Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രം നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ സംസ്ഥാനം നടത്തിയത് കീം പരീക്ഷ; എഴുതിയത് 80000 വിദ്യാർത്ഥികളും; കോവിഡ് ആശങ്ക തള്ളിക്കളഞ്ഞ് പരീക്ഷ നടത്തിയപ്പോൾ രോഗബാധിതരായത് നിരവധി വിദ്യാർത്ഥികൾ; ഏറ്റവും ഒടുവിൽ കോവിഡ് പിടിപെട്ടിരിക്കുന്നത് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക്; ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബം മുഴുവൻ പോസിറ്റീവ്; പാപ്പനംകോട് സംഭവവും തെളിയിക്കുന്നത് എൻട്രൻസ് പരീക്ഷ കോവിഡ് വ്യാപനത്തിനു വഴിവെച്ചുവെന്നു തന്നെ

കേന്ദ്രം നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ സംസ്ഥാനം നടത്തിയത് കീം പരീക്ഷ; എഴുതിയത് 80000 വിദ്യാർത്ഥികളും; കോവിഡ് ആശങ്ക തള്ളിക്കളഞ്ഞ് പരീക്ഷ നടത്തിയപ്പോൾ രോഗബാധിതരായത് നിരവധി വിദ്യാർത്ഥികൾ; ഏറ്റവും ഒടുവിൽ കോവിഡ് പിടിപെട്ടിരിക്കുന്നത് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക്; ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബം മുഴുവൻ പോസിറ്റീവ്; പാപ്പനംകോട് സംഭവവും തെളിയിക്കുന്നത് എൻട്രൻസ് പരീക്ഷ കോവിഡ് വ്യാപനത്തിനു വഴിവെച്ചുവെന്നു തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം തള്ളിക്കളഞ്ഞു സർക്കാർ നടത്തിയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർത്ഥിനിക്ക് കോവിഡ്. കോട്ടൺഹിൽ സ്‌കൂളിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കീം പരീക്ഷ തലസ്ഥാനത്ത് എഴുതിയ രണ്ടു കുട്ടികൾക്ക് കഴിഞ്ഞ മാസം ഒടുവിൽ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. നിരവധി പേർക്ക് കീം പരീക്ഷ വഴി കോവിഡ് വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനാറിന് പരീക്ഷ കഴിഞ്ഞെങ്കിലും പരീക്ഷയ്ക്കിടെ പലർക്കും കോവിഡ് പിടിപെട്ടതിനാൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും അവരുടെ കുടുംബവും ഇവരുമായി സമ്പർക്കത്തിൽ വന്നവരുമെല്ലാം കണ്ണീരു കുടിക്കുകയാണ്. കോവിഡിനെ വെല്ലുവിളിച്ച് സർക്കാർ നടത്തിയ കീം പരീക്ഷ തന്നെയാണ് പാപ്പനംകോട്ടെ വിദ്യാർത്ഥിനീയേയും കുടുംബത്തെയും വലച്ചത്. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം കുടുംബം ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബം ഒന്നടങ്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അച്ഛൻ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പാപ്പനംകോടെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചതിനാൽ മൂന്നാം തീയതി മുതൽ ഇവരുടെ പാപ്പനംകോട്ടെ സുപ്പർമാർക്കറ്റ് അടച്ചിട്ടിരിക്കുകയുമാണ്. ബന്ധുവും സുപ്പർമാർക്കറ്റ് ജീവനക്കാരും ക്വാറന്റൈനിൽ പോയിരിക്കുകയാണ്.

എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് പരീക്ഷ എഴുതിയ രക്ഷിതാക്കളും കുട്ടികളും പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയത്. ഈ വിദ്യാർത്ഥിനി പരീക്ഷ എഴുതിയ കോട്ടൺഹിൽ സ്‌കൂളിനു മുന്നിൽ മാത്രം മുന്നൂറോളം പേർ തടിച്ചു കൂടിയതായി അന്ന് തന്നെ വാർത്തകൾ വന്നിരുന്നു. സാമൂഹിക അകലം തെല്ലുപോലും പാലിക്കാതെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്നു നിന്നത്. കോട്ടൺഹില്ലിലും സെന്റ് മേരീസ് സ്‌കൂളിലുമൊന്നും സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് ദൃശ്യങ്ങളിൽ തന്നെ തെളിഞ്ഞു കണ്ടിരുന്നു. ഒട്ടനവധി കുട്ടികൾ എക്‌സാം സെന്ററിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.

സാമൂഹിക അകലം പാലിക്കാതെ നിന്ന രക്ഷിതാക്കളുടെ പേരിൽ കേസ് എടുക്കാനുള്ള പൊലീസിന്റെ തീരുമാനവും വിവാദമായിരുന്നു. സർക്കാർ നടത്തിയ കീം പരീക്ഷയിൽ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷിതാക്കളുടെ പേരിലാണ് സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയെന്ന വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തത്. 16 നു പരീക്ഷ എഴുതിയപ്പോൾ ഇരുപത്തി ഒമ്പതിന് കുട്ടിക്ക് പനി തുടങ്ങി. ഈ മാസം മൂന്നാം തീയതി നടത്തിയ ടെസ്റ്റ് നടത്തി, ആറാം തീയതി കോവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളിൽ നടത്തിയ ടെസ്റ്റിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ അഞ്ചംഗ കുടുംബം ഒന്നടങ്കം ചികിത്സയിലാണ്. അമ്മ, കുട്ടിയുടെ മാതാപിതാക്കൾ, രണ്ടു കുട്ടികൾ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ആറാം തീയതി മുതൽ ഞങ്ങൾ ചികിത്സയിലാണ്-കുടുംബം മറുനാടനോട് പറഞ്ഞു.

കോവിഡ് ബാധിച്ച വിദ്യാർത്ഥിനിയുടെ അച്ഛന്റെ ബന്ധുവിന്റെതാണ് പാപ്പനംകോട്ടെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. കഴിഞ്ഞ മാസം ഒടുവിൽ കുട്ടിയുടെ അച്ഛൻ ഈ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു. അതിനാലാണ് മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് അടച്ചിട്ടത്. മാർജിൻ ഫ്രീ മാർക്കറ്റിലെ അഞ്ചു സ്റ്റാഫുകൾ മുഴുവൻ ക്വാറന്റൈനിൽ തുടരുകയാണ്. ഈ മാസം ആദ്യം മുതൽ മാർജിൻ ഫ്രീ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇന്നുഅണുനശീകരണം നടത്തി വേറെ ആളുകളെ വെച്ച് മറ്റന്നാൾ മുതൽ തുറക്കാനാണ് മാർജിൻ ഫ്രീ മാർക്കറ്റു ഉടമകൾ ഒരുങ്ങുന്നത്. കോവിഡ് അവഗണിച്ച് കീം പരീക്ഷ നടത്താൻ ഒരുങ്ങിയ സർക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഇരകളിൽ ഒരാളാണ് ഈ വിദ്യാർത്ഥിനിയുടെ കുടുംബം. മറ്റു പല കുടുംബങ്ങളും കിം പരീക്ഷ എഴുതിയതിന്റെ പേരിൽ കോവിഡ് ബാധിച്ച് കണ്ണീരു കുടിക്കുന്നുണ്ട്.

കോവിഡ് വ്യാപനം ശക്തമായതിനാൽ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന കേന്ദ്ര നിർദ്ദേശം കാറ്റിൽപ്പറത്തി സർക്കാർ കീം പരീക്ഷ നടത്തിയത് ശക്തമായ ആശങ്കകളാണ് സംസ്ഥാനത്ത് ഉടനീളം സൃഷ്ടിച്ചത്. സംസ്ഥാനം ഏർപ്പെടുത്തിയ എല്ലാ സന്നാഹങ്ങളെയും നിഷ്പ്രഭമാക്കി കോവിഡ് പടരവേ തന്നെയാണ് കഴിഞ്ഞ മാസം സർക്കാർ കീം പരീക്ഷ നടത്തിയത്. 80,000 ത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനാൽ കോവിഡ് വ്യാപനത്തിനു ഇത് ഇടകൊടുക്കുമായിരുന്നു എന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് പരീക്ഷയുമായി സർക്കാർ മുന്നോട്ടു പോയത്. എസ്എസ്എൽസി പരീക്ഷ വിജയപ്രഥമായി നടപ്പിലാക്കി എന്ന് പറഞ്ഞാണ് എൻട്രൻസ് പരീക്ഷകൾ ഒരു മുടക്കവും ഇല്ലാതെ സർക്കാർ നടത്തിയത്.

ഈ പരീക്ഷകൾ എഴുതിയ കുട്ടികളും കുടുംബങ്ങളുമാണ് സർക്കാർ നടപടിയുടെ പേരിൽ കുരിശിൽ തൂങ്ങുന്നത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒട്ടനവധി കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർ കോവിഡിനുള്ള ചികിത്സയിൽ കഴിയുകയുമാണ്. ഇടത് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമായി കീം പരീക്ഷ വിശേഷിപ്പിക്കപ്പെട്ടപ്പോൾ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തിരുവനന്തപുരം എംപി ശശി തരൂരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കീം പരീക്ഷയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.

കീം പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവായത് എന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. ഒഴിവാക്കാവുന്ന ഒരു പരീക്ഷയിൽ പങ്കെടുക്കാനാണ് സർക്കാർ വിദ്യാർത്ഥികളെ നിർബന്ധിച്ചത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ കേന്ദ്രങ്ങൾ അനുവദിക്കാതെയാണ് സർക്കാർ പരീക്ഷ നടത്തിയത്. സ്വന്തം കഴിവില്ലായ്മയും സംഭവിച്ച വീഴ്ചയും മറയ്ക്കാനാണ് സർക്കാർ ജനങ്ങൾക്ക് മേൽ പഴി ചാരുന്നത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ അപലപനീയമാണെന്നും ശശി തരൂർ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്നാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP