Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിറ്റാറിലെ മത്തായിയുടെ ദുരൂഹ മരണത്തിൽ കുടുംബത്തിന് നീതി തേടി കോൺഗ്രസിന്റെ റിലേ സത്യാഗ്രഹം; സത്യാഗ്രഹ പന്തലിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസുകാർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം; യൂത്ത് കോൺഗ്രസുകാരും പൊലീസും ഏറ്റുമുട്ടി; പൊലീസ് വനപാലകരെ സംരക്ഷിക്കുന്നു എന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ചിറ്റാറിലെ മത്തായിയുടെ ദുരൂഹ മരണത്തിൽ കുടുംബത്തിന് നീതി തേടി കോൺഗ്രസിന്റെ റിലേ സത്യാഗ്രഹം; സത്യാഗ്രഹ പന്തലിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസുകാർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം; യൂത്ത് കോൺഗ്രസുകാരും പൊലീസും ഏറ്റുമുട്ടി; പൊലീസ് വനപാലകരെ സംരക്ഷിക്കുന്നു എന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ആർ പീയൂഷ്

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ ടി.ടി.മത്തായി (പൊന്നുമോൻ 40) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തുന്ന റിലേ സത്യാഗ്രഹത്തിനിടയിൽ യൂത്ത് കോൺഗ്രസും പൊലീസും ഏറ്റുമുട്ടി. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സത്യാഗ്രഹ പന്തലിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം യൂത്ത് കോൺഗ്രസുകാർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസുമായി ബലപ്രയോഗം നടത്തിയതോടെ ലാത്തി വീശി. ഇതോടെ പ്രവർത്തകർ ചിതറി ഓടി. പൊലീസ് വനപാലകരെ സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസും വനം വകുപ്പും ഒത്തു കളിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തുന്നു എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ 28 നാണ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനപാലകർ പൊന്നുവിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് പൊന്നുവിന്റെ മൃതദേഹം വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിൽ എടുത്തത്. തെളിവെടുപ്പുമായി ബന്ധപ്പെട്ട് 7 അംഗം വനപാലക സംഘം വീട്ടിൽ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിൽ വീഴുകയായിരുന്നെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ സംഭവം നടന്ന് ഏറെ സമയത്തിനു ശേഷമാണ് കിണറ്റിൽ വീണ കാര്യം വനപാലകർ സമീപവാസികളോടു പറഞ്ഞതത്രെ. നാട്ടുകാർ എത്തിയപ്പോൾ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. നാട്ടുകാർ സംഘടിച്ച് വനപാലകരുടെ വാഹനം തടഞ്ഞുവച്ചു. സന്ധ്യയായപ്പോൾ വനപാലകർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ആർഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ നാട്ടുകാർ തയ്യാറായത്.

മർദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ആൾമറയുള്ള കിണറ്റിൽ തനിയെ വീഴില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുടപ്പനയിൽ വീടിനോടു ചേർന്ന് ഫാം നടത്തുകയായിരുന്നു മത്തായി. ആബുലൻസ്, ക്രെയിൻ എന്നിവ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനവുമുണ്ട്. അരിക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വാടകയ്ക്കാണ് കുടുംബസമേതം താമസം. മണിയാർ ഹൈസ്‌കൂൾ ജീവനക്കാരി ഷീബയാണ് ഭാര്യ. മക്കൾ.സോന, ഡോണ. കടുവ നിരീക്ഷണവുമായി ബന്ധപ്പെട്ട് കുടപ്പനയിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് മത്തായി എടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തത്.

അതേ സമയം സംഭവത്തിൽ കേസെടുത്ത പൊലീസ് മത്തായിയുടെ മരണത്തിൽ വനപാലകരുടെ പങ്കിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജിഡി (ജനറൽ ഡയറി) രേഖപ്പെടുത്തിയത് ഗുരുനാഥൻ മണ്ണിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്ന് സൂചന. ജിഡി രജിസ്റ്റർ കരിങ്കുളം സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തേക്കും. കൂടുതൽ ഉദ്യോഗസ്ഥരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വനപാലകരുടെ ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഗുരുനാഥൻ മണ്ണിലെ ഉദ്യോഗസ്ഥരാണ് ജിഡി രജിസ്റ്റർ ചെയ്തത്. മാത്രമല്ല, മത്തായിയുടെ മരണത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. മത്തായി മരിച്ച ദിവസം രാത്രിയോടുകൂടി ചിറ്റാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ എത്തി ജിഡി രജിസ്റ്റർ ഇവിടെ നിന്ന് കൊണ്ട് പോകുകയുമായിരുന്നു. ഒരു സ്റ്റേഷനിലെ ജിഡി രജിസ്റ്റർ പുറത്ത് പോകരുതെന്ന് കർശന നിർദേശമുള്ള സാഹചര്യത്തിലാണ് ജിഡി കൈമാറ്റം ചെയ്തത്.

മാത്രമല്ല, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനം വകുപ്പ് മേധാവിയോട് ഇതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നർക്കൊട്ടിക് സെൽ ഡി.വൈ.എസ്‌പി.ആർ. പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ഡി.വൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി വനപാലകരുടെ മൊഴിയെടുത്തു. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മത്തായിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ ഏഴു വനപാലകർ നിർബന്ധിത അവധിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP