Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൺസൾട്ടൻസി ഇല്ലാതെ പിണറായി സർക്കാരിന് എന്താഘോഷം? ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌ന സുരേഷ് ഒരു കോടി കമ്മീഷൻ അടിച്ചുമാറ്റി എന്ന രഹസ്യം പരസ്യമായതിന് പിന്നാലെ മറ്റൊരു രഹസ്യവും പുറത്ത്; ലൈഫ് മിഷന് വേണ്ടി പരസ്യം നൽകാനും കൺസൾട്ടൻസി; ബി വേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസിന് മാസം കൺസൾട്ടൻസി ഫീസായി ലക്ഷങ്ങൾ; പരസ്യം ചെയ്യാൻ പിആർഡി ഉണ്ടെങ്കിലും ഗമ പോരെന്ന് ഉദ്യോഗസ്ഥർ; പരസ്യം മാധ്യമങ്ങൾക്ക് വച്ച് നീട്ടുമ്പോൾ കമ്പനിക്ക് കമ്മീഷനും

കൺസൾട്ടൻസി ഇല്ലാതെ പിണറായി സർക്കാരിന് എന്താഘോഷം? ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌ന സുരേഷ് ഒരു കോടി കമ്മീഷൻ അടിച്ചുമാറ്റി എന്ന രഹസ്യം പരസ്യമായതിന് പിന്നാലെ മറ്റൊരു രഹസ്യവും പുറത്ത്; ലൈഫ് മിഷന് വേണ്ടി പരസ്യം നൽകാനും കൺസൾട്ടൻസി; ബി വേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസിന് മാസം കൺസൾട്ടൻസി ഫീസായി ലക്ഷങ്ങൾ; പരസ്യം ചെയ്യാൻ പിആർഡി ഉണ്ടെങ്കിലും ഗമ പോരെന്ന് ഉദ്യോഗസ്ഥർ; പരസ്യം മാധ്യമങ്ങൾക്ക് വച്ച് നീട്ടുമ്പോൾ കമ്പനിക്ക് കമ്മീഷനും

ആർ പീയൂഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസർക്കാരിന്റെ 'ലൈഫ്മിഷൻ'' പദ്ധതിയിലെ കരാർ സ്വകാര്യ കമ്പനിക്കു നൽകിയതിന്റെ കമ്മീഷനാണെന്ന മൊഴി പുറത്ത് വന്നത് സംസ്ഥാന സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അതിന് തൊട്ടു പിന്നാലെ ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി പരസ്യം നൽകാനായി ഒരു കൺസൾട്ടൻസിയെ നിയോഗിച്ചതിന്റെ വിവരമാണ് പുറത്ത് വരുന്നത്. ക്രിയേറ്റീവ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് എന്ന വിഭാഗത്തിലേക്കാണ് ബി വേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കൺസൾട്ടസിയായി നിയോഗിച്ചിരിക്കുന്നത്. മാസം ലക്ഷങ്ങളാണ് ഇവർക്ക് കൺസൾട്ടൻസി ഫീസായി സർക്കാർ ഖജനാവിൽ നിന്നും കൊടുക്കുന്നത്. ഇതോടെ ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.

ലൈഫ് മിഷൻ പദ്ധതിയുടെ പരസ്യങ്ങൾ ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇവർ തയ്യാറാക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കും. സർക്കാർ പരസ്യം ചെയ്യാനായി പി.ആർ.ഡി എന്ന വിഭാഗമുള്ളപ്പോഴാണ് ഇത്തരം ഒരു കൺസൾട്ടൻസിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത്. ജനുവരി - ഫെബ്രുവരി മാസത്തേക്ക് മാത്രമായി 14,13,520 രൂപയാണ് കൺസൾട്ടൻസി ഫീസായി നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ഫെയ്സ് 1, ഫെയ്സ് 2 പ്രോജക്ടുകൾക്ക് വേണ്ടി പരസ്യം നൽകിയ ഇനത്തിലാണ് ഇത്രയും തുക അനുവദിച്ച് കൊടുത്തിരിക്കുന്നത്. എൽ.എസ്.ജി.ഡി വിഭാഗമാണ് തുക കൊടുത്തിരിക്കുന്നത്. കേവലം ഒരു പദ്ധതിക്ക് പരസ്യം നൽകാൻ വേണ്ടി മാത്രമാണ് ഈ കൺസൾട്ടൻസിയെ നിയോഗിച്ചിരിക്കുന്നത്. കൂടാതെ ഇവർ ചെയ്യുന്ന പരസ്യം മാധ്യമങ്ങൾക്ക് നൽകുമ്പോൾ കമ്മീഷൻ തുകയും ഇവർക്ക് ലഭിക്കുമെന്നാണ് വിവരം.

സർക്കാർ പരസ്യങ്ങൾ നൽകുന്ന പി.ആർ.ഡിയെ ഒഴിവാക്കി ലക്ഷങ്ങൾ മുടക്കി പുറത്ത് നിന്നും ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സെക്രട്ടേറിയേറ്റിൽ കൺസൾട്ടൻസിക്കാരെ തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എല്ലാ വകുപ്പുകളിലും കൺസൾട്ടൻസിക്കാരെ നിയോഗിച്ച് സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കുകയാണ് എന്നും അവർ ആരോപിക്കുന്നു. സർക്കാർ ഏജൻസികളെ മാറ്റി നിർത്തി ഇത്തരത്തിൽ കൺസൾട്ടൻസിക്കാരെ നിയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലരുടെ അഴിമതിയുടെ ഭാഗമാണെന്നും പ്രതിപക്ഷം പറയുന്നു.

ലൈഫ്മിഷന്റെ ഭാഗമായി വീടുകൾ പണിതുനൽകാൻ യുണിടെക് എന്ന സ്വകാര്യ നിർമ്മാണക്കമ്പനിക്കു കരാർ നൽകിയതിന്റെ കമ്മീഷൻ തുകയാണ് ബാങ്ക് ലോക്കറിൽ നിന്നും ലഭിച്ചതെന്നു തെളിയിക്കുന്ന രേഖകൾ സ്വപ്ന എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീർക്കാൻ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്.

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിർമ്മിക്കാൻ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്സ് റെഡ് ക്രസന്റ്'' (ഇ.ആർ.സി) ഒരുകോടി ദിർഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസർക്കാരുമായി ചേർന്ന് യു.എ.ഇ. കോൺസുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയിൽനിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകൾ നിർമ്മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നൽകിയത്.

2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാർ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. സ്വപ്നയാണ് ഈ ചടങ്ങിന് മേൽനോട്ടം വഹിച്ചത്.

ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നത്. ഇതിനു കരാർ നൽകിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോൺസൽ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോൺസൽ ജനറൽ തുക നൽകുകയായിരുന്നെന്നും അത്തരം കമ്മീഷൻ ഇടപാടുകൾ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു. ഇതിൽ സ്വപ്ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് നിർമ്മാണ കരാർ നൽകിയത്. ഇതിനുള്ള പാരിതോഷികമായിട്ടാണ് ഒരു കോടി ലഭിച്ചത്. എന്നാൽ പണം കിട്ടിയത് കോൺസൽ ജനറലിനാണെന്നാണ് സ്വപ്നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാൻ കോൺസൽ ജനറൽ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നാണ് കമ്മീഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്നയുടെ മൊഴി.

ലോക്കറിൽ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷൻ ഇനത്തിൽ ലഭിച്ചതാണെന്നു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചു. വിസ് സ്റ്റാമ്പിങ് അടക്കമുള്ള നടപടികൾക്ക് കോൺസുലേറ്റിൽ ഇന്ത്യൻ കറൻസി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിനായി രണ്ട് മണി എക്‌സ്‌ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മീഷൻ കിട്ടിയെന്നാണ് മൊഴി. ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയുടെ പരസ്യത്തിന് കൺസൾട്ടൻസിയെ നിയോഗിച്ചിരിക്കുന്ന വിവരം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തുന്നതോടെ മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലാവുകയാണ്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച തളേളിയിരുന്നു. സ്വപ്ന സുരേഷ് കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടത്തിപ്പിൽ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി സംഘടനയാണ്. അവർ ചെലവഴിച്ച പണത്തിൽ സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാം. ആ തട്ടിപ്പ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അവർ നടത്തിയതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കെട്ടിടം പണിയാൻ അവർക്കു സ്ഥലം നൽകുക മാത്രമാണു സർക്കാർ ചെയ്തത്. സർക്കാരോ സർക്കാർ ഏജൻസികളോ പണം കൈപ്പറ്റിയിട്ടില്ല. അവർ കമ്മീ ഷൻ നൽകിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP