Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

100 ദിവസമായിട്ടും പുതിയ രോഗികൾ ഇല്ല; സമൂഹ വ്യാപനം മുളയിലെ നുള്ളി; നേട്ടം കൈവരിക്കാൻ ഏറെ സഹായിച്ചത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ; ന്യുസിലാൻഡ് കൊറോണയെ പിടിച്ചു കെട്ടിയത് ലോകത്തിന് അദ്ഭുതമാകുമ്പോൾ ജെസെന്താ മോഡൽ പഠിക്കാൻ ആളെത്തുന്നു

100 ദിവസമായിട്ടും പുതിയ രോഗികൾ ഇല്ല; സമൂഹ വ്യാപനം മുളയിലെ നുള്ളി; നേട്ടം കൈവരിക്കാൻ ഏറെ സഹായിച്ചത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ; ന്യുസിലാൻഡ് കൊറോണയെ പിടിച്ചു കെട്ടിയത് ലോകത്തിന് അദ്ഭുതമാകുമ്പോൾ ജെസെന്താ മോഡൽ പഠിക്കാൻ ആളെത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ രണ്ടാം വരവിനെ ചെറുക്കുവാൻ പാടുപെടുന്ന അയൽവക്കത്തെ ആസ്ട്രേലിയയുമായി തട്ടിച്ചുനോക്കുമ്പോൾ തീർത്തും അതിശയകരമായ നേട്ടമാണ് ന്യുസിലാൻഡ് കൈവരിച്ചിരിക്കുന്നത്. പുതിയൊരു കോവിഡ് ബാധ പോലും സ്ഥിരീകരിക്കാതെ 100 ദിവസങ്ങൾ കടന്നുപോയിരിക്കുന്നു. സമൂഹവ്യാപനം എന്നത് തീർത്തും ഇല്ലാതെയായ 100 ദിവസങ്ങൾ. കഴിഞ്ഞ മാർച്ചിൽ, ലോകത്തിലെ തന്നെ ഏറ്റവും കർശനമായ നിയന്ത്രണങ്ങളോടു കൂടിയ ലോക്ക്ഡൗൺ നടപ്പിലാക്കിയ ന്യുസിലാൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡേൺ ഇപ്പോൾ തന്റെ പ്രയത്നത്തിന്റെ ഫലം അനുഭവിക്കുകയാണ്. മെയ്‌ 1 നായിരുന്നു രാജ്യത്ത് അവസാനത്തെ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

50 ലക്ഷം ജനങ്ങൾ പാർക്കുന്ന ഈ ദ്വീപുരാജ്യത്ത് ഫെബ്രുവരി 28 നാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനു ശേഷം കൃത്യം 63 ദിവസങ്ങൾക്കുള്ളിൽ രോഗവ്യാപനം പൂർണ്ണമായും പിടിച്ചുകെട്ടാൻ ഈ രാജ്യത്തിനായി. രാജ്യത്ത് ഇതുവരെ 1,219 രോഗബാധിതരും 22 മരണങ്ങളുമാണ് ഉണ്ടായത്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തീർത്തും നിസ്സാരമാണ്.

ന്യുസിലാൻഡ് ഭരണകൂടം എടുത്ത മൂന്ന് പ്രധാന നടപടികളാണ് ഈ വിജയത്തിനു പിന്നിൽ. അതിർത്തികൾ അടച്ചുപൂട്ടിയത്, കർശനമായ ലോക്ക്ഡൗൺ, പിന്നെ ഓരോ കേസുകളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക നിയന്ത്രണങ്ങൾ. മർച്ച് മദ്ധ്യത്തോടെയാണ് ലോകത്തിലെ തന്നെ ഏറ്റവും കർശനമായ അതിർത്തി നിയന്ത്രണങ്ങൾ ന്യുസിലാൻഡ് ഏർപ്പെടുത്തിയത്. ന്യുസിലാൻഡിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും സെൽഫ് ഐസൊലേഷൻ നിർബന്ധമാക്കുമ്പോൾ ന്യുസിലാൻഡിൽ ഉണ്ടായിരുന്നത് കേവലം ആറ് രോഗികൾ മാത്രമായിരുന്നു.

ഒരാഴ്‌ച്ചക്ക് ശേഷം ജസിന്താ രാജ്യാതിർത്തികൾ പൂർണ്ണമായും അടച്ചുപൂട്ടുമ്പോൾ രോഗികളുടെ എണ്ണം 20 ആയി ഉയർന്നു. ഇപ്പോഴും ന്യുസിലാൻഡ് അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുകയാണ്. ന്യുസിലാൻഡ് പൗരന്മാർക്കും, അവിടെ സ്ഥിരതാമസമാക്കിയവർക്കു അവരുടെ ബന്ധുക്കൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു.

അതിനുശേഷമുള്ള ജസിന്തയുടെ നീക്കങ്ങൾ അതീവ വേഗത്തിലായിരുന്നു. മാർച്ച് 25 അർദ്ധരാത്രി മുതൽ രാജ്യത്താകമാനം അലേർട്ട് ലെവൽ 4-എലിമിനേറ്റ്- പ്രാബല്യത്തിൽ വരുത്തി. അത്യാവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടി. നാട്ടുകാർക്ക് നാലാഴ്‌ച്ച വീടുകളിൽ അടച്ചുപൂട്ടി കഴിയേണ്ടി വന്നു. ഈ ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ അന്നുണ്ടായിരുന്ന 205 രോഗികൾ എന്നത് 10,000 ത്തിൽ അധികമായി ഉയരുമായിരുന്നു എന്ന് ഒരു പഠന റിപ്പോർട്ടും ഉണ്ടായിരുന്നു.

ഏപ്രിൽ അവസാനത്തോടെ രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതോടെ ന്യുസിലാൻഡ് അലെർട്ട് ലെവൽ 3 ലേക്ക് മാറി. പിന്നീട് അലെർട്ട് ലെവൽ 2 വിലേക്കും. ഏപ്പോൾ ഒരു പുതിയ രോഗി റിപ്പോർട്ട് ചെയ്യപ്പെടുന്നുവോ ഉടൻ തന്നെ സമ്പർക്കത്തിൽ വരുന്നവരെ ട്രേസ് ചെയ്യുകയും കൂടുതൽ പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതുപോലെ തുടർച്ചയായ കോണ്ടാക്ട് ട്രേസിംഗാണ് രോഗവ്യാപനം തടയുവാൻ ന്യുസിലാൻഡിനെ സഹായിച്ചത്.

ജൂൺ 8 ന് ന്യുസിലാൻഡ് അലെർട്ട് ലെവൽ 1 ൽ എത്തുമ്പോൾ രാജ്യത്ത് സജീവമായ ഒരു കൊറോണ കേസുപോലും ഉണ്ടായിരുന്നില്ല. സമൂഹവ്യാപനം നിന്നിട്ട് 40 ദിവസങ്ങൾ പിന്നിടുകയും ചെയ്തിരുന്നു. ഇപ്പോഴും വിദേശങ്ങളിൽ നിന്നും ന്യുസിലാൻഡിൽ എത്തുന്ന ചില പൗരന്മാർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ അത് സമൂഹത്തിലേക്ക് വ്യാപിക്കുവാൻ അനുവദിക്കുന്നില്ല. ഓഗസ്റ്റ് 7 ലെ കണക്ക് പ്രകാരം ഇത്തരത്തിലുള്ള 23 രോഗികൾ ന്യുസിലൻഡിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP