Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും; വിജയം നമ്മുടേതായിരിക്കും എന്നും അശോക് ​ഗെലോട്ട്; വിജയം സർക്കാരുകൾ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എംഎൽഎമാരുടേതുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; 14ന് നിയമസഭ ചേരാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ്; എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി ബിജെപിയും

ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും; വിജയം നമ്മുടേതായിരിക്കും എന്നും അശോക് ​ഗെലോട്ട്; വിജയം സർക്കാരുകൾ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എംഎൽഎമാരുടേതുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; 14ന് നിയമസഭ ചേരാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ്; എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: തങ്ങൾ നടത്തുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമെന്നും അന്തിമ വിജയം കോൺ​ഗ്രസിന് തന്നെയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി രാജസ്ഥാൻ മുഖ്യ മന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ​ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപി തങ്ങളുടെ എംഎൽഎമാരെ കുറുമാറ്റം ഭയന്ന് സംസ്ഥാനത്തിന് വെളിയിലേക്ക് മാറ്റുന്നതിനിടെയാണ് ​ഗെലോട്ടിന്റെ പ്രതികരണം. അതേസമയം, പ്രതിപക്ഷ എംഎൽഎമാരിൽ പലരും ഈ സർക്കാരിനെ പിന്തുണയ്ക്കും എന്ന പരോക്ഷ സൂചനയും​ഗെലോട്ട് നൽകുന്നു.

”ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും. വിജയം നമ്മുടേതായിരിക്കും, വിജയം സത്യമായിരിക്കും, വിജയം സംസ്ഥാനത്തെ ജനങ്ങൾക്ക് ആയിരിക്കും, അനുകൂലമായാലും പ്രതിപക്ഷത്ത് നിന്നാലും സർക്കാരുകൾ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എംഎൽഎമാരുടേതുമായിരിക്കും വിജയം,” ഗെലോട്ട് പറഞ്ഞു. കോൺ​ഗ്രസ് വിമത നേതാവ് സച്ചിൻ പൈലറ്റ് ഉയർത്തുന്ന ഭീഷണികളെ പാർട്ടി അതിജീവിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ​ഗെലോട്ട് പ്രകടിപ്പിക്കുന്നത്.

രാജസ്ഥാനിൽ പ്രതിസന്ധി തുടരുന്നതിനിടെ ആറ് എംഎൽഎമാരെ ബിജെപി രാജസ്ഥാനിൽനിന്നും ഗുജറാത്തിലേക്ക് മാറ്റി.
14നു നിയമസഭ ചേരാനിരിക്കെയാണു എംഎൽഎമാർ കൂറുമാറുന്നതു തടയാൻ ബിജെപി നടപടി തുടങ്ങിയത്. ഉദയ്പുർ മേഖലയിൽനിന്നുള്ള ആറ് എംഎൽഎമാരെയാണ് പോർബന്ദറിലേക്കു മാറ്റിയത്. ജയ്പൂരിൽനിന്നും പോർബന്തറിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നതെന്നാണ് വിവരം. 23 എംഎൽഎമാരെയാണ് ബിജെപി രാജസ്ഥാനിൽനിന്നും ഗുജറാത്തിലേക്ക് ഇതുവരെ മാറ്റിയിട്ടുള്ളത്. ഇവരിൽ 18 പേർ പോർബന്തറിലാണ്. കോൺഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും എംഎൽഎമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പേടിയിലാണ് ബിജെപിയെന്നാണ് വിവരം. ഇത് തടയാൻ 40 എംഎൽഎമാരെയാണ് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 19 വിമത എംഎൽഎമാർ നടത്തുന്ന പോരുമൂലം പ്രതിസന്ധിയിലാണ് അശോക് ഗെലോട്ട് സർക്കാർ. ഇതിനു പുറമേ ആറു ബിഎസ്‌പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കേസിൽ 11നു ഹൈക്കോടതി വിധി വരാനിരിക്കുകയുമാണ്. വിധി പ്രതികൂലമായാൽ സർക്കാരിന്റെ നിലിനൽപു ഭീഷണിയിലാകും. ഇതു മറികടക്കാൻ കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ സ്വാധീനിച്ചേക്കാം എന്ന ഭയമാണു ബിജെപിയെ തിരക്കിട്ടുള്ള നടപടിക്കു പ്രേരിപ്പിച്ചത്.

തെക്കൻ രാജസ്ഥാനിലെ ട്രൈബൽ മേഖലയിൽ നിന്നുള്ള എംഎൽഎമാരെ കോൺഗ്രസ് ലക്ഷ്യമിടുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരിലൂടെയും സ്വാധീനമുള്ള ആളുകളിലൂടെയും ഉദയ്പുർ ഡിവിഷനിൽനിന്നുള്ള എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നു. ഇതോടെയാണ് എംഎൽഎമാരെ സംരക്ഷിക്കാൻ ഒന്നിച്ചു താമസിപ്പിക്കാൻ തീരുമാനിച്ചതെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു രണ്ടു മൂന്നു ദിവസം മുമ്പ് പാർട്ടി നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. അതിനു മുമ്പു ചില എംഎൽഎമാർക്കു സോമനാഥ ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹം പറഞ്ഞതിനാൽ അതിന് അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ആരോപണം നിഷേധിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസര കുതിരക്കച്ചവടം ബിജെപിയുടെ കുത്തകയാണെന്നും സർക്കാരിനു ഭീഷണിയില്ലെന്നും പറഞ്ഞു. പരാ‍ട്ടിയിൽ ലയിച്ച 6 ബിഎസ്‌പി എംഎൽഎമാരടക്കം 200 അംഗ നിയമസഭയിൽ കോൺഗ്രസിനു 107 പേരാണുള്ളത്. ചെറുകക്ഷികളും സ്വതന്ത്രരുമായി മറ്റു 17 പേരുടെ പിന്തുണയും ഉണ്ടായിരുന്നു. സച്ചിൻ പൈലറ്റടക്കം 19 വിമത എംഎൽഎമാർ കലാപക്കൊടി ഉയർത്തിയപ്പോൾ മൂന്നു സ്വതന്ത്രരും ഇവർക്കൊപ്പം കൂടി. ഇതോടെ ഭീഷണി നേരിടുന്ന സർക്കാരിനു 11ന്റെ കോടതി വിധി നിർണായകമാണ്.

2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ​ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി ഹൈക്കമാൻഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തർക്കം തുടർന്നു. തുടർന്ന് അന്നത്തെ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകൾ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗെലോട്ട് ജെയ്പൂർ സീറ്റ് മകൻ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ, രാജ്യസഭാ തെരഞ്ഞിടുപ്പിൽ ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഗെലോട്ട് ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിർത്താൻ ഗെലോട്ടിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാൽ രാജ്യസഭയിലേക്കെത്തുന്നതിൽ ഗെലോട്ടിന് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP