Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ

ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കളിയാക്കി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് പോസ്റ്റിട്ടിട്ടും പ്രതികരിക്കാതെ കേരള പത്രപ്രവർത്തക യൂണിയനും പ്രസ് ക്ലബ്ബുകളും. മാധ്യമ പ്രവർത്തകെ തീർത്തും പരിഹസിക്കുന്ന തരത്തിലായിരുന്നു പി എം മനോജിന്റെ പോസ്റ്റ്. ദേശാഭിമാനിയിലെ മാധ്യമ പ്രർത്തകനായിരുന്ന മനോജ് രണ്ട് വർഷം മുമ്പ് മാത്രമാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെത്തുന്നത്. പിണറായിയുടെ പ്രതിച്ഛായ ഉയർത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ നിരന്തര വിവാദങ്ങൾ സർക്കാരിനേയും പിണറായിയേയും പ്രതിക്കൂട്ടിലാക്കുന്നതാണ് പിന്നീടുണ്ടായത്.

വെള്ളിയാഴ്ച വാർത്താസമ്മേളനത്തിടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പിണറായി പതിവ് രീതിയിൽ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് പിണറായിയുടെ ധീരതയായി സിപിഎം പ്രവർത്തകർ ആഘോഷിച്ചിരുന്നു. എന്നാൽ ശനിയാഴ്ച മാധ്യമപ്രവർത്തകർ വീണ്ടും മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചു. താങ്കളെ പുകഴ്‌ത്തിയെഴുതിയപ്പോഴെല്ലാം അതാസ്വദിച്ച നിങ്ങൾ വിമർശിക്കുമ്പോൾ അധിക്ഷേപിക്കുന്നതിന്റെ ന്യായമെന്തെന്ന ചോദ്യത്തിന് മുന്നിൽ മുഖ്യമന്ത്രി പെട്ടു. ഇതോടെ വാർത്താ സമ്മേളനം മതിയാക്കി മടങ്ങി. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ പ്രസ് സെക്രട്ടറി പി.എം മനോജ് രംഗത്തെത്തിയത്. മാധ്യമപ്രവർത്തകർ സംഘടിച്ചെത്തി മുഖ്യമന്ത്രിയോട് മര്യാദയില്ലാതെ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് മനോജിന്റെ ആരോപണം.

പിണറായിയെ പേടിയായതിനാൽ ഒരു സ്ഥാപനത്തിൽ നിന്ന് തന്നെ ഒന്നിൽ കൂടുതൽ പേർ വന്നെന്നും പറയുന്നു. ഇനി മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നവരോട് കൂട്ടില്ലെന്നും പി.എം മനോജ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാന വിഷയങ്ങളുള്ളപ്പോൾ പ്രധാന മാധ്യമങ്ങളിൽ നിന്ന് ഒന്നിലേറെ പേർ എത്താറുണ്ട്. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നതിന് വേണ്ടി പല നിർണ്ണായക പത്ര സമ്മേളനങ്ങളിൽ മുമ്പ് സിപിഎം അനുകൂല മാധ്യമങ്ങളിലെ പത്ര പ്രവർത്തകരും കൂട്ടത്തോടെ എത്താറുണ്ട്. ഇത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതിനെയാണ് ദേശാഭിമാനിക്കാരനായ മനോജ് വിമർശിക്കുന്നത്. ഇതിനെ വിമർശിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോൺ രംഗത്തു വന്നു.

പാർട്ടിക്ക് മാധ്യമ ബഹിഷ്‌കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവിൽനിന്നാണ്,പാർട്ടി ഓഫീസിൽ നിന്നല്ല .വാർത്താ സമ്മേളനത്തിൽ എത്ര പേർ വരണം, എത്ര ചോദ്യം ചോദിക്കണം എന്നത് മാധ്യമസ്വാതന്ത്ര്യമാണ്. #കടക്ക്പുറത്ത്-ഇതാണ് ട്വിറ്ററിൽ വിനു കുറിച്ചത്. കേവലം ഒരു പാർട്ടി അടിമയെപ്പോലെ സർക്കാർ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു ട്വീറ്റ് ചെയ്തു. ഇതിനും പരിഹാസ രൂപേണ മറുപടിയുമായി പിഎം മനോജ് രംഗത്ത് വരികയും ചെയ്തു.

മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തിൽ കളിക്ക്...!-ഇതാണ് മനോജിന്റെ വിമർശനം. ഇതിലും മാധ്യമ പ്രവർത്തകരെ കളിയാക്കുകയാണ് പിഎം മനോജ്. എന്നാൽ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കളിയാക്കിയിട്ടും പ്രസ്താവന ഇറക്കാൻ പോലും കേരള പത്ര പ്രവർത്തക യൂണിയൻ തയ്യാറല്ല. യൂണിയനിൽ ദേശാഭിമാനിക്കാണ് മുൻതൂക്കം. ഇതാണ് മനോജിനെതിരെ വിമർശനം ഉയർത്താൻ മടിക്കുന്നതിന് കാരണം. ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാൻ സിപിഎം ഔദ്യോഗിക തീരുമാനം എടുത്തപ്പോഴും യൂണിയൻ മൗനത്തിലായിരുന്നു.

പിഎം മനോജ് ഇന്നലെ ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം

ഏഴാം ക്ലാസിൽ പഠിക്കുേമ്പോൾ സന്ധ്യയ്ക്കു ശേഷം വീടിനു പുറത്തിറങ്ങാൻ ഒറ്റയ്ക്ക് ധൈര്യമില്ല. വളപ്പിനറ്റത്തെ ദൈവത്തറയിയിൽ വിളക്കു കത്തിക്കാൻ കൂടെ ആൾ വേണം. അനിയത്തിയെയും കൂട്ടിയാണ് പോയിരുന്നത്. എന്നാലും പേടിയാണ്. വിളക്കു കത്തിച്ച് ഒറ്റ ഓട്ടമാണ് രണ്ടാളും. ഇന്ന് പത്രസമ്മേളനം കണ്ടപ്പോൾ ആ ഓർമ്മയാണ് വന്നത്.

ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേർ. പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങൾ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ എന്നതാണ് മര്യാദ. ഒരാൾ തന്നെ രണ്ട് - പരമാവധി മൂന്ന് - അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിർഭയവുമല്ല - നിരന്തരം മര്യാദകെട്ട്...! മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോൾ അതിശയം വേണ്ടതില്ല.

എന്തായാലും അത്തരക്കാരോട് കൂട്ട് വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. അതിനെ മര്യാദക്കുറവായി വ്യാഖ്യാനിച്ചാലും ഒരു ചുക്കുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP