Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് ബോയിങ്ങ് വിമാനങ്ങൾ എയർപോർട്ടിൽ കൂട്ടിയിടിച്ചപ്പോൾ മരിച്ചത് 583പേർ; ടെനെർഫെ ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ അക്ഷമ; ആകാശത്തു വെച്ച് വിമാനങ്ങൾ കൂട്ടിയടിച്ചുണ്ടായ ചാർഖി ദാധ്രി ദുരന്തത്തിൽ മരിച്ചത് 349പേർ; കാരണങ്ങളിലൊന്ന് ക്യാപ്റ്റനും റേഡിയോ ഓപ്പറേറ്റർക്കും ഇംഗ്ലീഷ് അറിയാഞ്ഞത്; മീറ്ററും നോട്ടിക്കൽ മൈലും തമ്മിലുള്ള കൺഫൂഷനും പ്രശ്നമാകുന്നു; മംഗലാപുരത്ത് പൈലറ്റ് ഉറങ്ങിപ്പോയതും പ്രശ്നമായി; ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ

രണ്ട് ബോയിങ്ങ് വിമാനങ്ങൾ എയർപോർട്ടിൽ കൂട്ടിയിടിച്ചപ്പോൾ മരിച്ചത് 583പേർ; ടെനെർഫെ ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ അക്ഷമ; ആകാശത്തു വെച്ച് വിമാനങ്ങൾ കൂട്ടിയടിച്ചുണ്ടായ ചാർഖി ദാധ്രി ദുരന്തത്തിൽ മരിച്ചത് 349പേർ; കാരണങ്ങളിലൊന്ന് ക്യാപ്റ്റനും റേഡിയോ ഓപ്പറേറ്റർക്കും ഇംഗ്ലീഷ് അറിയാഞ്ഞത്; മീറ്ററും നോട്ടിക്കൽ മൈലും തമ്മിലുള്ള കൺഫൂഷനും പ്രശ്നമാകുന്നു; മംഗലാപുരത്ത് പൈലറ്റ് ഉറങ്ങിപ്പോയതും പ്രശ്നമായി; ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ

എം മാധവദാസ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാ സർവീസ് ഏതാണെന്ന് ചോദിച്ചാൽ ഇപ്പോഴും വ്യോമയാനം എന്നു തന്നെയാണ് പറയാൻ കഴിയുക. എന്നാൽ അപകടങ്ങൾ ഈ മേഖലയിലുമുണ്ട്. പക്ഷേ കര-ജല ഗതാഗത മാർഗങ്ങളെവെച്ചുനോക്കുമ്പോൾ അപകടം താരതമ്യേന കുറവാണെന്നുമാത്രം. പക്ഷേ പലപ്പോഴും ലോകത്തെ വലിയ വിമാന ദുരന്തങ്ങൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇവയുടെ കാരണം അന്വേഷിക്കുമ്പോഴാണ് പലപ്പോഴും നിസ്സാരമായ സുരക്ഷാ പിഴവുകളാണ് ഇതിന് പിന്നിലെന്ന് മനസ്സിലാവുക.

ലോകത്തിലെ ആദ്യത്തെ വിമാനാപകടമുണ്ടായത് 1922ലാണ് എന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ അപകടത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. അതിനുശേഷം ലോകത്തിലിന്നോളം നിരവധി വിമാനങ്ങളാണ് തകർന്ന് വീണിരിക്കുന്നത്. യാത്രാവിമാനങ്ങളുടെ മാത്രം കാര്യം മാത്രമാണ് ഇവിടെ പറയുന്നത്. 1922 മുതൽ 1950 വരെയുള്ള കാലങ്ങളിൽ ഒന്നിടവിട്ട വർഷങ്ങളിൽ വിമാനാപകടം ഉണ്ടായിട്ടുണ്ട്. എന്നാൽ 1950ന് ശേഷമുള്ള എല്ലാവർഷവും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വിമാനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. കരിപ്പൂരിൽ ഇപ്പോൾ ഉണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട വ്യോമയാന അപകടങ്ങൾ പരിശോധിക്കയാണ് ഇവിടെ.

പ്രധാന വിമാന ദുരന്തങ്ങളുടെ നാൾവഴികൾ ഇങ്ങനെ:

വിമാനദുരന്തങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ 1977ൽ ഉണ്ടായ അപകടമാണ് ലോകത്തെ പിടിച്ചുകുലുക്കിയത് എന്നുകാണാം. സ്പാനീഷ് ദ്വീപായ ടെനെർഫെ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 583 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം 1978ൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ എയർ ഇന്ത്യ 747 വിമാനം കടലിൽ തകർന്നുവീണ് 213 പേർ കൊല്ലപ്പെട്ടു.

1979 മെയ് 25ന് അമേരിക്കൻ എയർലൈൻസ് DC10 വിമാനം ഷിക്കാഗോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ തകർന്നുവീണ് 275 പേർ കൊല്ലപ്പെട്ടു.

1980 ഓഗസ്റ്റ് 19ന് സൗദി എയർലൈൻ വിമാനം അടിയന്തിരമായി റിയാദ് വിമാനത്താവളത്തിൽ ഇറക്കുന്ന സമയത്ത് പൊട്ടിത്തെറിച്ച് 301 യാത്രക്കാർ കൊല്ലപ്പെട്ടു. ചരിത്രത്തിലെ എട്ടാമത്തെ വലിയ വിമാനദുരന്തമാണിത്.

1981 ഓഗസ്റ്റ് 22ന് ഫാർ ഈസ്റ്റേൺ എയർ ട്രാൻസ്പോർട്ടിന്റെ ബോയിങ് വിമാനം തായ്പേയിൽ തകർന്നുവീണ് 110 പേർ കൊല്ലപ്പെട്ടു.

1982 ജൂൺ 8ന് ബോയിങ് 727 ബ്രസീലിന്റെ പർവ്വത പ്രദേശത്ത് തകർന്നുവീണ് 137 പേർ കൊല്ലപ്പെട്ടു.

1985 ഓഗസ്റ്റ് 12ന് ജപ്പാൻ എയർലൈൻ ബോയിങ് വിമാനം തകർന്നുവീണ് 520 പേർ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ വിമാനപകടമാണിത്. (കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിൽ രണ്ടാമത്തെ വലിയ വിമാനപകടമാണിത്)

1985 ഡിസംബർ 12ന് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽ നിന്ന് പറന്നുയർന്ന ഉടനെ തകർന്നുവീണ് 256 പേർ കൊല്ലപ്പെട്ടു.

1994 ഏപ്രിൽ 26ന് ചൈന എയർലൈൻസ് വിമാനം ജാപ്പനീസ് വിമാനത്താവളത്തിൽ തകർന്നുവീണ് 264 പേർ കൊല്ലപ്പെട്ടു.

1996 ജൂലൈ 17ന് ടിഡബ്ല്യു വിമാനം ന്യൂയോർക്കിൽ തകർന്നുവീണ് 230 പേർ കൊല്ലപ്പെട്ടു. അതേവർഷം സൗദി ബോയിങ് വിമാനം കസാഖിസ്ഥാൻ ചരക്കുവിമാനവുമായി കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു. വിമാനാപകടങ്ങളുടെ ചരിത്രത്തിലെ നാലാമത്തെ വലിയ അപകടമാണിത്.

1997 ഓഗസ്റ്റ് 6ന് കൊറിയൻ എയർവിമാനം തകർന്ന് 228 പേർ കൊല്ലപ്പെട്ടു. അതേവർഷം ഗരുഡ ഇന്തോനേഷ്യ എയർബസ് തകർന്നുവീണ് 234 പേർ കൊല്ലപ്പെട്ടു.

1998 സെപ്റ്റംബർ 2ന് സ്വിസ് എയർ തകർന്നുവീണ് 229 പേർ കൊല്ലപ്പെട്ടു. അതേവർഷം ചൈന എയർബസ് തായ്പേയ് വിമാനത്താവളത്തിൽ തകർന്നുവീണ് 203 പേർ കൊല്ലപ്പെട്ടു.

1999 ഒക്ടോബർ 31ന് ഈജിപ്ത് ബോയിങ് വിമാനം എയർപോർട്ടിൽനിന്ന് പറന്നുയർന്ന ഉടനെ തകർന്നുവീണ് 217 പേർ കൊല്ലപ്പെട്ടു.

2001 നവംബർ 12ന് അമേരിക്കൻ എയർലൈൻസ് എയർബസ് ജെഎഫ്‌കെ എയർപോർട്ടിൽനിന്ന് പറന്നുയർന്ന ഉടനെ തകർന്നുവീണ് 265 പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ആളുകൾ ഉൾപ്പെടെ ഉള്ളവർ അപകടത്തിൽപ്പെട്ടു.

2002 മെയ് 25ന് ചൈനീസ് എയർലൈൻസ് വിമാനം തകർന്നുവീണ് 225 പേർ കൊല്ലപ്പെട്ടു.

2003 ഫെബ്രുവരി 19ന് ഇറാന്റെ റവലൂഷനറി ഭടന്മാരുടെ വിമാനം പർവ്വതത്തിൽ തകർന്നുവീണ് 275 പേർ കൊല്ലപ്പെട്ടു.

2009 ജൂൺ 1ന് എയർ ഫ്രാൻസ് എയർബസ് അറ്റ്ലാന്റിക്ക് കടലിൽ തകർന്നുവീണ് 228 പേർ കൊല്ലപ്പെട്ടു. അതേവർഷംതന്നെ യെമനീസ് വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണ് 153പേർ കൊല്ലപ്പെട്ടു.

2010 ഏപ്രിൽ 10ന് പോളീഷ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന വിമാനം റഷ്യയിൽവച്ച് തകർന്നുവീണ് 96 പേർ കൊല്ലപ്പെട്ടു. 2010ൽ തന്നെ ആഫ്രിക്കയുടെ എയർബസ് ട്രിപ്പോളിയിലേക്കുള്ള വഴിമധ്യേ തകർന്നുവീണ് 103 പേർ കൊല്ലപ്പെട്ടു.

1996-ലെ ചർഖി ദാധ്രി വിമാനപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് ഇന്ത്യയിൽ സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾ. പാറ്റ്നയിൽ 2000 ജൂലൈയിൽ ഉണ്ടായ വിമാനപകടത്തിനു ശേഷമുണ്ടായ വലിയ ആകാശ ദുരന്തങ്ങളിലൊന്നാണ് മംഗലാപുരത്ത് 2010ൽ നടന്നത്. ഇതിനുശേഷം കരിപ്പൂരിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനാപകടങ്ങളിൽ ഒന്ന് നടന്നത്.

ടെനറീഫ് എയർക്രാഷ്: ലോകത്തിലെ ഏറ്റവും വലിയ വിമാന ദുരന്തം

ചെറിയ പിഴവിൽ നിന്നാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച വിമാനാപകടമുണ്ടായത്. അമേരിക്കൻ വിമാനകമ്പനിയായ ബോയിങ്ങിന്റെ രണ്ട് 747 വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് 583 പേർ. ലോകത്ത് ഏറ്റവുമധികം പേർ മരിച്ച ഈ വിമാനാപകടം നടന്നത് 1977ലായിരുന്നു. സ്‌പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിലാണ്‌ രണ്ടു യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നത്. 1977 മാർച്ച് 27 നാണ് ടെനറിഫ് ദ്വീപിലെ ലോസ് റോഡിയോസ് എയർപോർട്ടിന്റെ (ഇപ്പോൾ ടെനറിഫ് നോർത്ത് എയർപോർട്ട്) റൺവേയിൽ വെച്ച് രണ്ട് ബോയിങ് 747 വിമാനങ്ങൾ കൂട്ടിയിടിച്ചത്.

ഡച്ച് വിമാനക്കമ്പനിയായ കെഎൽഎമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാൻ എഎമ്മിന്റെ വിമാനവുമാണ് കൂട്ടിയിടിച്ചത്. സ്‌പെയിനിലെ ഗ്രാൻ കനേറിയ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളായിരുന്നു രണ്ടും. എന്നാൽ ഗ്രാൻ കനേറിയയിലെ ബോംബ് സ്‌ഫോടനവും ബോംബ് ഭീഷണിയെയും തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചതുകൊണ്ട് ഈ രണ്ടു വിമാനങ്ങൾ അടക്കം അഞ്ച് വിമാനങ്ങൾ ടെനറീഫ് ദ്വീപിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു.

അമേരിക്കയിലെ ലോസാഞ്ചൽസിൽനിന്ന് പുറപ്പെട്ടതായിരുന്നു പാൻ എഎമ്മിന്റെ വിമാനം. 19 ക്രൂ അടക്കം മൊത്തം 380 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. കെഎൽഎമ്മിന്റെ വിമാനം നെതർലാൻഡ്സിലെ ആംസ്റ്റർഡാം എയർപോർട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. ഹോളണ്ട് ഇന്റർനാഷണൽ ട്രാവൽ ഗ്രൂപ്പിന് വേണ്ടി ചാർട്ടർ ചെയ്തിരുന്ന വിമാനത്തിൽ ഫ്ളൈറ്റ് ക്രൂ അടക്കം 248 യാത്രക്കാരുണ്ടായിരുന്നു.

താരതമ്യേന ചെറിയ വിമാനത്താവളമായ ടെനറീഫ് അഞ്ച് വിമാനങ്ങൾ ഒരുമിച്ച് ലാൻഡ് ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു. ഒരു റൺവേയും ഒരു ടാക്‌സിവേയും മാത്രമുള്ള വിമാനത്താവളത്തിൽ ബോയിങ് 747 പോലുള്ള വലിയ വിമാനങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടർന്ന് അടച്ച ഗ്രാൻഡ് കനേറിയ വിമാനത്താവളം വീണ്ടും തുറന്നു എന്ന അറിയിപ്പു കിട്ടിയ ശേഷമാണ് വിമാനങ്ങൾ പുറപ്പെടാൻ തയാറായത്. ടേക്ക് ഓഫിനുള്ള കെഎൽഎം വിമാനം റൺവേയിലൂടെ ടാക്‌സി ചെയ്ത് അറ്റത്ത് എത്തിയതിന് ശേഷം ടേക്ക് ഓഫ് ചെയ്യാൻ അനുമതി നൽകി.

ഇതേസമയം പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം റൺവേയിലൂടെ ടാക്‌സി ചെയ്ത് മൂന്നാമത്തെ എക്‌സിറ്റിലൂടെ ടാക്‌സിവേയിലേക്ക് പ്രവേശിച്ച് നാലാം എക്‌സിറ്റിലൂടെ റൺവേയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി. എന്നാൽ കനത്ത മൂടൽമഞ്ഞ് നിമിത്തം മൂന്നാമത്തെ എക്‌സിറ്റ് പാൻ എഎം വിമാനത്തിന് നഷ്ടമായി (റൺവേയിൽ എക്‌സിറ്റുകൾക്ക് കൃത്യമായ നമ്പറില്ലായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി).

ടവറിൽ നിന്നിരുന്ന എയർ ട്രാഫിക് കൺട്രോളർക്ക് റൺവേയിൽ കിടന്ന രണ്ട് വിമാനങ്ങൾ ഇപ്പോൾ എവിടെയാണ് എന്ന് കാണാൻ സാധിക്കാത്തതും, രണ്ട് വിമാനങ്ങളിലെ പൈലറ്റുമാർക്കും എതിർദിശയിൽ സമീപിച്ചു കൊണ്ടിരുന്ന വിമാനങ്ങളെയും കാണാൻ സാധിക്കാത്തതും അപകടകാരണമായി. എയർ ട്രാഫിക് കൺട്രോളിൽനിന്ന് ക്ലിയറൻസ് ലഭിക്കുന്നതിന് മുന്നേ പറന്നുയരാൻ ശ്രമിച്ച കെഎൽഎം വിമാനത്തിന്റെ പൈലറ്റിന്റെ അക്ഷമയാണ് അപകടകാരണങ്ങളിലൊന്ന് എന്നാണ് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയത്.

റൺവേയിൽനിന്ന് പറന്നുയരാനായി ഫുൾ ത്രെസ്റ്റിൽ സഞ്ചരിച്ച കെൽഎമ്മിന്റെ പൈലറ്റ് പാൻഎഎമ്മിന്റെ വിമാനം കാണുന്നത് തൊട്ടടുത്ത് എത്തിയപ്പോഴാണ്. രണ്ട് വിമാനങ്ങളിലെ പൈലറ്റുമാരും അപകടം മുന്നിൽ കണ്ട് അവസാനനിമിഷം ചില ശ്രമങ്ങൾ നടത്തി. എന്നാൽ അവയെല്ലാം പാഴ്ശ്രമങ്ങളായി. കെഎൽഎമ്മിന്റെ വലതു ചിറകും മെയിൻ ലാൻഡിങ് ഗിയറും എൻജിനുകളും പാൻ എഎമ്മിന്റെ മുകളിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ പാൻ എഎമ്മിന്റെ മുകൾവശം മുഴുവനായി തകർന്നു. കെഎൽഎമ്മിലെ 248 യാത്രക്കാരിൽ ഒരാൾ പോലും അപകടത്തെ അതിജീവിച്ചില്ല. എഎമ്മിലെ 380 യാത്രക്കാരിൽ 66 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റവും മുന്നിലും പിന്നിലുമായി ഇരുന്നവരാണ് രക്ഷപ്പെട്ടത്. രണ്ടു വിമാനങ്ങളിലുമായി 583 പേർ മരണപ്പെട്ടു. സിവിൽ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇത് മാറുകയും ചെയ്തു.

എന്നാൽ ഈ അപകടം ലോകത്തെ സിവിൽ ഏവിയേഷൻ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. സുരക്ഷയ്ക്കുള്ള പ്രാധാന്യം വളരെയധികം വർദ്ധിപ്പിച്ചു. കൂടാതെ നിരന്തര ഗവേഷണത്തിലൂടെ കണ്ടെത്തിയ അത്യാധുനിക സംവിധാനങ്ങൾ അപകടങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തു 

ഇന്ത്യയെ നടുക്കിയ ചാർഖി ദാധ്രി വിമാന ദുരന്തം

ഡൽഹിക്ക് പടിഞ്ഞാറ് ചർഖി ദാധ്രി എന്ന ഹരിയാന ഗ്രാമത്തിന് മുകളിൽ 1996 നവംബർ 12 ന് ആകാശത്ത് വച്ച് നടന്ന രണ്ടു വിമാനങ്ങളുടെ കൂട്ടി ഇടി ആണ് ചാർഖി ദാധ്രി ആകാശ ദുരന്തം. സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 വിമാനവും കസാഖിസ്ഥാൻ എയർലൈൻസ് ന്റെ വിമാനവും ആണ് അന്ന് കൂട്ടി മുട്ടി തകർന്നത്. ഭീകരമായ ഈ ഏവിയേഷൻ ദുരന്തത്തിൽ രണ്ടു വിമാനങ്ങളിലേയും യാത്രക്കാരും ജീവനക്കാരും അടക്കം മുഴുവൻ ആളുകളും 349 പേർ മരണമടഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആകാശ കൂട്ടി ഇടി ആയാണ് ഇത് കണക്കാക്കുന്നത്. കൂടാതെ ലോകത്തിലെ തന്നെ മൂനാമത്തെ
ഭീകരമായ വിമാന ദുരന്തവും ഇതുതന്നെ.

സൗദി അറേബ്യൻ എയർലൈൻസിന്റെ യാത്ര വിമാനമായ ബോയിങ് 747- 168 ൽ ജീവനക്കാർ അടക്കം അകെ 312 പേരാണ് ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് പറക്കുകയായിരുന്നു ഇത്. ക്യാപ്ടൻ ഖാലിദ് അൽ സുബൈദിയും ഫസ്റ്റ് ഓഫീസർ നസീം ഖാനും ഫ്ലൈറ്റ് എഞ്ചിനീയർ ഇദ്രീസും ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. കസാഖിസ്ഥാനിൽ നിന്നും ഡൽഹിക്ക് വരികയായിരുന്ന കസാഖിസ്ഥാൻ എയർലൈൻസിന്റെ ഇലുഷൻ IL-76 TD എന്നാ വിമാനം ഒരു ചാർട്ടർ സർവീസ് ആയിരുന്നു. പൈലറ്റ് അടക്കം അകെ 37 പേരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ഗെന്നടി ചെരപനോവ് എന്ന പൈലറ്റും ഈഗർ റെപ് എന്ന റേഡിയോ ഓപ്പറേറ്റർ ഉം ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.

വിമാനത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആൾക്കാരും, ജീവിതം കരുപിടിപ്പിക്കാനായി സൗദിയിലേക്ക് പോകുന്ന വീട്ടുജോലിക്കാരും അതുപോലുള്ള താഴ്ന്ന വരുമാനക്കാരും ആയിരുന്നു. വിമാനത്തിൽ കയറുമ്പോൾ അതിൽ ഒരാൾ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തങ്ങൾ പോകുന്നത് വ്യോമയാന മേഖലയിൽ ചരിത്രമാകാൻ പോവുന്ന ഒരു ഭീകര ദുരന്തത്തിലെക്കാണ് എന്ന്. പതിവുപോലുള്ള സുരക്ഷാ പരിശോധനകകൾക്കും നടപടികൾക്കും ശേഷം, പ്രാദേശിക സമയം വൈകിട്ട് 6.32 നു സൗദി എയർലൈൻസിന്റെ എയർബസ് 747, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയിലെ ധഹ്രാൻ ലക്ഷ്യമാക്കി പറന്ന് പൊങ്ങി. എന്നാൽ ഇതേ സമയം തന്നെ കസഖിസ്തന്റെ ചാർട്ടർ സർവിസ് നടത്തുന്ന IL
76 വിമാനം ലാൻഡിങ്ങിനുള്ള മുന്നോരുക്കത്തിലായിരുന്നു. രണ്ട് വിമാനങ്ങളും എടിസി കൺട്രോളിൽ നിന്നും നിയന്ത്രിച്ചിരുന്നത് അപ്പ്രോച് കൺട്രോളർ അയ വികെ ദത്ത ആയിരുന്നു. 6.30നു കസാഖിസ്ഥാൻ വിമാനത്തിന്റെ ആൾട്ടിറ്റിയൂഡ് 15000 അടി ആയി താഴ്‌ത്താനുള്ള അനുവാദം എയർ ട്രാഫിക്ക് കൺട്രോളിൽനിന്നും ലഭിച്ചു. അപ്പോൾ വിമാനം ലക്ഷ്യസ്ഥാനത് നിന്നും ഏകദേശം 74 നോട്ടികൽ മൈൽ ദൂരത്തിലായിരുന്നു. ഇതേ സമയം ഇതേ സഞ്ചാര പാതയിൽ ഇതേ  ഉയരത്തിലേക്ക് പറന്നു പൊന്തുകയായിരുന്നു സൗദി വിമാനം.

എയർ ട്രാഫിക്ക് കൺട്രോളിൽനിന്നുള്ള നിർദ്ദേശ പ്രകാരം ക്യാപ്റ്റൻ ഖാലിദ് അല് സുബൈദി വിമാനം 14000 അടിയാക്കി ഉയർത്തി . ഏതാണ്ട് 5 മിനുട്ടനുശേഷം കസാഖിസ്ഥാൻ വിമാനത്തിന്റെ ക്യാപ്റ്റൻ വിമാനം 15000യിലേക്ക് താഴ്‌ത്തി. എന്നാൽ യഥാർഥത്തിൽ വിമാനത്തിന്റെ ആർട്ടിറ്റിയൂഡ് 14500 അടി ആയിരുന്നു. തന്നെയുമല്ല കസാഖിസ്ഥാൻ വിമാനത്തിന്റെ പൈലെറ്റ് വിമാനം വീണ്ടും താഴ്‌ത്തുകയും ചെയ്തു. അപകടം മണത്ത അപ്രോച് കൺട്രോളർ വിമാനത്തിന്റെ ഉയരം കൂട്ടാൻ ആവശ്യപെട്ടു. എന്നാൽ അതിന് പ്രതികരണം ഉണ്ടായില്ല. തുടര്ന്ന് നിമിഷങ്ങൾക്കുശേഷം വീണ്ടും  നിർദ്ദേശം കൊടുത്തു. എന്നാൽ അത് വളരെ  താമസിച്ച്‌ പോയിരുന്നു. രണ്ടു വിമാനങ്ങളും  ആകാശത്തുവെച്ച് കൂട്ടി ഇടിച്ചു.

ഖസാഖിസ്ഥാൻ വിമാനത്തിന്റെ വാലറ്റം സൗദി വിമാനത്തിന്റെ ഇടതുഭാഗത്തെ ചിറകും തകർത്താണ് മുമ്പോട്ട് പോയത്. ഇതോടെ നിയന്ത്രണം നഷ്ടപെട്ട സൗദി എയർലൈൻസിന്റെ വിമാനം പൊടുന്നനെ താഴേക്ക് പതിക്കാൻ ആരംഭിച്ചു. തുടർന്ന് ചുഴുയിൽ അകപ്പെട്ടതുപോലെ കറങ്ങാൻ തുടങ്ങിയ വിമാനത്തിന്റെ ചിറകിന് ഈ സമയം തീ പിടിച്ചു. അതോടെ വിമാനം ആകാശത്ത് വച്ച് തന്നെ നെടുകെ പിളർന്നു. ഏതാണ്ട് 1135km/hr (705mile/hr) വേഗതയിലാണ് വിമാനം കുത്തനെ താഴെക്ക് പതിച്ചത്.എന്നാൽ കസഖിസ്തന്റെ ഇലുഷിൻ വിമാനം കുറച്ച ദൂരം കൂടി മുമ്പോട്ട് നീങ്ങി. നിമിഷങ്ങൾക്കണം ഇതിന്റെയും നിയന്ത്രണം നഷ്ടപെട്ടു. തുടർന്ന് താഴേക്ക് പതിക്കുകയും ചർഖി ദാധ്രി യുടെ പാടത്ത് ഇടിച്ചുതകരുകയും ചെയ്തു.

ചർഖി ദാധ്രി ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമം ആയിരുന്നു. ഗോതമ്പും കടുകും ആയിരുന്നു പ്രഥാന കൃഷികൾ. വിളഞ്ഞ് കിടന്നിരുന്ന ഗോതമ്പ് കടുക് പാടങ്ങളിലെക്കാണ് ഈ രണ്ട് വിമാനങ്ങളും ഇടിച്ചിറങ്ങി കത്തി അമർന്നത്. ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടി എത്തിയത് തദ്ദേശീയരായ ഗ്രാമവാസികൾ ആയിരുന്നു. ആർക്കും എന്താണ് സംഭവിച്ചത് എന്നു പോലും മനസിലായില്ല. സൗദിയ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ടുപേരെ രക്ഷാപ്രവർത്തകർക്ക് ജീവനോടെ കണ്ടെടുക്കാനായി. പുറമേ മുറിവുകൾ ഇല്ലായിരുന്നെങ്കിലും ആന്തരികമുറിവുകൾ കാരണം ഇവർ താമസിയാതെ മരണത്തിനു കീഴടങ്ങി. കൂടാതെ കസാഖിസ്ഥാൻ വിമാനത്തിൽ നിന്നും മറ്റ് നാലുപേരെ കൂടി  ജീവനോടെ കണ്ടുകിട്ടി. ഇവരും താമസിയാതെ മരിച്ചു. അങ്ങനെ രണ്ടു വിമാനങ്ങളിലും കൂടി 349 പേരാണ് വിളഞ്ഞ് കിടന്നിരുന്ന ആ പാടത്ത് മരണത്തെ പുൽകിയത്.

ദുരന്തത്തിന് ശേഷം ഇതിന്റെ കാരണങ്ങളെ പറ്റി പഠിക്കാൻ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന രമേശ് ചന്ദ്ര ലഹോട്ടി അധ്യക്ഷനായ ഒരു കമ്മിഷനെ (ലഹോട്ടി കമ്മിഷൻ) രൂപീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് എയർലൈൻസ് കളിൽ നിന്നും എയർ ട്രാഫിക്ക് കൺട്രോളിനിന്നും കമ്മിഷൻ തെളിവെടുത്തു. കൂടാതെ 2 വിമാനങ്ങളിലേയും ഫ്ലൈറ്റ് ഡാറ്റ റക്കോഡർ വീണ്ടെടുത്ത് റഷ്യയിലെ മോസ്‌കോയിലും  ഇംഗ്ലണ്ടിലെ
 ഫാൻബരോയിലും അയച്ച് വിശദ പരിശോദനകൾ നടത്തി. തുടര്ന്ന് അപകടകാരണമായി കമ്മിഷൻ കണ്ടെത്തിയത്

1) കസാഖിസ്ഥാൻ പൈലറ്റ്‌ന് ആശയവിനിമയത്തിൽ സംഭവിച്ച പിഴവ് മൂലം എയർ ട്രാഫിക്ക് കൺട്രോളിന്റെ നിർദ്ദേശങ്ങൾ പിന്തുടരാൻ കഴിഞ്ഞില്ല.

2) ക്യാപ്റ്റന്റെയും റേഡിയോ ഓപ്പറേറ്ററുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനകുറവ്.

3) കസാഖിസ്ഥാൻ പൈലറ്റ് മാർ ചില സമയങ്ങളിൽ ആൾറ്റിറ്റിയൂഡ് അളക്കാൻ  മീറ്ററും കിലോമീറ്ററും ഉപയോഗിച്ചിരുന്നു. എന്നാൽ മറ്റുരജ്യങ്ങളിലെ പൈലറ്റുമാർ നോട്ടിക്കൽ
മൈലും ഫീറ്റുമാണ് ഏകകമായി  ഉപയോഗിക്കാറ്. ഇതുമൂലം ഉണ്ടായ കൺഫ്യൂഷൻ ഒരു കാരണമായി.

4) കൂട്ടിയിടി നടക്കുന്നതിനു നിമിഷങ്ങൾക്ക് മമ്പ് മാത്രം കസാഖിസ്ഥാൻ എയർ ക്രാഫ്റ്റ് റേഡിയോ ഓപ്പറേറ്റർ തങ്ങൾ പറക്കുന്നത് 15000 ഫീറ്റിൽ അല്ല 14000 ഫീറ്റിൽ ആണ് എന്ന് തിരിച്ചറിയുകയും പൈലറ്റിനോട് ഉയരം കൂട്ടാൻ ആവശ്യപെടുകയും ചെയ്തു. തുടർന്ന്
പൈലറ്റ് പെട്ടന്നു തന്നെ ആൾറ്റിറ്റിയൂഡ് കൂട്ടി. ഇതാണ് യഥാർത്ഥത്തിൽ കൂട്ടിയിടിക്ക് കാരണമായത്. റേഡിയോ ഓപ്പറേറ്റർ ആ പിഴവ്   തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ
ഒരുപക്ഷെ ആ അപകടം സംഭവിക്കില്ലായിരുന്നു.

ഈ അപകട സമയത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ secondary surveillance radar system ഉണ്ടായിരുന്നില്ല. ഇത് ഉണ്ടായിരുന്നെങ്കിൽ വിമാനത്തിന്റെ ഉയരം കണ്ടുപിടിക്കാൻ കഴിഞ്ഞേനെ. ഈ അപകടത്തിന് ശേഷമാണു secondary surveillance radar system ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എർപെടുത്തുന്നത്.

നടുക്കം മാറാതെ കനിഷ്‌ക്ക ദുരന്തം

ലോകത്തിലെ ഏറ്റവം ഭീകരമായ തീവ്രവാദി ആക്രമണം. 329 പേർ മരിച്ച കനിഷ്‌കാ വിമാനാപകടം നടന്നിട്ട് 2020 ജൂൺ 23ന് 35 വർഷം തികയുന്നു. 1985 ജൂൺ 23 അന്നായിരുന്നു എയർ ഇന്ത്യയുടെ ഫ്ളൈറ്റ് 182 എന്ന ബോയിങ് 747 വിമാനം അയർലന്റിന് തെക്കായി അത്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണത്. ഖലിസ്ഥാൻ തീവ്രവാദികൾ വിമാനം ബോംബ് വച്ച് തകർക്കുകയായിരുന്നു. സംഭവം നടന്നത് ഇങ്ങനെ..

ജൂൺ 23, 1985, കാനഡയിലെ മോൺട്രിയോൾ വിമാനതാവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 പറന്നുയർന്നു. ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനമായിരുന്നു മോൺട്രിയോളിൽനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയരുന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമാണു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലാണ് എല്ലാവരും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ലോകത്തെ ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമണമായിരുന്നെന്ന കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ജൂൺ 23ന് രാവിലെ അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്ന്നുപോയ വിമാനാവശിഷ്ടങ്ങളിൽ നിന്ന് കോക്പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്തമായി. വീഴ്ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയത്.

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് മുംബൈയ്ക്ക് പോകാൻ കനേഡിയൻ പസഫിക് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 60 ൽ കയറാനെത്തിയ എം. സിങ് എന്ന ഇന്ത്യൻ വംശജന് ബാഗേജിന്റെ പേരിൽ ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടിവന്നു. ഒടുവിൽ സിങ്ങിന്റെ ബാഗേജും കയറ്റി. എന്നാൽ സിങ് ഫ്ലൈറ്റിൽ കയറിയിരുന്നില്ല. രാത്രി 8.22ന് ടൊറന്റോയിൽ എത്തിയ വിമാനത്തിൽനിന്ന് കുറച്ചു യാത്രക്കാരെയും സിങ്ങിന്റേതുൾപ്പെടെയുള്ള ലഗേജും എയർ ഇന്ത്യയുടെ ടൊറന്റോ മോൺട്രിയോൾ ഫ്ലൈറ്റ് നമ്പർ 181 ലേക്ക് മാറ്റി.

ടൊറന്റോയിൽനിന്നു രാത്രി 12.15 നു പുറപ്പെട്ട വിമാനം ഒരുമണിക്ക് മോൺട്രിയോളിലെത്തി. അവിടെനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്ക് പറന്നുയരുന്നതു പുലർച്ചെ 02.18ന്. രാവിലെ 8.33നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കനിഷ്‌ക രാവിലെ ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റും ഒരു സെക്കൻഡുമായപ്പോൾ അയർലൻഡിലെ ഷാനോൺ വിമാനത്താവളത്തിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 31,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്റെ മുൻഭാഗത്ത് താഴെ ചരക്ക് അറയിൽ സ്‌ഫോടനം നടന്ന് വിമാനം തകർന്നെന്നു പിന്നീടു കണ്ടെത്തി.

കനിഷ്‌ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. 1988ൽ ഇംഗ്ലണ്ടിൽ അറസ്റ്റിലായ, ഖലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ പത്തുകൊല്ലം തടവിന് 91 ൽ ശിക്ഷിച്ചതും ജയിൽ മോചിതനായി കാനഡ ഏറ്റുവാങ്ങിയശേഷം എയർ ഇന്ത്യ കേസിൽ 2003 മുതൽ അഞ്ചുകൊല്ലത്തേക്കു ജയിൽവാസം കിട്ടിയതുമാണ് പ്രതികൾക്കു കിട്ടിയ ഏക ശിക്ഷ. റയാത്ത് 2008 ൽ പുറത്തുവരികയും ചെയ്തു. ഇതിനിടെ, 2000 ഒക്ടോബറിൽ അറസ്റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്ക്കുകയും ചെയ്തു.

ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളും മറ്റുമാണ് കനിഷ്‌ക ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ഔദ്യോഗികമായ രേഖകൾ പറയുന്നത്. ഇന്ത്യാ വിഭജനത്തെതുടർന്ന് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ട വന്ന ഒരു കൂട്ടരാണ് സിഖ് മതാനുയായികൾ. സിഖ് സമുദായത്തിനുവേണ്ടി ഒരു മാതൃദേശം വേണമെന്നു വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനക്കാർ കാനഡയിലേക്കു കുടിയേറിയ സിഖുകാരിൽ ഉൾപ്പെട്ടിരുന്നു. കാനഡ സർക്കാർ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നുവെങ്കിലും ഒരു ഭീഷണിയായി കണ്ടിരുന്നില്ല. കൂടാതെ ഈ കുടിയേറ്റത്തിനിടയിലും സിഖുകാർക്ക് വെള്ളക്കാരിൽ നിന്നും ധാരാളം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെതുടർന്ന് സിഖുകാർ അഭയാർത്ഥികളായി കാനഡയിലേക്ക് കുടിയേറിയിരുന്നു. പിന്നീട് രൂപംകൊണ്ട ബാബർ ഖൽസ എന്ന തീവ്രവാദസംഘടനയിലെ പല നേതാക്കളും ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിച്ചേർന്നതായിരുന്നു. 1980 കളോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ പ്രദേശം സിഖുകാർ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശമായി മാറി. ശത്രുതയും,പ്രതികാരചിന്തയും എല്ലാം ഇവിടെയും ഇവരുടെ ഇടയിൽ വ്യാപകമായിരുന്നു എന്നു പറയപ്പെടുന്നു.2001 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്ററിനെതിരെ നടന്നതൊഴിച്ചാൽ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണമാണിത്.

കാണാതായ ഇന്തോനേഷ്യൻ വിമാനം

2018 ഒക്ടോബറിൽ ഇന്തോനീഷ്യയിൽ 189 യാത്രക്കാരുമായി പോയി  കാണാതായ
യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ് ആയിരുന്നു. ജക്കാർത്തയിൽ കടലിൽ തകർന്ന് വീണ ലയൺ എയർ ബോയിങ് 737 മാക്‌സ് ജെടി 610 വിമാനം ഡൽഹി മയൂർ വിഹാർ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്. 189 യാത്രക്കാരുമായി ജക്കാർത്തയിൽ നിന്നും പങ്കൽ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലിൽ തകർന്നുവീണത്. പറന്നുയർന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ഹർവിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. ജക്കാർത്ത തീരത്തു നിന്ന് 34 നോട്ടിക്കൽ മൈൽ അകലെ ജാവ കടലിൽ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യൻ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാർ അറിയിച്ചു.

2005ൽ അഹ്‌കോൺ പബ്ലിക് സ്‌കൂളിൽ നിന്നും പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ഭവ്യ ബെൽ എയർ ഇന്തർനാഷണലിൽ നിന്ന് 2009ൽ പൈലറ്റ് ലൈസൻസ് നേടി. തുടർന്ന് എമിറേറ്റസിൽ ട്രെയിനി പൈലറ്റ് ആയി ചേർന്നു. നാലു മാസത്തിനുശേഷം 2011 മാർച്ചിലാണ് ഇന്തോനീഷ്യൻ ലോ കോസ്റ്റ് കാരിയർ (എൽസിസി) ആയ ലയൺ എയറിൽ ചേരുന്നത്. ബോയിങ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടതായി വിവരമില്ലെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു. 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും മരിക്കുകയായിരുന്നു.ഈ സംഭവത്തിന്റെ   ദുരൂഹതകൾ  ഇനിയും മാറിയിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് ഇനിയും വ്യക്തമായി പിടികിട്ടിയിട്ടുമില്ല.

മംഗലാപുരം ദുരന്തം ഇങ്ങനെ


.
രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരം ദുരന്തം നടന്നത് 2010 മെയ്‌ 22നു രാവിലെ 6.07ന്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്‌നൽ തൂണിൽ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. വിമാനത്തിൽ 160 യാത്രികരും 6 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അതിൽ 158 പേരും വെന്തുമരിച്ചു. എട്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ആറു കിലോമീറ്റർ ദൂരത്തുതന്നെ റൺവേ കാണാൻ കഴിയുമായിരുന്ന തെളിഞ്ഞ അന്തരീക്ഷമായിരുന്നു അന്ന്. വിമാനം നിയന്ത്രിച്ചിരുന്നത് പതിനായിരത്തിലേറെ മണിക്കൂർ വിമാനം പറത്തി പരിചയമുള്ള കമാൻഡറും ഇന്ത്യയിൽതന്നെ രണ്ട് എയർലൈനുകളിൽ ജോലിചെയ്തിരുന്ന കോ-പൈലറ്റും. ഒരുതരത്തിലും ആശങ്കാജനകമല്ലാത്ത സാഹചര്യത്തിലുണ്ടായ ഈ അപകടം നിർഭാഗ്യകരം എന്നുതന്നെ വേണം പറയാൻ.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനാപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾ. ടേബിൾടോപ്പ് റൺവേയുള്ള മംഗലാപുരത്തെ വിമാനത്താവളത്തിൽ റൺവേ തെറ്റിയതുകൊണ്ടുണ്ടായ രണ്ടാമത്തെ അപകടവുമായിരുന്നു ഇത്. മംഗലാപുരം റൺവേയെപ്പറ്റി ഏറെ ധാരണയുള്ള ബ്രിട്ടിഷുകാരനായ സെർബിയൻ വംശജൻ ക്യാപ്റ്റൻ സെഡ് ഗ്ലീസിയയ്ക്ക് സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു കണ്ടെത്തൽ.

മംഗലാപുരത്ത് അമിത വേഗവും വില്ലനായി

മംഗലാപുരം വിമാനത്താവള റൺവേയിൽ ശനിയാഴ്ച കാലത്ത് ഏഴായിരം അടിക്കപ്പുറത്തു നിലംതൊടുകയും നിമിഷങ്ങൾക്കകം കുത്തനെയുള്ള മലഞ്ചെചരിവിലൂടെ താഴേക്കു മറിഞ്ഞു തകരുകയും ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനുവദനീയമായതിന്റെ ഇരട്ടിയോളം വേഗത്തിലാണു റൺവേയെ സമീപിച്ചതെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. നിലംതൊടാൻ താഴ്ന്നുപറന്നു വരുമ്പോൾ മണിക്കൂറിൽ 220 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗം. എന്നാൽ, സെർബിയൻ കമാൻഡർ സെഡ് ഗ്ലൂസിയ ഈ വിമാനം റൺവേയിലേക്ക് ഇറക്കാൻ ശ്രമിക്കുമ്പോൾ വേഗം മണിക്കൂറിൽ 400 കിലോമീറ്ററോളമായിരുന്നു.

വിമാനം റൺവേയിൽ ഇറങ്ങുന്നതിനു സഹായിക്കുന്ന ഐഎൽഎസ് സൂചിപ്പിച്ച ശരിയായ ചരിവിലാണു വിമാനം ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്നു ഗ്ലൂസിയ മംഗലാപുരത്തെ വ്യോമഗതാഗത നിയന്ത്രകരോടു പറഞ്ഞതു സത്യമല്ലായിരുന്നുവെന്നും അന്വേഷണ സംഘങ്ങൾ കരുതുന്നു. യഥാർഥത്തിൽ ഇറങ്ങേണ്ട ചരിവായ മൂന്നു ഡിഗ്രിയിലും കുറഞ്ഞ ചരിവിലാണു വിമാനം റൺവേയെ സമീപിക്കുന്നതെന്നു കോക്പിറ്റിലെ ഡയലുകളിൽ നിന്നു വ്യക്തമായിട്ടും പൈലറ്റ് കൺട്രോൾ ടവറിലുള്ളവരോട് അക്കാര്യം മറച്ചുവച്ചതു വിമാനം വൈകുന്നത് ഒഴിവാക്കാനായിരുന്നുവെന്നാണു കരുതേണ്ടത്. റൺവേയ്ക്കു സമീപമെത്തിയിട്ടും കൃത്യമായ ചരിവു ലഭിക്കാതെ വരികയോ കൃത്യമായ ചരിവിൽ 450 അടി പൊക്കമെത്തുമ്പോഴും റൺവേ കാണാൻ കഴിയാതിരിക്കുകയോ ചെയ്താൽ വിമാനം ഇറങ്ങാൻ ശ്രമിക്കാതെ വീണ്ടും ഉയർന്നു കറങ്ങി വന്നു ലാൻഡ് ചെയ്യാൻ ശ്രമിക്കുകയാണു വേണ്ടത്. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പല പൈലറ്റുമാരും ഇത്തരം ചെറുനുണകൾ പറയുന്നത് അസാധാരണമല്ല. പക്ഷേ ഇങ്ങനെ പൈലറ്റിന്റെ അമിത ആത്മവിശ്വാസവും ഇവിടെ വില്ലനായി.

മംഗാലാപുരത്ത് പൈലറ്റ് ഉറങ്ങിപ്പോയിരുന്നോ

വിമാനത്തിന്റ സിവിആർ അഥവാ കോക്പിറ്റ് വോയ്സ് റെക്കോർഡർ പരിശോധിച്ചപ്പോഴാണ് അധികൃതർ ശരിക്കും ഞെട്ടിയത്. ക്യാപ്റ്റൻ യാത്രയുടെ ഒന്നര മണിക്കൂർ ഓളം ഉറങ്ങുകയായിരുന്നു. കൂർക്കം വലിയുടെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. ആ സമയത്തൊക്കെ വിമാനം നിയന്ത്രിച്ചിരുന്നത് കോ പൈലറ്റ് ആയിരുന്നെന്ന് അനുമാനിക്കാം. ലാൻഡിങ്ങിന് മുൻപ് എഴുനേറ്റ ക്യാപ്റ്റൻ ആണ് പിന്നെ കൺട്രോൾ ചെയ്തത് .വിമാനം ലാൻഡ് ചെയ്യുന്നതിന് ഒരു പ്രത്യേക ഉയരത്തിൽ നിന്ന് , റൺവേ യിൽ നിന്നും പ്രത്യേക അകലത്തിൽ ക്രമാനുഗതമായി ഉയരം കുറച്ചു കൊണ്ട് വരണം .എന്നാലെ റൺവേയിലെ ടച്ച് ഡൗൺ
പോയിന്റ് കറക്ടായി തൊടുകുയുള്ളൂ. ആ ഉയരം 2000 അടി ആണ് . അതായതു അതിനു മുൻപ് തന്നെ 2000 അടിയിലേക്ക് വിമാനം താഴ്‌ത്തിയിരിക്കണം? പക്ഷെ രണ്ടായിരം അടിക്കു പകരം വിമാനം നാലായിരം അടി ഉയരത്തിൽ ആയിരുന്നു . അവിടെ നിന്ന് ആണ് ക്യാപ്റ്റൻ അവസാന ശ്രമം ആരംഭിച്ചത് . വിമാനം അതിന്റെ ഫ്ളൈറ്റ് പാത്തിൽനിന്നും തികച്ചും മാറിയിരുന്നതായി വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ  കോക്പിറ്റ് ടീം  , ലാൻഡ് ചെയ്യാതെ ഉയരാൻ ആകാശത്ത് വെച്ച് തന്നെ വീണ്ടും വീണ്ടും ക്യാപ്റ്റനോട് പറഞ്ഞിരുന്നതായി സിവിആറിൽ വ്യക്തം ആയിരുന്നു . പക്ഷെ ക്യാപ്റ്റൻ ചെവി കൊണ്ടില്ല അത്. വിമാനത്തിലെ ഉപകരണങ്ങളും വിമാനം അതിന്റെ യഥാർത്ഥ പാതയിൽ അല്ല എന്ന് കാപറ്റനെ അറിയിച്ചു കൊണ്ടിരുന്നു എന്നും ബ്ലാക്ക് ബോക്സിൽ നിന്നും വ്യക്തം ആയി. ക്യാപ്റ്റൻ അമിത  ആത്മവിശ്വാസത്തിൽ ആയിരുന്നു. പക്ഷെ നിലം തൊട്ടതിനു ശേഷം മാത്രം ആണ അപകടം മനസ്സിലായത് . അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു . അങ്ങനെ തികച്ചും പൈലറ്റ് എറർ ആണ് അപകട കാരണം എന്ന് അന്വേഷണത്തിലൂടെ വ്യക്തമായി.

എന്നാൽ കരിപ്പൂരിൽ ഇതിൽ എന്താണ് സംഭവിച്ചത് എന്ന് ഇനിയും അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP