Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലയങ്ങളുടെ അവശിഷ്ടങ്ങൾ മാങ്കുളത്തെ പെരുമ്പൻകുത്ത് പുഴയിലും; അപകടത്തിൽപ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും സംശയം; നായയെ ഉപയോഗിച്ചുള്ള തെരച്ചിലിൽ അതിരാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്ത് രക്ഷാപ്രവർത്തനം; രാജമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി; ദുരന്തത്തിന് ഇരയായവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് ചെന്നിത്തല; കണ്ടെത്താനുള്ളത് 19 സ്‌കൂൾ കുട്ടികളെ; പെട്ടിമുടി കണ്ണീർകാഴ്ചയാകുമ്പോൾ

ലയങ്ങളുടെ അവശിഷ്ടങ്ങൾ മാങ്കുളത്തെ പെരുമ്പൻകുത്ത് പുഴയിലും; അപകടത്തിൽപ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും സംശയം; നായയെ ഉപയോഗിച്ചുള്ള തെരച്ചിലിൽ അതിരാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്ത് രക്ഷാപ്രവർത്തനം; രാജമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി; ദുരന്തത്തിന് ഇരയായവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് ചെന്നിത്തല; കണ്ടെത്താനുള്ളത് 19 സ്‌കൂൾ കുട്ടികളെ; പെട്ടിമുടി കണ്ണീർകാഴ്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പെട്ടിമുടി: പെട്ടിമുടി ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. നായയെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മൊത്തം മരണം 27 ആയി. കണ്ടെത്താൻ ബാക്കിയുള്ള 39 പേർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്,. അതിനിടെ ദുരന്തത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല ഇന്ന് പെട്ടിമുടിയിൽ എത്തുന്നുണ്ട്. കേന്ദ്രമന്ത്രി വി മരുളീധരനും ഇവിടെ സന്ദർശിക്കും.

ലയങ്ങളിലെ പരിമിത സാഹചര്യങ്ങളോടു പൊരുതി ജീവിച്ചവരുടെ സംസ്‌കാരത്തിൽ പോലും വേദനയാണ് നിറയുന്നത്. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്തു 3 കുഴികളിലായി കൂട്ടത്തോടെയാണു ഇന്നലെ സംസ്‌കരിച്ചത്. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ ഇവരുടേത് വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35). വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരിൽ 19 പേർ സ്‌കൂൾ വിദ്യാർത്ഥികളാണ്.

മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ് കമ്പനി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്‌നാട്ടുകാർ. 12 പേർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ തമിഴ്‌നാട്ടിൽ നിന്ന് എത്തിയതോടെ പെട്ടിമുടിയിൽ വൻ ജനക്കൂട്ടമായിരുന്നു. കേരളത്തിൽ 2 ദിവസം കഴിയാനുള്ള പാസുമായാണ് പലരും എത്തിയത്.

അതികഠിനമാണ് രക്ഷാപ്രവർത്തനം. ലയങ്ങളുടെ അവശിഷ്ടങ്ങൾ മാങ്കുളത്തെ പെരുമ്പൻകുത്ത് പുഴയിൽ കണ്ടെത്തിയതായി ചിലർ പറയുന്നുണ്ട്. അപകടത്തിൽപ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും നാട്ടുകാർ പറയുന്നു. കല്ലും ചെളിയും നീക്കി, അതീവ ശ്രദ്ധയോടെയാണ് മണ്ണുമാന്തി ഉപയോഗിച്ചുള്ള തിരച്ചിൽ. ഇന്നലെ ആദ്യം പുറത്തെടുക്കാനായത് ദമ്പതികളായ കുട്ടിരാജയുടെയും വിജിലയുടെയും മൃതദേഹങ്ങളാണ്. ഒരേ കട്ടിലിൽ ഉറങ്ങാൻ കിടന്ന ദമ്പതികളുടെ മൃതദേഹങ്ങൾ പത്തടി മാറിയാണ് കണ്ടെത്തിയത്. ഇവരുടെ മകനായ മണികണ്ഠന്റെ മൃതദേഹം അൽപം കഴിഞ്ഞ് കണ്ടെത്തി. മറ്റൊരു മകനായ ദീപക്കിന്റെ മൃതദേഹവും കണ്ടെടുത്തു. ഇന്നലെ വൈകിട്ടു തിരച്ചിൽ നിർത്താൻ തുടങ്ങവേയാണ് എട്ടാമത്തെ ശരീരം കണ്ടെത്തിയത്.

പെട്ടിമുടിയിൽ ദുരന്തം സംഭവിച്ച 5 ലയങ്ങൾക്കു സമീപത്ത് നാലോളം ചെറിയ ലയങ്ങളുണ്ട്. അവിടെ നിന്നുള്ള തോട്ടം തൊഴിലാളികളാണ് രക്ഷാ പ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. രാത്രിയിലെ വലിയ ശബ്ദവും മുഴക്കവും കേട്ട് കാട്ടിൽ ഉരുൾപൊട്ടി റോഡ് തകർന്നിട്ടുണ്ടോ എന്നറിയാൻ ജീപ്പിൽ എത്തിയ ഇടമലക്കുടിയിലെ ഡ്രൈവർമാർ പിന്നെ സ്ഥലത്തെത്തി. നാട്ടുകാരിൽ ചിലർ 14 കിലോമീറ്റർ കാൽനടയായി ചെന്ന് രാജമലയിലെ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. അവർ എത്തിയപ്പോഴേക്കും ചെളിയിൽ പാതി പുതഞ്ഞുനിന്ന 6 പേരെ നാട്ടുകാർ പുറത്തെത്തിച്ചു. 3 മൃതശരീരവും അവർ കണ്ടെത്തി. അങ്ങനെയാണ് ദുരിതാശ്വാസം തുടങ്ങുന്നത്. ഇപ്പോൾ ദേശീയ ദുരന്ത നിവാരണ സേന അവിടെയുണ്ട്. അവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

ദുരന്തത്തിൽ കാണാതായത് 19 സ്‌കൂൾ വിദ്യാർത്ഥികളെയാണ്. ഉരുൾപൊട്ടലിൽ ഒലിച്ച് പോയ 4 ലയങ്ങളിൽ താമസിച്ചിരുന്ന ഈ കുട്ടികൾ മൂന്നാർ മേഖലയിലെ സ്‌കൂളുകളിൽ പഠിച്ചിരുന്നവരാണ്. ഇതിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എസ്. ലാവണ്യ, ഹേമ, ആർ.വിദ്യ, വിനോദിനി, ജനനി, രാജലക്ഷ്മി, പ്രിയദർശിനി (ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, മൂന്നാർ) ജഗദീശ്വരി (ഗവ. ഹൈസ്‌കൂൾ, മൂന്നാർ), വിശാൽ (സെന്റ് മേരീസ് യുപിഎസ്, മറയൂർ), ലക്ഷ്യശ്രീ, അശ്വന്ത് രാജ് (കാർമലഗിരി പബ്ലിക് സ്‌കൂൾ, കൊരണ്ടക്കാട്), ലക്‌സ്‌നശ്രി, വിജയലക്ഷ്മി, വിഷ്ണു (എഎൽപിഎസ്, രാജമല), ജോഷ്വ, സഞ്ജയ്, സിന്ധുജ, ഗൗസിക, ശിവരഞ്ജിനി (ഫാത്തിമ മാതാ ഹൈസ്‌കൂൾ, ചിന്നക്കനാൽ). സിന്ധുജ, സഞ്ജയ് എന്നിവരാണ് ദുരന്തത്തിൽ പെട്ട കുട്ടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP