Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയിൽ എത്തിയത് ജീവന്റെ തുടിപ്പുകൾ തേടി; നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോഴും ആരും വിളിക്കാതിരുക്കുന്നത് ഇതാദ്യം; ആ ചെളിക്കുള്ളിൽ എവിടെയെങ്കിലും ഒരു ജീവൻ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയായുണ്ടായിരുന്നു; അതിപ്പോൾ ഇല്ലെന്ന് രഞ്ജിത്ത്; പെട്ടിമുടിയിൽ തിരച്ചിൽ നടത്തുന്നത് അഞ്ഞൂറോളം പേർ

വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയിൽ എത്തിയത് ജീവന്റെ തുടിപ്പുകൾ തേടി; നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോഴും ആരും വിളിക്കാതിരുക്കുന്നത് ഇതാദ്യം; ആ ചെളിക്കുള്ളിൽ എവിടെയെങ്കിലും ഒരു ജീവൻ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയായുണ്ടായിരുന്നു; അതിപ്പോൾ ഇല്ലെന്ന് രഞ്ജിത്ത്; പെട്ടിമുടിയിൽ തിരച്ചിൽ നടത്തുന്നത് അഞ്ഞൂറോളം പേർ

മറുനാടൻ മലയാളി ബ്യൂറോ

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ പെട്ടവരിൽ ഇനിയാരും ജീവിപ്പിച്ചിരിപ്പുണ്ടാകില്ലെന്ന ബോധ്യത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇത് രക്ഷാപ്രവർത്തകരുടെയും ആത്മവീര്യം കെടുത്തുന്നു. ആരും ആവശ്യപ്പെടാതെ അവിടെ രക്ഷാപ്രവർത്തനം നടത്താൻ എത്തിയ നിരവധി പേരുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത്. പക്ഷേ രഞ്ജിത്തും തീർത്തും നിരാശനാണ്. കാരണം ആരെയും ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ലെന്ന ദുഃഖമാണ് അദ്ദേഹത്തിനുമുള്ളത്.

'പങ്കെടുത്ത രക്ഷാപ്രവർത്തനങ്ങളിൽ ആദ്യമായാണ് ആരെയും രക്ഷിക്കാൻ സാധിക്കാതിരിക്കുന്നത്. പെട്ടിമുടി എന്നും ഒരു ദുഃഖമായി അവശേഷിക്കും' കുതിച്ചൊഴുകുന്ന പെട്ടിമുടിപ്പുഴയിൽ നിന്നു മൃതദേഹങ്ങൾ കരയിലെത്തിച്ച രഞ്ജിത് ഇസ്രയേൽ പറയുന്നു. ആരും വിളിച്ചിട്ടോ നിർദേശിച്ചിട്ടോ അല്ല തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. കഴിഞ്ഞ 2 പ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വമേധയാ ഇറങ്ങിയിരുന്നു. പെട്ടിമുടിയിലെ അപകട വാർത്ത അറിഞ്ഞയുടൻ പുറപ്പെട്ടു. സേവ് ആലപ്പി ഫോറം പ്രവർത്തകനായ രഞ്ജിത്ത് പുഴയിലെ തിരച്ചിലുകളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ബോഡി ബിൽഡിങ്ങിലും പഞ്ചഗുസ്തിയിലും മികവു തെളിയിച്ചിട്ടുമുണ്ട്.

''വെള്ളിയാഴ്ച ചതുപ്പിലേക്കിറങ്ങുമ്പോൾ കാൽ പകുതിയോളം താഴ്ന്നു പോയി. ആ ചെളിക്കുള്ളിലെവിടെയെങ്കിലും ഒരു ജീവൻ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയായുണ്ടായിരുന്നു. പിന്നെ ആ പ്രതീക്ഷ അസ്തമിച്ചു. അഗ്‌നിരക്ഷാസേനയുടെ കൂടെയാണ് ഞാൻ പുഴയിൽ തിരച്ചിലിനു ഇറങ്ങിയത്. 6 മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ ഒന്നു പുഴയിൽ ഏറ്റവും ആഴമുള്ള ഭാഗത്തിലായിരുന്നു. കനത്ത ഒഴുക്കും വെള്ളത്തിന്റെ തണുപ്പും വെല്ലുവിളിയായി' രഞ്ജിത് പറയുന്നു.

കനത്തമഴയും ചതുപ്പു പോലെ താഴ്ന്നു പോകുന്ന ചെളിക്കുഴികളും അവഗണിച്ച് പെട്ടിമുടിയിൽ നടക്കുന്നതു കേരളത്തിലെ തന്നെ വലിയ രക്ഷാപ്രവർത്തനം. മണ്ണിനടിയിലായവർക്കായി അഞ്ഞൂറോളം പേരാണു തിരച്ചിൽ നടത്തുന്നത്. അപകടത്തിൽപെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. പെട്ടിമുടിയിലെ രക്ഷാ സേനയിൽ പൊലീസ് -90, ഫയർ ഫോഴ്‌സ് - 78, ഫോറസ്റ്റ് - 20, സന്നദ്ധപ്രവർത്തകർ- 113, എൻഡിആർഎഫ് -52, സ്‌കൂബ ഡൈവിങ് - 10, റവന്യൂ - 50, ഹെൽത്ത് -50, പഞ്ചായത്ത് -50, ഐആർഡബ്ല്യൂ -22, തമിഴ്‌നാട് വെൽഫെയർ - 8 തുടങ്ങിയവരാണ് ഉള്ളത്.

പെട്ടിമുടിയിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ്. ഇന്നലെ 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 49 ആയി. ശേഷിക്കുന്ന 22 പേർക്കായി ഇന്നു തിരച്ചിൽ തുടരും. ഇതിൽ 12 പേരും കുട്ടികളാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8നു മലപ്പുറം കവളപ്പാറയിലുണ്ടായതായിരുന്നു ഇതിനു മുൻപുള്ള വലിയ അപകടം. കാണാതായ 11 പേരെ ഉൾപ്പെടുത്തി 48 മരണമാണ് അവിടെ സർക്കാർ സ്ഥിരീകരിച്ചത്.

അപകടം സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റർ ദൂരെ പുൽമേടായ 'ഗ്രേവൽ ബാങ്കിൽ' അടിഞ്ഞ നിലയിലായിരുന്നു ഇന്നലെ കണ്ടെടുക്കപ്പെട്ട വേലുത്തായ് (58), പ്രതീഷ് (32), വിനോദിനി (14), ജോഷ്വ (13), രാജലക്ഷ്മി (12), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങൾ. എല്ലാവരുടെയും സംസ്‌കാരം നടത്തി. ഇന്നലെ 4 പേരടക്കം ഇതുവരെ 8 കുട്ടികളുടെ മൃതദേഹമാണു കണ്ടെത്തിയത്. ഞായറാഴ്ച 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം തൊട്ടിൽതുണിയടക്കം ചെളിയിൽ ആഴ്ന്ന നിലയിലാണു ലഭിച്ചത്.

19 സ്‌കൂൾ വിദ്യാർത്ഥികളും ഒരു എൻജിനീയറിങ് വിദ്യാർത്ഥിയും അപകടത്തിൽപ്പെട്ടു. കുട്ടികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇന്നലെ തിരച്ചിൽ സാവധാനത്തിലായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ ദുരന്തസ്ഥലം സന്ദർശിച്ചു. മാലയമ്മയുടെ മകൾ പ്രവീണയുടെ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. അമ്മാവൻ കാർത്തിക് കുഞ്ഞിനെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP