Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

816 പുതിയ രോഗികളും 21 മരണങ്ങളുമായി ബ്രിട്ടൻ കോവിഡിൽ കിതച്ച് മുൻപോട്ട്; ടെസ്റ്റ് ആൻഡ് ട്രേസിന്റെ ഭാഗമായി ഇനി നിങ്ങളുടെ വീട്ടിലും എൻ എച്ച് എസ് എത്തിയേക്കും; രണ്ടാം ലോക്ക്ഡൗൺ ഉണ്ടായാലും സ്‌കൂളുകൾ അടക്കില്ലെന്ന് ബോറിസ് ജോൺസൺ

816 പുതിയ രോഗികളും 21 മരണങ്ങളുമായി ബ്രിട്ടൻ കോവിഡിൽ കിതച്ച് മുൻപോട്ട്; ടെസ്റ്റ് ആൻഡ് ട്രേസിന്റെ ഭാഗമായി ഇനി നിങ്ങളുടെ വീട്ടിലും എൻ എച്ച് എസ് എത്തിയേക്കും; രണ്ടാം ലോക്ക്ഡൗൺ ഉണ്ടായാലും സ്‌കൂളുകൾ അടക്കില്ലെന്ന് ബോറിസ് ജോൺസൺ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്നലെ ബ്രിട്ടന് ഒരല്പം ആശ്വാസം പകരുന്ന ദിവസമായിരുന്നു. തൊട്ടു മുൻപത്തെ ദിവസം 1,062 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് ചെറിയൊരു ആശങ്കക്ക് വഴിതെളിച്ചിരുന്നു. ജൂൺ 25 ന് ശേഷം ഇതാദ്യമായായിരുന്നു രോഗികളുടെ എണ്ണം 1000 ത്തിന് മേൽ പോയത്. ഇത് രോഗവ്യാപനം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി പലരും കരുതി. എന്നാൽ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 816 പേർക്ക് മാത്രമാണെന്നത് ഒരല്പം ആശ്വാസം പകർജ്ജു.

ഇതോടെ രോഗവ്യാപനത്തിന്റെ കാര്യത്തിൽ 23 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, പ്രതിവാര ശരാശരി 877 ൽ നിന്നും 860 ആയി കുറയുകയും ചെയ്തിട്ടുണ്ട്. 21 കോവിഡ് മരണങ്ങൾ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഏറ്റവും ആശ്വാസകരമായ കാര്യം കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഏപ്രിൽ മാസത്തിലേതിൽ നിന്നും 96 ശതമാനം കുറഞ്ഞു എന്നതാണ്.

രോഗത്തെ കുറിച്ച് കൂടുതൽ അറിയുവാൻ തുടങ്ങിയതോടെ ഇന്റൻസീവ് കെയറിൽ ചികിത്സക്കെത്തി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തുടർച്ചയായ 25 ദിവസങ്ങളിൽ സ്‌കോട്ട്ലാൻഡിൽ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും എടുത്തുപറയേണ്ടുന്ന ഒരു നേട്ടമാണ്.

ഇനിമുതൽ കോവിഡ് പരിശോധന വീട്ടുമുറ്റത്തും

ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനത്തിന്റെ ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത ബ്രിട്ടീഷുകാരെ തേടി ഇനി അവർ വീടുകളിലെത്തും. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പകുതിപേരെ മാത്രമേ ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചുള്ളു എന്നതിനാലാണ് ഈ പുതിയ പരിഷ്‌കാരം. നാടകീയമായ ഒരു നീക്കത്തിലൂടെ ട്രാക്ക് ആൻഡ് ട്രേസ് കോൾ സെന്ററിലെ ജീവനക്കാരെ വെട്ടിക്കുറച്ചു. 18,000 ജീവനക്കാരുണ്ടായിരുന്നിടത്ത് മൂന്നിലൊന്നുപേരെ നീക്കം ചെയ്ത് 12,000 ജീവനക്കാരാക്കി.

പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെകൂടുതലായി ആശ്രയിച്ചായിരിക്കും ഇനിമുതൽ ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം മുന്നോട്ട് പോവുക. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ കൗൺസിൽ ജീവനക്കാർ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വീടുകളിൽ എത്തിയായിരിക്കും ഇനി മുതൽ പരിശോധിക്കുക. ആദ്യം ഫോൺ, ഈ മെയിൽ എന്നിവ വഴി ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടാൽ മാത്രമായിരിക്കും വീടുകളിൽ എത്തുക എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചത്.

രോഗബാധയുള്ളവരും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുമായുള്ളവരിൽ ചുരുങ്ങിയത് 80% പേരെയെങ്കിലും കണ്ടെത്താനും നിരീക്ഷിക്കുവാനും സാധിച്ചാൽ മാത്രമേ രോഗവ്യാപനം കാര്യക്ഷമമായി തടയാനാവു എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ ഈ നേട്ടം കൈവരിക്കുന്നതിൽ നിലവിലെ സംവിധാനം പരാജയപ്പെട്ടതിനാലാണ് പുതിയ രീതി പരീക്ഷിക്കുന്നത്.

ഭാവിയിൽ ലോക്ക്ഡൗൺ ഉണ്ടായാൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

ഭാവിയിൽ ഒരുപക്ഷെ ലോക്ക്ഡൗൺ ഉണ്ടായാൽ തന്നെ സ്‌കൂളുകൾ അടച്ചിടുകയില്ലെന്ന് ബോറിസ് ജോൺസൺ ഇന്നലെ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. യൂണിയനുകളുമായുള്ള അഭിപ്രായഭിന്നത നിലനിൽക്കുമ്പോൾ തന്നെ, ഇംഗ്ലണ്ടിലെ സ്‌കൂളുകൾ അടുത്ത മാസം മുതൽ പൂർണ്ണ സമയ പ്രവർത്തനത്തിലേക്ക് തിരിയും എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി വിഭജിച്ച് ഒന്നിടവിട്ടുള്ള ആഴ്‌ച്ചകളിൽ ഒരു ഗ്രൂപ്പിന് വീതം പഠനമൊരുക്കുന്ന രീതിയിലുള്ള ഒരു പ്ലാൻ ബി സർക്കാരിന് ആവശ്യമാണെന്ന് ഒരു അദ്ധ്യാപക യൂണിയൻ ആവശ്യപ്പെട്ടതിന് പിറകെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വന്നത്. പ്രാദേശിക ലോക്ക്ഡൗണുകളിലും സ്‌കൂൾ അടച്ചിടുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെന്തിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനുണ്ടെന്നും അത് നിഷേധിക്കുന്നത് സാമൂഹ്യ നീതിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കഴിഞ്ഞ ദിവസം വിവിധ സ്‌കൂളുകൾ സ്വീകരിക്കേണ്ട 200 സുരക്ഷാ മുൻകരുതലുകളെ കുറിച്ച് നാഷണൽ എഡ്യുക്കേഷൻ യൂണിയൻ പ്രസിദ്ധീകരിച്ച ആവശ്യങ്ങളുടെ പട്ടിക മന്ത്രിമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ചില യൂണിയനുകൾ, മറ്റൊരു തൊഴിലിടങ്ങളിലും ഇല്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടുകയാണെന്നും അവർ സർക്കാരിന്റെ നീക്കത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണെന്നും എഡ്യുക്കേഷൻ സെലക്ട് കമ്മിറ്റി ചെയർമാനും ടോറി എം പിയുമായ റോബ് ഹാല്ഫോൻ പറഞ്ഞിരുന്നു.

എന്നാൽ, സ്‌കൂളുകൾ തുറക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ തുരങ്കം വയ്ക്കലല്ല തങ്ങളുടെ ഉദ്ദേശമെന്ന് യൂണിയനുകൾ വ്യക്തമാക്കി. മറിച്ച്, പ്രസ്‌ക്തമായ ചില ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ അതിന് ഉത്തരം നൽകാൻ സർക്കാർ വിമുഖതകാട്ടുകയാണ്. വ്യക്തമായ ഒരു പ്ലാൻ ബി ഇല്ലാതെ മുന്നോട്ട് പോയാൽ വൈറസ് ബാധ വീണ്ടും ശക്തിപ്രാപിച്ചേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP