Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേർ; 19 മരണം എന്ന് മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവർ പറഞ്ഞതിൽ പിശക്; തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ലെന്ന് സ്ഥിരീകരണം; രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 23 പേരുടെ നില ഗുരുതരം; 20 ഓളം പേരെ ഡിസ്ചാർജ് ചെയ്തു; 149 പേർ ഇപ്പോഴും ചികിൽസയിൽ; കരിപ്പൂരിലെ അന്തിമ അപകട ചിത്രം ഇങ്ങനെ

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേർ; 19 മരണം എന്ന് മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവർ പറഞ്ഞതിൽ പിശക്; തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ലെന്ന് സ്ഥിരീകരണം; രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 23 പേരുടെ നില ഗുരുതരം; 20 ഓളം പേരെ ഡിസ്ചാർജ് ചെയ്തു; 149 പേർ ഇപ്പോഴും ചികിൽസയിൽ; കരിപ്പൂരിലെ അന്തിമ അപകട ചിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അസുഖം ബാധിച്ച് മരിച്ച ഒരു പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതർ മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടക്കം 18 പേരാണ് കരിപ്പൂരിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചു.

രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 23 പേരുടെ നില ഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗർഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.സാരമില്ലാത്ത പരിക്കുള്ള 20 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 149 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട് എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളിൽ 5 പേർ മരിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അൽമാസ് കോട്ടയ്ക്കൽ, ബി എം പുളിക്കൽ, ആസ്റ്റർ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകൾ ചികിത്സയിലുള്ളത്. അപകടത്തെക്കുറിച്ച് എയർ ഇന്ത്യയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും അന്വേഷണം തുടങ്ങി.

മരണപ്പെട്ടവരുടെ ആശിത്രർക്ക് 10ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി വർധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കോഴിക്കോട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൂടാതെ പൈലറ്റും കോപൈലറ്റും മരണപ്പെട്ടു. ഇവരുടെ മൃതദേഹം എയർ ഇന്ത്യ ഏറ്റുവാങ്ങി.16 ആശുപത്രികളിലായി 149 പേർ ചികിത്സയിലാണ്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേർ ഡിസ്ചാർജ് ചെയ്തു.

അപകടത്തിൽപ്പെട്ടവരിൽ തമിഴ്‌നാട്, തെലങ്കാന സ്വദേശികളുമുണ്ട്. മരിച്ച ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കൺട്രോൾ റൂം നമ്പർ: 0495 2376901 ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിക്കേറ്റവർക്ക് താൽപര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകും. ചികിത്സയിലുള്ള മുഴുവൻ പേരുടെയും ചെലവ് സംസ്ഥാനം വഹിക്കും. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഗവർണറും മുഖ്യമന്ത്രിയും ഡി.ജി.പിയും സന്ദർശിച്ചു.

ലാൻഡിങ്ങിനിടെയെത്തിയ ദുരന്തം

കൊവിഡും കാലവർഷക്കെടുതിയും ദുരിതം വിതയ്ക്കുന്നതിനിടെയാണ് കരിപ്പൂരിൽ മറ്റൊരു ദുരന്തം പറന്നിറങ്ങിയത്. രാത്രി 7.40-ന് മഴ തകർത്തു പെയ്യുന്നതിനിടെയായിരുന്നു സംഭവം. കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.

റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടർന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. പരിക്കേറ്റവരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോളജുകളിലും കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് യാത്രക്കാർക്കും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേയ്ക്കും ജീവൻ നഷ്ടമായിരുന്നു. പിന്നീട് സഹ പൈലറ്റ് അഖിലേഷ് കുമാറും മറ്റ് 14 യാത്രക്കാരും മരണത്തിന് കീഴടങ്ങി.

ദുരന്തത്തിൽ അനുശോചനമറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ യാത്രക്കാർക്ക് സഹായമെത്തിക്കാനായി എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയതായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദശാനുസരണം കരിപ്പൂരിലെത്തിയ മന്ത്രി മന്ത്രി എ.സി മൊയ്തീൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യാത്രക്കാരുടെ ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. ''പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. അപകടത്തെക്കുറിച്ചുള്ള സംസ്ഥാന സർക്കാർ അന്വേഷണത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം'', എന്നും മന്ത്രി.

കാലാവസ്ഥ പ്രതികൂലമെന്ന അറിയിപ്പൊന്നും വിമാനത്തിൽ നൽകിയിരുന്നില്ലെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. അതേസമയം, ലാൻഡിംഗിൽ അസ്വഭാവിക തോന്നിയിരുന്നതായും യാത്രക്കാർ പറഞ്ഞു. ടേബിൾ ടോപ്പ് ഘടനയുള്ള മംഗലാപുരത്ത് 2010-ൽ ദുരന്തമുണ്ടയാതു മുതൽ ഇതേ ഘടനയുള്ള കരിപ്പൂരിലും ജാഗ്രത വേണമെന്ന് പല ഘട്ടങ്ങളിലും ആവശ്യമുയർന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ റൺവേയിലെ തകരാറും വെള്ളക്കെട്ടും ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കരിപ്പൂർ വിമാനത്താവളത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നിട്ടും ഭൂമിയേറ്റെടുക്കലടക്കമുള്ള പ്രശ്നങ്ങളിൽ കുരുങ്ങി നടപടികൾ വൈകി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച വിശദമായ അന്വേഷണം വ്യോമയാന മന്ത്രാലയം നടത്തിയേക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP