Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെയും ചിലർ; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപെട്ടവർ

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെയും ചിലർ; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപെട്ടവർ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി‍‍: കേരളം സമാനതകളില്ലാത്ത വിമാന അപകടത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്‌ച്ച സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ടവർ അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ്.

ഏഴ് മണിക്കുള്ള ഫ്ലൈറ്റിൽ എത്തുമെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്നും കരിങ്ങാരി വലിയപീടികക്കൽ ഇബ്രാഹിം നേരത്തേ തന്നെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഗൃഹനാഥന്റെ വിളി വന്നതോടെ അദ്ദേഹത്തെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ഇബ്രാഹിമിന്റെ കുടുംബം. തറവാട് വീട്ടിൽ ക്വാറന്റീന് സൗകര്യമൊരുക്കി എല്ലാവരും മകളുടെ വീട്ടിലേക്ക് മാറി. എന്നാൽ വിമാനം ഇറങ്ങേണ്ട സമയം കഴിഞ്ഞ് ഇബ്രാഹിമിന്റെ ഫോൺ വിളി കാത്തിരുന്ന കുടുംബത്തിനെ ഞെട്ടിക്കുന്ന വാർത്തയാണ് വരവേറ്റത്.

ഇബ്രാഹിം പരുക്കുകളോടെ മെഡിക്കൽ കോളജിൽ എത്തിച്ചതായി ആയിരുന്നു വാർത്ത. പതിനഞ്ചാം നിരയിലായിരുന്നു ഇബ്രാഹിമിന്റെ സീറ്റ്. ഇരിക്കുന്ന സീറ്റിനു സമീപം വൻ ശബ്ദത്തോടെ വിമാനം പിളർന്നതോടെ നേരെ താഴേയ്ക്കു പതിക്കുകയായിരുന്നു. 9 മാസം മുൻപാണ് ദുബായിൽ കമ്പനി ജീവനക്കാരുടെ മെസ് ജോലിക്കു വേണ്ടി വിമാനം കയറിയത്. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി. എങ്കിലും ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇദ്ദേഹവും കുടുംബവും.

അപകടത്തിൽ പരുക്കേറ്റ പാടംതുറയിലെ ചെമ്പൻതൊടിക അബ്ദുൽ കബീർ (40) പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കൈകാലുകളിലെ എല്ലുകൾക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. വിമാനത്തിലെ 70–ാം നമ്പർ സീറ്റിലായിരുന്നു കബീർ. റാസൽഖൈമയിലെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. കോവിഡ് കാരണം അവധിയിൽ നാട്ടിലേക്ക് തിരിച്ചതാണ്. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ചുണ്ടേൽ സ്വദേശി മുഹമ്മദ് നിയാസ് പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാർജയിൽ ജോലി ചെയ്തിരുന്ന ജൂവലറി കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയതോടെയാണ് ചീരാൽ കിഴക്കേതിൽ നൗഫൽ(36) നാട്ടിലേക്ക് തിരിച്ചത്. എഎക്സ് 344 ദുബായ്- കോഴിക്കോട് വിമാനത്തിൽ ടിക്കറ്റ് തരപ്പെടുമ്പോൾ വേഗത്തിൽ കുടുംബത്തിലേക്കെത്താമെന്ന ആഹ്ലാദത്തിലായിരുന്നു. എന്നാ‍ൽ വിമാനം അപകടത്തിൽപെടുമ്പോൾ പരുക്കുകളോടെ രക്ഷപ്പെട്ടവരുടെ പട്ടികയിലായി നൗഫൽ.

കാലിനും ശരീരത്തിന്റെ മറ്റിടങ്ങളിലും പരുക്കേറ്റ നൗഫൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വലിയ പ്രശ്നങ്ങളില്ലെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അപകടത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രിയിൽ ഒപ്പമുള്ള സഹോദരൻ അബ്ദുൽ റഹിം പറഞ്ഞു. നൗഫലിനൊപ്പം ഷാർജിലായിരുന്ന ഭാര്യ സഫ്നയും മകൻ ഐദിൻ മുഹമ്മദും അഞ്ചുമാസം മുൻപു നാട്ടിലേക്ക് പോന്നിരുന്നു. നൗഫലിന്റെ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണു കുടുംബം.

കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല ദോവർഷോലയിലെ ഫൈസൽ ബാബുവിന്റെ ഭാര്യ ഷാനിജ (25)യും മകൻ മുഹമ്മദ് സിദാൻ (5) നും ബന്ധുവായ ഒന്നാംമൈൽ പടിക്കപ്പറമ്പിൽ ഇർഷാദിന്റെ ഭാര്യ ഷഹന (22)യും. ഒരേ സീറ്റിൽ ഇരുന്നായിരുന്നു നാട്ടിലേക്കുള്ള യാത്ര. വിമാനത്തിന്റെ പിന്നിലായിരുന്നു ഇവരുടെ സീറ്റുകൾ. വിമാനം കരിപ്പൂർ എയർപോർട്ടിലെ റൺവേയിൽ ഇറങ്ങിയതും നിമിഷങ്ങൾക്കകം വിമാനത്തിന്റെ ലൈറ്റുകൾ അണഞ്ഞതും മാത്രമാണ് ഓർമയിലുള്ളത്.

മുൻപിലെവിടെയോ വിമാനം ഇടിച്ചതും തെറിച്ചുപോയതും ഓർക്കുന്നുണ്ടെന്ന് ഷഹന പറ‍ഞ്ഞു. പിന്നീട് രക്ഷാപ്രവർത്തകരുടെ ബഹളമാണ് കേട്ടത്. ഓർമ വരുമ്പോൾ വിമാനത്തിന്റെ കേബിളുകളിൽ കാലുകൾ കുടുങ്ങി കിടക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ഭർത്താവിനൊപ്പം ദുബായിൽ എത്തിയത്. ഭർത്താവിന് ഐടി കമ്പനിയിൽ ജോലിയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയെ പിരിഞ്ഞതാണ് ഷാനിജയ്ക്കു വേദനയായത്. രാത്രിയോടെ വിവിധ ആശുപത്രികളിൽ നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ തിരിച്ചു കിട്ടിയത്. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ട ഷാനിജയും കുട്ടിയും ഇന്നലെ രാത്രിയോടെ പാടംതുറയിലെ വീട്ടിലെത്തി ക്വാറന്റീനിലായി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തനാട്ടിലേക്കുള്ള മടക്കയാത്ര അന്ത്യയാത്രയാകുമായിരുന്നെന്ന ആശങ്കയിൽ നിന്ന് മാനന്തവാടി സ്വദേശി യൂജിൻ യൂസഫ് ഇനിയും മോചിതനായിട്ടില്ല. നാല് വർഷമായി അജ്മാനിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലായിരുന്നു ജോലി. 20 മിനിട്ടോളം കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം നിലം തൊട്ടപ്പോൾ ആശ്വാസമായെന്നും എന്നാൽ ഞൊടിയിടയിൽ വലിയ അപകടം തങ്ങളെ തേടി വരുമെന്ന് അറിഞ്ഞില്ലെന്നും യൂജിൻ ഞെട്ടലോടെ പറയുന്നു.

വിമാനത്തിന്റെ പിൻഭാഗത്തായിരുന്ന യൂജിന് പരുക്കില്ലാതെ രക്ഷപ്പെടാനായി. അടുത്ത മാസം വിവാഹം നടത്താൻ നിശ്ചയിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. സുരക്ഷിതനായി വിമാനത്താവളത്തിന് പുറത്തെത്തിയ യൂജിൻ സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിച്ച കാറിൽ സ്വയം ഡ്രൈവ് ചെയതാണ് വീട്ടിലെത്തിയത്. 28 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം വിവാഹം നടത്താനാണു തീരുമാനം. മുട്ടിൽ സ്വദേശി സുൻഡുലയാണ് വധു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP