Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌ന സുരേഷ് വഴിയുള്ള വിദേശസഹായം ആകുമ്പോൾ നിയമവകുപ്പിനും എതിർപ്പില്ല; ലൈഫ് മിഷന് വേണ്ടി യുഎഇ റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന് ഉപദേശം നൽകിയത് നിയമവകുപ്പ്; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേരും; മുഖ്യമന്ത്രി വിദേശ എൻ.ജി.ഒ യുമായി കരാറിൽ ഒപ്പിട്ടത് ഗുരുതരക്രമക്കേട്; സിബിഐ അന്വേഷണത്തിനായി ഗവർണ്ണർക്ക് കത്ത് നൽകി അനിൽ അക്കര എംഎ‍ൽഎ

സ്വപ്‌ന സുരേഷ് വഴിയുള്ള വിദേശസഹായം ആകുമ്പോൾ നിയമവകുപ്പിനും എതിർപ്പില്ല; ലൈഫ് മിഷന് വേണ്ടി യുഎഇ റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന് ഉപദേശം നൽകിയത് നിയമവകുപ്പ്; വടക്കാഞ്ചേരിയിലെ  ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേരും; മുഖ്യമന്ത്രി വിദേശ എൻ.ജി.ഒ യുമായി കരാറിൽ ഒപ്പിട്ടത് ഗുരുതരക്രമക്കേട്; സിബിഐ അന്വേഷണത്തിനായി ഗവർണ്ണർക്ക് കത്ത് നൽകി അനിൽ അക്കര എംഎ‍ൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് വഴിയുള്ള വിദേശസഹായം ആകുമ്പോൾ വ്യവസ്ഥകൾ സംസ്ഥാന സർക്കാർ കാറ്റിൽ പറത്തിയെന്ന് വ്യക്തമായി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണമാണ് ഇപ്പോഴത്തെ വിവാദവിഷയം. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രെസന്റ അഥോറിറ്റി നൽകിയ 20 കോടിയുടെ സഹായം സ്വീകരിക്കുന്നതിനായി ധാരണയാകുന്നതിന് കേന്ദ്രാനുമതി വേണ്ട എന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. ഇ-മൊബിലിറ്റി പദ്ധതിയിൽ സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണാപത്രം ഒപ്പിടാൻ കേന്ദ്രാനുമതി വേണമെന്ന നിഷ്‌കർഷിച്ച നിയമവകുപ്പ് സ്വപ്‌നയുടെ ഇടപാടായപ്പോൾ അതൊക്കെ മനഃപൂർവം മറന്നു. ഇക്കാര്യത്തിൽ സ്വപ്‌നയുടെ കൂട്ടുകാരൻ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ റോളിന്റെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു. ഏതായാലും വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസ്സിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എംഎ‍ൽഎ ഗവർണ്ണർക്ക് കത്ത് നൽകി

വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയമാണ് വിവാദത്തിലാകുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേരുണ്ടെന്നതാണ് ഇതിന് കാരണം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടന്ന ഇടപാടാണിതെന്നാണ് സൂചന. അങ്ങനെ എങ്കിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വിദേശകാര്യ പ്രോട്ടോകോളുകൾക്ക് എതിരാകും. ഇത് കൂടുതൽ വിവാദങ്ങളിലും പെടും.

സ്പോൺസർമാർ യുഎഇ കോൺസുലേറ്റ് വഴി സഹായിച്ചുവെന്നാണു ബോർഡിലുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിനു നേരിട്ട് കോൺസുലേറ്റ് വഴി സ്പോൺസർഷിപ്പോ പണമോ സ്വീകരിക്കാനാകില്ല. മാത്രമല്ല, ബോർഡിൽ പേരുപയോഗിക്കണമെങ്കിൽ കോൺസുലേറ്റിന്റെ അനുമതിയും വേണം. പണം നൽകുന്ന കരാറിൽ ഒപ്പുവച്ചതു സ്ഥാപനവും ലൈഫ് മിഷനുമാണ്. അവിടെയും കോൺസുലേറ്റ് പ്രതിനിധി ഒപ്പുവച്ചിട്ടില്ല. കമ്മിഷൻ നൽകിയത് ഈ ഇടപാടിലെ സ്വകാര്യ കമ്പനിയാണെന്നാണു വെളിപ്പെടുത്തൽ. ലോക്കറിൽനിന്നു പിടിച്ചെടുത്തത് ഈ പണമാണെന്നാണു സ്വപ്നയുടെ വാദം.

സ്വർണക്കടത്ത് കേസിൽ വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേര്. പേരുവയ്ക്കുന്നതിന് അനുമതിയുണ്ടോയെന്നു ലൈഫ് മിഷൻ അധികൃതർക്കു വ്യക്തതയില്ല. ഈ പദ്ധതിക്കു വേണ്ടി പണം നൽകിയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്നയുടെ മൊഴിയിലുണ്ട്. പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് അഥോറിറ്റിയാണ് 20 കോടി രൂപ നൽകിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിലായിരുന്നു ഇത്. എം.ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രി പോകുന്നതിനു തൊട്ടുമുൻപ് ദുബായിലെത്തിയിരുന്നു. ഇതെല്ലാം ചർച്ചകളിൽ നിറയുകയാണ്. അതിനിടെയാണ് പുതിയ വിവാദം. ഇതിനെ രാഷ്ട്രീയ ചർച്ചയാക്കാൻ യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്.

സ്വപ്‌നയ്ക്ക് പാരിതോഷികം കിട്ടിയത് ഒരുകോടി

യു.എ.ഇയിലെ സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രളയപുനർനിർമ്മാണത്തിന്റെ ഭാഗമായി കേരളത്തിന് ഒരു കോടി ദിർഹം സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാറുമായി ചേർന്ന് യു.എ.ഇ കോൺസുലേറ്റാണ് ഇതിന്റെ നടപടി ഏകോപിപ്പിച്ചത്. യു.എ.ഇ കോൺസുൽ ജനറലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞവർഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതിൽ സ്വപ്ന ഇടപെട്ടാണ് കമ്പനിക്ക് നിർമ്മാണകരാർ നൽകിയത്. ഇതിനുള്ള പാരിതോഷികമായാണ് ഒരു കോടി ലഭിച്ചതെന്നാണ് വിവരം. എന്നാൽ, പണം കിട്ടിയത് കോൺസുലേറ്റിലെ പ്രമുഖനാണെന്ന മൊഴിയാണ് സ്വപ്നയുടേത്.

തനിക്ക് വീടുവെക്കാൻ പ്രമുഖൻ ഒരു കോടി രൂപ നൽകിയെന്നും മൊഴിയിലുണ്ട്. രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് കമ്മിഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് അടുത്ത മൊഴി. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിന് രണ്ട് മണി എക്സ്ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മിഷൻ കിട്ടിയെന്നാണ് മൊഴി.

അനിൽ അക്കരെയുടെ കത്തിലെ വിശദാംശങ്ങൾ

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിർത്തിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന ഏജൻസി യു.എ.ഇ കോൺസുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നിർമ്മാണം 2019 ജൂലൈ മാസത്തിൽ തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ട് വടക്കാഞ്ചേരി നഗരസഭയിലെ ചരപ്പറമ്പ് എന്ന പ്രദേശത്ത് ആരംഭിച്ചിരിക്കുകയാണ്. 2019 ഡിസംബർ 04ന്റെ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ഈ സ്ഥലം സന്ദർശിക്കണമെന്ന് അനിൽ അക്കര എംഎ‍ൽഎ ആവശ്യപ്പെട്ടിരുന്നു.

140 കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള ഈ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. സ്ഥലം എംഎ‍ൽഎ ൽ നിന്നു പോലും മറച്ച് വച്ചാണ് ടി സ്ഥലം സർക്കാർ ഏറ്റെടുത്തത്. അഞ്ചിലധികം നിലകളിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വഴി നേരത്തെ 5 മീറ്ററിൽ താഴെയായിരുന്നു. 2 ഏക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്തതിന് ശേഷമാണ് ഇതിലേക്കുള്ള വഴി വിലകൊടുത്ത് വാങ്ങുന്നത്. ഈ നടപടി തികച്ചും നിയമവിരുദ്ധവും അഴിമതിയുമാണ്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയിൽ 1 കോടി രൂപ യു.എ.ഇ കോൺസുലേറ്റിൽ നിന്നും ഈ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്‌ളാറ്റ് നിർമ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജൻസികൾക്ക് മൊഴി കൊടുത്തതായി വാർത്തയായി വന്നിട്ടുള്ളതാണ്. നിർമ്മാണ സ്ഥലത്ത് ഇത് സംബന്ധിച്ച് വലിയ പരസ്യ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ആയതിൽ രേഖപ്പെടുത്തിയിട്ടുള്ളത് അനുസരിച്ച് കേരള ലൈഫ് മിഷൻ പ്രോജക്ട് യു.എ.ഇ കോൺസുലേറ്റ് വഴി എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്‌പോൺസർ ചെയ്തതാണെന്നും നിർവ്വഹണം യൂണിറ്റാക്കിനാണെന്നും മനസ്സിലാകുന്നതാണ്. യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ല, അങ്ങനെ വേണമെങ്കിൽ മദർ എൻ.ജി.ഒ ആയ റെഡ് ക്രോസ്സിനെ ഏൽപ്പിക്കണം. റെഡ് ക്രോസ്സിന്റെ ഇന്ത്യയിലെ പ്രസിഡന്റ് രാഷ്ട്രപതിയും ചെയർമാൻ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. രാഷ്ട്രപതി ഭവനും കേന്ദ്ര സർക്കാറും അറിയാതെ എങ്ങനെ യു.എ.ഇ റെഡ് ക്രസന്റ് കേരളത്തിൽ പണം ചെലവ് ചെയ്തു? മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിത്തിലാണ് ഇവിടെ ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. നിലവിലുള്ള സാമ്പത്തിക നിയമങ്ങൾ അനുസരിച്ചു ഈ ഇടപാട് വലിയ കുറ്റമാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എൻ.ജി.ഒ യുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ടു, അവർക്കു സർക്കാർ ഭൂമി നൽകി അതുവഴി തന്റെ സെക്രട്ടറിയും ഇടനിലക്കാരിയും ചേർന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങുന്നതും രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാന ലൈഫ് മിഷൻ അധികാരികളും, യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഭാരവാഹികളും, യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ സിഇഒ യുമായിരുന്ന എം.ശിവശങ്കർ IAS ഉം വടക്കാഞ്ചേരി മുൻസിപ്പൽ ഭരണ നേതൃത്വവും ഉൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളത്.

നമ്മുടെ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള നിരവധി സർക്കാർ ഏജൻസികളും, സഹകരണ മേഖലയുൾപ്പെടെയുള്ള നിരവധി പൊതുമേഖല ഏജൻസികളും നിർമ്മാണ മേഖലയിൽ സജീവമായി പ്രവർത്തിക്കുമ്പോഴാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തെ ലൈഫ് പദ്ധതി ഏൽപ്പിച്ചിട്ടുള്ളത് കോടികണക്കിന് രൂപയുടെ പണം തട്ടിയെടുക്കുവാൻ വേണ്ടിയാണ്. മാത്രമല്ല യു.എ.ഇ സർക്കാർ നേരിട്ട് കേന്ദ്ര സർക്കാർ വഴി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട ഈ പദ്ധതി ഗൂഢാലോചന നടത്തി വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചതും ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ IAS ന്റെ നിർദ്ദേശപ്രകാരം എടുത്തിട്ടുള്ള ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഈ തുകയെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നെന്നും മനസ്സിലാക്കുന്നു. പാവപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കുന്ന പദ്ധതിയിൽ നിന്ന് കമ്മീഷൻ പറ്റുന്ന രീതി അംഗീകരിക്കാനും പുഞ്ചിരിയിൽ ഒതുക്കാനും കഴിയില്ല.

മുഖ്യമന്ത്രി ഗൾഫ് പര്യടനത്തിന് പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് എം.ശിവശങ്കർ IAS ഉം സ്വപ്ന സുരേഷും ഗൾഫിലെത്തി ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയിരുന്നു എന്നാണ് പത്രങ്ങളിലൂടെ മനസ്സിലാകുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ചർച്ചകൾ നടത്തിയിരുന്ന എം.ശിവശങ്കർ IAS ഈ സാമ്പത്തിക നേട്ടങ്ങൾ മുഴുവൻ നേടിയെടുക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്നുള്ളതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. മാത്രമല്ല യൂണിറ്റാക്ക് ഗ്രൂപ്പ് ലൈഫ് മിഷന്റെ പദ്ധതി യുടെ നിർമ്മാണം നടത്തിയതും അന്വേഷണ വിധേയമാക്കേണ്ടതാണ്.

ആയതിനാൽ സംസ്ഥാന സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതും മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ലൈഫ് മിഷനെ മറയാക്കി കോടികണക്കിന് രൂപ രാജ്യത്തും വിദേശത്തുമായി ഗൂഢാലോചന നടത്തി തട്ടിയെടുത്തതിനെ സംബന്ധിച്ചും, വിദേശ ഫണ്ടിന്റെ ദുരുപയോഗത്തെക്കുറിച്ചും, കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുന്നതിന് ഈ കേസ് സിബിഐ യെ ഏൽപ്പിക്കണമെന്ന് അനിൽ അക്കര എംഎ‍ൽഎ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP