ്ട് റൺവേകൾക്കും കൂടി 100 കോടി ചെലവുവരും. വർഷം 140 കോടിക്കുമേൽ ലാഭമുണ്ടാക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്.

'കെട്ടുപൊട്ടിച്ചോടുന്ന' വിമാനങ്ങളെ 'വാരിക്കുഴി'യൊരുക്കി പിടിച്ചുകെട്ടുന്ന സംവിധാനമാണ് ഇമാസ്. 1996 ൽ അമേരിക്കൻ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ ആവിഷ്‌കരിച്ച സംവിധാനം വിജയമായതോടെ മറ്റു വിമാനത്താവളങ്ങളും തയാറാക്കി. ഏറ്റവുമൊടുവിൽ 2018 ൽ കലിഫോർണിയയിലെ വിമാനത്താവളത്തിൽ റൺവേ വിട്ടു നീങ്ങിയ ബോയിങ് 737 വിമാനത്തെ ഈ സംവിധാനം ഉപയോഗിച്ചു പിടിച്ചു നിർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP