Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറോളം മലയാളികളുടെ വിലപിടിപ്പുള്ള സമ്പാദ്യങ്ങൾ ചാമ്പലായ ദുബായ് റൂബി കാർഗോ വെയർ ഹൗസ് തീപിടുത്തത്തിൽ സർവത്ര ദുരൂഹത; വെയർ ഹൗസ് കത്തിനശിച്ചത് സ്വപ്‌ന സുരേഷിന്റെ സ്വർണക്കള്ളക്കടത്ത് പിടിച്ച അതേ ദിവസം; വെയർഹൗസ് കത്തിയതോ സാധനങ്ങൾ മാറ്റിയ ശേഷം കമ്പനി തന്നെ കത്തിച്ചതോ? സാധനങ്ങൾ കത്തിച്ചാമ്പലായത് ഇടപാടുകാർ അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞ്; കമ്പനി ഉടമ രഘുനാഥ് സഹോദരനെ വെടിവച്ച് കൊന്ന കേസിൽ ജയിലിലും; നിയമനടപടിയിലേക്ക് നീങ്ങിയപ്പോൾ അറബിയുടെ കമ്പനി എന്ന നുണയും

നൂറോളം മലയാളികളുടെ വിലപിടിപ്പുള്ള സമ്പാദ്യങ്ങൾ ചാമ്പലായ ദുബായ് റൂബി കാർഗോ വെയർ ഹൗസ് തീപിടുത്തത്തിൽ സർവത്ര ദുരൂഹത; വെയർ ഹൗസ് കത്തിനശിച്ചത് സ്വപ്‌ന സുരേഷിന്റെ സ്വർണക്കള്ളക്കടത്ത് പിടിച്ച അതേ ദിവസം; വെയർഹൗസ് കത്തിയതോ സാധനങ്ങൾ മാറ്റിയ ശേഷം കമ്പനി തന്നെ കത്തിച്ചതോ? സാധനങ്ങൾ കത്തിച്ചാമ്പലായത് ഇടപാടുകാർ അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞ്; കമ്പനി ഉടമ രഘുനാഥ് സഹോദരനെ വെടിവച്ച് കൊന്ന കേസിൽ ജയിലിലും; നിയമനടപടിയിലേക്ക് നീങ്ങിയപ്പോൾ അറബിയുടെ കമ്പനി എന്ന നുണയും

എം മനോജ് കുമാർ

തിരുവനന്തപുരം: ദുബായിൽ റൂബി കാർഗോയുടെ വെയർഹൗസ് ജൂലൈ 6ന് കത്തിയതിൽ സർവത്ര ദുരൂഹത. വർഷങ്ങളോളം ദുബായിൽ കഴിഞ്ഞ നൂറോളം മലയാളികളുടെ വിലപിടിപ്പുള്ള സർവസമ്പാദ്യങ്ങളുമാണ് വെയർഹൗസ് അഗ്‌നിബാധയിൽ കത്തിനശിച്ച് ഇല്ലാതായത്. കോവിഡ് കാരണം ദുബായ് വിടാൻ തീരുമാനിച്ചപ്പോൾ വീട്ടുസാധനങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള മുഴുവൻ സാധനങ്ങളും ഇവർ മലയാളി കാർഗോ കമ്പനിയായ റൂബി വഴിയാണ് നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്. എന്നാൽ വെയർഹൗസ് അഗ്‌നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും കാർഗോ അയച്ചവർ അറിയുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ് എന്നുള്ളതും ഈ ദുരൂഹത വർദ്ധിപ്പിക്കുന്നു. അഗ്‌നിബാധയ്ക്ക് ശേഷം കമ്പനി അധികൃതരുടെ നടപടികൾ സംശയം ജനിപ്പിക്കുന്നതായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നഷ്ടമായപ്പോൾ കാര്യമായ ഒരു പ്രതികരണവും കമ്പനി അധികൃതർ കാർഗോ നഷ്ടമായവർക്ക് നൽകിയിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് അറിയിച്ചത്. കോഴിക്കോട് സ്വദേശി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാർഗോ കമ്പനി എന്നാണ് അറിയാൻ കഴിയുന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ വെച്ച് സഹോദരനെ വെടിവെച്ച് കൊന്നതിന്റെ പേരിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഇയാൾ എന്ന് വിവരമുണ്ട്. ഈ പാശ്ചാത്തലവും റൂബി കമ്പനിയിലെ തീപ്പിടുത്തവുമാണ് മലയാളികൾ ചേർത്ത് വായിക്കുന്നത്. മലയാളി കമ്പനി ആയതിനാലാണ് ഇവർ റൂബി വഴി സാധനങ്ങൾ അയച്ചത്. പക്ഷെ ദുരൂഹമായ തീപ്പിടുത്തത്തിൽ വർഷങ്ങൾക്കൊണ്ട് സ്വരുക്കൂട്ടിയ സകല സമ്പാദ്യവും നഷ്ടമായ അവസ്ഥയിലാണ് നൂറോളം പ്രവാസി മലയാളി
കുടുംബങ്ങൾ.

നേരത്തെ തന്നെ കാർഗോ നാട്ടിലേക്ക് അയച്ച മലയാളികൾ നാട്ടിൽ വന്നെങ്കിലും കാർഗോ വന്നില്ല. പലർക്കും വന്നത് ഒരു മെയിലാണ്. നിങ്ങളുടെ സാധനങ്ങൾ അഗ്‌നിബാധയിൽ കത്തി നശിച്ചു എന്നാണ് കമ്പനി അയച്ച മെയിലിൽ പറഞ്ഞത്. കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചവർക്ക് ഒന്നും തൃപ്തികരമായ ഒരു മറുപടിയും കമ്പനി അധികൃതർ നൽകിയതുമില്ല. ദുബായ് കോൺസുലേറ്റ് വഴി സ്വപ്ന നടത്തിയ സ്വർണ്ണക്കടത്ത് പിടിക്കുന്ന അതേ സമയത്ത് തന്നെയാണ് വെയർഹൗസ് അഗ്‌നിബാധയും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ സംശയാസ്പദമായ അഗ്‌നിബാധയെന്നാണ് ഈ തീപ്പിടുത്തത്തെ മലയാളികൾ വിശേഷിപ്പിക്കുന്നത്. സാധനങ്ങൾ കത്തി നശിച്ച് എന്ന് പറയുന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. വെയർഹൗസ് കത്തിയതോ സാധനങ്ങൾ മാറ്റിയ ശേഷം ഇവർ തന്നെ കത്തിച്ചതോ എന്ന സംശയമാണ് സർവതും നഷ്ടമായ മലയാളികൾ ഉയർത്തുന്നത്. കമ്പനി അധികൃതരുടെ പെരുമാറ്റം വെയർഹൗസ് കത്തിയതിനു ശേഷം സംശയാസ്പദമായിരുന്നു എന്നാണ് മലയാളികൾ ആരോപിക്കുന്നത്.

വർഷങ്ങളായി ദുബായിൽ കുടുംബസമേതം താമസിക്കുന്നവരാണ് ഈ മലയാളികൾ. അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള വീട്ടു സാധനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റു വസ്തുക്കളുമുണ്ട്. അത് സുരക്ഷിതമായി നാട്ടിൽ എത്തിക്കാനാണ് ഒരുലക്ഷവും അതിലേറെയും നൽകി റൂബി വഴി മലയാളികൾ ഈ കാർഗോ സർവീസിന്റെ സേവനം തേടിയത്. മിക്കവരും എട്ടും പത്തും ലക്ഷം രൂപമുതൽ അരക്കോടി വരെ വില വരുന്ന വരുന്ന സാധനങ്ങളാണ് റൂബി വഴി അയച്ചത്.

നൂറോളം മലയാളികൾ ഈ രീതിയിൽ സാധനങ്ങൾ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടികളാണ് മലയാളികൾക്ക് നഷ്ടമായത്. ആർക്കും ഒന്നും തിരികെ ലഭിച്ചിട്ടില്ല. ഇൻഷൂറൻസും ഇവർ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നികത്താനാകാത്ത നഷ്ടത്തിന്റെ പേരിൽ പകച്ചു നിൽക്കുകയാണ് മലയാളികൾ. റൂബി തങ്ങളെ ചതിച്ചു എന്നാണ് സർവതും നഷ്ടമായ മലയാളികൾ ആരോപിക്കുന്നത്. വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് ഇവർ കയ്യിൽ കരുതിയത്. ബാക്കിയുള്ള മുഴുവൻ സാധനങ്ങളും റൂബി വഴിയാണ് അയച്ചത്. ഇപ്പോൾ ഇവർ എല്ലാം നഷ്ടമായ അവസ്ഥയിലാണ്. ഇപ്പോൾ കാർഗോ നഷ്ടമായ മലയാളികൾ ഒരു വാട്‌സ് അപ്പ് രൂപീകരിച്ച് നിയമപോരാട്ടത്തിനു തുടക്കമിടാൻ തീരുമാനിച്ചിരിക്കുകയാണ്.

ദുബായ് വിടുന്ന മലയാളികൾക്ക് ക്വാറന്റൈൻ ഉള്ളതിനാൽ സാധനങ്ങൾ വൈകി മാത്രമേ എത്തിക്കൂ എന്നാണ് റൂബി അധികൃതർ പറഞ്ഞത്. കൊച്ചിയിൽ എത്തുന്ന സാധനങ്ങൾക്ക് കൊച്ചിൻ പോർട്ടിൽ എക്‌സ്ട്രാ ചാർജ് നൽകേണ്ടി വരുന്നതിനാലാണ് ഈ രീതിയിൽ തീരുമാനം എന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. പക്ഷെ മലയാളികൾ നാട്ടിൽ എത്തിയെങ്കിലും കാർഗോ വഴി അയച്ച വീട്ടുസാധനങ്ങൾ ഇവരെ തേടി വന്നില്ല. എല്ലാം കത്തിയമർന്നിരിക്കുന്നു എന്നാണ് ഇവർക്ക് ലഭിച്ച വിവരം. ദുബായിലെ വെയർഹൗസ് ആണ് കത്തി നശിച്ചത്. ഇവർക്ക് ദുബായിൽ പലയിടങ്ങളിൽ വെയർഹൗസുകൾ ഉണ്ട്. കാർഗോ ഇവർ മറ്റുവെയർഹൗസിലേക്ക് റൂബി മാറ്റിയിട്ടുണ്ട് എന്നാണ് മലയാളികൾ ആരോപിക്കുന്നത്.

കാർഗോ നഷ്ടമായവരുടെ വാട്‌സ് അപ്പ് രൂപീകരിച്ച മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ്‌കുമാറും ഇതേ അഭിപ്രായം തന്നെയാണ് മറുനാടനുമായി പങ്കു വെച്ചത്. കാർഗോ കത്തിയ വിവരം അറിഞ്ഞു ചെന്നവരെ ഉള്ളിൽ പ്രവേശിപ്പിക്കാൻ റൂബി അധികൃതർ തയ്യാറായില്ല. പക്ഷെ ചില വാഹനങ്ങൾ അവിടുന്ന് സാധനങ്ങൾ കടത്തുന്നത് കണ്ടപ്പോൾ ഇവർ പിറകെ പോയി വാഹനം തടഞ്ഞുവെച്ചു. അത് ഈവെയർഹൗസിലെ സാധനങ്ങൾ തന്നെയിരുന്നു എന്നാണ് അവരോടു വാഹനങ്ങളിൽ സാധനങ്ങൾ കടത്തിവർ പറഞ്ഞത്. അത് നേരത്തെ മാറ്റി വെച്ച സാധനങ്ങൾ ആയിരുന്നു എന്നും ഇത് സുരക്ഷിതമായി വെക്കാൻ വേണ്ടി മറ്റു വെയർഹൗസിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് വാഹനങ്ങളിൽ സാധനങ്ങൾ കടത്തിയവർ പറഞ്ഞത് എന്നാണ് സന്തോഷിനോട് ഈ വിവരം പങ്കു വെച്ചവർ നൽകുന്ന വിവരം.

റൂബി അധികൃതരുടെ നീക്കങ്ങൾ എല്ലാം എല്ലാം സംശയത്തിന്റെ രീതിയിൽ മാത്രമേ നോക്കി കാണാൻ കഴിയൂ എന്നാണ് സന്തോഷ് മറുനാടനോട് പറഞ്ഞത്. സന്തോഷിനും 25 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. വർഷങ്ങളായി താൻ ശേഖരിച്ചുവച്ച വിലപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം നഷ്ടമായതായി സന്തോഷ് പറയുന്നു. ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകുന്നതിനാലാണ് സാധനങ്ങൾ റൂബി കാർഗോയെ ഏൽപിച്ചത്.

കഴിഞ്ഞ 12 വർഷമായി യുഎഇയിൽ പ്രവാസിയായ സന്തോഷ് 2008 മുതൽ ശേഖരിച്ച അപൂർവ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. ലോകത്തെ മികച്ച ബ്രാൻഡുകളുടെ നൂതന ഹോം തിയറ്റർ സ്പീക്കറുകൾ, അധ്യാധുനിക ഡിഎൽഎൽആർ ക്യാമറകൾ, ലാപ്‌ടോപ് തുടങ്ങിയവയും നഷ്ടപ്പെട്ടു. ചിത്രരചനയ്ക്കും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ ഉപകരണങ്ങളും കത്തിച്ചാമ്പലായി. കൂടാതെ, വിലപ്പെട്ട ചിലരേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു. പണം കൊടുത്താൽ പോലും തിരിച്ചുകിട്ടാത്ത വിലമതിക്കാനാകാത്തവസ്തുക്കൾ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് താൻ എന്നാണ് സന്തോഷ് പറയുന്നത് സമാനമായ കഥ തന്നെയാണ് എട്ടു ലക്ഷത്തിന്റെ സാധനങ്ങൾ നഷ്ടമായ തൃശൂർ സ്വദേശി ഫെസ്റ്റിയും മറുനാടനോട് പറഞ്ഞത്.



കാർഗോ കത്തി നശിച്ചത് വിളിച്ച് പറഞ്ഞില്ല; മെയിൽ വന്നതും വളരെ വൈകി: ഫെസ്റ്റി

ജൂൺ 18 നു യുഎഇ നിന്നും ഇൻഡിഗോ ഫ്‌ളൈറ്റിലാണ് ഞങ്ങൾ കുടുംബസമേതം നാട്ടിലേക്ക് വന്നത്. ജൂബി കാർഗോയുടെ ആളുകൾ അതിനും മുൻപ് തന്നെ ഞങ്ങളുടെ ഷാർജയിലുള്ള വീട്ടിൽ വന്നു. അവരാണ് സാധനങ്ങൾ പാക്ക് ചെയ്ത് എടുത്തത്. കൊച്ചിയിൽ അവർ എത്തിച്ചു തരും. അവിടെ നിന്ന് കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞു ഞങ്ങൾ എടുക്കണം. ഞങ്ങൾക്ക് ക്വാറന്റൈൻ ഉള്ളതിനാൽ കാർഗോ വൈകി മാത്രമേ അയക്കൂ എന്നാണ് കാർഗോയുടെ ആളുകൾ ഞങ്ങളോട് പറഞ്ഞത്. സാധനങ്ങൾ വന്നു കിടന്നാൽ കൊച്ചിൻ പോർട്ടിൽ ഷിപ്പിങ് ചാർജ് എക്‌സ്ട്രാ കൊടുക്കേണ്ടി വരും. അതിനാലാണ് വൈകി അയക്കുന്നത് എന്നാണ് അവർ പറഞ്ഞത്. എട്ടു ലക്ഷം രൂപയുടെ സാധനങ്ങളാണ് പാക്ക് ചെയ്ത് അവർ കൊണ്ട് പോയത്. കഴിഞ്ഞ മാസം അവിടെ നിന്ന് ഒരു മെയിൽ വന്നിരുന്നു. ഞങ്ങൾ അത് പിന്നീടാണ് കണ്ടത്. ജൂലായ് 6 നു കാർഗോയുടെ വെയർഹൗസിൽ ഒരു തീപ്പിടുത്തം ഉണ്ടായി എന്നാണ് മെയിലിൽ പറഞ്ഞത്. എന്തുകൊണ്ട് ഞങ്ങളെ നേരത്തെ അറിയിച്ചില്ല എന്ന് ചോദിച്ച് നൽകിയ മെയിലിനു ഒരു പ്രതികരണവും വന്നില്ല.

80 ഓളം പേരുടെ കാർഗോയാണ് കത്തി നശിച്ചത്. കാർഗോ എത്തിക്കാൻ 70000 രൂപയോളം ഇവർക്ക് നൽകിയിട്ടുമുണ്ട്. സർട്ടിഫിക്കറ്റുകൾ, കുട്ടികൾക്ക് ലഭിച്ച മെഡലുകൾ. വീട്ടു സാധനങ്ങൾ തുടങ്ങി എട്ടു ലക്ഷം രൂപയുടെ നഷ്ടമാണ് വന്നത്. വിലമതിക്കാനാകാത്ത നഷ്ടമാണ് ഇവർക്ക് വന്നത്. കാർഗോ അധികൃതർ കൃത്യമായി പ്രതികരിക്കുന്നില്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നൊക്കെയാണ് കാർഗോ അധികൃതർ പറയുന്നത്.

വിലപിടിച്ച സാധനങ്ങളാണ് ഉള്ളത്. സാധനങ്ങൾ എല്ലാം കത്തി നശിച്ചു എന്ന് പറഞ്ഞാൽ അത്രയ്ക്ക് അങ്ങോട്ടു വിശ്വസിക്കാൻ കഴിയുന്നില്ല. സാധനങ്ങൾ മാറ്റിയിട്ട് എല്ലാം കത്തിപ്പോയി എന്ന് ഇവർ പറയുകയാണോ എന്ന സംശയവും ഇവർക്കുണ്ട്. റൂബി കാർഗോയ്ക്ക് വേറെയും വെയർഹൗസുകളുണ്ട്. സാധനങ്ങൾ മറ്റു വെയർ ഹൗസുകളിലേക്ക് മാറ്റിയിട്ട് കത്തിപ്പോയി എന്ന് ഞങ്ങളോട് പറഞ്ഞാൽ എന്ത് ചെയ്യും. ഞങ്ങൾ ഇൻഷൂറൻസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്കുള്ള നഷ്ടം കനത്തതാണ്-ഫെസ്റ്റി പറയുന്നു.

നഷ്ടമായത് കാൽ കോടിയുടെ സാധനങ്ങൾ; വില നൽകിയാൽ പോലും പലതും ലഭിക്കില്ല: സന്തോഷ്‌കുമാർ

വെയർഹൗസ് കത്തി എന്ന വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ജൂലായ് ആറാം തീയതി കത്തി എന്ന് കമ്പനി പറഞ്ഞപ്പോൾ ഞാൻ വിവരം അറിഞ്ഞത് പതിനൊന്നാം തീയതിയാണ്. സാധനങ്ങൾ മുഴുവൻ പത്ത് മിനിട്ട് കൊണ്ട് കത്തിപ്പോയി എന്ന് കമ്പനി നിസാരമട്ടിലാണ് അറിയിച്ചത്. ഞങ്ങളുടെ മൊത്തം സമ്പാദ്യമാണ് ഒരൊറ്റ അഗ്‌നിബാധയിൽ നശിച്ചു എന്ന് അവർ പറയുന്നത്. അത് പൂർണമായി വിശ്വസിക്കാൻ ഒന്നും ഞങ്ങൾക്ക് കഴിയില്ല-ദുബായി ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്യുന്ന സന്തോഷ് മറുനാടനോട് പറഞ്ഞു.

മറ്റു വെയർഹൗസുകൾ ഉള്ള കാർഗോയാണ് റൂബി. കത്തിയതിൽ ദുരൂഹത നിലനിൽക്കുന്നു. വിലമതിക്കാനാവാത്ത ഞങ്ങളുടെ സമ്പാദ്യങ്ങൾ ആണ് അഗ്‌നിക്കിരയായി എന്ന് പറയുന്നത്. കൃത്യമായ പ്രതികരണങ്ങൾ ഒന്നും അവർ നടത്തുന്നില്ല. കത്തുന്ന വെയർഹൗസിൽ നിന്ന് റൂബി തന്നെ വാഹനങ്ങളിൽ സാധനങ്ങൾ കടത്തുന്നതായി കണ്ടിട്ടുണ്ട്. ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ ആദ്യമേ മാറ്റി വെച്ച സാധനങ്ങൾ ആയിരുന്നു എന്നാണ് പറയുന്നത്.

മലയാളിയുടെ കമ്പനിയാണ് റൂബി. കത്തിയപ്പോൾ അറബിയുടെ നമ്പർ ആണ് അവർ നൽകിയത്. ഇത് മലയാളിയുടെ കമ്പനിയല്ലേ എന്ന് ഞങ്ങൾ തിരിച്ചു ചോദിച്ചു. അല്ല അറബിയുടെതാണ് എന്നാണവർ പറഞ്ഞത്. ഇത് തന്നെ കളവാണ് എന്ന് ഞങ്ങൾക്ക് അറിയാം. എന്തായാലും നിയമ നടപടി സ്വീകരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്-സന്തോഷ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP