Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് 1420 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി: 1715; സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം; 92 പേരുടെ ഉറവിടം വ്യക്തമല്ല; 60 പേർ വിദേശത്ത് നിന്ന് വന്നവരും 108 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരും; കോവിഡ് മൂലം നാല് മരണങ്ങളും; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കൂടുന്നു; 485 പേർക്ക് ഇന്ന് രോഗം; ഒരേസമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് 1420 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി: 1715; സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം; 92 പേരുടെ ഉറവിടം വ്യക്തമല്ല; 60 പേർ വിദേശത്ത് നിന്ന് വന്നവരും 108 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരും; കോവിഡ് മൂലം നാല് മരണങ്ങളും; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കൂടുന്നു; 485 പേർക്ക് ഇന്ന് രോഗം; ഒരേസമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1420 പേർ. രോഗമുക്തിയിലും എണ്ണം കൂടി-1715. സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം. 92 പേരുടെ ഉറവിടം വ്യക്തമായില്ല. കോവിഡ് മൂലം നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കൂടുകയാണ്. 485 പേർക്കാണ് രോഗം ബാധിച്ചത്.ഇതിൽ 435 പേരും സമ്പർക്കരോഗികളാണ്.

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 33 പേരുടെ രോഗ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 143 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൃശൂർ ജില്ലയിൽ ഇന്ന് 64 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 54 പേരും സമ്പർക്കരോ?ഗികളാണ്. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ഇതോടെ തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ജില്ലയിൽ കോവിഡ് പോസിറ്റീവായവരുടെ ആകെ എണ്ണം 2005 കടന്നു. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നിട്ടുണ്ട്. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച.

ഇടുക്കിയിൽ ഇന്ന് 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 എണ്ണവും സമ്പർക്കകോസുകളാണ്. ശാന്തൻപാറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കും രോ?ഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത കേസുകളുടെ എണ്ണം രണ്ട് ആണ്. രാജക്കാടും, ചെറുതോണിയിലും ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴ ജില്ലയിൽ 168 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ134 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 485

കൊല്ലം 41

പത്തനംതിട്ട 38

ആലപ്പുഴ 169

കോട്ടയം 15

ഇടുക്കി 41

എറണാകുളം 101

തൃശൂർ 64

മലപ്പുറം 114

പാലക്കാട് 39

കോഴിക്കോട് 173

കണ്ണൂർ 57

വയനാട് 10

കാസർഗോഡ് 73

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത് - 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്.

കോവിഡ്മൂലമുള്ള നാല് മരണങ്ങൾ റിപ്പോർട്ട് ചെത്തു. കാസർകോട് ഉപ്പള സ്വദേശി വിനോദ്കുമാർ (41), കോഴിക്കോട് വെള്ളികുളങ്ങരയിലെ സുലൈഖ (63), കൊല്ലം കിളികൊല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമൻ (84) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കാലവർഷക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയിൽ 26 മരണമുണ്ടായി. ഇന്നലെ കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ ഇന്ന് 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവൻതായി, മണികണ്ഠൻ (30), ദീപക്ക് (18), ഷൺമുഖ അയ്യർ (58), പ്രഭു (55) എന്നിവരെയാണ്.

കരിപ്പൂരിൽ വിമാനദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 18 ആണ്. ഇന്നലെ പറഞ്ഞതുപോലെ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ഇവരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

1216 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 92 പേർ, വിദേശത്തുനിന്ന് 60 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 108 പേർ. ഹെൽത്ത് വർക്കർമാർ 30. കഴിഞ്ഞ 24 മണിക്കൂറിനകം 27,714 പരിശോധനകൾ നടത്തി.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ന് 485 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അതിൽ 435 പേർക്ക് സമ്പർക്കംമൂലമാണ്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിച്ചുനിർത്താൻ സംസ്ഥാന തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരേണ്ടതുണ്ടെന്നാണ് കാണിക്കുന്നത്. ഇന്ന് 777 പേരുടെ റിസൾട്ട് തിരുവനന്തപുരത്ത് നെറ്റീവായിട്ടുമുണ്ട്.

മറ്റു ജില്ലകളിലെ പോസിറ്റീവായവരുടെ കണക്ക്:

കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 73, തൃശൂർ 64, കണ്ണൂർ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.

രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. അവിടെ ഹൃദയഭേദകമായ രംഗങ്ങളാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടുപോയവരാണ് അവർ. അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങൾക്ക് തുടർന്നുള്ള ജീവിതത്തിൽ അത്താണിയാവാനും സർക്കാർ ഒപ്പമുണ്ടാകും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ടു ടീമുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സുത്യർഹമായ സേവനമാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനിൽക്കുന്നതിനാൽ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങൾ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.

ഇടുക്കി ജില്ലയിൽ ആകെ വ്യാപക നാശമാണുണ്ടായത്. ചപ്പാത്ത് വണ്ടിപ്പെരിയാറ്റിൽ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.

വണ്ടന്മേട് പഞ്ചായത്തിലെ ശാസ്താ നടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകൾ തകർന്നു.

കട്ടപ്പനയാറിന്റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്മലയിൽ നാലിടത്ത് ഉരുൾപൊട്ടി. വൻതോതിൽ എലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയിൽ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.

തേക്കടി-കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേൽക്കട-കൊച്ചു പാലത്തിന്റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയിൽ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

വിമാന അപകടം

കരിപ്പൂർ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും ബഹുമാനപ്പെട്ട ഗവർണർക്കും സ്പീക്കർക്കും സഹമന്ത്രിമാർക്കും ഒപ്പം സന്ദർശിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ വഹിക്കും.

സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അഥോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്.

വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 184 യാത്രക്കാരും 6 പേർ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരും നാല് കുട്ടികളുമാണ്.

മരണമടഞ്ഞവരുടെ പേരുവിവരം: മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ.

149 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 23 പേർക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാർജ് ചെയ്തു. തമിഴ്‌നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്.

കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോർട്ടം പ്രക്രിയ ത്വരിതപ്പെടുത്തി. മരണപ്പെട്ടവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരിൽ ഒരാൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളുടെയും ഫയർഫോഴ്‌സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്‌സിസ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തിൽപ്പെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോൾ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവർത്തകരും സ്തുത്യർഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവർത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും ഹാർദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

റിലീഫ് ക്യാമ്പുകൾ

മഴ വ്യാപകമായ സാഹചര്യത്തിൽ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാർപ്പിച്ചത്. മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ളത് വയനാട് ജില്ലയിലാണ്. 69 ക്യാമ്പുകളിലായി 3795 പേരെയാണവിടെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട 43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയിൽ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാർപ്പിച്ചിരിക്കുന്നു.

ഡാമുകൾ

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്‌മെന്റ് ഏരിയയിൽ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. ഈ സമയത്തിനുള്ളിൽ 7 അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിർദ്ദേശം നൽകണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാലക്കുടി ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുണ്ട്. പറമ്പിക്കളം ആളിയാർ പ്രൊജക്ടിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും വേണമെന്ന് തമിഴ്‌നാട് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ നെയ്യാർ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചു.

വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങൾ കയറ്റിയ ലോറികളിൽ 20 മത്സ്യ തൊഴിലാളികളാണ് കൊല്ലം ഹാർബറിൽ നിന്നും തിരിച്ചത്.

പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലർട്ട് ലവൽ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 51 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാർ ഡാമിന്റെയും ജലസേചന വകുപ്പിന്റെ കീഴിലുള്ള മണിയാർ സംഭരണിയുടെയും സ്പിൽവേകൾ തുറന്നിട്ടുണ്ട്. മൂഴിയാർ കക്കി റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. വെള്ളം കയറാൻ സാധ്യതയുള്ള സിഎഫ്എൽടിസികളിലെ കോവിഡ് രോഗികളെ മറ്റു സിഎഫ്എൽടിസികളിലേക്ക് മാറ്റാനുള്ള നടപടികൾ അംഗീകരിച്ചു.

പമ്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി.

ചാലക്കുടി താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അവിടെ 139 പേർ നിലവിൽ താമസിക്കുന്നുണ്ട്.

പാലക്കാട് ജില്ലയിൽ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകൾ ആണ് തുറന്നത്. വാളയാർ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകി. 14 പ്രശ്‌ന സാധ്യത മേഖലകളാണ് ജില്ലയിൽ കണ്ടെത്തിയത്. ഈ മേഖലകളിലെ മണ്ണിടിച്ചിലിൽ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും.

നിലമ്പൂർ മുതൽ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ പൂർണമായും നിരോധിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ 209 ബോട്ടുകൾ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ വിന്യസിച്ചു.

വയനാട് ജില്ലയിൽ വ്യാപക കൃഷിനാശമുണ്ടായി. 77 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1154 കുടുംബങ്ങളിലായി 4072 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരിൽ 2235 പേർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.

മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽനിന്ന് കൂടുതൽ വെള്ളം പുറത്തു വിടേണ്ടി വരും.

കണ്ണൂർ ജില്ലയിൽ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയർന്നിട്ടുണ്ട്. വളപട്ടണം. മയ്യിൽ, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ സജ്ജമാക്കി. ജില്ലയിലെ എല്ലാ ചെങ്കൽ, കരിങ്കൽ ക്വാറികളുടേയും പ്രവർത്തനം ഓഗസ്റ്റ് 14 വരെ വിലക്കി.

കാസർകോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്.

വയനാട് ജില്ലയിലെ തൊണ്ടർനാട് ക്ലസ്റ്ററിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവർഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.

കാലാവസ്ഥ

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ഇന്ന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി. നാളെ ഇടുക്കി, മലപ്പുറം, വയനാട്.

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടസാധ്യത വർധിപ്പിക്കും.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട്.

നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട്. മറ്റന്നാൾ മലപ്പുറം, കണ്ണൂർ.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP