Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിന് ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല എന്നത് നുണയാണ്; തീപിടിത്തം ഒഴിവാക്കാൻ പൈലറ്റ് വിമാനത്താവളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു എന്നതും ശരിയല്ല; പൈലറ്റ് എൻജിനുകൾ ഓഫ് ചെയ്തു എന്നതും തെറ്റ്; കരിപ്പൂരിൽ ബലി നൽകലും ജീവൻ രക്ഷിക്കലുമൊന്നും ഉണ്ടായിട്ടില്ല; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിന് ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല എന്നത് നുണയാണ്; തീപിടിത്തം ഒഴിവാക്കാൻ പൈലറ്റ് വിമാനത്താവളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു എന്നതും ശരിയല്ല; പൈലറ്റ് എൻജിനുകൾ ഓഫ് ചെയ്തു എന്നതും തെറ്റ്; കരിപ്പൂരിൽ ബലി നൽകലും ജീവൻ രക്ഷിക്കലുമൊന്നും ഉണ്ടായിട്ടില്ല; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ പൈലറ്റ് ദീപക് വസന്ത് സാഠേ സ്വജീവൻ ബലി നൽകി യാത്രക്കാരെ രക്ഷിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന്, അപകടത്തിനുശേഷമുള്ള ശാസ്ത്രീയ വിശകലനങ്ങൾ തെളിയുന്നതായി വെളിപ്പെടുത്തുന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റാണ് വൈറൽ ആകുന്നത്.

ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

കരിപ്പൂർ അപകടനാൾ മുതൽ വാട്ട്‌സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാൻ തുടങ്ങിയ കുറിപ്പുകളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിൻ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.

സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ പരിവേഷം വസന്ത് സാഠേയ്ക്ക് നൽകാൻ ഏറെ സഹായിച്ച ഈ കുറിപ്പിൽ, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാൽ, നുണകളാണ്.

1. ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല. - നുണ.

ലാൻഡിങ്ങിനായി വരുന്ന വിമാനം ഏകദേശം ആയിരം അടിപ്പൊക്കത്തി്‌ലെത്തുമ്പോഴേ ലാൻഡിങ് ഗിയർ, അഥവാ ചക്രങ്ങൾ താഴ്‌ത്തും. അങ്ങിനെ താഴ്‌ത്താൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡിങ് വേണ്ടെന്നു വച്ച് (അബോർട്ട് ചെയ്ത), അക്കാര്യം കൺട്രോൾ ടവറിനെ അറിയിച്ച്, അവർ നിർദ്ദേശിക്കുന്ന പൊക്കത്തിലേക്ക് പറന്നു കയറും. അവിടെ ചുറ്റിക്കറങ്ങി നിന്ന് വീണ്ടും ചക്രമിറക്കാൻ നോക്കും. ചക്രം യഥാർത്ഥത്തിൽ താഴേക്കിറങ്ങിയിട്ടും കോക്പിറ്റ് ഇൻഡിക്കേറ്ററുകളിൽ നിന്ന് അത് അറിയാൻ കഴയാതെ പോകുന്നതാണ് എന്ന സംശയം തീർക്കാൻ, മറ്റൊരു കാര്യം കൂടി ചെയ്യും. ടവറിലുള്ളവർക്കു നേരിട്ടു നോക്കി മനസിലാകത്തക്കവണ്ണം അവരോട് പറഞ്ഞ് വിമാനം വളരെ താഴ്‌ത്തി പറത്തും. അങ്ങിനെ നോക്കി, ചക്രം താഴ്ന്നിട്ടില്ല എന്നുറപ്പാക്കിയാൽ പിന്നെയും പറന്നു കയറും. ആ വിമാനത്താവളത്തിൽ രക്ഷാസന്നാഹങ്ങൾ ഒരുക്കാൻ കഴിയില്ലെങ്കിൽ അടുത്ത വിമാനത്താവളത്തിലേക്കു പറഞ്ഞു വിടും. അല്ലെങ്കിൽ അവിടെത്തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്യും. ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തോട് തയ്യാറായി നിൽക്കാൻ പറയും. കൂടുതൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട് എന്നു തോന്നിയാൽ സിറ്റിയിലെ അഗ്നിശമനസേനയെയും വിളിച്ചു വരുത്തും.
എല്ലാവരും തയ്യാറായി നിർക്കുമ്പോഴാണ് ഇപ്പറഞ്ഞ ബെല്ലി ലാൻഡിങ് നടത്തുക.

അഥവാ, ഇനി ആരോടും മിണ്ടാതെ പൈലറ്റ് സ്വയമങ്ങു ബെല്ലി ലാൻഡിങ് നടത്തിയെന്നു തന്നെ വയ്ക്കുക.
പിന്നീടുണ്ടാകുന്നത് വിമാനം റൺവേയുടെ അറ്റം വരെ ഓടിച്ചെന്ന് താഴെ മതിലുമിടിച്ച് തകരുകയല്ല. പള്ള ഉരഞ്ഞു നീങ്ങുന്ന വിമാനത്തിന്റെ എൻജിനുകൾ നിലത്ത് ഉരസി, ഇളകിത്തെറിക്കാം, തീപിടിക്കാം. ഉണ്ടാകുവുന്ന ദുരന്തം ഇപ്പോൾ കണ്ടതൊന്നുമായിരിക്കുകയുമില്ല.

സാധാരണ വാട്ട്‌സാപ്പ് വായനക്കാരെ വിടുക, നല്ല ഒന്നാന്തരം പ്രഫഷണൽ, ദേശീയ പത്രങ്ങൾക്കും ചാനലുകൾക്കും ഇതു പകർത്തി വയ്ക്കുന്നതിനു മുമ്പ്, ഇക്കാര്യങ്ങളൊന്നും കരിപ്പൂരിൽ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാൻ എന്തായിരുന്നു തടസ്സം?

2. തീപിടിത്തം ഒഴിവാക്കാൻ പൈലറ്റ് വിമാനത്താളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു.- വീണ്ടും നുണ

ലാൻഡിങ് ഗിയർ താഴാതിരുന്നിട്ടില്ലെന്നതു കൊണ്ട്, അപകടസാധ്യതയുമില്ല, ഇന്ധനം കളയേണ്ട കാര്യവുമില്ല. മാത്രമല്ല ഇനി മറ്റേതെങ്കിലും കാരണം കൊണ്ട്, അപകട സൂചനകൊണ്ട് ഇന്ധനം ഒഴുക്കിക്കളയുന്നെങ്കിൽ തന്നെ സുബോധമുള്ള ഒരു പൈലറ്റും ടവറിനെ അറിയിക്കാതെ അങ്ങിനെ ചെയ്യില്ല.
ഈ കുറിപ്പ് ഉണ്ടാക്കിയെടുത്തയാൾ ആലോചിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വിമാനം യാത്രയ്ക്ക് പുറപ്പെട്ടയുടൻ പ്രശ്‌നങ്ങളുണ്ടാവുകയും അതേ വിമാനത്താളത്തിൽ ഉടൻ തിരിച്ചിറങ്ങേണ്ടിയും വരുമ്പോഴാണ്, ഇന്ധന ടാങ്കുകൾ ഇങ്ങനെ തുറന്നു വിടുക. തീപിടിത്ത സാധ്യതമാത്രമല്ല കാരണം. ഭാരം കുറയ്ക്കൽ കൂടിയാണ് അത്. ലാൻഡ് ചെയ്യാനെടുക്കുന്ന റൺവേ ദൂരം കുറയ്ക്കാൻ വേണ്ടി.

3. തീപിടിത്ത സാധ്യത പൂർണമായും ഇല്ലാതാക്കാൻ അദ്ദേഹം എൻജിനുകൾ ഓഫ് ചെയ്തു.- നുണ

റൺവേയുടെ അറ്റം കഴിയുമ്പോഴും റൺവേ എൻഡ് സേഫ്റ്റി ഏരിയയിലും എൻജിനുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കരിപ്പൂരിൽ നടന്ന അന്വേഷണം സൂചിപ്പിക്കുന്നത്. പിന്നെ എപ്പോഴായിരിക്കും ഈ എൻജിൻ ഓഫാക്കൽ നടന്നത് ? ചെരിവിനും താഴെ കുറുകെപ്പോകുന്ന മതിൽ ഇടിച്ചു തെറിപ്പിക്കുന്നതിനിടയിലോ?

പിന്നെ തീപിടിത്തം ഉണ്ടാകാതിരുന്നതോ എന്ന് ഇനിയും ചോദിക്കുന്നവർക്കായി-
വിമാനത്തിന്റ ഇന്ധന ടാങ്ക് ചിറകുകളാണ്. അഥവാ ചിറകിനുള്ളിലാണ് ഇന്ധനം. ചിറകിൽ തന്നെയാണ് എൻജിനുകൾ ഘടിപ്പിച്ചിരിക്കുന്നതും. ചിറകോ, ചിറകിനോടു ചേർന്നുള്ള വിമാന ഭാഗങ്ങളോ തകർന്നിരുന്നോ എന്ന് കരിപ്പൂർ അപകടചിത്രങ്ങളിൽ നോക്കുക.

--അടിക്കുറിപ്പ്--

അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരും പിന്നെ നാട്ടുകാരും പൈലറ്റുമാരെ ദേവദൂതന്മാരെപ്പോല കാണുന്ന പ്രതിഭാസം പുതിയതല്ല.

1993 നവംബർ 15 ന് ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് വെള്ളമില്ലാത്ത് ഒരു റിസർവോയറിൽ, 263 യാത്രക്കാരുണ്ടായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം കൊണ്ടിറക്കിയ പൈലറ്റിന് കിട്ടിയതു വീരോചിത വരവേൽപ്പായിരുന്നു. ചെന്നൈയിൽ നിന്ന് ഹൈദരബാദിലേത്തി, മൂടൽമഞ്ഞുമൂലം വിമാനത്താവളം കാണാത്ത സാഹചര്യത്തിൽ അടുത്തുള്ള വിമാനത്താവളങ്ങളിലേക്കൊന്നും പോകാതെ, തിരിച്ച് ചെന്നൈയിലേക്കു തന്നെ എയർബസ് എ300 വിമാനം തിരിച്ചു വിടാമെന്ന അമ്പരപ്പിക്കുന്ന തീരുമാനമെടത്ത്, ഒടുവിൽ യാത്രയ്ക്കിടയിലെപ്പോഴോ ഇന്ധനം തികയില്ലെന്ന സത്യം മനസിലാക്കി ഏറ്റവുമടുത്തള്ള ഒഴിഞ്ഞസ്ഥലത്തുകൊണ്ടിറക്കുകയായിരുന്നു അദ്ദേഹമെന്ന് യാത്രക്കാരും സ്വീകരണക്കാരും- ഇതിൽ മന്ത്രിമാരുമുണ്ടായിരുന്നു- അറിയുന്നത് നാളുകൾക്കു ശേഷമാണ്.

2015 ൽ ദുബായി-കൊച്ചി വിമാനം കൊച്ചിയിലിറങ്ങാൻ പലതവണ ശ്രമിച്ച് കഴിയാതെ ഒടുവിൽ തിരുവനന്തപുരത്തിനു തിരിച്ചുവിട്ട് അവിടെയും ചുറ്റപ്പറന്നു നിന്ന് അവസാനം 200 കിലോഗ്രാമിൽ താഴെമാത്രം ഇന്ധനം ബാക്കിയുള്ളപ്പോൾ ബ്ലൈൻഡ് ലാൻഡിങ് നടത്തിയ ജെറ്റ് എയർവെയ്‌സ് പൈലറ്റിനും കിട്ടിയത്,പൂുച്ചെണ്ടുകൾ് മാത്രമായിരുന്നു. മാസങ്ങൾക്കു ശേഷം അന്വേഷണങ്ങൾക്കൊടുവിൽ സസ്‌പെൻഷൻ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും.

കരിപ്പൂർ വിമാനത്തിലെ പൈലറ്റ് ഇപ്പറഞ്ഞപോലെയുള്ള പിഴവുകൾ കാട്ടി എന്നു പറയുകയല്ല. ബലിനൽകലും ജീവൻരക്ഷിക്കലൊമൊന്നും ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP